ലേഖനം

സാമൂഹിക സുരക്ഷിതത്വം പ്രവാചക കാലത്ത്

Spread the love

മക്കയില്‍ നിന്നും ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ പ്രവാചകന്‍(സ) സമൂഹത്തിലെ നാനാ തുറകളിലുള്ളവരുമായി ചര്‍ച്ചകള്‍ നടത്തി.അക്കാലത്ത് ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ക്ക് വളരെ സ്വാധീനമുണ്ടായിരുന്നു. ഇസ്‌ലാമിലേക്ക് കടന്ന് വരാത്ത, പുരാതന മതസങ്കല്‍പങ്ങള്‍ മുറുകെ പിടിച്ചിരുന്ന ബഹുദൈവ വിശ്വാസികള്‍ മദീനയില്‍ പ്രവാചകന്റെ സമകാലികരായുണ്ടായിരുന്നു. വിവിധങ്ങളായ സാമൂഹിക കരാറുകളിലൂടെ പ്രവാചകന്‍ (സ) മദീനയിലെ വിവിധ വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തി. സാമൂഹിക ഐക്യവും സുരക്ഷിതത്വവും സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ളവയായിരുന്നു അവ. 100 ലധികം സംഘങ്ങളുമായും വിഭാഗങ്ങളുമായും അദ്ദേഹം കരാറുകള്‍ നടത്തി. ചില സന്ദര്‍ഭങ്ങളില്‍ സന്ദേശങ്ങള്‍ മുഖേനയും മറ്റ് ചിലപ്പോള്‍ നേരിട്ടുള്ള സംഭാഷണത്തിലൂടെയുമായിരുന്നു അവ.

റസൂല്‍(സ) രൂപം നല്‍കിയ സാമൂഹിക ക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് ഗവേഷകന്‍ ടി വി ആര്‍നോള്‍ഡ് ഇപ്രകാരം സൂചിപ്പിക്കുന്നു. ‘ഒരിക്കല്‍പോലും ഒരു നേതാവിന് കീഴ്‌പെട്ടിട്ടില്ലാത്ത അറേബ്യന്‍ ജനസമൂഹത്തെ യോജിപ്പിച്ച് നിര്‍ത്തുകയും അവരെല്ലാവരും അദ്ദേഹത്തിന്റെ കല്‍പനകള്‍ക്ക് കാതോര്‍ക്കുകയുമുണ്ടായി. പരസ്പരം കലഹിച്ച് കൊണ്ടിരുന്ന ചെറുതും വലുതുമായ വിവിധ ഗോത്രങ്ങളെ ഉള്‍പെടുത്തി പ്രവാചകന്‍ ഒരൊറ്റ സമൂഹത്തെ രൂപപ്പെടുത്തി.

പ്രവാചകന്‍ മക്ക വിജയിച്ചപ്പോള്‍ തങ്ങളെ മുന്‍കാലത്ത് പീഢിപ്പിച്ചിരുന്ന ബഹുദൈവാരാധകരെ പോലും മോചിപ്പിച്ചു. അവരോട് അങ്ങേയറ്റത്തെ വിട്ട് വീഴ്ചയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം കാണിച്ച് തന്ന മഹത്തായ സ്വഭാവ മൂല്യങ്ങള്‍ക്ക് അറേബ്യന്‍ ചരിത്രത്തിലോ ലോക ചരിത്രത്തിലോ മാതൃകയില്ലായിരുന്നു.’

സാമൂഹിക നീതി നടപ്പില്‍ വരുത്തുന്നതില്‍ പ്രവാചകന്‍(സ) ലോകത്തിന് മാതൃക കാണിച്ചു കൊടുത്തു. സ്വന്തമായി ഭരണ സംവിധാനങ്ങളുള്ള പ്രദേശവാസികളോട് നീതി നിഷ്ഠയിലും വിട്ട് വീഴ്ചയിലും അധിഷ്ഠിതമായ നയമായിരുന്നു അദ്ദേഹം കൈകൊണ്ടത്. ഇരു കൂട്ടരും തൃപ്തിപ്പെട്ട, അക്രമത്തിന്റെ ഏറ്റവും ചെറിയ സാധ്യത പോലും ഉന്മൂലനം ചെയ്യുന്ന കരാറായിരുന്നു പ്രവാചകന്‍ അവരോട് നടത്തിയിരുന്നത്. അത് കൊണ്ട് തന്നെ എല്ലാ രാജ്യങ്ങളുടെയും ജനങ്ങള്‍ അവര്‍ ഏത് മതത്തിലും വംശത്തിലും പെട്ടവരായാലും ഇസ്‌ലാം കൊണ്ട് വന്ന നീതിയുടെയും സുരക്ഷയുടെയും സമാധാനത്തിന്റെയും തണലിലായിരുന്നു ജീവിച്ചിരുന്നത്.

അറേബ്യന്‍ ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് ജീവിച്ചിരുന്ന നജ്‌റാന്‍ ക്രൈസ്തവരോട് നടത്തിയ ഉടമ്പടി അതിനുത്തമ ഉദാഹരണമാണ്. അതിലെ ഒരു നിയമം ഇപ്രകാരം വായിക്കാവുന്നതാണ്. ‘നജ്‌റാനിലുള്ളവരുടെ ജീവന്‍, സമ്പത്ത്, മതം, കുടുംബം, ദേവാലയങ്ങള്‍ തുടങ്ങി നജ്‌റാന്‍കാരുടെ ഉടമസ്ഥതിലുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും സംരക്ഷണത്തിലാണ്.’ (മാജിദ് ഖളൂരി, അല്‍ ഹര്‍ബു വസ്സില്‍മു ഫില്‍ ഇസ്‌ലാം. 210-209)
ഇസ്‌ലാമിക സ്വഭാവ മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രകടമാവുന്നതിന് ഇത്തരം ഉടമ്പടികള്‍ മുഖേന പ്രവാചകന്‍ വഴിയൊരുക്കുകയാണ് ചെയ്തത്. വേദക്കാര്‍ക്ക് മുസ്‌ലിംകളോടൊന്നിച്ച് സ്‌നേഹത്തിലും സമാധാനത്തിലും ജീവിതം നയിക്കാന്‍ അവ കാരണമായി. വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സമാധാന(കരാറുകളില്‍)ത്തില്‍ പൂര്‍ണമായും പ്രവേശിക്കാന്‍ കല്‍പിച്ചു. (അല്‍ ബഖറഃ 208).
ഇസ്‌ലാമിക സ്വഭാവ മാതൃകകള്‍ സന്തുലിതവും സുരക്ഷിതവുമാണ്. ജനങ്ങള്‍ സമാധാനത്തിലും ശാന്തിയിലും ജീവിക്കുവാന്‍ അല്ലാഹു ഇറക്കിയ ദര്‍ശനമാണല്ലോ ഇസ്‌ലാം. എല്ലാ ജനങ്ങളെയും ഇസ്‌ലാമിന്റെ സ്വഭാവ ഗുണങ്ങളിലേക്കാണ് അല്ലാഹു ക്ഷണിക്കുന്നത്. അത് മുഖേന ഭൂമിയില്‍ അവര്‍ക്ക് കരുണയിലും വിട്ട് വീഴ്ചയിലും സമാധാനത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കാമല്ലോ.

ഭൂമിയില്‍ ശാന്തിയും സമാധാനവും കൈവരിക്കാന്‍ കൂട്ടായ പരിശ്രമം നിര്‍ബന്ധമാണ്. ഏത് മതത്തിന്റെ അനുയായികളായാലും അവരുടെ മുഖ്യ ഉത്തരവാദിത്തമാണ് ഐക്യത്തോടെ നിലകൊള്ളുകയെന്നത്. മറ്റ് മതത്തിന്റെ അനുയായികളുമായി യോജിക്കാവുന്ന വിഷയങ്ങളില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. (ആലു ഇംറാന്‍ 64)
മുസ്‌ലിംകളും ക്രൈസ്തവരും യഹൂദരും പൊതുവായ അടിസ്ഥാനത്തില്‍ യോജിക്കുമ്പോള്‍ സ്‌നേഹവും സന്തോഷവും ആദരവും കളിയാടുന്ന ഒരു നവലോകം സൃഷ്ടിക്കപ്പെടുന്നു. കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന തര്‍ക്കങ്ങളും സംഘട്ടനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും അതോട് കൂടി തിരോഭവിക്കും.
കുരിശു യുദ്ധക്കാരെ പോലുള്ള ചില അവിവേകികള്‍ കാരണമാണ് ചരിത്രത്തില്‍ മതത്തിന്റെ പേരില്‍ നടന്നിട്ടുള്ള ഏറ്റു മുട്ടലുകള്‍ സൃഷ്ടിച്ചത്. കാരണം അവര്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരുന്നില്ല. യഥാര്‍ത്ഥ മുസ്‌ലിംകളും ക്രൈസ്തവരും പ്രസ്തുത സംഭവ വികാസങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പരസ്പരം കൈകോര്‍ക്കേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ നടന്ന ഭീകരാക്രമണം ധാരാളം ക്രൈസ്തവരെ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന് പരിചയപ്പെടുത്താന്‍ മുസ്‌ലിംകളും കാര്യ ഗൗരവത്തോടെ പരിശ്രമിക്കാന്‍ തുടങ്ങി.
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ ഇസ്‌ലാമിന്റെ സ്വഭാവ മൂല്യങ്ങള്‍ തന്നെ ആശ്രയിക്കുന്ന കാലഘട്ടമായിത്തീരുമെന്ന് പ്രത്യാശിക്കാം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

You may also like