ലേഖനം

വിജയത്തിന്റെ ഘടകങ്ങള്‍ പ്രവാചക ജീവിതത്തില്‍ നിന്ന്

Spread the love

പ്രവാചകന്‍(സ) അനാഥനായിട്ടാണ് ജീവിതം ആരംഭിക്കുന്നത്. ഖുറൈശികളുടെ ആടുകളെ മേച്ചും കച്ചവടത്തിലേര്‍പ്പെട്ടും ജീവിതം നയിച്ച അദ്ദേഹം നിരവധി പ്രതിസന്ധികളെ മറികടന്നാണ് പ്രദേശം ഒന്നടങ്കം അംഗീകരിക്കുന്ന നേതാവ് എന്ന സ്ഥാനത്തെത്തിയത്. ചരിത്രത്തിന്റെ താളുകളില്‍ ഒതുങ്ങാത്ത ആ പ്രയാണത്തിലെ വിജയ പ്രേരകങ്ങളായി വര്‍ത്തിച്ച കാര്യങ്ങളെന്താണെന്ന് നാം അറിയേണ്ടതുണ്ട്. വിജയം ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണത്.

വിജയവും മനുഷ്യന്റെ ആഗ്രഹങ്ങളും തമ്മിലുള്ള ബന്ധം
ലക്ഷ്യം നേടുന്നതിനെയാണ് നാം വിജയമെന്ന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ വിജയം ആപേക്ഷികമാണ്. ഒരു വിഭാഗം വിജയമായി ഗണിക്കുന്ന കാര്യം മറ്റുള്ളവരുടെ അടുത്ത് പരാജയമായിരിക്കാം. വിജയം കിടക്കുന്നത് മോഹങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു മനുഷ്യനില്‍ നിന്ന് വേര്‍പെടുത്താനാവാത്ത ഒന്നാണ് അവന്റെ മോഹങ്ങള്‍. അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അവന്റെ ലക്ഷ്യങ്ങള്‍.

വിജയം നേടുന്നതിന് അനിവാര്യമായിട്ടുള്ളതാണ് നിശ്ചയദാര്‍ഢ്യവും വിജയത്തിലേക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നതും. പിന്നെ ദൈവനിശ്ചയം കൂടിയുണ്ടെങ്കില്‍ ഒരാള്‍ക്ക് തന്റെ ലക്ഷ്യത്തിലെത്താന്‍ സാധിക്കും. ലക്ഷ്യം നിര്‍ണയിച്ച് വിജയം തേടുന്നതില്‍ ആളുകള്‍ പല തരക്കാരാണ്.

ജീവിക്കാന്‍ വേണ്ടി ജീവിക്കുന്നവര്‍: തങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തിരിച്ചറിയാത്ത നിരവധി ആളുകള്‍ ഉണ്ടായേക്കാം. അല്ലെങ്കില്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ലക്ഷ്യമെന്താണെന്ന് അറിയാത്തവര്‍. മറ്റുള്ളവരെ അനുകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന അവര്‍ നിലവിലെ അവസ്ഥക്കനുസരിച്ച് നീങ്ങുന്നവരാണ്. അവര്‍ക്ക് നേതാക്കളോ ജേതാക്കളോ ആവാനാവില്ല. അവര്‍ക്ക് സ്വന്തമായി വിജയത്തെ കുറിച്ച് സ്വപ്നങ്ങളൊന്നുമില്ല എന്നത് തന്നെ കാരണം.

സ്വപ്‌നങ്ങളുണ്ടായിട്ടും സാക്ഷാല്‍കരിക്കാനാവാത്തവര്‍: സ്വപ്‌നങ്ങളുള്ളവരാണ് ഇക്കൂട്ടര്‍. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അവര്‍ക്ക് സാധച്ചില്ല. അല്ലെങ്കില്‍ അതിന് മുന്നില്‍ തടസ്സങ്ങള്‍ കടന്നു വരുന്നു. വിജയത്തെ കുറിച്ച് സ്വപ്‌നങ്ങളുള്ള എന്നാല്‍ അവ ദൈവഹിതവുമായി യോജിക്കാത്ത വിഭാഗത്തില്‍ അവരെ ഉള്‍ക്കൊള്ളിക്കാം. ഇവര്‍ വിജയികളും പിന്തുടരാവുന്ന മാതൃകകളുമായി പരിഗണിക്കപ്പെടും. കാരണം അവര്‍ ചെയ്യേണ്ടതെല്ലാം ചെയ്തവരാണവര്‍. ദൈവഹിതം ഇല്ലാത്തതിനാല്‍ അതില്‍ എത്താനായില്ല എന്ന് മാത്രം. അവരുടെ പരാജയവും വിജയമാണ്. സത്യത്തിന്റെ മാര്‍ഗത്തില്‍ ജീവന്‍ ത്യജിച്ച രക്തസാക്ഷിയും, അന്യായമായി പുറത്താക്കപ്പെടുന്ന ഭരണാധികാരിയുമെല്ലാം ഇക്കൂട്ടത്തിലാണ്. ഒന്നാമത്തെ വിഭാഗത്തേക്കാള്‍ ശ്രഷ്ഠമാണ് ഈ വിഭാഗം.

ലക്ഷ്യങ്ങള്‍ നേടുന്നവര്‍: തങ്ങളുദ്ദേശിച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നവരാണിവര്‍. സ്വപ്‌നങ്ങള്‍ എന്നതിലുപരിയായി കൃത്യമായ ലക്ഷ്യങ്ങളായിരിക്കും അവര്‍ക്കുണ്ടാവും. ദൈവഹിതം കൂടി അനുകൂലമാകുമ്പോള്‍ അതില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.

വിജയത്തിന്റെ ഘടകങ്ങള്‍ പ്രവാചക ജീവിതത്തില്‍
പ്രവാചക ജീവിതത്തിലെ ‘ഇഖ്‌റഅ്’ (വായിക്കുക) എന്നതിനും ‘അല്‍യൗമ അക്മല്‍തു ലകും ദീനകും’ (ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു.) എന്നതിനും ഇടക്കുള്ള ഘട്ടത്തെ വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് വിജയത്തിന്റെ വേറിട്ട ഒരു മാതൃക അതില്‍ കാണാനാവും. പ്രവാചക ജീവിതത്തിലെ ആ വിജയങ്ങളുടെ ഘടകങ്ങള്‍ എന്തായിരിക്കുന്നു?

വ്യക്തമായ ലക്ഷ്യം: പ്രവാചകന്‍(സ)യുടെ ജീവിതത്തിലെ ഉത്തരവാദിത്വം അല്ലാഹുവിന്റെ സന്ദേശം ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുക എന്നതായിരുന്നു. പ്രവാചകനെ സംബന്ധിച്ചടത്തോളം ആ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ഉന്നതമായ ആ ലക്ഷ്യത്തിലെത്തുന്നതിനുള്ള പ്രായോഗിക നടപടികള്‍ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കലും അത് നേടാനുള്ള പരിശ്രമവും: ലക്ഷ്യത്തെ നിരന്തരം പിന്തുടരുക എന്നതാണ് ഇതുകൊണ്ടുദ്ദേശ്യം. പ്രലോഭനങ്ങളും പ്രകോപനങ്ങളും ലക്ഷ്യത്തിന് മുന്നില്‍ മറയോ തടസ്സമോ ആയി മാറാവതല്ല. സമ്പത്ത്, അധികാരം, സുന്ദരികളായ സ്ത്രീകള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ ഖുറൈശികള്‍ മുന്നോട്ട് വെച്ചിട്ടും പ്രവാചകന്‍(സ) തന്റെ ലക്ഷ്യത്തില്‍ നിന്ന് മാറിയിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം ഒരു സ്വപ്‌നമായി അവശേഷിക്കാതെ യാഥാര്‍ഥ്യമായി പുലര്‍ന്നു.

പ്രയാസങ്ങളെ അതിജയിക്കല്‍: വിജയത്തിന്റെ പാത പൂക്കള്‍ വിരിച്ചതല്ല. മുള്ളുകള്‍ നിറഞ്ഞതാണത്. തേനീച്ചയുടെ കുത്തേല്‍ക്കാതെ തേനെടുക്കാവാത്തത് പോലെ പ്രയാസങ്ങളെ മറികടക്കാതെ ലക്ഷ്യത്തിലെത്താനാവില്ല. പ്രയാസങ്ങള്‍ വരുമ്പോള്‍ ലക്ഷ്യത്തെ പിന്നോട്ട് വലിച്ചെറിഞ്ഞാല്‍ അത് സ്വപ്‌നം മാത്രമായി അവശേഷിക്കും. നബി(സ) ഖുറൈശികളുടെ ഭാഗത്തു നിന്നുണ്ടായ നിരവധി പ്രയാസങ്ങള്‍ ഏറ്റുവാങ്ങി. ഏറ്റവും പ്രിയപ്പെട്ട ജന്മനാട് വരെ ഉപേക്ഷിച്ച് ഹിജ്‌റ ചെയ്യേണ്ടിയും വന്നു.

സംരക്ഷണം: ഈ ലോകത്തെ നന്നാക്കിയെടുക്കാനുള്ള ഉദ്ദേശ്യവും ആഗ്രഹവും കൊണ്ട് മാത്രം ആ ലക്ഷ്യം നേടാന്‍ ഒരാള്‍ക്കാവില്ല. ലോകത്ത് വ്യത്യസ്ത വീക്ഷണങ്ങളുള്ളവരും വിവിധ മതക്കാരും താല്‍പര്യക്കാരുമുണ്ട്. ഓരോരുത്തരും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവരാണ്. വളരെ സമാധാനപരമായി പ്രയാണം ആരംഭിച്ച പല പരിഷ്‌കര്‍ത്താക്കളും തങ്ങളില്‍ പെട്ടവര്‍ കൊല്ലപ്പെടുമ്പോള്‍ ആയുധത്തിന് പകരം ആയുധം എന്ന ആശയത്തിലേക്ക് മാറുന്നത് നമുക്ക് കാണാനാവും. ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെ കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ഭൂമി നശിക്കുമായിരുന്നു. ധനികനും ശക്തനുമായവന്‍ ദരിദ്രനെയും ദുര്‍ബലനെയും വിഴുങ്ങുമായിരുന്നു. പ്രവാചകന്റെ ജീവിതം വായിക്കുമ്പോള്‍ പിതാമഹനും പിതൃവ്യനും ഇണയും അദ്ദേഹത്തിന് നല്‍കിയ സംരക്ഷണം വിജയത്തിന്റെ ഘടകങ്ങളായിരുന്നുവെന്ന് മനസ്സിലാക്കാം. അവര്‍ക്ക് ശേഷം ഉടമ്പടികളിലൂടെ അറബി സഖ്യങ്ങളും അദ്ദേഹത്തിന് സംരക്ഷണമായി.

ഭൗതികമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുക: വിജയത്തിന്റെ ഘടകങ്ങളെ കുറിച്ച് വിവരിക്കുമ്പോള്‍ പറയാറുള്ള കാര്യമാണ്: ‘വിജയത്തിന് പദ്ധതിയൊരുക്കാത്തവന്‍ പരാജയത്തിനുള്ള പദ്ധതിയൊരുക്കുന്നവനാണ്.’ താന്‍ നേടാനാഗ്രഹിക്കുന്ന ലക്ഷ്യത്തെ കുറിച്ച അറിവും അതിന്റെ പൂര്‍ണമായ ചിത്രവും വിജയം വരിക്കുന്നതില്‍ പ്രധാനമാണ്. അതിനാവശ്യമായ ചെലവുകളെയും അതിനനുയോജ്യരായ വ്യക്തികളെയും കുറിച്ചുള്ള ബോധ്യവും ഉണ്ടായിരിക്കണം. പ്രവാചകന്റെ അബൂബക്കര്‍ സിദ്ദീഖുമായുള്ള സൗഹൃദം, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്, ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍, ബിലാല്‍, ഉമര്‍, ഇബ്‌നു അബീ വഖാസ് തുടങ്ങിയവരുടെ ഇസ്‌ലാം സ്വീകരണവും അതാണ് വ്യക്തമാക്കുന്നത്. അപ്രകാരം സമയവും ക്ഷമയും വിജയത്തിന്റെ ഘടകങ്ങളാണ്.

ദൈവിക സഹായം: നബി തിരുമേനിയുടെ വിജയത്തിന്റെ ഏറ്റവും സുപ്രധാനമായ ഘടകം അല്ലാഹുവിന്റെ തുണയായിരുന്നു. അല്ലാഹു തന്നെ പറയുന്നത് കാണുക: ‘നിന്റെ നാഥന്‍ ഒരിക്കലും നിന്നെ വെടിഞ്ഞിട്ടില്ല; നിന്നോട് അതൃപ്തനായിട്ടുമില്ല.’ (93:3)
മറ്റൊരിടത്ത് പറയുന്നു: ‘ജനത്തിന്റെ ദ്രോഹങ്ങളില്‍നിന്നു നിന്നെ അല്ലാഹു രക്ഷിക്കുന്നതാകുന്നു.’ (5:67)
ഇത്തരത്തില്‍ പ്രവാചക ചരിത്രം പരിശോധിക്കുന്ന ഒരാള്‍ക്ക് അതില്‍ നിന്ന് വിജയത്തിന്റെ ഘടങ്ങള്‍ വായിച്ചെടുക്കാന്‍ സാധിക്കും. അദ്ദേഹം വിജയത്തിലേക്ക് സ്വീകരിച്ച ഭൗതിക ഘടങ്ങള്‍ക്കെല്ലാം അല്ലാഹുവിന്റെ തുണയും സംരക്ഷണവുമുണ്ടായിരുന്നു.

മുഹമ്മദ്(സ)യുടെ വിജയത്തെ സാധാരണ ആളുകളുടെ ജീവിതത്തിന് മാതൃകയാക്കാന്‍ ആവില്ലെന്ന് ഒരാള്‍ക്ക് വാദിക്കാം. കാരണം അല്ലാഹുവിന്റെ ദൂതനാണ്, അല്ലാഹു നേരിട്ട് ഇടപെടുകയായിരുന്നു എന്ന് പറയുകയും ചെയ്യാം. എന്നാല്‍ ചിന്തിക്കുന്ന ഒരാള്‍ക്ക് വിജയത്തിന്റെ അടിസ്ഥാനങ്ങള്‍ ആ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കാം. ലക്ഷ്യമുണ്ടായിരിക്കുക, പ്രലോഭനങ്ങളില്‍ വഴുതിവീഴാതിരിക്കുക, ലക്ഷ്യത്തെ കുറിച്ച അറിവും അതിനുള്ള പ്രായോഗിക പദ്ധതിയും ഉണ്ടായിരിക്കുക തുടങ്ങിയവയാണവ. ഇവയിലുള്ള പ്രവാചക മാതൃകകള്‍ ഏതൊരാള്‍ക്കും തന്റെ ജീവിതത്തില്‍ പ്രയോജനപ്പെടുന്നവയാണ്.

മൊഴിമാറ്റം: നസീഫ്‌

You may also like