ചരിത്രഗ്രന്ഥങ്ങളില്‍ പൊതുവെ അത്രയധികം പരാമര്‍ശിക്കപ്പെടാത്തതാണ് പ്രവാചക പുത്രിമാരുടെ ജീവിതം. പ്രവാചകന്റെയും പ്രവാചകപത്‌നിമാരുള്‍പ്പെടെയുള്ള സഹാബിമാരുടെയും ജീവിതങ്ങള്‍ ഒറ്റയായും കൂട്ടായും മലയാളത്തില്‍ നിരവധി തവണ പ്രകാശിതമായിട്ടുണ്ടെങ്കിലും, ഫാത്വിമ (റ) ഒഴികെയുള്ള പ്രവാചക പുത്രിമാരുടെ ജീവിതത്തിലെ ഏടുകള്‍ പ്രത്യേകമായി ചേര്‍ത്തുവെച്ച പുസ്തകങ്ങള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. ഈ സാഹചര്യത്തിലാണ് അബ്ദുറഹ്മാന്‍ തുറക്കല്‍ പരിഭാഷപ്പെടുത്തിയ ഈജിപ്ഷ്യന്‍ എഴുത്തുകാരി ആഇശ ബിന്‍ത് ശാത്വിഇന്റെ ‘പ്രവാചക പുത്രിമാര്‍’ എന്ന ലഘു കൃതി പ്രസക്തമാവുന്നത്.
ഈജിപ്ഷ്യന്‍ എഴുത്തുകാരാല്‍ രചിക്കപ്പെട്ടതും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതുമായ ഇസ്‌ലാമിക ജീവചരിത്രകൃതികളില്‍ കാണുന്ന വിധത്തിലുള്ള അതിഭാവുകത്വം നിറഞ്ഞ വിവരണങ്ങളോ ചരിത്ര സ്രോതസ്സുകളില്‍ നിന്നും വിട്ടകന്നുള്ള പ്രതിപാദന രീതിയോ ഈ പുസ്തകത്തില്‍ ഇല്ല. ഇക്കാര്യത്തില്‍ ഗ്രന്ഥകര്‍ത്താവ് അതീവശ്രദ്ധ പുലര്‍ത്തിയത് രചനയിലുടനീളം കാണാം. മൂലഗ്രന്ഥത്തില്‍ വിശദമായി പ്രതിപാദിച്ച കാര്യങ്ങള്‍ സംക്ഷിപ്തമാക്കിയാണ് വിവര്‍ത്തനം നിര്‍വഹിച്ചിട്ടുള്ളതെന്നതിനാല്‍ ഒഴുക്കോടെ വായിച്ചു പോകാവുന്നതാണ് ഈ ലഘുകൃതി. പ്രവാചക പുത്രിമാരില്‍ സാധാരണയായി ഏറ്റവുമധികം പ്രതിപാദിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഫാത്വിമ(റ) തന്നെയാണ് ഈ പുസ്തകത്തില്‍ കൂടുതല്‍ പേജുകള്‍ നീക്കിവെച്ചിരിക്കുന്നത്.
മറ്റു പവാചകപുത്രിമാര്‍ക്കു കൂടി ഇത്രത്തോളം പ്രാധാന്യം നല്‍കാത്തത് ഒരു പോരായ്മയായി തോന്നാം. പലപ്പോഴും പ്രവാചകന്‍ (സ) യുടെയും സഹാബിമാരുടെയും പ്രവാചകപത്‌നിമാരുടെയും ജീവചരിത്രഗ്രന്ഥങ്ങളില്‍ ചില പരാമര്‍ശങ്ങളില്‍ മാത്രം കടന്നു വന്നിട്ടുള്ള പ്രവാചകപുത്രിമാരുടെ ചരിത്രം, വാസ്തവത്തില്‍ ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ് . അന്ത്യപ്രവാചകന്റെ പെണ്‍മക്കള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ എന്നതിനാല്‍ , മക്കയിലെയും മദീനയിലെയും മുസ്‌ലിം സമൂഹം കടന്നുപോയ സംഘര്‍ഷങ്ങളും സന്തോഷങ്ങളും പ്രവാചകഭവനത്തില്‍ അവയുണ്ടാക്കിയ പ്രതികരണങ്ങളും പ്രവാചക പുത്രിമാരുടെ ജീവചരിത്രത്തിലൂടെ അവതരിപ്പിക്കാനുള്ള ഗ്രന്ഥകാരിയുടെ ശ്രമം പ്രശംസനീയമാണ്. ഒരു കാലഘട്ടത്തിലെ പ്രവാചകഭവനത്തിന്റെ ചരിത്രത്തിലെ അധികം പ്രകാശിതമാവാത്ത പല നുറുങ്ങുവെട്ടങ്ങളിലേക്കും വെളിച്ചം വീശുന്ന ഈ ലഘുകൃതി, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ സകല മൂല്യങ്ങളെയും തട്ടിമാറ്റിക്കൊണ്ട് കെട്ടറ്റ് ചിതറുന്ന ആധുനിക കാലഘട്ടത്തില്‍, ഓരോ മുസ്‌ലിം കുടും കുടുംബാംഗങ്ങളും അനിവാര്യമായി കടന്നുപോകേണ്ടതും മനസ്സിലാക്കേണ്ടതുമായ ജീവിത പരിസരങ്ങളിലേക്ക് വെളിച്ചം വീശുന്നു.
പ്രവാചകപുത്രിമാരും പ്രവാചകന്റെ കുടുംബവും താണ്ടിയ കനല്‍പഥങ്ങള്‍ ഇന്നത്തെ മലയാളി മുസ്‌ലിം പെണ്‍കുട്ടികള്‍ അനിവാര്യമായും അറിയുന്നതിന് ഈ ഉത്തമകൃതി ഉപകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ചുറ്റുപാടും പരീക്ഷണത്തിന്റെ തീക്ഷണതയിലൂടെ കടന്നു പോകുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഉള്‍ക്കരുത്ത് പ്രദാനം ചെയ്യുന്ന മാതൃകകളാണ് പ്രവാചക പുത്രിമാര്‍. തൃശൂരിലെ വിചാരം ബുക്‌സ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.