പ്രവാചകൻ മുഹമ്മദ് (സ) ജനിക്കുന്നത് ക്രി. 571-ൽ, ഇന്ന് പ്രശസ്തിയിലേക്കുയർന്ന മക്കയിൽ. ആ സമയത്ത് അറേബ്യയിൽ ഇസ്ലാമിന് അനുയായികൾ ഉണ്ടായിരുന്നില്ല; എന്നല്ല ലോകത്ത് ഒരിടത്തും ഒരൊറ്റ അനുയായി പോലും ഇല്ലായിരുന്നു. മുൻ പ്രവാചകന്മാരുടെ അധ്യാപനങ്ങളിലെ ചില ശേഷിപ്പുകൾ പിന്തുടർന്ന് സദ് വൃത്തരായ ചുരുക്കം ചിലർ ഏകദൈവത്തെ ആരാധിച്ച് ജീവിക്കുന്നുണ്ടായിരുന്നുവെങ്കിലും, ദൈവം നൽകിയ യഥാർഥ ജീവിതദർശനം വിഗ്രഹാരാധനയുടെയും പ്രകൃതിപൂജയുടെയും കോടമഞ്ഞിൽ പാടെ നഷ്ടപ്പെട്ടുപോയിരുന്നു. വ്യാജ ദൈവപൂജ(ശിർക്ക്)യല്ലാതെ കലർപ്പില്ലാത്ത യഥാർഥ ദൈവാരാധന എങ്ങും കാണാനുണ്ടായിരുന്നില്ല. ധാർമികതയുടെ അലകും പിടിയും വേർപെട്ട്, സകല തിന്മകളിലും പുളച്ചുകഴിയുകയായിരുന്നു ജനസമൂഹം. ഇത് ആറാം നൂറ്റാണ്ടിലെ അറേബ്യയുടെ സ്ഥിതി മാത്രമായിരുന്നില്ല; ലോകം മുഴുക്കെ അങ്ങനെയായിരു ന്നു. അപ്പോഴാണ് ദൈവം മുഹമ്മദ് നബിയെ തന്റെ അന്ത്യപ്രവാചകനായി നിയോഗിക്കുന്നത്. ജീവിതത്തിന്റെ ആദ്യത്തെ നാൽപത് വർഷം മക്കാ നഗരത്തിലെ ജീവിതത്തെ ക്ഷമാപൂർവം നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം. മഹോന്നത ഗുണങ്ങൾ മേളിച്ച ആ വ്യക്തിത്വത്തെ സർവരും ആദരിച്ചു. പക്ഷേ, ഏറ്റവും മഹാനായ ലോക നേതാവാകാൻ പോകുന്ന വ്യക്തിയാണിതെന്ന് അന്നവർക്ക് മനസ്സിലായിരുന്നില്ല.
തന്റെ കാലത്തെ കടുത്ത അധാർമിക ജീവിതം കണ്ട് ആ മനസ്സ് വല്ലാതെ വേദനിച്ചു. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നു. എങ്ങും സ്വേഛാധിപത്യവും അനീതിയും വേദനിച്ചും ഉത്കണ്ഠപ്പെട്ടും എല്ലാ നിശ്ശബ്ദം നോക്കിനിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. രോഗാതുരമായ മനുഷ്യവർഗത്തെ രക്ഷപ്പെടുത്താനുള്ള പ്രതിവിധി അദ്ദേഹത്തിനും അറിയുമായിരുന്നില്ലല്ലോ. ഒടുവിൽ പ്രായം നാൽപതിൽ എത്തിയപ്പോഴാണ് ദൈവം അദ്ദേഹത്തെ പ്രവാചകനായി തെരഞ്ഞെടുക്കുന്നത്. ദൈവത്തിന്റെ യഥാർഥ മതമായ, നീതിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്ലാം പ്രബോധനം ചെയ്യുക എന്നതായിരുന്നു ഏൽപിക്കപ്പെട്ട ദൗത്യം. ആ ദൗത്യം എങ്ങനെ നിറവേറ്റണമെന്ന് ദൈവം വെളിപാടിലൂടെ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. ആ ദിവ്യവെളിപാടുകളുടെ സമാഹാരമാണ് ഖുർആൻ.
ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ, അവന് മാത്രമേ വിധേയപ്പെടാവൂ എന്ന സന്ദേശത്തിലേക്ക് മക്കൻ സമൂഹത്തെ പ്രവാചകൻ ക്ഷണിച്ചപ്പോൾ, ജനം പൊതുവെ അതിനെ എതിർക്കുകയാണ് ചെയ്തത്. ആ സന്ദേശം പ്രചരിക്കാതിരിക്കാൻ അവർ മാർഗതടസ്സങ്ങളുണ്ടാക്കി. എന്നാൽ, അർപ്പണബോധത്തോടെ, ഇളകാത്ത ഇഛാശക്തിയോടെ പ്രവാചകൻ തന്റെ പ്രബോധന പ്രവർത്തനങ്ങൾ തുടരുകയാണ് ചെയ്തത്. തദ്ഫലമായി, കുറെ ശുദ്ധാത്മാക്കൾ അദ്ദേഹത്തോടൊപ്പം വന്നു. അവർ അദ്ദേഹത്തിന്റെ ഉറച്ച അനുയായികളായി. സത്യസന്ദേശം പതുക്കെ മക്കയും കടന്ന് അറേബ്യയുടെ ഇതര ദിക്കുകളിലേക്കും വ്യാപിക്കാൻ തുടങ്ങി. സത്യസന്ധരും ധാർമികത സൂക്ഷിക്കുന്നവരുമായ ആളുകൾ ആ സന്ദേശത്തെ സ്വാഗതം ചെയ്തപ്പോൾ, ദുഷ്ടരും അവിവേകികളുമായ ആളുകളാണ് എതിർപ്പിന് മൂർച്ച കൂട്ടിയത്. ഇത് പതിമൂന്ന് വർഷം തുടർന്നു. ഇസ്ലാം പതുക്കെ പുതിയ മണ്ണിലേക്ക് വേരോടാൻ തുടങ്ങിയിരുന്നു. അറേബ്യയുടെ എല്ലാ ഭാഗങ്ങളിലും അതിന് അനുയായികളെ കിട്ടി. ഇത് ഒരു വശം. മറുവശത്ത് അജ്ഞതയിൽ ആണ്ടുകിടന്ന, പാരമ്പര്യത്തിന്റെ സംരക്ഷകരും വക്താക്കളും ഇസ്ലാമിനോടുള്ള അവരുടെ എതിർപ്പിന് കടുപ്പം കൂട്ടിക്കൊണ്ടിരുന്നു. ഇസ്ലാമിൽ പുതുതായി എത്തുന്നവരെ അവർ അസഭ്യം പറഞ്ഞു, അപമാനിച്ചു, ശാരീരികമായി പീഡിപ്പിച്ചു. ഇസ്ലാമിക പ്രസ്ഥാനത്തെ മുളയിലേ നുള്ളാൻ മക്കയിലെ പ്രമാണിമാർ പ്രവാചകനെ വധിക്കാനുള്ള ഒരു ഗൂഢപദ്ധതി തയാറാക്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോകുമെന്നായപ്പോൾ ദൈവത്തിന്റെ ആജ്ഞയുണ്ടായി. മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്യുക.
പ്രവാചകൻ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ വഴിമധ്യേ വധിക്കാനുള്ള ശത്രുക്കളുടെ നീചമായ നീക്കങ്ങളും ഫലം കണ്ടില്ല. സുരക്ഷിതനായി പ്രവാചകൻ മദീനയിലെത്തി. ഈ വിഖ്യാത പലായനത്തെയാണ് ഹിജ്റ എന്ന് പറയുന്നത്. ഇസ്ലാമിക കലണ്ടറിന് ആരംഭം കുറിച്ച് ചരിത്ര സംഭവം.
പ്രവാചകൻ മദീനയിൽ
മക്കയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള മദീന ഇസ്ലാമിന്റെ കേന്ദ്രമായി വളരുന്നുണ്ടായിരുന്നു. നേരത്തെ തന്നെ കുറെയാളുകൾ അവിടെ പുതുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ഇസ്ലാമിക അധ്യാപനങ്ങൾക്ക് പിന്തുണക്കാർ വർധിച്ചുവരുന്നുമുണ്ടായിരുന്നു. മദീനയിലെ രണ്ട് പ്രധാന ഗോത്രങ്ങൾ ഇസ്ലാം ആശ്ലേഷിച്ച് ആ മാർഗത്തിൽ സ്വത്തും ജീവനും മറ്റെന്തും ബലിനൽകാൻ തയാറായിനിന്നു. ഈ സന്ദർഭത്തിലാണ് മദീനയിലേക്കുള്ള പലായനം നടക്കുന്നത്.
പ്രവാചകൻ മദീനയിൽ നിലയുറപ്പിച്ചതോടെ അറേബ്യയുടെ ചതുർദിക്കുകളിൽ നിന്നും പുതുവിശ്വാസികൾ ആ നഗരത്തിലേക്ക് ഒഴുകാൻ തുടങ്ങി. ഈ പ്രവാഹം ഇസ്ലാമിന്റെ പുതിയ കേന്ദ്രത്തിന് കൂടുതൽ കരുത്ത് പകർന്നു. ഒരു പീഡിത മതമെന്ന നിലയിൽ നിന്ന് അത് വിടുതൽ നേടി. ആ മണ്ണിൽ ശരിക്കും അത് കാലുറപ്പിച്ച് കഴിഞ്ഞിരുന്നു. ഒരു ഇസ്ലാമിക സമൂഹവും ഭരണക്രമവും സ്ഥാപിക്കാനുള്ള ചരിത്ര സന്ദർഭമാണ് അതിന് വന്നുകിട്ടിയിരിക്കുന്നത്. ഹിജ്റാനന്തര ഘട്ടത്തിലെ ഏറ്റവും സുപ്രധാന സംഭവവികാസവും ഇത് തന്നെയായിരു ന്നു. ഈ മാറ്റത്തിന്റെ പ്രാധാന്യം അറിയാത്തവരായിരുന്നില്ല മക്കയിലെ പാരമ്പര്യ പൂജകർ. ഒരു പുതിയ മാതൃക ഉയർന്നുവരികയാണെന്നും സമൂഹത്തിൽ തങ്ങളുടെ നായകത്വത്തെ അത് വെല്ലുവിളിക്കുകയാണെന്നും അവർ മനസ്സിലാക്കി. ഇതവരിൽ ഉണ്ടാക്കിയ പരിഭ്രാന്തിയും ഉത്കണ്ഠയും ഒട്ടും ചെറുതായിരുന്നില്ല. ഈ പുതുശക്തിയെ അതിന്റെ ശൈശവത്തിൽ തന്നെ കൊന്നൊടുക്കാൻ അവർ തീരുമാനിച്ചു. മുസ്ലിംകൾ ഒരു കേന്ദ്രശക്തി അല്ലായിരുന്നു. എണ്ണത്തിലും അവർ അത് അധികമുണ്ടായിരുന്നില്ല. പക്ഷേ കാര്യങ്ങൾ അതിവേഗം മാറിവരികയാണ്. അവർ ഒരിടത്ത് സംഘടിച്ച് ഒരു ഭരണക്രമം തന്നെ ഉയർത്തിക്കൊണ്ട് വരികയാണ്. ആഴത്തിൽ വേരു പിടിച്ച് കഴിഞ്ഞാൽ ആ ഭരണക്രമത്തെ പിഴുതെറിയുക പിന്നെ അസാധ്യമായിത്തീരും. മുസ്ലിംകളെ ഇങ്ങനെ സ്വതന്ത്രരാക്കി വിട്ടാൽ വൈകാതെ അവർ ഒരു വൻശക്തിയായിത്തീരുമെന്നും മക്കയിലെ പ്രതിയോഗികൾ ഭയപ്പെട്ടു. മക്കയിലെ പ്രമാണിമാർ തങ്ങളുടെ സ്വന്തക്കാർക്കും അയൽപക്കത്തെ സഹകാരി ഗോത്രങ്ങൾക്കുമെല്ലാം ഉടനടി ഒരു സന്ദേശമയച്ചു. മദീനയിലെ മുസ്ലിം കൂട്ടായ്മയെ തകർക്കാൻ ഞങ്ങളോടൊപ്പം അണിചേരുക. സർവ സൈനിക സന്നാഹങ്ങളുമായാണ് അവർ മദീനക്ക് നേരെ പാഞ്ഞുചെന്നത്. പക്ഷേ, പ്രവാചകനെയും അദ്ദേഹത്തിന്റെ എന്തിനും തയാറായ അനുയായികളെയും കീഴടക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇങ്ങനെ അവിശ്വാസികളുടെ കുതന്ത്രങ്ങളും ഗൂഢാലോചനകളും ഒരു ഭാഗത്ത് അഭംഗുരം തുടരുമ്പോഴും അറേബ്യയിൽ ഇസ്ലാം പ്രചരിച്ചുകൊണ്ടേയിരുന്നു. സന്മനസ്സുള്ളവർ അവിശ്വാസം കൈവെടിഞ്ഞ് ഇസ്ലാമിന്റെ ചേരിയിലേക്ക് വന്നുകൊണ്ടേയിരുന്നു.
അവിശ്വാസത്തിന്റെ കോട്ടയായ മക്കയിലേക്ക് പ്രവാചകൻ വിജയശ്രീലാളിതനായി തിരിച്ചെത്തിയതോടെ ആ വിജയഗാഥ അതിന്റെ ഉച്ചിയിലെത്തി. മദീനയിൽ ഇസ്ലാമിക ഭരണക്രമം സ്ഥാപിച്ച് എട്ടു വർഷത്തിനകമായിരുന്നു ഇതെല്ലാം. മക്ക കീഴടങ്ങിയതോടെ അയൽപക്കങ്ങളിലെ ശത്രുഗോത്രങ്ങളും മുസ്ലിം ശക്തിക്ക് കീഴൊതുങ്ങി. പിന്നീടുള്ള ഒരു വർഷത്തിനകം സുശക്തമായ ഒരു ഇസ്ലാമിക ഭരണകൂടം ഉയർന്നുവരുന്നതാണ് നാം കാണുന്നത്. ദൈവത്തിന്റെ പരമാധികാരത്തിലും മനുഷ്യ പ്രാതിനിധ്യത്തിലും അധിഷ്ഠിതമായ ആ ഭരണ ക്രമത്തിന്റെ ചുക്കാൻ പിടിച്ചത് സത്യസന്ധരും ദൈവഭക്തരുമായ ഒരു ജനവിഭാഗമായിരുന്നു. ആ ഭരണത്തിൻ കീഴിൽ അതിക്രമവും അടിച്ചമർത്തലും അനീതിയും അധാർമികതയും ഉണ്ടായിരുന്നില്ല. എല്ലായിടത്തും സമാധാനം, നീതി, സത്യം, സത്യസന്ധത, ദൈവപ്രീതി മാത്രം കാംക്ഷിക്കുന്ന ജനവിഭാഗമായതുകൊണ്ടാണ് അവരിൽ ഈ ഉൽകൃഷ്ട മൂല്യങ്ങളത്രയും അവയുടെ പൂർണതയോടെ പൂത്തുലഞ്ഞത്.
23 വർഷം എന്ന ചെറിയ കാലയളവിലാണ് പ്രവാചകനായ മുഹമ്മദ് നബി അറേബ്യൻ ജീവിതത്തെ ആകെ മാറ്റിമറിച്ചത്. ഇസ്ലാമിന് വേണ്ടി ത്യജിക്കാനും ത്യാഗം സഹിക്കാനുമുള്ള ഒരു മനസ്സ് അദ്ദേഹം അനുയായികളിൽ വളർത്തിയെടുത്തു. ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന മഹത്ദൗത്യം സ്വയം ഏറ്റെ ടുത്തുകൊണ്ട് ഈ അനുയായിവൃന്ദം ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും യാത്ര തിരിച്ചു. പ്രവാചകൻ തന്റെ അറുപത്തി മൂന്നാമത്തെ വയസ്സിൽ മരണമടയുമ്പോൾ, മനുഷ്യ ചരിത്രത്തിലെ എക്കാലത്തെയും മഹാ ദൗത്യം അദ്ദേഹം നിർവഹിച്ച് കഴിഞ്ഞിരുന്നു.
പ്രവാചക വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ അനുയായികൾ ഇസ്ലാ മികാധ്യാപനങ്ങൾ പ്രബോധനം ചെയ്യുന്നതിനായി ലോകമാകെ ചുറ്റി സഞ്ചരിച്ചു. പോയേടത്തെല്ലാം അവർ വിജയക്കൊടി നാട്ടി. സകല പ്രതിബന്ധങ്ങളും തട്ടിമാറ്റി. ഒരാൾക്കും ചോദ്യം ചെയ്യാനാവാത്ത വിധം ഇസ്ലാം കരുത്ത് നേടി. ഇന്ത്യ മുതൽ സ്പെയിൻ വരെ അവർ വ്യാപിച്ചു. ഭൂഗോളത്തിന്റെ മുഖഛായ തന്നെ അവർ മാറ്റി. ഇസ്ലാമിന്റെ ഉദാത്ത ജീവിതമാതൃകയുമായി ഭൂഖണ്ഡങ്ങൾ താണ്ടിയ പ്രവാചകന്റെ അനുയായികൾ തദ്ദേശവാസികളുടെയെല്ലാം ഹൃദയം കവർന്നു. അവരും ഇസ്ലാമിന്റെ ചേരിയിൽ അണിനിരന്നു. അവർ ഉയർത്തിപ്പിടിച്ച ഇസ്ലാമിന്റെ ഉദാത്ത ജീവിത മൂല്യങ്ങളുടെ പ്രഭയിൽ, അധാർമികതയും അനീതിയും കുറ്റിയറ്റു. അവർ ദൈവബോധമില്ലാത്ത ജനസഞ്ചയങ്ങളെ ദൈവ ഭയമുള്ള സുകൃതികളാക്കി മാറ്റുകയായിരുന്നു. അറിവിന്റെ പ്രകാശവും ഉദാത്തമായ സ്വഭാവ ഗുണങ്ങളുമാണ് അവർ പകർന്നു നൽകിക്കൊണ്ടിരുന്നത്. അതിക്രമികളെ ഒതുക്കി നീതിയും സമഭാവനയും പുനഃസ്ഥാപിച്ചു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി ഇതിനെ വിശേഷിപ്പിക്കാം.
പ്രവാചകന്റെ അനുയായികൾ മറ്റൊരു വലിയ സേവനം കൂടി ചെയ്തിട്ടുണ്ട്. അവർ ഖുർആൻ മനഃപാഠമാക്കുകയും പ്രവാചകന് അവതരിച്ചു കിട്ടിയ രൂപത്തിൽ തന്നെ അത് സൂക്ഷിച്ചുവെക്കുകയും ചെയ്തു. പ്രവാചകന് അവതരിച്ചു കിട്ടിയ അതേ രൂപത്തിൽ, അതേ ഭാഷയിൽ, കുത്തോ കോമയോ പോലും മാറാതെ ഖുർആൻ ഇപ്പോഴും നമ്മുടെ മുമ്പിലുണ്ട്. ഇതൊരു മഹാഭാഗ്യമാണ്. പ്രവാചകന്റെ വാക്കുകൾ, പ്രസംഗങ്ങൾ, നിർദേശങ്ങൾ, സ്വഭാവചര്യകൾ ഇതൊക്കെയും വിശദാംശങ്ങളോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സംഗതി. ഈ പ്രവാചക ചര്യയാണ് സുന്നത്ത് അല്ലെങ്കിൽ ഹദീസ്. 1400-ൽ പരം വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും അവയുടെ പൂർണ രൂപത്തിൽ നമുക്ക് വായിക്കാൻ കഴിയുന്നു.
മുഹമ്മദ് നബിക്ക് മുമ്പുള്ള തലമുറകളിൽ ഇസ്ലാം ഇടക്കിടെ പുനർജീവിക്കപ്പെട്ടുകൊണ്ടേയിരുന്നിട്ടും അത് പിൽക്കാലത്ത് പാടെ വിസ്മരിക്കപ്പെട്ടു പോയത്. പ്രവാചകന്മാർക്ക് അവതരിപ്പിക്കപ്പെട്ട വേദങ്ങളോ ആ പ്രവാചകന്മാരുടെ ജീവിതരേഖകളോ അവയുടെ തനതായ രൂപത്തിൽ സൂക്ഷിച്ച് വെക്കാൻ സാധിച്ചില്ല എന്നതുകൊണ്ടാണ്. പക്ഷേ, മുഹമ്മദ് നബിക്ക് ശേഷം അങ്ങനെയൊരു ദുരന്തം ഭയക്കാനില്ല. കാരണം, മുഹമ്മദ് നബിക്ക് അവതരിച്ച വേദവും അദ്ദേഹത്തിന്റെ ജീവിത രേഖകളും പൂർണമായ വിധത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവയുടെ ആദിമ വിശുദ്ധിയിൽ അവ രണ്ടും എക്കാലവും നിലനിൽക്കാനും പോകുന്നു.
അതിനാൽ ഇസ്ലാമിക ജീവിതത്തിന്റെ തനതായ ആദിമവിശുദ്ധിക്ക് മങ്ങലേൽക്കുമ്പോഴെല്ലാം ഖുർആന്റെയും പ്രവാചകചര്യയുടെയും പിൻബലത്താൽ നമുക്കതിനെ തിരിച്ചുപിടിക്കാനും അതിന് പുതുജീവൻ പകരാനും കഴിയും. അതിനാലാണ് ഇസ്ലാമിന്റെ യഥാർഥ ചൈതന്യം തിരിച്ചുകൊണ്ടുവരാൻ ഇനിയൊരു പ്രവാചകൻ വരേണ്ടതില്ല എന്ന് പറയുന്നത്. ഖുർആനും നബിചര്യയും നന്നായറിയുന്ന ജ്ഞാനികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർ സ്വന്തം ജീവിതത്തിൽ ഇസ്ലാമിനെ അതിന്റെ ആദിമ വിശുദ്ധിയോടെ പകർത്തണം. എന്നിട്ട് ചുറ്റുമുള്ള ജനസാമാന്യത്തെയും ഇസ്ലാമിക ജീവിതത്തിലേക്ക് വഴിനടത്തണം. അങ്ങനെയാണ് എക്കാലത്തെയും മനുഷ്യന്റെ ദാഹം ശമിപ്പിച്ചുകൊണ്ട് ഇസ്ലാം എന്ന ഈ നദിക്ക് എന്നുമെന്നും ഒഴുകിക്കൊണ്ടിരിക്കാൻ കഴിയുന്നത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp