മുഹമ്മദ് നബിയുടെ ജീവിതം അടയാളപ്പെടുത്തുന്ന കൃതികള്‍ അനേകമുണ്ട് മലയാളത്തില്‍. സ്വതന്ത്ര രചനകളും വിവര്‍ത്തനങ്ങളും ലേഖനസമാഹാരങ്ങളുമെല്ലാമുണ്ടതില്‍. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടത്താം:
1. മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍
രചന: നഈം സിദ്ധീഖി
വിവര്‍ത്തനം: കെ.ടി ഹുസൈന്‍, അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്
വില: 390.00
പ്രവാചകനെ കുറിച്ച് ആധുനിക കാലത്ത് രചിക്കപ്പെട്ട ക്ലാസിക് കൃതികളിലൊന്നായ മുഹ്‌സിനെ ഇന്‍സാനിയ്യത്തിന്റെ (ഉര്‍ദു) മലയാള പരിഭാഷ. മനുഷ്യര്‍ക്കു വേണ്ടി ജീവിച്ച മനുഷ്യന്റെ കഥ എന്ന നിലയില്‍ പ്രവാചക ജീവിതത്തെ സമീപിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.
2. മുഹമ്മദ്
രചന: മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍
വിവര്‍ത്തനം: കെ.പി കമാലുദ്ദീന്‍, വി.എ കബീര്‍
പ്രസാധനം: തേജസ് ബുക്‌സ്, മീഡിയ സിറ്റി, കോഴിക്കോട്
വില: 490.00
ഈജിപ്ഷ്യന്‍ ഗ്രന്ഥകാരനായ ഡോ. മുഹമ്മദ് ഹുസൈന്‍ ഹൈക്കലിന്റെ വിഖ്യാത നബിചരിത്രമായ ഹയാത്തു മുഹമ്മദിന്റെ മലയാള വിവര്‍ത്തനം. 1981-ലാണ് ഇത് ആദ്യമായി മലയാളത്തിലെത്തുന്നത്. അന്ത്യപ്രവാചകന്റെ ജീവിത കഥ വിവരിക്കുന്നതോടൊപ്പം ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളും ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തില്‍ ഹൈക്കല്‍ വിശദീകരിക്കുന്നു.
3. മുഹമ്മദ്
രചന: മാര്‍ട്ടിന്‍ ലിങ്‌സ് (അബൂബക്ര്‍ സിറാജുദ്ദീന്‍)
വിവര്‍ത്തനം: കെ.ടി സൂപ്പി
പ്രസാധനം: അദര്‍ ബുക്‌സ് കോഴിക്കോട്
വില: 390.00
ആദ്യകാല ക്ലാസിക്കല്‍ സ്രോതസ്സുകളെ അവംലംബിച്ച് തയ്യാറാക്കിയ ഈ ജീവചരിത്രം സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരവ് കരസ്ഥമാക്കിയിട്ടുണ്ട്. കെ.ടി സൂപ്പിയുടെ പരിഭാഷ ഇതിനെ ഏറെ ആകര്‍ഷകമാക്കുന്നു.
4. മുഹമ്മദ് റസൂലുല്ലാഹ്
രചന: കക്കാട് മുഹമ്മദ് ഫൈസി
പ്രസാധനം: കാപിറ്റല്‍ ഇന്റര്‍ നാഷണല്‍ പബ്ലിഷേഴ്‌സ് കോഴിക്കോട്
വില: 350
മലയാളത്തില്‍ ലഭ്യമായ ഇതര നബിചരിത്ര കൃതികളില്‍ നിന്നെല്ലാം ഏറെ വ്യതിരിക്തത പുലര്‍ത്തുന്ന ഒന്നാണിത്. മറ്റൊന്നിലും കാണാത്ത വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. റഫറന്‍സുകള്‍ കൃത്യമായി നല്‍കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഏഴു വാള്യങ്ങളെങ്കിലും ഗ്രന്ഥകര്‍ത്താവ് പ്രതീക്ഷിക്കുന്ന ഈ പ്രവാചക ജീവിത പഠനത്തിന്റെ രണ്ടു വാള്യങ്ങളാണ് പുറത്തിറങ്ങിയത്. ആയിരത്തിലധികം പേജുകളാണ് ഈ രണ്ടു വാള്യങ്ങളിലായുള്ളത്. ആദ്യഭാഗത്ത് മുഹമ്മദ് നബിക്ക് 4 വയസ്സ് വരെയുള്ള കാര്യങ്ങളും രണ്ടാമത്തേതില്‍ നുബുവ്വത്തിന്റെ ആദ്യനാളുകള്‍ വരെയുള്ള കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മറ്റു കൃതികള്‍ പോലെ യോജിക്കാന്‍ സാധ്യമാവാത്ത വിവരണങ്ങളും ഇതിലുണ്ടെങ്കിലും അതിനെല്ലാം പണ്ഡിത•ാരുടെ പിന്‍ബലം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
5. പ്രിയപ്പെട്ട നബി
രചന: അര്‍ഷദ് മുഹമ്മദ് നദ്‌വി
പ്രസാധനം: തേജസ് പബ്ലിക്കേഷന്‍സ് കോഴിക്കോട്
വില: 220.00
പ്രവാചക ജീവിതത്തിന്റെ കാലാനുസൃതമായ വായന. ചരിത്ര പാരായണത്തിനപ്പുറം കര്‍മപഥത്തില്‍ ഊര്‍ജസ്രോതസ്സായി നിലകൊള്ളുന്നതാണ് നബിതിരുമേനിയുടെ ജീവചരിത്രം. ആ മഹത്ജീവിതത്തിന്റെ നഖചിത്രം വരച്ചിടുന്നതോടൊപ്പം പ്രവാചക മാതൃക തേടുന്നവര്‍ക്ക് ആ പുണ്യ സരണിയിലൂടെ ചരിക്കാന്‍ പ്രചോദനം നല്‍കുക എന്ന ദൗത്യം കൂടി നിര്‍വഹിക്കുന്നു ഗ്രന്ഥകാരന്‍. കേവലം അനുഷ്ഠാനങ്ങളുടെ ഒരു സമുച്ചയമല്ല ഇസ്‌ലാമെന്നും മറിച്ച് സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ജീവല്‍ പ്രസ്ഥാനമാണെന്നും ഈ കൃതി ബോധ്യപ്പെടുത്തും.
6. നബിയുടെ ജീവിതം
രചന: അബൂസലീം അബ്ദുല്‍ ഹയ്യ്
വിവര്‍ത്തനം: വി. എ കബീര്‍
പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്
വില:110.00
മുഹമ്മദ് നബിയുടെ ജീവചരിത്രം പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് പണ്ഡിതനും പരിഷ്‌കര്‍ത്താവുമായി ഗ്രന്ഥകാരന്‍. ഇസ്‌ലാമിക പ്രസ്ഥാന നായകന്റെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ വരച്ചുകാണിക്കുന്നതോടൊപ്പം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ചരിത്രം കൂടി ഈ കൃതിയില്‍ സമര്‍പ്പിക്കുന്നു. ലളിതമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം നബിചരിത്രം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും.
7. കാരുണ്യത്തിന്റെ പ്രവാചകന്‍
രചന: നാഥുറാം (പഞ്ചാബ്)
പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്
വില: 23.00
വിവിധ മതാനുയായികള്‍ക്കിടയിലെ അകല്‍ച്ചയും തെറ്റിദ്ധാരണയും അകറ്റി അതുവഴി സൗഹാര്‍ദം സാധിക്കുവാന്‍ മറ്റെന്തിനെക്കാളും സഹായകമാവുക, മതങ്ങളെ സംബന്ധിച്ച നിഷ്പക്ഷമായ പഠനവും അന്വേഷണവുമാണ്. പ്രവാചകന്‍ മുഹമ്മദി(സ)നെ കുറിച്ച നാഥുറാമിന്റെ ഗ്രന്ഥം ഈ രംഗത്തെ വിലപ്പെട്ട സംഭാവനയാണ്. ഇസ്‌ലാമിനെ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നേരിട്ടുപഠിച്ച ചുരുക്കം അമുസ്‌ലിം എഴുത്തുകാരിലൊരാളാണ് അദ്ദേഹം.
8. മുഹമ്മദ് നബി ലോകവേദങ്ങളില്‍
രചന: കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം
പ്രസാധനം: യുവത ബുക്‌സ്
വില: 45.00
മുഹമ്മദ് നബി(സ)യുടെ ആഗമനത്തെപ്പറ്റി ജൂത, ക്രൈസ്തവ, ഹൈന്ദവ, ബൗദ്ധ, സൗരാഷ്ട്ര മതങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള സുവിശേഷങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ കൃതി.
9. പ്രവാചക സന്നിധിയില്‍ ഒരു ദിവസം
രചന: കെ.ടി ഹനീഫ്
പ്രസാധനം: വിചാരം ബുക്‌സ് തൃശ്ശൂര്‍
വില: 55.00
ഈ കൃതിയെ കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നു: നാം പതിനാലു നൂറ്റാണ്ട് അപ്പുറത്തേക്കൊരു മനോയാത്ര നടത്തുകയാണ്. ആധുനിക, ആലക്തികയുഗ ഭാഷയില്‍ ഇതിനു വെര്‍ച്വല്‍ ടൂര്‍ എന്നു പറയും. എന്നാല്‍ നമ്മുടേത് ഒരു സ്പിരിച്വല്‍ ടൂര്‍ ആണ്. ആത്മീയ യാത്ര. ഈ യാത്രയില്‍ ശരീരത്തിനു പകരം ആത്മാവാണ് കാലാന്തരം ചെയ്യുന്നത്. അങ്ങനെ നാം നബി(സ) ജീവിച്ചിരുന്ന ന• നിറഞ്ഞ മദീനയില്‍ പറന്നിറങ്ങുന്നതായി സങ്കല്‍പിക്കുക. നബി അവിടെ ജീവിച്ചിരിക്കുകയും നാം അദ്ദേഹത്തെ കണ്ടുമുട്ടുകയും ചെയ്യുകയാണെങ്കില്‍ എന്താണ് നബിക്ക് നമ്മോട് പറയാനുണ്ടാവുക? എന്താണ് നബിയില്‍ നിന്ന് നമുക്ക് പഠിക്കാനുണ്ടാവുക? ഇതാണ് ഈ യാത്രയുടെ ഇതിവൃത്തം.
10. മുഹമ്മദ് നബി മാനവതയുടെ മാര്‍ഗദര്‍ശകന്‍ (ലേഖനസമാഹാരം)
പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്
വില: 17.00
ഇനിയും അറിഞ്ഞുതീരാത്ത അക്ഷയ വ്യക്തിത്വമാണ് പ്രവാചന്‍ മുഹമ്മദ് നബിയുടേത്. മാനുഷിക ഗുണങ്ങള്‍ വരണ്ടുപോയ അറേബ്യന്‍ സമൂഹത്തില്‍ കാരുണ്യത്തിന്റെയും സമത്വത്തിന്റെയും പ്രവാഹങ്ങള്‍ക്ക് അദ്ദേഹം പ്രാരംഭമിട്ടു. അധഃസ്ഥിത ജനപദങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വിശ്വാസപ്രമാണം വിളംബരം ചെയ്തു. മോശെയുടെ സ്ഥൈര്യവും സോക്രട്ടീസിന്റെ വിവേകവും ബുദ്ധന്റെ ചിത്തവും യേശുവിന്റെ ആര്‍ദ്രതയും ഉള്‍ച്ചേര്‍ന്ന ആ മഹാത്മാവിനെപ്പറ്റി ഏതാനും ഉപന്യാസങ്ങളുടെ സമാഹാരം. അബുല്‍അഅ്‌ലാ മൗദൂദി, സയ്യിദ് സുലൈമാന്‍ നദ്‌വി, അലി ശരീഅത്തി, ഇ.വി അബ്ദു എന്നിവരുടെ രചനകള്‍. (തുടരും)