ലേഖനം

മുഹമ്മദ് നബി : കൂരിരുട്ടിൽ ഒരു പ്രകാശനാളം

Spread the love

പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. നോഹയുടെയും അബ്രഹാമിന്റെയും മോസസ്സിന്റെയും മറ്റനവധി പ്രവാചകന്മാരുടെയും പിൻഗാമി. പ്രവാചകന്മാരെല്ലാം ഒരേ ഒരു ദൈവത്തിൽ നിന്നുള്ളവർ. ഒരേ വിളക്ക് മാടത്തിൽ നിന്ന് പ്രകാശ കിരണങ്ങൾ സ്വീകരിച്ചവരും പ്രസരിപ്പിച്ചവരും . അവരെല്ലാം പ്രബോധനം ചെയ്ത ജീവിത ദർശനത്തിന്റെ പേരാണ് ഇസ്ലാം . അന്ധകാരാവൃതമായ ആറാം നൂറ്റാണ്ടിലാണ് പ്രവാചകൻ മുഹമ്മദിന്റെ ജനനം. സാമൂഹ്യ -സാമ്പത്തിക -രാഷ്ട്രീയ മേഖലകളെല്ലാം മലീമസമായിരുന്ന കാലം. അപരിഷ്‌കൃതരായ അന്നത്തെ അറബികൾ ഗോത്ര – വർഗ – വംശ പക്ഷപാതിത്വത്തിന്റെ പേരിൽ നിരന്തരം രക്തപ്പുഴ ഒഴുക്കി.കൈയൂക്കുള്ളവൻ കാര്യക്കാരനും സമൂഹത്തിലെ മാന്യനുമായി വിലയിരുത്തപ്പെട്ടു. സത്യം , നീതി പോലുള്ള മൂല്യങ്ങൾക്ക് തരിമ്പും വില കല്പിക്കപ്പെട്ടിരുന്നില്ല. തോറ്റു കൊടുക്കാൻ വിസമ്മതിച്ച ആ ജനത കൊന്നും കൊലവിളി നടത്തിയും നാട്ടിലാകെ അശാന്തി പടർത്തി.

സമൂഹത്തിന്റെ അർധാംശമായ സ്ത്രീകളുടെ അവസ്ഥയായിരുന്നു ഏറെ കഷ്ടം. ജനിക്കാൻ പോലും അവകാശമില്ലാത്തവർ . അപമാന ഭാരത്താൽ അവർ പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടി. സ്ത്രീകൾക്ക് ആത്മാവില്ലെന്നു അവർ വാദിച്ചു. ഗോത്ര മേന്മയുടെ പിൻബലത്തിൽ ജീവിക്കാൻ അവസരം സിദ്ധിച്ച സ്ത്രീകൾക്കു അനന്തരാവകാശമോ അഭിപ്രായ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. സ്ത്രീകൾ പരസ്യമായി മാനഭംഗത്തിന് ഇരയായി. വിശുദ്ധ കഅബക്ക് ചുറ്റും അവർ പൂര്ണനഗ്നരായി വലം വെച്ചു. ദേവദാസി സമ്പ്രദായവും ബഹു ഭർതൃത്വവും പ്രചാരം നേടി. കൊച്ചു കുരുന്നുകൾ മുതൽ പടുവൃദ്ധകൾ വരെ ബലാത്സംഗം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്തു ഇസ്ലാമും പ്രവാചകനും മുന്നോട് വെക്കുന്ന സദാചാര സംഹിതകൾ കൂടുതൽ ചർച്ച അർഹിക്കുന്നതാണ് .

സമാധാനവും ശാന്തിയും നിറഞ്ഞ ലോകനിർമിതിക്ക് വേണ്ടിയാണു പ്രവാചകൻ അഹോരാത്രം പണിപ്പെട്ടതു. കലാപ കലുഷിതമായ അറേബ്യയെ സമാധാന ഗേഹമാക്കി മാറ്റുന്നതിന് പ്രവാചകൻ അത്യധ്വാനം ചെയ്തു. അദ്ദേഹം പ്രബോധനം ചെയ്ത ദർശനത്തിനു സമാധാനം , സമർപ്പണം എന്നെല്ലാമാണ് അർഥം. നൂറ്റാണ്ടുകളോളം കലാപക്കൊടിയുയർത്തിയ ഗോത്രസമൂഹങ്ങളെ അദ്ദേഹം സമഭാവനയുടെ സ്വർണച്ചരടിൽ കോർത്തിണക്കി. നീതി , ഗുണകാംക്ഷ ,കാരുണ്യം എന്നിവയിൽ അധിഷ്ഠിതമായ പ്രവാചകന്റെ പ്രബോധനം കലഹം മൂലം ഛിന്നഭിന്നമായ ജനങ്ങളെ ഏകോദര സഹോദരങ്ങളാക്കി. ദൈവത്തിന്റെ മുമ്പിൽ സർവവും സമർപ്പിക്കുന്നതിലൂടെ മാത്രമേ ശാശ്വത സമാധാനം പുലരുകയുള്ളുവെന്നു ആ മനുഷ്യ സ്‌നേഹി പ്രായോഗികമായി തെളിയിച്ചു. സത്യം , നീതി , സമത്വം തുടങ്ങിയ സനാതന ധാർമിക മൂല്യങ്ങൾക്ക് മേൽക്കൈയുള്ള ഒരു നവ ലോക നിർമ്മിതിക്ക് വേണ്ടി ആ മനുഷ്യ ഹൃദയം ഉറക്കമൊഴിച്ചു . എല്ലാവര്ക്കും ശാന്തി, എല്ലാവർക്കും നീതി – അതായിരുന്നു നബിയുടെ പ്രബോധനത്തിന്റെ അന്തസ്സത്ത.

പ്രവാചകൻ മുഹമ്മദ് കാരുണ്യത്തിന്റെ നിറകുടമായിരുന്നു. ദൈവത്തിന്റെ മൂല്യ ഗുണങ്ങളിൽ മുഖ്യമായ കരുണ ,ആർദ്രത, സഹാനുഭൂതി , സ്നേഹം പോലുള്ളവ ദൈവ പ്രവാചകനിലും നിറഞ്ഞ് നിന്നു. മനുഷ്യരെയും മൃഗങ്ങളെയും മാത്രമല്ല അചേതന വസ്തുക്കളെ പോലും അദ്ദേഹം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ഒരിക്കൽ പ്രവാചകൻ പറഞ്ഞത് : ഉഹ്ദ് മലയെ ഞാൻ സ്നേഹിക്കുന്നുവെന്നാണ്. അമിത ഭാരം വഹിപ്പിച്ച മൃഗത്തോട് ദയ കാണിക്കാൻ അദ്ദേഹം ഉടമയോടു ആവശ്യപ്പെട്ടു മുഹമ്മദ് നബി സഹജീവികളെ കലവറയില്ലാതെ സ്നേഹിച്ചു. വിവിധ മത – വർഗ – വർണ – ഭാഷ – ദേശങ്ങളിൽ കഴിഞ്ഞു കൂടുന്ന കോടാനുകോടി ജനങ്ങൾ ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന്‌ അദ്ദേഹം പഠിപ്പിക്കുക മാത്രമല്ല കർമ്മപഥത്തിൽ കാട്ടികൊടുക്കുകയും ചെയ്തു. . ഒരു ശവമഞ്ചം കണ്ട പ്രവാചകൻ എഴുന്നേറ്റു നിന്നപ്പോൾ അനുയായികളിൽ ഒരാൾ ഓർമപ്പെടുത്തി : ” തിരുദൂതരെ, അതൊരു ജൂതന്റെ ശവമാണ് ” അപ്പോൾ പ്രവാചകൻ തിരിച്ചു ചോദിച്ചു : “എങ്കിലും അതൊരു മനുഷ്യന്റെ ശരീരമല്ലേ?” പ്രവാചകന്റെ ആർദ്ര മനസ്ഥിതി ശതൃക്കളെപ്പോലും ആകർഷിച്ചു.. ഒരിക്കൽ യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ അനുയായികൾ തങ്ങളുടെ അനുഭവങ്ങൾ പ്രവാചകനുമായി പങ്കു വെക്കുകയായിരുന്നു. ഏതാനും കുട്ടികൾ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത മുഹമ്മദ് നബിയെ തളർത്തി. .അദ്ദേഹം അസ്വസ്ഥനായി. അത് കണ്ട അനുചരന്മാർ പറഞ്ഞു : “പ്രവാചകരെ അങ്ങ് വിഷമിക്കേണ്ട . നമ്മുടെ കുട്ടികളല്ല, ശത്രു പക്ഷത്തെ കുട്ടികളാണ് വധിക്കപ്പെട്ടത്”. ഇതോടെ പ്രവാചകൻ ശരിക്കും പൊട്ടിത്തെറിച്ചു. കുട്ടികൾ നിരപരാധികളും നിഷ്കളങ്കരുമാണെന്നും അവരുടെ നേരെ ആയുധമോങ്ങുന്നതു പോലും കുറ്റകരമാണെന്നും അദ്ദേഹം അനുയായികളെ പഠിപ്പിച്ചു. മുതിർന്നവരെ ആദരിക്കാത്തവരും കുട്ടികളോട് കരുണ കാട്ടാത്തവനും തൻറെ മതത്തിൽ പെട്ടവനല്ലെന്നു പ്രവാചകൻ ഓർമപ്പെടുത്തി

കുട്ടികളെ സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്നും പഠിപ്പിച്ച പ്രവാചകൻ തന്നെ കാണുമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് വിലക്കി. താനൊരു ആൾദൈവമായിപ്പോകരുതെന്നു അദ്ദേഹം ശഠിച്ചു. അദ്ദേഹം കുട്ടികളെ അഭിവാദ്യം ചെയ്യുകയും അവരോടൊത്തു കളിക്കുകയും ചെയ്തു. നമസ്കാരമായിരുന്നു മുഹമ്മദ് നബിക്കു ഏറ്റവും ഇഷ്ടപ്പെട്ട കർമം. ഒരിക്കൽ ഒരു കൊച്ചുകുട്ടിയുടെ കരച്ചിൽ കാരണം അദ്ദേഹം നമസ്കാരം പെട്ടെന്ന് അവസാനിപ്പിച്ചു. കുട്ടിയുടെ കരച്ചിൽ തൻറെ പിന്നിൽ നമസ്കരിക്കുന്ന മാതാവിനുണ്ടാക്കുന്ന മനോവിഷമമോർത്തായിരുന്നു അങ്ങിനെ ചെയ്തത്. കുട്ടികളോടുള്ള സ്നേഹാതിരേകത്താൽ പ്രവാചകൻ പേരമകനെ ചുമലിലേറ്റി നമസ്കരിച്ച സന്ദർഭവും ഉണ്ടായി. പക്ഷിക്കുഞ്ഞുങ്ങളുമായി തന്നെ സമീപിച്ച ആളോട് അവയെ തുറന്നുവിടാനും മോചിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. അയാൾക്ക്‌ ചുറ്റും വട്ടമിട്ടു പറക്കുന്ന തള്ളപ്പക്ഷിയുടെ ബേജാറാണ് അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിയത്. പൂച്ചയെ കെട്ടിയിട്ടു പട്ടിണിക്കിട്ടതിന്റെ പേരിൽ നരകാവകാശിയായ ആളെക്കുറിച്ചും നായക്ക് ദാഹജലം കൊടുത്തതിന്റെ പേരിൽ സ്വർഗം ലഭിച്ചയാളെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. മൃഗങ്ങളെ അറുക്കുമ്പോൾ ആയുധങ്ങൾക്ക് മൂർച്ച കൂട്ടണമെന്നും പെട്ടെന്ന് അറുക്കണമെന്നും പ്രവാചകൻ പഠിപ്പിച്ചു.

ഇസ്ലാം നൂതനമായ യുദ്ധസംസ്‌കാരം വളർത്തിയെടുത്തു. ആക്രമണത്തിന്റെ ആരംഭം തങ്ങളിൽ നിന്നവരുതെന്നു പ്രവാചകൻ നിഷ്കർഷിച്ചു. മക്കയിൽ നീണ്ട പതിമൂന്നു വർഷത്തോളം ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴൊന്നും മുസ്‌ലിംകൾ പ്രത്യാക്രമണം നടത്തിയിട്ടില്ല. എല്ലാം സഹിച്ചും ത്യജിച്ചും അവർ ജീവിച്ചു. അവസാനം ഗത്യന്തരമില്ലാതെ പിറന്ന നാടും വീടും വിട്ടു ആദർശ ജീവിതത്തിനു വേണ്ടി മദീനയിലേക്ക് പലായനം ചെയ്തു. ശൂന്യ ഹസ്തങ്ങളുമായി അന്യദേശത്തെത്തിയ മുസ്‌ലിംകൾക്ക് അവിടെയും സമാധാന ജീവിതം നിഷേധിക്കപ്പെട്ടു. ഏതു നിമിഷവും അവർ ആക്രമിക്കപ്പെട്ടേക്കുമെന്ന സ്ഥിതിവിശേഷമുണ്ടായി. പ്രവാചകന്റെ നേതൃത്വത്തിൽ ഉയർന്നു വരുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനെതിരെ മദീനക്ക് ചുറ്റും അവിശുദ്ധ കൂട്ടുകെട്ടുകൾ രൂപപ്പെട്ടു. കുഴപ്പം യുദ്ധത്തേക്കാൾ സങ്കീർണമാണെന്നും പ്രതികാര നടപടിയിൽ അതിജീവനമുണ്ടെന്നും ഖുർആൻ ആഹ്വനം ചെയ്തത് അപ്പോഴാണ്.

യുദ്ധ രംഗത്ത് പോലും പ്രവാചകൻ പുലർത്തിയ കാരുണ്യം ശ്രദ്ധേയമാണ്. നേരിട്ട് യുദ്ധത്തിലേർപ്പെട്ട ശതൃക്കളെയല്ലാതെ അവരുടെ സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയും വധിക്കരുതെന്നും ആരാധനാലയങ്ങൾ തകർക്കരുതെന്നും ഫലം നൽകുന്ന മരം മുറിക്കരുതെന്നും അഗ്നിക്കിരയാക്കരുതെന്നും പ്രവാചകൻ അണികൾക്ക് കർശന നിർദ്ദേശം നൽകി.ആരാധനയിൽ കഴിഞ്ഞു കൂടുന്ന അന്യമതസ്ഥരെ ഉപദ്രവിക്കരുതെന്നു മാത്രമല്ല , അവരെ സംരക്ഷിക്കണമെന്ന കൂടി മുസ്ലിം പട്ടാളക്കാരോട് കല്പിക്കുകയും ചെയ്തു. പ്രവാചകന്റെ അനുയായികളായ ഭരണകർത്താക്കളും യോദ്ധാക്കളും ഈ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പിന്തുടർന്നു. ബൈത്തുൽ മഖ്‌ദിസ് തിരിച്ചു പിടിച്ച സുൽത്താൻ സലാഹുദ്ധീൻ അയ്യൂബി കുരിശുപട്ടാളക്കാരുടെ സ്ത്രീകളോടും കുട്ടികളോടും അനുവർത്തിച്ച നിലപാട് എടുത്തു പറയേണ്ടതാണ് . ഇതിന്റെ പേരിൽ ക്രൈസ്തവ സമൂഹം ഇന്നും സലാഹുദ്ധീൻ അയ്യൂബിയെ ആദരിക്കുന്നു.

ശത്രു ഹത്യ ഇസ്ലാമിന്റെ ലക്ഷ്യമായിരുന്നില്ല. പ്രവാചകൻ നേരിട്ട് നയിച്ചത് 27 യുദ്ധങ്ങളാണ്. അനുയായികളെ ചുമതലപ്പെടുത്തി നടത്തിയതു 54 യുദ്ധങ്ങളും . മൊത്തം 81 യുദ്ധങ്ങളിലായി രക്തസാക്ഷികളായ മുസ്‌ലിംകൾ 259 . ശത്രു പക്ഷത്തു നിന്ന് ജീവഹാനി നേരിട്ടവർ 759 . ആകെ മരണം 1018. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ ലക്ഷങ്ങൾ വരും. ഇക്കാലത്തു വാർത്താപ്രാധാന്യമില്ലാത്ത സംഘങ്ങളിൽ പോലും കൊല്ലപ്പെടുന്നവരുടെ എണ്ണം അസംഖ്യമാണ് . കേവലം ഒരു മതപ്രബോധകൻ മാത്രമായിരുന്നെങ്കിൽ പ്രവാചകൻ മുഹമ്മദിന് ഇത്രമാത്രം എതൃപ്പുകൾ നേരിടേണ്ടി വരുമായിരുന്നില്ല.

സമഗ്രവും സന്തുലിതവുമായ ഒരു ജീവിത ദർശനത്തെ അവതരിപ്പിച്ച അദ്ദേഹം നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ജീർണതകൾക്കെതിരെ ശബ്ദിച്ചു. മദ്യം, പലിശ , അഴിമതി പോലുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു. ആദർശ മാറ്റമില്ലാതെ കേവലം മദ്യവർജ്ജനവും മദ്യ നിരോധനവും ഫലപ്രാപ്തി കൈവരികയില്ലെന്നു അദ്ദേഹം തെളിയിച്ചു. മദ്യത്തിൽ മുങ്ങിക്കുളിച്ച അറേബ്യയെ പ്രവാചകൻ ഘട്ടം ഘട്ടമായി മദ്യവിമുക്തമാക്കി . മദ്യമുക്തമായ കുടുംബത്തിലും സമൂഹത്തിലും ലോകത്തും മാത്രമേ സമാധാനം പുലരുകയുള്ളുവെന്നു അദ്ദേഹം കാട്ടിത്തന്നു.

പലിശക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പ്രവാചകൻ പ്രസ്തുത തിന്മയുമായി ബന്ധപ്പെടുന്നവരെ ഒന്നടങ്കം ശപിച്ചു . ജനജീവിതം ദുസ്സഹമാക്കുന്ന കൊടിയ വിപത്തായ പലിശക്കെതിരെ ശബ്ദിക്കുക മാത്രമല്ല സ്വപിതൃവ്യൻ അബ്ബാസിന് കുടിശ്ശികയായി കിട്ടാനുള്ള പലിശമുതൽ മുഴുവൻ എഴുതിത്തള്ളുകയും ചെയ്തു. അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പ്രവാചകൻ നീതിയുടെ പക്ഷത്തു അണിചേരുമെന്നു ഉത്‌ബോധിപ്പിച്ചു . മോഷണം നടത്തിയ ഉന്നത കുലജാതരായ മഖ്‌സും ഗോത്രക്കാരിക്ക് വേണ്ടി ശിപാര്ശയുമായി സമീപിച്ച അനുചരനോട് മുഹമ്മദ് നബി പ്രഖ്യാപിച്ചു : മുഹമ്മദിന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിൽ ഞാൻ അവളെ ശിക്ഷിക്കുക തന്നെ ചെയ്യും.

ന്യൂനപക്ഷമാകട്ടെ ഭൂരിപക്ഷമാകട്ടെ ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങിനെ ജീവിക്കണമെന്ന് പ്രവാചകൻ കാണിച്ചു തന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ രണ്ടിനും മാതൃകയുണ്ട്‌. മക്കയിൽ ന്യുന പക്ഷമായിരുന്ന മുസ്‌ലിംകൾ പിന്നീട് മദീനയിലും മക്കാവിജയത്തെത്തുടർന്നു അറേബ്യൻ ഉപദ്വീപിൽ ഒന്നടങ്കവും ഭൂരിപക്ഷമായി മാറി. ഇസ്ലാം മുന്നോട്ടു വെച്ച ജനാധിപത്യ മതേതര കാഴ്ചപ്പാടുകൾ ശ്രദ്ധേയമാണ്. മതത്തിൽ ബലാല്കാരമില്ലെന്നും അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവരെ അധിക്ഷേപിക്കരുതെന്നും ഖുർആൻ അടിവരയിടുന്നു. “നിങ്ങൾക്ക് നിങ്ങളുടെ മതം . എനിക്ക് എന്റെ മതം ” എന്ന സർവ അംഗീകൃത സിദ്ധാന്തമാണത്. നിർബന്ധ മത പരിവർത്തനത്തിലൂടെ അനുയായികളുടെ അംഗസംഖ്യ വർധിപ്പിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിൽ ദീർഘ കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭരണം നടത്തിയ മുസ്ലിം ഭരണാധികാരികൾക്ക് അത് ക്ഷിപ്രസാധ്യമായിരുന്നു. എന്നാൽ, മുസ്ലിം രാജാക്കന്മാർക്കും ഭരണാധികാരികൾക്കും ഒപ്പം അധികാരം പങ്കിട്ട എത്രയെത്ര അന്യമതസ്ഥരെയാണ് ലോകത്തിനു പരിചയമുള്ളത്. അതായത് , മതപരിവർത്തനത്തിലല്ല മനഃപരിവർത്തനത്തിനാണ് ഇസ്ലാം ആഗ്രഹിക്കുന്നതെന്ന് ചുരുക്കം.

പ്രവാചകന് ദൈവത്തിൽ നിന്ന് അവതീർണമായ ഖുർആനിന്റെ കേന്ദ്രപ്രമേയം മനുഷ്യനാണ്. മനുഷ്യന്റെ ജീവൻ, രക്തം,സമ്പത്ത് , അഭിമാനം പോലുള്ളവ പവിത്രവും സംരക്ഷിക്കപ്പെടേണ്ടതുമാണെന്നു അദ്ദേഹം പ്രഖ്യാപിച്ചു. മനുഷ്യ ജീവന് അശേഷം വിലയില്ലാത്ത സമകാലിക ലോകത്തു ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന മൂല്യവിചാരം പരിചിന്തനീയമത്രെ.

മുഹമ്മദ് നബി ജനകീയനായ പ്രവാചകനായിരുന്നു. അദ്ദേഹം ജനങ്ങളിൽ ഒരുവനായി ജീവിച്ചു. അവരോടൊപ്പം അങ്ങാടിയിൽ സഞ്ചരിച്ചു. പ്രാർഥനക്കും യുദ്ധത്തിനും നേതൃത്വം നൽകി. വിവാഹം കഴിച്ചു കുടുംബ ജീവിതം നയിച്ചു. ഇതാകട്ടെ , ശതൃക്കളുടെ ആക്ഷേപങ്ങൾക്ക് ശരവ്യമാവുകയും ചെയ്തു. ” അങ്ങാടിയിൽ ഉലാത്തുന്ന , വിവാഹം ചെയ്തു കുടുംബജീവിതം നയിക്കുന്ന ഒരാൾ എങ്ങിനെയാണ് പ്രവാചകനാവുക”?

ജീവിതത്തിന്റെ നിഖില മേഖലകൾ ചൂഴ്ന്നു നിൽക്കുന്ന ഇസ്ലാം ഭദ്രവും സന്തുലിതവുമായ കാഴ്ചപ്പാടുള്ള ദർശനമാണെന്നു മുഹമ്മദ് നബി പ്രായോഗിക ജീവിതത്തിലൂടെ തെളിയിച്ചു. ആധ്യാത്മികമെന്നും ഭൗതികമെന്നും വേർതിരിക്കാതെ ജീവിതം തന്നെയാണ് ഭക്തിയെന്നു അദ്ദേഹം പ്രഖ്യാപിച്ചു. ജീവിക്കുന്ന ചുറ്റുപാടിൽ നിന്ന് കൊണ്ട്, തന്നെ അനുകരിച്ചാൽ മതിയെന്നും താൻ ജീവിച്ച നൂറ്റാണ്ടിനെ അനുകരിക്കേണ്ടതില്ലെന്നും അദ്ദേഹം പഠിപ്പിച്ചു.

തെളിച്ചു പറഞ്ഞാൽ ഭക്തിയുടെ പാരമ്യത കൈ വരിക്കാൻ കേരളീയ പശ്ചാത്തലം വിട്ടെറിഞ്ഞു ആട്ടിൻ പറ്റവുമായി അറേബ്യൻ മരുപ്പറമ്പ് താണ്ടേണ്ടതില്ലെന്നു ചുരുക്കം. മലമടക്കിലും മഠങ്ങളിലും ജടപിടിച്ച മുടിയും പ്രാകൃത വേഷവുമായി സന്യസിക്കുന്നതിന്റെ പേരല്ല ഇസ്ലാം. സമൂഹവുമായി ഇഴകിച്ചേർന്നു ,സാമൂഹ്യ പ്രശ്ങ്ങളിൽ ഇടപെട്ടു ജനങ്ങളിൽ ഒരാളായി ഭക്തി ജീവിതം നയിക്കുന്നതിന്റെ പ്രായോഗിക രൂപമത്രേ ഇസ്ലാം.

📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

You may also like