ലേഖനം

മക്കാ വിജയം: പ്രബോധന ചരിത്രത്തിലെ വഴിത്തിരിവ്

Spread the love

ഖുര്‍ആന്‍ അവതരണത്തിനും വ്രതത്തിനും റമദാന്‍ മാസത്തെയാണ് അല്ലാഹു തെരെഞ്ഞെടുത്തത്. ചരിത്രത്തിലെ ധാരാളം സംഭവങ്ങള്‍ക്കും വിജയങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മാസമെന്ന സവിശേഷത കൂടിയതിനുണ്ട്. അവയിലെ ഏറ്റവും ശ്രദ്ധേയമായമായതാണ് ചരിത്രഗതി നിര്‍ണ്ണയിച്ച ബദ്ര്‍ യുദ്ധം. റമദാന്‍ 17 നായിരുന്നു അത്.

മക്കയെ തൗഹീദിന്റെ കേന്ദ്രമാക്കിയ മക്കാവിജയവും ഒരു റമദാനിലായിരുന്നു. അതുവരെ മക്ക വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്നു. കഅ്ബക്കുള്ളില്‍ മാത്രം മുന്നൂറ്റി അറുപതോളം വിഗ്രഹങ്ങളുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു നാടാണ് മക്കാ വിജയത്തോടെ തൗഹീദിലേക്ക് മടങ്ങിയത്. ഇസ്‌ലാമിക പ്രബോധന ചരിത്രത്തിലെ സുപ്രധാനമായ സംഭവമാണ് മക്കാവിജയം. അതിവിശാലമായ അര്‍ഥത്തിലേക്ക് ഇസ്‌ലാം വ്യാപിച്ചതും ശക്തിപ്രാപിച്ചതും അതിനെ തുടര്‍ന്നായിരുന്നു. ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുന്നു: ‘നിങ്ങളില്‍ മക്കാ വിജയത്തിനു മുമ്പെ ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ, അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്.’ (ഹദീദ്: 10)

വിജയത്തെയും അതിന്റെ കാരണത്തെയും വിശദീകരിക്കാനല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ദൂതനെയും അല്ലാഹു അദ്ദേഹത്തെ സഹായിച്ചതിനെയും കുറിച്ചാണിവിടെ വിശദീകരിക്കുന്നത്. രാത്രിയുടെ ഇരുട്ടില്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയ നബി(സ) പകല്‍ വെളിച്ചത്തില്‍ അവിടേക്ക് തിരിച്ചുവരികയാണുണ്ടായത്. രഹസ്യമായി സ്വദേശം ഉപേക്ഷിക്കേണ്ടിവന്ന അദ്ദേഹം തിരിച്ചുവന്നത് പരസ്യമായിട്ടായിരുന്നു. പീഢിതനായി യാത്രയായ അദ്ദേഹത്തിന്റെ മടക്കം വിജയശ്രീലാളിതനായിട്ടാണ്.
കളിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ഒരാള്‍ക്ക് അവിടേക്കുള്ള മടക്കത്തേക്കാള്‍ പ്രിയങ്കരമായിട്ടൊന്നുമില്ല. റസൂല്‍(സ)ക്കും ആ ആനന്ദം ഉണ്ടായതില്‍ അത്ഭുതമില്ല. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കൊണ്ട് പരീക്ഷിക്കപ്പെടുന്നത് പോലെ അനുഗ്രഹങ്ങളാലും ആളുകള്‍ പരീക്ഷിക്കപ്പെടും. പ്രയാസങ്ങള്‍ വരുമ്പോള്‍ അവയെ നേരിടുകയും അത് നീങ്ങി അനുഗ്രഹം വന്നെത്തുന്നത് വരെ സഹനവും ക്ഷമയുമവലംബിക്കുന്നവരുമുണ്ട്. അല്ലാഹുവാണ് തങ്ങളുടെ രക്ഷിതാവെന്ന് പ്രഖ്യാപിച്ച കാരണത്താല്‍ പ്രവാചകാനാുചരരെയും അവര്‍ സ്വഭവനങ്ങളില്‍ നിന്നും ഇറക്കിവിട്ടു.
ബദ്‌റിലും ഉഹ്ദിലും യുദ്ധം ചെയ്യുകയും ഖന്‍ദഖില്‍ ഉപരോധിക്കുകയും ചെയ്തവരാണല്ലോ അവര്‍. നൂറുകണക്കിന് വിശ്വാസികളെ വകവരുത്തിയ ധിക്കാരികളും അധര്‍മകാരികളുമാവര്‍. അവരോട് പ്രതികാരം ചെയ്യാനുമുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.
ഇത്രത്തോളം ക്രൂരത കാണിച്ച എതിരാളികളെ വിചാരണ ചെയ്യേണ്ടതുണ്ട്. വിധിയോ വിചാരണയോ നടത്താതെ നിഷ്ഠൂരമായി വധിക്കുകയാണവരെ ചെയ്യേണ്ടത്. ഭീതിജനകമായ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ പ്രതീക്ഷിക്കുന്നതും അതുതന്നെ. അപ്രകാരം പ്രവര്‍ത്തിച്ച ജേതാക്കളുടെ മാതൃകയാണ് ചരിത്രത്തിലുള്ളതും.
നബി(സ)ക്കും അങ്ങനെ തന്നെ ചെയ്യാമായിരുന്നു. ആരും തന്നെ അതിന്റെ പേരില്‍ അക്രമിയെന്നു മുദ്രകുത്തുകയില്ലായിരുന്നില്ല. എന്നാല്‍ അദ്ദേഹം അപ്രകാരമല്ല ചെയ്തത്. തലകുനിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് അധരങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ഖുറൈശികളെ വിളിച്ചദ്ദേഹം പറഞ്ഞു: ‘ ഖുറൈശി സമൂഹമേ, ഞാന്‍ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?’ നല്ലതു മാത്രമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. താങ്കള്‍ മാന്യനാണ്. മാന്യതയുള്ളവന്റ സന്തതിയുമാണ് എന്നാണവരതിന് മറുപടി നല്‍കിയത്.
യൂസുഫ് തന്റെ സഹോദരന്‍മാരോട് പറഞ്ഞതു തന്നെയാണ് എനിക്കും നിങ്ങളോട് പറയാനുള്ളത് . ‘നിങ്ങളുടെ മേല്‍ ഇന്ന് യാതൊരുയവിധ പ്രതികാരവുമില്ല നിങ്ങള്‍ സ്വതന്തരായി പോയികൊള്ളുക.’ റസൂലിന്റെ ഈയൊരു വാക്കിലൂടെ അവര്‍ക്കെല്ലാം പൊതുമാപ്പ് നല്‍കപ്പെട്ടു. പ്രതികാരം ചെയ്യാനുള്ള ശക്തിയുണ്ടായിട്ടും വിട്ടുവീഴ്ച്ച ചെയ്തതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്. അബൂത്വാലിബിന്റെ മകള്‍ ഉമ്മു ഹാനി മുശ്‌രിക്കുകളായ അവരുടെ രണ്ട് ബന്ധുക്കള്‍ക്ക് അഭയം നല്‍കി. ‘ഉമ്മു ഹാനിഅ് അഭയം നല്‍കിയവര്‍ക്ക് ഞാനും അഭയം നല്‍കിയിരിക്കുന്നു’ എന്നു പ്രവാചകന്‍ പ്രഖ്യാപിച്ചു. രാഷ്ട്രകാര്യങ്ങളില്‍ വരെ ഇടപെടാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയാണതിലൂടെ ചെയ്തത്.
നമസ്‌കാര ശേഷം പള്ളിയില്‍ ഇരിക്കുന്ന നബി(സ)യുടെ അടുത്തേക്ക് അലി(റ) കടന്നുചെന്നു. അദ്ദേഹത്തിന്റെ പിതൃവ്യപുത്രനും മകളുടെ ഭര്‍ത്താവുമാണ് അലി(റ). കഅ്ബയുടെ താക്കോലുമായിട്ടാണദ്ദേഹത്തിന്റെ വരവ്. ഹാജിമാര്‍ക്ക് വെള്ളം കൊടുക്കാനുള്ള അവകാശത്തോടൊപ്പം കഅ്ബയെ പുതപ്പിക്കാനുമുള്ള ചുമതല കൂടി ഞങ്ങള്‍ക്കു തരാമോ എന്ന് അദ്ദേഹം റസൂലിനോട് ചോദിച്ചു. ഹാജിമാര്‍ക്ക് വെള്ളം കൊടുക്കാനുള്ള ചുമതല ബനൂഹാശിമിനായിരുന്നു. അത് ഒരു ബാധ്യതയും ചുമതലയുമാണ്. അതില്‍ നിന്ന് പ്രത്യേകിച്ച് വരുമാനമൊന്നുമുണ്ടായിരുന്നുമില്ല. കഅ്ബയെ പുതപ്പിക്കാനുള്ള ചുമതലയാവട്ടെ ബനൂ ത്വല്‍ഹ ഗോത്രത്തിനുമായിരുന്നു. അത് വരുമാനമാര്‍ഗവും ബാധ്യതയില്ലാത്തതുമാണ് താനും. കഅ്ബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് നബി(സ)യുടെ പിതൃവ്യനും ബനൂഹാശിം ഗോത്രത്തിലെ അംഗവുമായ അബ്ബാസ്(റ)വും വന്നു.
എന്നാല്‍ നബി(സ) ഉസ്മാന്‍ ബിന്‍ ത്വല്‍ഹയെയാണ് താക്കോല്‍ ഏല്‍പ്പിച്ചത്. ഒരിക്കല്‍ നബി(സ)യെ കഅ്ബയില്‍ പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞയാളാണദ്ദേഹം. മാത്രമല്ല വളരെ പരുഷമായി പ്രവാചകനോട് പെരുമാറുകയും ചെയ്തിട്ടുണ്ട്. അതൊന്നും അദ്ദേഹത്തെ താക്കോല്‍ ഏല്‍പ്പിക്കുന്നതിന് തടസമായില്ല. നബി(സ) അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ‘ഉസ്മാന്‍, ഇതാ താങ്കളുടെ താക്കോല്‍. കരാര്‍പാലനത്തിന്റെയും പുണ്യത്തിന്റെയും ദിനമാണിന്ന്. എന്നെന്നേക്കുമായിത് സ്വീകരിക്കുക. ഒരു അക്രമിയല്ലാതെ നിന്നില്‍ നിന്നത് ആരും പിടിച്ചു വാങ്ങുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്റെ ഗേഹത്തിന്റെ ഉത്തരവാദിത്തം താങ്കളെയേല്‍പ്പിച്ചിരിക്കുന്നു. ഈ ഗേഹം മുഖേന നിങ്ങള്‍ക്ക് വന്നെത്തുന്ന ഉത്തമമായതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്യുക.
അധികാരം ലഭിക്കുന്നതോടെ നേടുന്ന സമ്പത്തും സ്ഥാനമാനങ്ങളും അടുത്തബന്ധുക്കള്‍ക്കും ആളുകള്‍ക്കും നല്‍കാനാണ് തിടുക്കം കാണിക്കാറുള്ളത്. എന്നാല്‍ മക്കാവിജയത്തില്‍ ഭാരവും ബാധ്യതയുമാവുന്ന കാര്യങ്ങള്‍ ബന്ധുക്കള്‍ക്കും പ്രയോജനം ലഭിക്കുന്ന സ്ഥാനങ്ങള്‍ അകന്ന ആളുകള്‍ക്കും ശത്രുതവെച്ചു പുലര്‍ത്തിയിരുന്നവര്‍ക്കുമാണ് നബി(സ) വീതിച്ചത്.
വിജയത്തില്‍ അഹങ്കരിക്കുന്ന ജേതാക്കളെയാണ് ആളുകള്‍ക്ക് പരിചിതമായിട്ടുള്ളത്. വിജയത്തിന്റെ ലഹരി അവരുടെ തലയെ മദിക്കുകയും കീഴ്‌പെടുത്തുകയും ചെയ്യും. വിജയം തങ്ങളുടെ കഴിവിന്റെയും യോഗ്യതയുടെയും ഫലം മാത്രമാണെന്നാണവര്‍ വിശ്വസിക്കുക. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് ജയ് വിളിക്കാനാണ് അത്തരക്കാര്‍ അനുയായികളോടും ആവശ്യപ്പെടുക. എല്ലായിടത്തും അവരുടെ ചിത്രങ്ങളവര്‍ സ്ഥാപിക്കുകയും ചെയ്യും.
എന്നാല്‍ നബി(സ) ഈ വിജയത്തിന്റെ എല്ലാ അംഗീകാരവും അല്ലാഹുവിലേക്കാണ് ചേര്‍ക്കുന്നത്. ‘അല്ലാഹുവല്ലാതെ ഇലാഹില്ല. അവന് പങ്കുകാരില്ല. അവന്‍ വാഗ്ദാനം പാലിച്ചിരിക്കുന്നു. തന്റെ അടിമയെ സഹായിക്കുകയും ചെയ്തിരിക്കുന്നു. ഒറ്റക്ക് സഖ്യകക്ഷികളെയെല്ലാം പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു’ എന്നതായിരുന്നു പ്രസ്തുത ദിവസത്തില്‍ അദ്ദേഹമുയര്‍ത്തിയ മുദ്രാവാക്യം.
ശേഷം നബി(സ) ഉമ്മുഹാനിഇന്റെ വീട്ടില്‍ ചെന്നു. അവിടെ വെച്ച് കുളിക്കുകയും എട്ട് റകഅത്ത് നമസ്‌കരിക്കുകയും ചെയ്തു. ഉമ്മുഹാനിഅ് കരുതിയത് പ്രവാചകന്‍ ദുഹാ നമസ്‌കാരം നിര്‍വഹിക്കുകയാണെന്നായിരുന്നു. എന്നാല്‍ ഹാഫിദ് ഇബ്‌നുല്‍ ഖയ്യിം അതിനെകുറിച്ച് പറഞ്ഞത് വിജയത്തിന്റെ നമസ്‌കാരമായിരുന്നു അതെന്നാണ്. അതുപോലെ ഒരു നമസ്‌കാരം അദ്ദേഹം നിര്‍വഹിക്കുന്നത് മുമ്പോ ശേഷമോ കണ്ടിട്ടില്ലെന്നാണ് അതിനെ കുറിച്ച് ഉമ്മുഹാനി പറഞ്ഞത്. മുസ്‌ലിം ഭരണാധികാരികള്‍ ഏതെങ്കിലും നാടോ കോട്ടയോ വിജയിച്ചാല്‍ ഉടനെ നമസ്‌കാരം നിര്‍വഹിച്ചിരുന്നു. പ്രവാചകന്റെ മക്കാവിജയത്തിലെ മാതൃക പിന്‍പറ്റിയായിരുന്നു അവരത് ചെയ്തിരുന്നത്.
ധാരാളം പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കളെ ജനങ്ങള്‍ക്കറിയാം. അധികാരം ലഭിക്കുന്നത് വരെ മാത്രമായിരിക്കും അവരുടെ തത്വശാസ്ത്രങ്ങള്‍ നിലനില്‍ക്കുക. അധികാരം ലഭിക്കുന്നതോടെ അതുവരെ ഉയര്‍ത്തിയിരുന്ന മോഹനമായ തത്വങ്ങളെല്ലാം ആവിയായിത്തീരും. തത്വശാസ്ത്രങ്ങളെല്ലാം കടലാസിലൊതുക്കി അവരുടെ സ്വേഛാധിപത്യമായിരിക്കും അവിടെ നടക്കുക.
സമത്വത്തിലേക്കും നീതിയിലേക്കും ഇസ്‌ലാമിന്റെ തുടക്കത്തിലേ ആളുകളെ ക്ഷണിച്ച നബി(സ) ഒരു നിമിഷം പോലും അതില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. കഅ്ബയുടെ വാതില്‍ പാളികളില്‍ പിടിച്ചുകൊണ്ടദ്ദേഹം തറവാട്ടുകാരും കുലീനരുമായ ഖുറൈശികളോട് പറഞ്ഞു: ‘ഖുറൈശി സമൂഹമേ, ജാഹിലിയത്തിന്റെ പൊങ്ങച്ചവും പിതാക്കളുടെ പേരില്‍ പോരിമ കാണിക്കുന്നതും അല്ലാഹു നിങ്ങളില്‍ നിന്നും എടുത്തുകളഞ്ഞിരിക്കുന്നു. ജനങ്ങളെല്ലാം ആദമില്‍ നിന്നാണ് . ആദം മണ്ണില്‍ നിന്നും.’ തുടര്‍ന്ന് സൂറത്തുല്‍ ഹുജുറാത്തിലെ ഈ സൂക്തം പാരായണം ചെയ്തു: ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച.’
സത്യത്തെ ഏറ്റവും സൂക്ഷ്മമായി മുറുകെ പിടിക്കുകയും അങ്ങേയറ്റത്തെ വിട്ടുവീഴ്ചയും വിനയവും ദൈവഭക്തിയും പുലര്‍ത്തുകയും ചെയ്ത പ്രവാചകനെയാണ് മക്കാവിജയം നമുക്ക് കാണിച്ചു തരുന്നത്. വിജയം വരുമ്പോള്‍ അല്ലാഹുവിലേക്കു മടങ്ങാനുള്ള മാതൃകയാണദ്ദേഹം വരച്ചുകാട്ടുന്നത്.

വിവ: അഹമദ് നസീഫ് തിരുവമ്പാടി

You may also like