
ഹബീബായ മുഹമ്മദ് (സ) യെക്കുറിച്ച് വിവിധ ഭാഷകളില്‍ ധാരാളം ജീവചരിത്ര ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ അവിടത്തോടുള്ള അനുരാഗത്താല്‍ എഴുതപ്പെട്ട ആ ഗ്രന്ഥങ്ങളിലൂടെയാണ് നാം ഹബീബിനെ വായിക്കുന്നത്, ആ മഹാന്റെ ജീവിതത്തെ തൊട്ടറിയുന്നത്. സ്വപ്നദര്‍ശനത്തിലൂടെയെങ്കിലും തിരുനബിയെ ഒരു നോക്ക് കാണാനുളള നമ്മുടെ ആഗ്രഹങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതും ഈ ജീവചരിത്ര ഗ്രന്ഥങ്ങളാണ്. അവിടത്തെ ജീവിതം അനുധാവനം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കും നല്ല കൂട്ടുകാര്‍ തന്നെയാണ് ഹബീബിനെക്കുറിച്ചെഴുതിയ ജീവചരിത്ര ഗ്രന്ഥങ്ങള്‍.
ലോകത്ത് ഒരാളെക്കുറിച്ചും ഇത്രയേറെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടില്ല. മുസ്‌ലിംകള്‍ മാത്രമല്ല പ്രവാചകനെക്കുറിച്ചെഴുതിയിട്ടുള്ളത്. ഓറിയന്റലിസ്റ്റ് വൈകല്യം ബാധിച്ചിട്ടില്ലാത്ത ഇതര മതസ്ഥരും ഹബീബിന്റെ ജീവചരിത്ര ശേഖരത്തിലേക്ക് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതില്‍പെടുത്താവുന്ന, വളരെ വൈകി മാത്രം ശ്രദ്ധയില്‍പെട്ട പുസ്തകമാണ് ബാര്‍നബി റോജര്‍സണ്‍ രചിച്ച Prophet Muhammad : A biography. ഹബീബിനെക്കുറിച്ച് വായിച്ച പുസ്തകങ്ങളില്‍ മാര്‍ട്ടിന്‍ ലിങ്‌സിന്റെ മുഹമ്മദ്, ആന്‍മേരി സ്‌കിമലിന്റെ And Muhammed is his messenger, പിന്നെ റോജര്‍സണിന്റെ ഈ പുസ്തകം തുടങ്ങിയവയാണ് ഏറ്റവും ഹൃദയഹാരിയായി അനുഭവപ്പെട്ടത്. ഹബീബിനോടൊപ്പം ജീവിക്കുന്ന, വല്ലാത്തൊരു മിസ്റ്റിക് അനുഭൂതിയാണ് ഈ പുസ്തകങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത്.
ബാര്‍നബി റോജര്‍സണ്‍ ഈ പുസ്തകമെഴുതിയതിന് പിന്നില്‍ രസകരമായ ഒരു അനുഭവ കഥയുണ്ട്. തുടക്കത്തില്‍ അദ്ദേഹം തന്നെ അത് വിവരിക്കുന്നുണ്ട്. നോര്‍ത്ത് ആഫ്രിക്കയില്‍ ജീവിച്ച കാലത്ത് അലി (റ) യെക്കുറിച്ച് ഒരു അറബിയുടെ വഴിയോര പ്രഭാഷണം കേള്‍ക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയുണ്ടായി. പിറ്റേ ദിവസം തന്നെ അയാളുടെ മാതൃക പിന്തുടര്‍ന്ന് റോജര്‍സണും തന്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരോട് മുഹമ്മദ് നബിയുടെ ജീവിത കഥ വിവരിച്ചു കൊടുത്തു. ആളുകള്‍ വട്ടംകൂടി നിഷ്‌കളങ്കമായ താല്‍പര്യത്തോടെ അവര്‍ ചോദിച്ചു. താങ്കള്‍ മുസ്‌ലിമാണോ? മുസ്‌ലിമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? പുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. ”ഞാനെപ്പോഴും നന്മ നിറഞ്ഞ കഥകള്‍ പറയാനാഗ്രഹിക്കുന്നു.”
ഒരു നോവലിസ്റ്റിന്റെ ആഖ്യാന ശൈലി സ്വീകരിച്ചു കൊണ്ടാണ് റോജര്‍സണ്‍ ഈ പുസ്തകമെഴുതിയിരിക്കുന്നത്. ഹബീബിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ രേഖീയമായല്ല അദ്ദേഹം വിവരിക്കുന്നത്. പശ്ചാത്തലത്തിലേക്ക് സ്വയം തന്നെ ഉള്‍വലിയുകയാണ് അദ്ദേഹം ചെയ്യുന്നത്. പ്രളയമെല്ലാം കഴിഞ്ഞ്, ധ്യാനനിമഗ്നമായ ശാന്തതയില്‍ ഏകാന്തനായി എല്ലാം പ്രണയഭാജിനിയായ അല്ലാഹുവിലര്‍പ്പിച്ച് തന്റെ കര്‍മം നിര്‍വഹിക്കുന്ന ഒരു സൂഫിയുടെ നിര്‍മമതയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൈവരുന്നത്. ഒരു ചരിത്രമെഴുത്തുകാരന്റെ ഗര്‍വില്ലാതെ, പൂര്‍വ സ്രോതസ്സുകളെ ആശ്രയിക്കുകയാണദ്ദേഹം ചെയ്യുന്നത്. അതിനാല്‍ തന്നെ ആധികാരികതയുടെ അധികാര സ്വരം പുസ്തകത്തിലെവിടെയും നമുക്ക് കാണാന്‍ കഴിയില്ല.
ലോകജനതക്ക് സന്‍മാര്‍ഗം കാണിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതമെഴുതുന്നു എന്ന വ്യാജേന നമ്മുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനു മേല്‍ കെട്ടിവെക്കുന്ന ചരിത്രരചനയുടെ അഭാവമാണ് ഈ പുസ്തകത്തിന് സൗന്ദര്യം പകരുന്നതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഹൃദയഹാരിയായ ഒരു നോവലിനെപ്പോലെ അനുഭൂതി നിറഞ്ഞ വായനാനുഭവം അത് സമ്മാനിക്കുന്നു. ഗ്രന്ഥകാരന്റെ ഇടപെടലില്ലാതെ കഥാപാത്രം തന്നെ സ്വയം സജീവമാകുന്ന ആഖ്യാന ശൈലി സ്വീകരിച്ചത് കൊണ്ടാണ് ഈ പുസ്തകം ഒരു ആത്മീയാനുഭവമായി മാറുന്നതെന്നാണ് എന്റെ വിശ്വാസം.