
പ്രമുഖ പാകിസ്താനി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന നഈം സിദ്ദീഖി ഉര്‍ദുവില്‍ രചിച്ച മുഹ്‌സിനെ ഇന്‍സാനിയത്ത് എന്ന പ്രവാചക ചരിത്രഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണിത്. പ്രവാചക ചരിത്രത്തില്‍ ആധുനിക കാലത്ത് രചിക്കപ്പെട്ട ക്ലാസിക് രചനകളിലൊന്നാണ് മുഹ്‌സിനെ ഇന്‍സാനിയത്ത്. പ്രവാചക ജീവിതത്തെ ആസ്പദമാക്കി നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലടക്കം രചിക്കപ്പെട്ടിട്ടുണ്ട്. അവയോരുന്നിനും വ്യത്യസ്ത സവിശേഷതകളാണ് ഉള്ളത്. ശാസ്ത്രീയമായ ജീവചരിത്ര രചനയുടെ എല്ലാ ചേരുവകളും ഉള്‍ചേര്‍ന്ന ഹൈക്കലിന്റെ മുഹമ്മദ് പോലുള്ള അക്കാദമിക് പഠനങ്ങളാണ് അവയില്‍ ചിലത്. പ്രവാചക ജീവിതത്തില്‍ നിന്ന് ഒരാത്മീയ വ്യക്തിത്വത്തെ പൊലിപ്പിച്ചെടുക്കുന്ന ജീവചരിത്ര ഗ്രന്ഥങ്ങളുമുണ്ട്. പ്രവാചക ജീവിതത്തിലെ ചില അമാനുഷിക സംഭവങ്ങള്‍ അമിത പ്രാധാന്യത്തോടെ അവതരിപ്പിച്ച് പ്രവാചകനെ അതിമാനുഷനാക്കുന്ന ജീവചരിത്രവും കുറവല്ല. എന്നാല്‍ മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച മനുഷ്യന്റെ കഥ എന്ന നിലയില്‍ പ്രവാചകജീവിതത്തെ സമീപിക്കുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ക്ഷേമം വിഭാവനം ചെയ്യുന്ന സന്തുലിതമായ ഒരു പ്രസ്ഥാനത്തിന്റെ ചരിത്രം പ്രവാചക ജീവിതത്തില്‍ നിന്ന് കണ്ടെടുക്കാനാണ് ഗ്രന്ഥകാരന്‍ ഇതില്‍ ശ്രമിക്കുന്നത്. ഖുര്‍ആനിലെ പല സൂക്തങ്ങള്‍ക്കും ഹദീസുകള്‍ക്കും പ്രവാചക ജീവിതത്തില്‍ എവിടെയാണ് സ്ഥാനം എന്നു കണ്ടെത്താനും ഈ കൃതി ഏറെ സഹായകമാകും.
വിശുദ്ധ ഖുര്‍ആനും പ്രവാചക വ്യക്തിത്വവും പരസ്പര പൂരകമാണെന്ന് മനോഹരമായ ഒരുപമയിലൂടെ അവതാരിക എഴുതിയ മൗദൂദി സാഹിബ് വ്യക്തമാക്കുന്നുണ്ട്.’വേദഗ്രന്ഥത്തെ പ്രവാചകനില്‍ നിന്ന് വേര്‍പെടുത്തിയാല്‍ അത് കടത്തുകാരനില്ലാത്ത വഞ്ചിയില്‍ ദിക്കറിയാതെ യാത്രചെയ്യുന്ന യാത്രികന്റെ അവസ്ഥ പോലെയാണ്. സമുദ്രത്തില്‍ എത്ര അലഞ്ഞുതിരിഞ്ഞാലും അവനൊരിക്കലും യഥാര്‍ഥ ലക്ഷ്യസ്ഥാനത്തെത്തിച്ചേരാന്‍ ആവില്ല. പ്രവാചകനെ വേദഗ്രന്ഥത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ ദൈവത്തിന്റെ മാര്‍ഗം പ്രാപിക്കുന്നതിനു പകരം ദൈവേതരരെ ദൈവമാക്കുന്നതില്‍ നിന്നും മനുഷ്യരെ ആര്‍ക്കും രക്ഷപ്പെടുത്താനാവില്ല. ഈ രണ്ടു അനുഭവങ്ങള്‍ക്കും പൂര്‍വ സമുദായങ്ങള്‍ സാക്ഷിയായിട്ടുണ്ട്. ഹിന്ദുക്കള്‍ തങ്ങളുടെ പ്രവാചകന്മാരെ വിസ്മൃതിയില്‍ തള്ളി വേദം മാത്രം കൈയിലേറ്റി സംതൃപ്തിയടയുകയാണ് ചെയ്തത്. വേദം അവരെ സംബന്ധിച്ചെടുത്തോളം കേവലം പദക്കസര്‍ത്തുകള്‍ക്കപ്പുറം ഒന്നുമല്ലാതായിത്തീര്‍ന്നു എന്നതായിരുന്നു അതിന്റെ ഫലം. ഒടുവില്‍ അവര്‍ ഗ്രന്ഥത്തെ നഷ്ടപ്പെടുത്തിക്കളയുകയും ചെയ്തു. കൃസ്ത്യാനികള്‍ വേദഗ്രന്ഥത്തെ അവഗണിച്ച് പ്രവാചകന്റെ വസ്ത്രാഞ്ചലത്തില്‍ പിടിച്ച് അതിനു ചുറ്റും ചുറ്റിത്തിരിയുകയാണ് ചെയ്തത്. ദൈവത്തിന്റെ പ്രവാചകനെ ദൈവപുത്രനും ദൈവം തന്നെയും ആക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞില്ല എന്നതാണ് അതിന്റെ പരിണിതി’.
പ്രവാചക ജീവിതം ഒരു വിശ്വമാനവിക ദൗത്യത്തിന്റെ കഥയാണ്. കര്‍മ ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ട ശാശ്വതമായ ഖുര്‍ആനിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും വ്യാഖ്യാനമാണത്. ആദം, ഇബ്രാഹീം, മൂസ തുടങ്ങിയ എല്ലാ പ്രവാചകന്മാരും ഉയര്‍ത്തിപ്പിടിച്ച വിശുദ്ധ സന്ദേശത്തിന്റെ ദീപശിഖയുടെ പൂര്‍ണതയാണ് അദ്ദേഹത്തില്‍ പ്രഫുല്ലമായതെന്ന് ആമുഖത്തില്‍ നഈം സിദ്ധീഖി വ്യക്തമാക്കുന്നുണ്ട്.
പ്രവാചക ചരിത്രവായനയെ കുറിച്ച കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രതിഫലം നേടാന്‍ മാത്രമായി പ്രവാചക ചരിത്രവായനയില്‍ താല്‍പര്യപ്പെടുന്ന ധാരാളം മുസ്‌ലിംകള്‍ നമുക്കിടയിലുണ്ട്. പ്രവാചകനോട് അടുക്കാനുള്ള സകല ശ്രമങ്ങളും അല്ലാഹുവിന് പ്രിയങ്കരമാണെന്നതില്‍ സംശയമില്ല. അതില്‍ പ്രതിഫലം പ്രതീക്ഷിക്കാമെന്നതിലും ആര്‍ക്കും തര്‍ക്കമില്ല, അത്തരം പരിശ്രമങ്ങളുടെ ഒന്നാമത്തെ ലക്ഷ്യം അദ്ദേഹം കൊളുത്തിയ സന്ദേശത്തിന്റെ ജ്വാല നമ്മുടെ മുന്നിലും മുഴുവന്‍ മനുഷ്യരാശിയുടെ മുന്നിലും ഒരിക്കല്‍ കൂടി പ്രകാശിപ്പിക്കുകയും വര്‍ത്തമാന കാലഘട്ടത്തിന്റെ അന്ധകാരങ്ങളില്‍ എപ്രകാരം ആറാം നൂറ്റാണ്ടിലെ പ്രതിസന്ധികളില്‍ മോക്ഷത്തിന്റെ വഴി ലഭിച്ചുവോ അതേ പ്രകാരം മോക്ഷത്തിന്റെ വഴി തുറന്നുകിട്ടുകയുമായിരിക്കണം എന്നും അദ്ദേഹം ഉണര്‍ത്തുന്നു.
സാമാന്യം ബൃഹത്തായ പുസ്തകം വിടരുന്നതു രണ്ടു ദളങ്ങളായാണ്. പുണ്യജീവിതത്തിന്റെ പലായനാനന്തരവും പൂര്‍വവുമായ രണ്ടു ദളങ്ങള്‍. ഇതില്‍ ആദിപര്‍വം തുടങ്ങുന്നതുതന്നെ പ്രവാചകത്വം മുതലാണ്. റസൂലിന്റെ ബാല്യകൗമാര യൗവനകാലങ്ങള്‍ എഴുത്തുകാരന്‍, ബോധപൂര്‍വമാകാം വിട്ടുകളഞ്ഞിരിക്കുന്നു. മഹത്തായ നിയോഗജീവിതത്തെ വിസ്താരത്തിനെടുക്കുമ്പോള്‍ പൂര്‍വകാലം അത്ര ബൃഹത്തില്‍ വിശദീകരിക്കേണ്ടതില്ല. പ്രാമാണിക പ്രവാചകചരിത്രപുസ്തകങ്ങളില്‍പോലും നിയോഗത്തെ സാധൂകരിക്കാന്‍ പലപ്പോഴും അത്യുക്തിയോടെ വിസ്തരിക്കുക നിയോഗപൂര്‍വകാല പെരുമകളായിരിക്കും. അതില്ലാതെ തന്നെയാണ് നഈം സിദ്ദീഖി പ്രവാചകജീവിതത്തെ നിരീക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഇതൊരു പുതുസരണിയാണ്. ഇതു തന്നെയാണ് പ്രസക്തവും.
‘സാമ്പ്രദായിക രചനകളില്‍ നിന്ന് വ്യത്യസ്തമായൊരു പ്രവാചക ജീവചരിത്രമാണിതെന്ന’ മുന്‍ രാഷ്ട്രപതി ഡോ. സാകിര്‍ ഹുസൈനിന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്ന രചനയാണിതെന്നതില്‍ സംശയമില്ല. ഓരോ പാഠങ്ങള്‍ക്കും ആമുഖമായി കൊടുത്ത ആപ്തവാക്യവും അവസാനത്തില്‍ ചേര്‍ത്ത റഫറന്‍സുകളും ഈ ഗ്രന്ഥത്തിന്റെ ആധികാരികതക്ക് മാറ്റുകൂട്ടുന്നുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകനെന്ന നിലയില്‍ പ്രവാചക ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ മനോഹരമായി ഇതില്‍ നഈം സിദ്ദീഖി കോര്‍ത്തിണക്കിയിട്ടുണ്ട്. 390 രൂപ മുഖവിലയുള്ള ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ഇസ്‌ലാമിക് പബ്ലിഷിങ്ങ് ഹൗസാണ്. എഴുത്തുകാരായ കെ ടി ഹുസൈനും പി പി അബ്ദുര്‍റഹ് മാന്‍ കൊടിയത്തൂരുമാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.