മുഹമ്മദ് നബി (സ) യുടെ ജീവിതത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ സമീപിക്കുന്നത് പൊതുവെ രണ്ട് തരത്തിലാണെന്നു പറയാം. ഒരു ചരിത്രപുരുഷനോടുള്ള ചരിത്രപരമായ സമീപനമാണ് ഒന്ന്. കാലഗണനയുടെ അതിര്‍വരമ്പിനകത്ത് നാം നബി (സ)യെ പ്രതിഷ്ഠിക്കുമ്പോഴും ഈ സമീപനം സൂക്ഷ്മമായ വായനയെ ആവശ്യപ്പെടുന്ന വളരെ പ്രസക്തമായ സമീപനമാണ്. ആദ(അ)മില്‍ തുടങ്ങുന്ന ഇസ്‌ലാമിന്റെ ചരിത്രം പൂരിപ്പിക്കുന്നത് നബി(സ)ആണ് എന്നതിനാല്‍ വിശേഷിച്ചും.
ചരിത്രം വായിക്കാത്തവരും നബി(സ)യെ അറിയുന്നു. അദ്ദേഹത്തെ കുറിച്ച് മധുരമായ പാട്ടുകള്‍ പാടുന്നത് അവരാണ്. മഷി കൊണ്ട് മാത്രമല്ല സ്‌നേഹം കൊണ്ടും പാട്ടെഴുതാം എന്ന് നബി (സ) കുറിച്ചുള്ള സങ്കീര്‍ത്തനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു ചരിത്രപുരുഷന്‍ എന്നതിലുപരി തങ്ങളുടെ സ്‌നേഹത്തിന്റെ വിഷയമാണിവിടെ നബി(സ).
ഹൈക്കലിന്റെ മുഹമ്മദിലും കാരന്‍ ആംസ്‌ട്രോങ്ങിന്റെ മുഹമ്മദിലും നാം ഒരു ചരിത്രപുരുഷനെ കാണുന്നു. അദ്ദേഹത്തിന്റെ ജനനവും, ദൗത്യവും, യുദ്ധങ്ങളും, പലായനവും, വിവാഹങ്ങളും, സന്ധികളും, വിയോജിപ്പുകളും, വിജയങ്ങളും, പ്രഭാഷണങ്ങളും, വിമര്‍ശനാത്മകമായ നിശബ്ദതയും നാം പഠിക്കുന്നു. നമ്മുടെ സംശയങ്ങളും വിശാന്തിയും ശമിക്കുന്നു. ഒരു മതസ്ഥാപകന്‍ പൊതുസ്വകാര്യ ജീവിതങ്ങളില്‍ മാതൃകയാകുന്നത് എങ്ങിനെയെന്ന് നാം അറിയുന്നു.
മാര്‍ടിന്‍ ലിംഗ്‌സ് രചിച്ച മുഹമ്മദില്‍ രണ്ടു സമീപനങ്ങളും സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ട്. ഒരു സൂഫിവര്യന്റെ ഇംഗ്ലീഷിലെ ഒരേയൊരു ജീവചരിത്രമാണ് ഈ ഗ്രന്ഥം എന്നതിനാല്‍ വായനക്കാര്‍ക്ക് രണ്ടാമത്തെ സമീപനം ആദ്യത്തേതിനു ബലം പകര്‍ന്ന് ഇതില്‍ നിലനില്‍ക്കുന്നതായി തോന്നും. അതിലേറെ perennial philosophy എന്ന ത്വാത്വിക മിസ്റ്റിക്കല്‍ ചിന്തയുടെ വക്താവും പ്രയോക്താവും ആയിരുന്നു ലിംഗ്‌സ്. എല്ലാ ദര്‍ശനങ്ങളിലും നിലനില്‍ക്കുന്ന ദൈവബോധത്തെ ദര്‍ശനങ്ങളുടെ ചരിത്രത്തില്‍ നിന്നും വേര്‍പെടുത്തി കാണുന്ന ചിന്തയാണിത്. ദിവ്യസത്യത്തെ ചരിത്രത്തിന്റെ അവശേഷിപ്പുകളില്‍ നിന്നും ഒച്ചപ്പാടുകളില്‍ നിന്നും കടഞ്ഞെടുക്കുന്ന ഈ ചിന്ത മുഹമ്മദില്‍ വരുന്നത് മറ്റ് പ്രവാചകന്മാരുടെയും വറഖത് ബിന്‍ നൗഫലിനെ പോലെയുള്ള ഹുനഫാഉകള്‍ ഉള്‍പ്പെടെയുള്ള സൂഫികളുടെയും അറിവുകളോടും അനുഭവങ്ങളോടും മുഹമ്മദ് നബി (സ)യുടെ ജീവിതത്തെ ബന്ധിപ്പിച്ചു കൊണ്ടാണ്. അതാകട്ടെ വിശാലമായ അര്‍ഥത്തില്‍ ആദ്ധ്യാത്മികതുടെ ചരിത്രം നിര്‍മിക്കാനുള്ള ധീരമായ ശ്രമമാണ് താനും. ഒപ്പം നബിചരിത്രത്തെ ഖുര്‍ആനിന്റെ ചരിത്രവുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഇതില്‍ കാണാം.
മാര്‍ടിന്‍ ലിംഗ്‌സ് രചിച്ച ഈ പുസ്തകം വളരെ മികവുറ്റ നിലയില്‍ അദര്‍ ബുക്‌സ് മലയാളത്തില്‍ പുറത്തിറക്കിയിരിക്കുന്നു. കെ.ടി.സൂപ്പിയാണ് പരിഭാഷകന്‍. ഈ വര്‍ഷം നമ്മെ വിട്ട് പിരിഞ്ഞ മുട്ടാണിശേരില്‍ കോയാകുട്ടി മൗലവിയുടെ അവതാരിക ഈ കൃതിയെ ഗഹനമാക്കുന്നു. അദ്ദേഹത്തിന്റെ ഒടുവിലത്തെ രചനയാണിത്. ഈ പുസ്തകം ഇത്ര മികവോടെ കേരളത്തിനു സമര്‍പ്പിച്ച പ്രസാധകര്‍ പ്രശംസ അര്‍ഹിക്കുന്നു.