ലേഖനംവ്യക്തിത്വം

പ്രവാചകനും മാനവിക വികസന മാതൃകകളും

ആത്മീയവും ഭൗതികവുമായ തലത്തില്‍ മനുഷ്യ സമൂഹത്തെ പുരോഗതിയുടേയും വികസനത്തിന്‍റെയും പാതയിലേക്ക് നയിക്കാന്‍ കാലാന്തരങ്ങളായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍. ആ പ്രവാചക ശൃംഗലയിലെ അവസാന കണ്ണിയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി (സ). പ്രവാചകത്വ പദവി ലഭിച്ചതിന് ശേഷം മക്കയിലും മദീനയിലുമായി നീണ്ട 23 വര്‍ഷക്കാലം അദ്ദേഹം പ്രവര്‍ത്തനനിരതനായത് മനുഷ്യ സമൂഹത്തിന്‍റെ എല്ലാ തലത്തിലുമുള്ള വികസനം ലക്ഷ്യംവെച്ച് കൊണ്ടായിരുന്നു.

വികസനം എന്ന വാക്ക് ഏറെ വിവാദമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൗതികമായ ഉപഭോഗത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ജീവിത നിലവാരമാണ് പൊതുവെ ഇന്ന് വികസനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മനുഷ്യ ജീവിതത്തിന് ആവശ്യമായ ഭൗതിക സജ്ജീകരണങ്ങളുടെ അനന്തമായ സാധ്യതകള്‍ കണ്ടത്തുകയും ആര്‍ത്തിപൂണ്ട അതിന്‍റെ ഉപയോഗം ഇന്ന് വലിയ വെല്ല്വിളികള്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നു. എന്നാല്‍ കാലത്തിനനുസരിച്ച വികസനം കൂടാതെ മനുഷ്യ സമൂഹത്തിന് മുന്നോട്ട് കുതിക്കുവാനും സാധ്യമല്ല.

ഇത്തരമൊരു സാഹചര്യത്തില്‍ മാനവിക വികസനത്തിനായി മുഹമ്മദ് നബി (സ) നിര്‍വ്വഹിച്ച മഹത്തായ പ്രവൃത്തനങ്ങള്‍ എന്തായിരുന്നു? താന്‍ നേതൃത്വം നല്‍കിയ സമൂഹത്തിന് പ്രവാചകന്‍ നല്‍കിയ വികസന മാതൃകകള്‍ ഏതൊക്കെയാണ്? പ്രവാചകന്‍ നിര്‍വ്വഹിച്ച മഹത്തായ ആ കര്‍ത്യവ്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന് വ്യക്തിപരമായി ജനങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിന്‍റെ ഭാഗമായി ആശയതലത്തില്‍ അദ്ദേഹം നിര്‍വ്വഹിച്ചിരുന്ന ദൗത്യം. ഏകദൈവത്വം (സൃഷ്ടാവായ ദൈവത്തിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം), പാരത്രിക ജീവിതം (മനുഷ്യ പ്രവൃത്തനങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന വിചാരം), പ്രവാചകത്വം (ദൈവദൂതനെ പിന്‍പറ്റല്‍) എന്നീ തൃമാന വിശ്വാസങ്ങള്‍ കൊണ്ട് മനുഷ്യ ഹൃദയങ്ങളെ സംസ്കരിച്ച് അമൃദ് സ്വഭാവമുള്ള ഒരു പറ്റം മനുഷ്യ സമൂഹത്തെ സൃഷ്ടിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു.

രണ്ടാമതായി മനുഷ്യന്‍റെ സാമൂഹ്യ ആവിശ്യങ്ങള്‍ പരിഗണിച്ച് കൊണ്ട് പ്രവാചകന്‍ ആവിഷ്കരിച്ച വികസന മാതൃകകള്‍. ഇസ്ലാമിക ജീവിത വീക്ഷണത്തില്‍ ഇത് രണ്ടും പരസ്പരം പൂരകങ്ങളാണ്. വ്യക്തി സംസ്കരണത്തെയും ആത്മീയതയേയും അവഗണിച്ച് കൊണ്ട് സാമൂഹ്യ വികസന പ്രവൃത്തനങ്ങള്‍ക്കൊ മറിച്ചൊ പ്രസക്തിയില്ല. മനുഷ്യ സമൂഹത്തിന്‍റെ സമഗ്ര പുരോഗതിക്ക് അവ രണ്ടും അനിവാര്യമാണ്. ഒരു പക്ഷിയുടെ ഇരു ചിറകുകള്‍ പോലെ. മൈക്കിള്‍ ഹാര്‍ട്ട് അദ്ദേഹത്തിന്‍റെ The 100: A Ranking of the most Influential Persons in History എന്ന വ്യാഖ്യാത ഗ്രന്ഥത്തില്‍ എക്കാലത്തേയും ഏറ്റവും സ്വാധീനിച്ച നൂറ് പേരില്‍ പ്രഥമ സ്ഥാനം പ്രവാചകന്ന് നല്‍കാനുള്ള കാരണമായി അദ്ദേഹം എഴുതിയത് ആത്മീയമായും ഭൗതികമായും പരമോന്നത വിജയം വരിച്ച ചരിത്രത്തിലെ ഏക വ്യക്തി അദ്ദേഹമായിരുന്നു എന്നത് കൊണ്ടാണ്. He was the only man in history who was supremely successful on both the religious and secular levels.

Also read: അർറഹീഖുൽ മഖ്തൂം: സ്വഫിയുർ റഹ്മാൻ മുബാറക് പൂരി

വികസന പ്രവൃത്തനങ്ങള്‍
സാധാരണക്കാരുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്തുകയാണ് വികസനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ (UNDP) മാനവിക വികസന സൂചികയില്‍ ഉള്‍പ്പെടുന്ന നാല് സുപ്രധാന മേഖലകളാണ് സാമൂഹികം,വിദ്യാഭ്യാസം,സാമ്പത്തികം,രാഷ്ട്രീയം. ഈ നാല് മേഖലയിലെ ഉന്നമനത്തിന് വേണ്ടിയായിരുന്നു അവിടന്ന് കഠിനാധ്വാനം ചെയ്തിരുന്നതെന്ന് ഇന്ന് വിലയിരുത്തുമ്പോള്‍ നിസ്സംശയം വ്യക്തമാവുന്നു.

നാല്‍പതാം വയസ്സില്‍ പ്രവാചകത്വപദവി ലഭിക്കുന്നതിന് മുമ്പ് തന്നെ മക്കയിലെ സാമൂഹ്യ വികസന പ്രവൃത്തനങ്ങളില്‍ സജീവമായി ഇടപ്പെട്ട ഒരു പൊതുസമ്മതനായ ജനസേവകനായിരുന്നു മുഹമ്മദ്. കാലപ്പഴക്കം സൃഷ്ടിച്ച ജീര്‍ണ്ണതയും ശക്തമായ വെള്ളപൊക്കത്തെ തുടര്‍ന്നുണ്ടായ കേട്പാടുകളും തീര്‍ക്കാന്‍ വിശുദ്ധ കഅ്ബാലയത്തിന്‍റെ പുനര്‍നിര്‍മ്മാണം അനിവാര്യമായിത്തീര്‍ന്ന കാലം. കഅ്ബയുടെ ഏറ്റവും പ്രധാന ഘടകമായ ഹജറുല്‍ അസ്വദ് പ്രതിഷ്ടിക്കുന്ന കാര്യത്തില്‍ ആ ജനത ഒരു ആഭ്യന്തര യുദ്ധത്തിന്‍റെ വക്കിലെത്തിയപ്പോള്‍ പരിഹാരത്തിന് അവര്‍ തെരെഞ്ഞെടുത്തത് മുഹമ്മദിനെയായിരുന്നു. അദ്ദേഹം അവരോട് ഒരു വിരിപ്പ് കൊണ്ട് വരാന്‍ ആവശ്യപ്പെടുകയും ആ വിരപ്പില്‍ ഹജറുല്‍ അസ്വദ് എടുത്തുവെച്ച് ഗോത്രനായകന്മാരെല്ലാം അതിന്‍റെ അറ്റം പിടിക്കാന്‍ ആവശ്യപ്പെട്ടു. അവരത് കൊണ്ട് വന്നപ്പോള്‍ അദ്ദേഹം തന്‍റെ കൈകൊണ്ടെടുത്ത് അതിന്‍രെ സ്ഥാനത്ത് സ്ഥാപിച്ചു. ഒരു ആഭ്യന്തര യുദ്ധത്തില്‍ നിന്നും തന്ത്രപൂര്‍വ്വം അവരെ രക്ഷിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരുടേയും അനാഥകളുടേയും അഭയ കേന്ദ്രമായിരുന്നു മുഹമ്മദ്. അബൂജഹ്ല്‍ എന്ന ഗോത്ര പ്രമാണി അനാഥയുടെ ഭൂമി അന്യാധീനമായി കൈവശപ്പെടുത്തിയപ്പോള്‍,അത് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം കാണിച്ച പ്രവാചകനായിരുന്നു അദ്ദേഹം. ഗോതമ്പ് ചുമലിലേറ്റി പാവപ്പെട്ട സ്ത്രീയെ സഹായിക്കുകയും ഒരു ജൂത സ്ത്രീ രോഗിണിയായി കിടന്നപ്പോള്‍ അവരെ സന്ദര്‍ശിച്ചതും സാമൂഹ്യ വികസനത്തിന്‍റെ നല്ല മാതൃകകളായി കണക്കാക്കാം.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 5

മക്കയിലെ പ്രബോധന കാലയളവില്‍ ഇത്തരിലുള്ള നിരവധി സാമൂഹ്യ സേവനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന പ്രവാചകന്‍ മദീനയിലെ ഭരണസാരഥിയായപ്പോള്‍ വികസന പ്രവൃത്തനങ്ങളുടെ പുതിയ മേഖലകള്‍ കണ്ടത്തുകയാണുണ്ടായത്. മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയിലേക്ക് എത്തിയ നിമിഷം മുതല്‍ മരണം വരേയും വിശ്രമമന്യേ അദ്ദേഹം കര്‍മ്മ നിരതനായി.

മദീനയില്‍ ആദ്യമായി ചെയ്ത മഹത് കൃത്യം ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സാമൂഹ്യമായ ഒത്തുചേരലിനും വേണ്ടി പള്ളി നിര്‍മ്മിക്കുകയായിരുന്നു. വിജ്ഞാന പരിപോഷണത്തിന്‍റെ ഭാഗമായി അക്കാലത്ത് മദീന എന്ന കൊച്ചു നഗരത്തില്‍ ഒമ്പത് പാഠശാലകള്‍ സ്ഥാപിച്ചു. അഹ് ലുസ്സുഫ എന്ന പേരിലാണ് പഠിതാക്കള്‍ അറിയപ്പെടുന്നത്. കൂടാതെ പൗരാണിക നാഗരികതയുടെ മടിത്തൊട്ടിലായ ചൈനയില്‍ പോയി വിജ്ഞാനം ആര്‍ജ്ജിക്കാന്‍ അനുയായികളെ പ്രേരിപ്പിച്ചു. ആ ജനതയുടെ വിദ്യാഭ്യാസ വികസനത്തില്‍ ഈ പ്രവൃര്‍ത്തനങ്ങളെല്ലാം ചെലുത്തിയ സ്വധീനം അപാരമായിരുന്നു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സക്കാത്ത് ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. യാചകന്മാരെ നിരുല്‍സാഹപ്പെടുത്തി എന്ന് മാത്രമല്ല സ്വയം തൊഴിലിനുള്ള വഴി കാണിച്ചുകൊടുത്തു. യാചിക്കാന്‍ വന്ന ഒരാളോട് വീട്ടിലുള്ളസാധനങ്ങള്‍ വിറ്റ് വിറക് വെട്ടി ജോലി ചെയ്ത് ഉപജീവനം നേടാന്‍ ആവശ്യപ്പെട്ടകാര്യം പ്രസിദ്ധമാണ്. തരിശ് ഭൂമി കൃഷി ചെയ്താല്‍ അതിന്‍റെ ഉടമാവകാശം കര്‍ഷകനാണെന്ന് നബി (സ) പ്രഖ്യാപിച്ചത് ഭൂപരിഷ്കരണ നിയമങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വ്വ സംഭവാമാണ്. രാജ്യത്തിന്‍റെ അതിര്‍ത്ഥിയില്‍ ചുങ്കം പിരിക്കാനുള്ള പഴയകാല ചൗകികള്‍ പ്രവാചകന്‍ എടുത്തു കളഞ്ഞത് വ്യവസായ-വാണിജ്യ രംഗത്തെ സജീവമാക്കാന്‍ സഹായകമായി.

Also read: ദിയാഉന്നബി : മൗലാന പീർ കരം ഷാഹ് അസ്ഹരി

ഒരു ഭരണാധികാരി എന്ന നിലയില്‍ ചെറുതും വലുതുമായ 27 ല്‍ പരം ജൈത്രയാത്രകളിലും യദ്ധങ്ങളിലും അദ്ദേഹം നേരിട്ടുള്ള പങ്കാളിത്തം വഹിച്ചു. ബദ് ർ  യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ട 70 തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവാചകന്‍ ആവശ്യപ്പെട്ടത് പത്ത് മുസ്ലിം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചാല്‍ അയാളെ സ്വതന്ത്രമാക്കാം എന്നായിരുന്നു. തടവുകാരുടെ ചരിത്രത്തില്‍ അതിന് മുമ്പോ ശേഷമൊ ഇത്തരമൊരു സംഭവം ഒരിക്കലും ആവര്‍ത്തിച്ചിരിക്കാന്‍ ഇടയില്ല. അധ്യാപകര്‍ അമുസ്ലിംങ്ങളും വിദ്യാര്‍ത്ഥികള്‍ എല്ലാം മുസ്ലിങ്ങളുമായ ആദ്യ വിദ്യാലയവും ഇതായിരിക്കാമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

സമാധാനപരമായ സഹവര്‍ത്തിത്തതിന് വേണ്ടി വിത്യസ്ത വിഭാഗങ്ങളുമായി പ്രവാചകന്‍ ഉടമ്പടിയുണ്ടാക്കി. രാഷ്ട്രയീ ശാക്തീകരണത്തിന് സാമൂഹ്യ സഹവര്‍ത്തിത്തം കൂടിയേ തീരൂ എന്ന് അദ്ദേഹം മനസ്സിലാക്കി. കരാര്‍ ലംഘകരേയും രാജ്യത്തെ അക്രമിക്കാന്‍ വന്ന ശത്രുക്കളേയും തുല്യ നാണയത്തില്‍ തിരിച്ചടിച്ചു. ആ നിലയില്‍ നിരവധി യുദ്ധങ്ങള്‍ക്കും നീണ്ട പോരാട്ടങ്ങള്‍ക്കും പ്രവാചകന്‍ നേതൃത്വം നല്‍കിയത് ഇന്നും നിലക്കാത്ത വിവാദങ്ങാളാണ്.

സേവകനായ ജനനായകന്‍
ഖന്തഖ് യുദ്ധത്തിന്‍റെ മുന്നോടിയായി പ്രവാചകന്‍ കിടങ്ങ് കുഴിച്ച് കൊണ്ടിരിക്കെ ഒരാള്‍ വന്ന് വിശപ്പ് സഹിക്കാന്‍ കഴിയാതെ തന്‍റെ വയറ്റില്‍ കല്ല് വച്ച് കെട്ടിയ കാര്യം പറഞ്ഞപ്പോള്‍, നബി (സ) താന്‍ ധരിച്ച കുപ്പായം ഉയര്‍ത്തി കാണിച്ചു. രണ്ട് കല്ലായിരുന്നു അദ്ദേഹം വയറ്റില്‍ കെട്ടിയിരുന്നത്. ഒരുകാലത്തെ കാടുകളും പൊന്തകളും നിറഞ്ഞ ശുചിത്വമില്ലാത്ത പ്രദേശമായിരുന്നു മദീന. ഇത് കാരണം മക്കയില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയവരെ രോഗം ബാധിക്കാന്‍ തുടങ്ങി. പ്രവാചകന്‍ അതിനെ വൃത്തിയുള്ള നഗരമാക്കി മാറ്റാന്‍ അവരോട് ആവശ്യപ്പെട്ടു.

Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍- 6

മദീനയിലെ വെള്ളക്ഷാമം പരിഹരിക്കാന്‍ നബിയുടെ സ്വന്തം മേല്‍ നോട്ടത്തില്‍ 50 ല്‍ പരം കിണറുകള്‍ കുഴിച്ചു. കിണറുകള്‍ കുഴിച്ച് ദാനം ചെയ്യാന്‍ അനുയായികളെ അദ്ദേഹം പ്രേരിപ്പിച്ചു. അങ്ങനെയാണ് അനുചരന്മാരായ ഉസ്മാന്‍റെ കിണറും അലിയുടെ കിണറൊക്കെ ഉണ്ടാവുന്നത്. മദീനയുടെ സുരക്ഷക്ക് വേണ്ടി കര്‍ശന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ശത്രുക്കളെ പോലും അമ്പരിപ്പിച്ചു. കളവ്,ചതി,വഞ്ചന എല്ലാം ഇല്ലായ്മ ചെയ്തു.

സാമൂഹ്യ തിന്മകളുടെ വിപാടനത്തിന് ക്രമസമാധാനം നടപ്പാക്കി. മദ്യപാനം,ചൂതാട്ടം,വ്യഭിചാരം തുടങ്ങിയ തിന്മകളെ സമൂഹത്തില്‍ നിന്ന് വിപാടനം ചെയ്തു. ഇസ്ലാമിക സമൂഹത്തില്‍ ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത വിധം ഗോത്രമഹിമയും ഉഛനീചത്വവും ഇല്ലാതാക്കി. സ്ത്രീ ശാക്തീകരണത്തിലും പരിതസ്ഥിതിയുടെ കാര്യത്തിലും വളരെ ജാഗരൂകമായ നിലപാടായിരുന്നു പ്രവാചകന്‍ സ്വീകരിച്ചിരുന്നത്. യുദ്ധത്തിലും സമാധാനത്തിലും വൃക്ഷലതാതികള്‍ വെട്ടരുതെന്നും പരിക്കേല്‍പിക്കരുതെന്നും ജീവജാലങ്ങളെ ഉപദ്രവിക്കരുതെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കുകയും നടപ്പാക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് സ്വത്തവകാശവും പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്ന ജാഹിലി സമ്പ്രദായത്തിന് അദ്ദേഹം അറുതി വരുത്തി.

സര്‍വ്വോപരി ഒരു രാഷ്ട്ര നേതാവെന്ന നിലയില്‍ ശിഥിലമായ അറേബ്യയെ ശക്തവും ഭദ്രവുമായ നിലയില്‍ അദ്ദേഹം ഏകീകരിച്ചു. പരസ്പരം കലഹപ്രോക്തമായ ഔസ്-ഖസ്റജ് ഗോത്രങ്ങള്‍ക്കിടയില്‍ സാഹോദര്യ ബന്ധം സ്ഥാപിച്ചു. മക്കയില്‍ നിന്ന് വന്ന മുഹാജിര്‍ വിഭാഗത്തെയും മദീനയിലെ സ്വദേശികളായ അന്‍സാറുകളേയും സൗഹാർധത്തിന്‍റെ കണ്ണികളില്‍ കോര്‍ത്തിണക്കി. വിവിധ മത വിഭാഗങ്ങളെ രമ്യതയിലും ഐക്യത്തിലും വിളക്കി എടുത്തു. ഹുദൈബിയാ സന്ധിയും അഖ്ബാ ഉടമ്പടിയും പ്രവാചകന്‍റെ എക്കാലത്തേയും മികവാര്‍ന്ന ദീര്‍ഘകാല നയതന്ത്രജഞതയുടെ നിദര്‍ശനമായി നിലകൊള്ളുന്നു. ഒരു നേതാവെന്ന നിലയില്‍ തനിക്ക് ശേഷമുള്ള നാല് തലമുറകളെ  നേതൃനിരയിലേക്ക് വളര്‍ത്തികൊണ്ട് വന്നു.

Also read: ‘സീറത്തെ സർവ്വറെ ആലം’: സയ്യിദ് മൗദൂദി

ഇത്തരത്തിലുള്ള ഐതിഹാസിക വികസന പ്രവര്‍ത്തനങ്ങള്‍കൊണ്ട് ചരിത്രത്തെ ധന്യമാക്കിയ പ്രവാചകനായിരുന്നു മുഹമ്മദ് നബി (സ). ഒരു രാഷ്ട്രത്തിന്‍റെ നിര്‍മ്മാണത്തില്‍ അവിടത്തെ മാനവിക വികസനം നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. നല്ലൊരു ജീവിതം നയിക്കാനുള്ള പാവപ്പെട്ട ജനവിഭാഗങ്ങുളുടെ അഭിലാഷം – അത് വിദ്യാഭ്യാസപരമായാലും സാമ്പത്തികമായാലും സാമൂഹ്യമായാലും രാഷ്ട്രീയമായാലും – സാക്ഷാല്‍കരിക്കാന്‍ പ്രവാചകന്‍റെ മേല്‍ വിവരിച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധ്യമായി. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് സമാധാനവും സമൃദ്ധിയും ഐശ്വര്യവുമുള്ള ഒരു വികസിത സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രവാചകന് സാധിച്ചു.

പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ മാനവിക വികസനത്തിലും നമുക്ക് അദ്ദേഹത്തത്തില്‍ മാതൃക കണ്ടത്തൊന്‍ കഴിയും. മനുഷ്യ സമൂഹത്തിന്‍റെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആത്മീയതയില്‍ ഊന്നി സദ്ഗുണ സമ്പന്നരായ വ്യക്തികളെ വളര്‍ത്തുന്നതോടൊപ്പം ഈ അടിസ്ഥാന സൂചിക മുമ്പില്‍ വെച്ച് പ്രവൃത്തിക്കുകയും ചെയ്യേണ്ടതാണ്. ആത്മീയവും ഭൗതികവുമായ ഈ സന്തുലിത സമന്വയത്തിന്‍റെ അഭാവത്തില്‍ നാം ചെയ്യുന്ന പ്രവൃര്‍ത്തനങ്ങള്‍ ഒഴുക്കിലെ നീര്‍കുമിളകള്‍ മാത്രം. അതാണ് ലോകത്ത് ഇന്ന് സംഭവിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുര്യോഗവും.

You may also like

Leave a reply

Your email address will not be published. Required fields are marked *