ലേഖനം

വീണ്ടും ഒരു വസന്തകാലം

Spread the love

ദിവ്യബോധനം കൊണ്ട് അസാധാരണരായ പച്ച മനുഷ്യരായിരുന്നു അന്ത്യപ്രവാചകനടക്കമുള്ള സകല പ്രവാചകന്മാരും. നബി ശ്രേഷ്ഠന്റെ ജന്മം ഏറ്റുവാങ്ങിയ ഒരു വസന്തകാലം വീണ്ടും സമാഗതമായിരിക്കുന്നു.

മുഹമ്മദ് ഒരു മനുഷ്യനാണ് ചരല്‍ കല്ലുകള്‍ക്കിടയില്‍ മാണിക്യം പോലെ എന്ന് മുമ്പ് ആരോ പറഞ്ഞിട്ടുണ്ട്. കല്ലുകള്‍ക്കിടയിലെ മാണിക്യ കല്ല് അഥവ മനുഷ്യര്‍ക്കിടയിലെ പ്രവാചകന്‍. സകലയിനം കല്ലുകളും അമൂല്യമായ മാണിക്യ കല്ലു പോലും കല്ലുകളുടെ ഗണത്തിലാണ് എന്നു സാരം. അതീവ ഹൃദ്യവും സൂക്ഷ്മവുമായ ഒരു വിഭാവനയായി പ്രമുഖര്‍ ഈ പ്രയോഗത്തെ വിലയിരുത്തി പോരുന്നു.

‘പറയുക: സമുദ്രം എന്റെ നാഥന്റെ വചനങ്ങള്‍ കുറിക്കാനുള്ള മഷിയാവുകയായിരുന്നെങ്കില്‍ എന്റെ നാഥന്റെ വചനങ്ങള്‍ തീരും മുമ്പേ തീര്‍ച്ചയായും അത് തീര്‍ന്നുപോകുമായിരുന്നു. അത്രയും കൂടി സമുദ്രജലം നാം സഹായത്തിനായി വേറെ കൊണ്ടുവന്നാലും ശരി! പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ’. (ഖുര്‍ആന്‍)

തിരുമേനി മനുഷ്യവര്‍ഗത്തില്‍ പെട്ടതാണെന്നും അതിമാനുഷനല്ലെന്നുമുള്ള പാഠം ഏറെ ഹൃദ്യമായി ഇവിടെ പഠിപ്പിക്കുന്നു. ആര്‍ക്കും അനുധാവനം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് പ്രവാചക ശിക്ഷണങ്ങളെന്നും പ്രവാചകന്‍ ദൈവ സ്ഥാനീയനല്ലെന്നും അടിവരയിടുകയും ചെയ്യുന്നു.

മഹത്വവത്കരണ ശോഭയില്‍ പൗരോഹിത്യം മുന്നേറുകയും ആള്‍ ദൈവ സംസ്‌കാരം ജഢപിടിച്ച് വളരുകയും ചെയ്യുന്ന വര്‍ത്തമാനത്തിന്റെ ശോചനീയമായ അവസ്ഥയില്‍ നിന്നുകൊണ്ട് പ്രസ്തുത ഭാഗം പാരായണം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ഈ സൂക്തത്തിന്റെ മധുരം നുകരാന്‍ സാധ്യമാകുകയുള്ളൂ. മേലുദ്ധരിച്ച വിശുദ്ധ വചനങ്ങളുടെ ആത്മാവ് തൊട്ടറിയാതെയുള്ള കേവല വായന അനസ്യൂതം നടക്കുകയും ഇതിലെ ഒരു പദം മാത്രമെടുത്ത് ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്നത് അഭിലഷണീയമല്ല.

പാരാവാരങ്ങള്‍ മുഴുവന്‍ മഷിയായി മാറിയാലും എഴുതിത്തീരാനാവാത്ത ദിവ്യ വചനമെന്ന പ്രയോഗത്തിലൂടെ മനുഷ്യ മസ്തിഷ്‌കത്തില്‍ ഉള്‍കൊള്ളാവുന്നതിന്റെ പാരമ്യതയില്‍ പ്രപഞ്ച നാഥന്റെ മഹത്വം മുദ്രണം ചെയ്യാന്‍ ശ്രമിക്കുന്നു. അതിനു ശേഷം ഇതു പരിചയപ്പെടുത്തുന്ന പ്രവാചകന്‍ മനുഷ്യന്‍ മാത്രമാണെന്നു തെര്യപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെ പ്രവാചകന്‍ മനുഷ്യനാണ് എന്ന ഓര്‍മ്മപ്പെടുത്തലിലൂടെ പ്രവാചക പ്രഭയെ മങ്ങലേല്‍പിക്കുകയല്ല. മറിച്ച് ദിവ്യ ജ്യോതിസ്സിനെ പ്രശോഭിപ്പിക്കുകയാണെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്കുണ്ടാവേണ്ടതുണ്ട്. അല്ലാഹു ആദരിച്ച ആദമിന്റെ പുത്രനെ ജീവജാലങ്ങളുടെ പട്ടികയിലാണ് പരാമര്‍ശിക്കുന്നത് എന്നും സ്മരണീയമത്രെ. പ്രവാചകന്‍ ദൈവസ്ഥനീയനല്ല എന്ന പരമാര്‍ഥത്തെ പ്രകാശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സൂക്തത്തിലെ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍ എന്ന പ്രയോഗം. പ്രവാചകന്‍ സാധാരണ മനുഷ്യനാണോ എന്നതിനേക്കാള്‍ ഏതു വലിയ മഹാത്മാവായാലും അവന്‍ ആദമിന്റെ പുത്രന്‍ മാത്രമാണെന്ന തിരിച്ചറിവിനെ ബലപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

ലോക രക്ഷിതാവായ തമ്പുരാനുമായുള്ള സമാഗമം ആരെങ്കിലും പ്രത്യാശിക്കുന്നുവെങ്കില്‍ സല്‍കര്‍കര്‍മ്മങ്ങളനുഷ്ടിക്കുകയും ദൈവത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ എന്ന പ്രഖ്യാപനത്തോടെ അവസാനിക്കുന്ന ഈ അധ്യായവും ഇതിലെ അവസാന ഭാഗം വിശേഷിച്ചും വിശ്വാസ ദാര്‍ഢ്യമുള്ളവര്‍ക്കും ഉള്‍കണ്ണുള്ളവര്‍ക്കും മാത്രമേ അനായാസം ഗ്രഹിക്കാനാകുകയുള്ളൂ.

എല്ലാവരും ആദമില്‍ നിന്നും ആദമാകട്ടെ മണ്ണില്‍ നിന്നും എന്ന പാഠം വളരെ വ്യക്തമായി പഠിപ്പിക്കപ്പെട്ടിട്ടും പ്രവാചക പ്രേമം കാടുകയറുന്നതും അബ്ദുല്ലയുടേയും ആമിനയുടേയും പുത്രനായി ജനിച്ച മുഹമ്മദ് പ്രകാശത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണെന്നുവരെ പാടിപ്പതിപ്പിക്കുന്ന രാഗമാല സദസ്സുകള്‍ സജീവമാകുകയും ചെയ്യുമ്പോള്‍ പ്രസ്തുത സൂക്തം ഏറെ ചിന്തനീയമാകുന്നുണ്ട്.

ഏറെ അസ്വസ്ഥമാകുന്ന ചിന്തകളെ വിശുദ്ധവചനങ്ങളുടേയും പ്രവാചകാധ്യാപനങ്ങളുടേയും മാനദണ്ഡത്തില്‍ പരിശോധനക്ക് വിധേയമാക്കുന്നതിനു പകരം തങ്ങളുടെ സ്വാര്‍ഥ ചിന്തകളെ ബലപ്പെടുത്താനുതകുന്ന ‘ഖാലഖീലകളില്‍’ അഭിരമിപ്പിക്കുന്ന കാഴ്ച അത്യന്തം ദയനീയമാണ്.

രണ്ട് ആഘോഷങ്ങളാണ് വിശ്വാസികള്‍ക്ക് ദൈവം അനുവദിച്ചിട്ടുള്ളത്. ഒരുമാസക്കാലത്തെ ആത്മ സംസ്‌കരണത്തിന് ശേഷമുള്ള ഈദുല്‍ ഫിത്വര്‍, ത്യാഗ സ്മരണകളുടെ പശ്ചാത്തലമുള്ള ഈദുല്‍ അദ്ഹ.

പ്രവാചകനെ അനുധാവനം ചെയ്യുവാനും ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസി ബാധ്യസ്ഥനാണ്. പ്രവാചകന്മാരുടെയും, പരിഷ്‌കര്‍ത്താക്കളുടെയും ജനന മരണങ്ങള്‍ ആഘോഷിക്കുന്ന സംസ്‌കാരത്തെ പൂര്‍വസൂരികള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. വ്യക്തി പൂജ ഏക ദൈവ വിശ്വാസത്തെ വഴിതിരിച്ചുവിടാന്‍ പ്രേരകമാകും എന്നത് കൊണ്ടും സമൂഹത്തെ ദുഷിപ്പിക്കുന്ന ആള്‍ദൈവ സംസ്‌കാരത്തിന് ഇസ്‌ലാമില്‍ തീരെ ഇടമില്ല എന്നതിനാലുമാണ് ഇവ്വിഷയത്തില്‍ വളരെ കടുത്ത നിലപാട് സ്വീകരിക്കപ്പെട്ടിട്ടുള്ളത്.

ലോകത്ത് പലയിടങ്ങളിലും ഇന്ത്യയില്‍ വിശേഷിച്ചും നിര്‍ബന്ധാനുഷ്ഠാനം പോലെ നബിദിനാഘോഷം പുരോഗമിക്കുമ്പോള്‍ ഒരു വീക്ഷണ വ്യത്യാസം എന്നതിനപ്പുറമുള്ള ചര്‍വിത ചര്‍വണങ്ങള്‍ സമൂഹത്തിനു ഗുണകരമാകുകയില്ല. വിശ്വാസിയുടെ സംസ്‌കരണ പ്രക്രിയയില്‍ ആത്മാവ് നല്‍കുന്ന ശിക്ഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളോരോന്നും . മനുഷ്യനെ ഉത്തമനായ മനുഷ്യനാക്കിമാറ്റുന്ന പാഠങ്ങളും സന്ദേശങ്ങളുമാണ് ആഘോഷങ്ങളില്‍ പോലും ഇസ്‌ലാമിന്റെ വിഭാവന.

പ്രവാചക പ്രേമത്തിന്റെ പേരില്‍ പ്രവാചക ശിക്ഷണങ്ങള്‍ക്ക് നിരക്കാത്ത വിധം സംവാദങ്ങളുടെ ദുര്‍ഗന്ധം വമിപ്പിക്കുന്നതിനു പകരം പ്രവാചകാധ്യാപനങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തി ഈ വസന്തത്തിന്റെ സുഗന്ധം പ്രസരിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.

You may also like