പ്രവാചകനെ സ്‌നേഹിക്കുന്നു എന്ന് വാദിക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ എന്താണ് ആ സ്‌നേഹത്തിന്റെ ലക്ഷണങ്ങള്‍? ആ വാദത്തെ സത്യപ്പെടുത്തുന്ന എന്ത് അടയാളമാണ് നമ്മിലുള്ളത്?
പ്രവാചകനോടുള്ള സ്‌നേഹത്തിന്റെ ഒന്നാമത്തെ അടയാളം പ്രവാചകാധ്യാപനങ്ങള്‍ അനുസരിക്കലാണ്. അല്ലാഹു നിര്‍ബന്ധമാക്കിയ ഒരു കാര്യമാണ്. ‘ദൈവദൂതനെ അനുസരിക്കുന്നവന്‍ അല്ലാഹുവിനെ അനുസരിച്ചു.’ (അന്നിസാഅ് : 80)
‘അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വചനമനുസരിക്കുകയും വിരമിക്കുകയും ചെയ്യുക. പക്ഷേ, നിങ്ങള്‍ ആജ്ഞയില്‍നിന്നു പുറംതിരിയുകയാണെങ്കില്‍ അറിഞ്ഞിരിക്കുക, വിധികള്‍ വ്യക്തമായി എത്തിച്ചുതരുന്ന ഉത്തരവാദിത്ത്വം മാത്രമേ നമ്മുടെ ദൂതന്നുള്ളൂ.’ (അല്‍-മാഇദ : 92) പ്രവാചകനെ അനുസരിക്കാതെ അല്ലാഹുവോടുള്ള അനുസരണം ഉണ്ടാവില്ലെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. മറ്റൊരിടത്ത് പറയുന്നു: ‘ദൂതന്‍ നിങ്ങള്‍ക്ക് തരുന്നത് വാങ്ങിക്കൊള്ളുക. അദ്ദേഹം വിലക്കുന്നതില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്യുക. അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.’ (അല്‍-ഹശ്ര്‍ : 7)
നാമെല്ലാം പ്രവാചകനെ അനുസരിക്കുന്നവരാണല്ലോ, ഇതത്ര പുതിയ കാര്യമൊന്നുമല്ലല്ലോ എന്ന് ചോദിക്കുന്നവരുണ്ടാവും. അവരോട് പറയാനുള്ളത്, നിന്റെ ഇച്ഛക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രവാചകന്‍ കല്‍പിക്കുമ്പോള്‍ നിന്റെ ഇച്ഛക്ക് എതിരു നില്‍ക്കാന്‍ നിനക്ക് സാധിക്കണം. അത് നിനക്ക് സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കിയേക്കും, അല്ലെങ്കില്‍ ശാരീരിക പ്രയാസങ്ങള്‍ക്ക് കാരണമായേക്കും എന്നാല്‍ അതൊന്നും വിലക്കെടുക്കാതെ പ്രവാചക കല്‍പന അനുസരിക്കാന്‍ സാധിക്കണം. ഇബ്‌നു അബീ ആസ്വിമിനെ പോലുള്ളവര്‍ ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെ പറയുന്നു: ‘നിങ്ങളാരും വിശ്വാസികളാവുകയില്ല, അവന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നതിനെ പിന്‍പറ്റുന്നത് വരെ.’
പ്രവാചകന്റെ പക്കല്‍ നിന്നും ഒരു നിര്‍ദേശം വന്നാല്‍ യാതൊരു ശങ്കയും കൂടാതെ അത് നടപ്പാക്കുന്നവരായിരുന്നു സഹാബിമാര്‍. അതുണ്ടാക്കുന്ന അനന്തരഫലത്തെ കുറിച്ച് അവര്‍ വേവലാതി പെട്ടിരുന്നില്ല. അഹ്‌സാബ് യുദ്ധവേളയില്‍ ശത്രുക്കളുടെ വിവരങ്ങള്‍ അറിഞ്ഞുവരാന്‍ നബി(സ) നിയോഗിച്ച ഹുദൈഫ ബിന്‍ അല്‍-യമാന്‍ അതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. ‘ഞങ്ങള്‍ നിരനിരയായി ഇരിക്കുകയാണ്, ഞങ്ങളുടെ മുകള്‍ ഭാഗത്ത് അബൂസുഫ്‌യാനും കൂട്ടാളികളും, ജൂതഗോത്രമായ ഖുറൈദ ഞങ്ങള്‍ക്ക് പിന്നിലുണ്ട്, ഞങ്ങളുടെ വീടുകളുടെ കാര്യത്തില്‍ അവരെ ഞങ്ങള്‍ ഭയക്കുന്നു. അത്രത്തോളെ അന്ധകാരം നിറഞ്ഞ രാത്രി ഞങ്ങള്‍ക്കുണ്ടായിട്ടില്ല, അതിനേക്കാള്‍ ശക്തമായ കാറ്റും. കനത്ത ശബ്ദത്തോടെ അത് വീശിയടിക്കുന്നു. ഒരാള്‍ക്ക് തന്റെ വിരല്‍ പോലും കാണാന്‍ സാധിക്കാത്തത്ര ഇരുട്ടാണ്. മുനാഫിഖുകള്‍ പ്രവാചകനോട് പല ഒഴികഴിവുകളും പറഞ്ഞ് പോയികൊണ്ടിരിക്കുന്നു. ‘ആ വിഭാഗത്തിന്റെ (ശത്രു) വാര്‍ത്ത നിങ്ങളിലാരാണ് എനിക്ക് എത്തിച്ചു തരിക, അന്ത്യദിനത്തില്‍ അവന്‍ മുഹമ്മദിന്റെ തോഴനായിരിക്കും.’ എന്ന് പ്രവാചകന്‍(സ) ഓരോരുത്തരോടായി ചോദിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ എന്റെ അടുത്തെത്തി. ശത്രുവില്‍ നിന്ന് രക്ഷനേടാനുള്ള പരിച എന്റെ അടുക്കലില്ല, തണുപ്പില്‍ നിന്ന് രക്ഷനേടാല്‍ എന്റെ പക്കല്‍ ആകെയുള്ളത് കാല്‍മുട്ട് വരെ മാത്രം എത്തുന്ന ഒരു ഷാള്‍ മാത്രമാണ്. ഞാന്‍ മുട്ടുകുത്തു ഇരിക്കുകയാണ്.
നബി(സ) ചോദിച്ചു : ഇതാരാണ്? ഹുദൈഫയാണോ? എഴുന്നേല്‍ക്കാന്‍ മടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു ‘അതെ, അല്ലാഹുവിന്റെ ദൂതരെ’. എന്നോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ഞാന്‍ എഴുന്നേറ്റപ്പോള്‍ ശത്രുക്കളുടെ വാര്‍ത്ത കൊണ്ടുവരാന്‍ എന്നോട് കല്‍പിച്ചു. എനിക്കാണെങ്കില്‍ ഭയങ്കര പേടിയും തീരെ തണുപ്പ് സഹിക്കാന്‍ കഴിയാത്തവനുമായിരുന്നു. ഞാന്‍ അതിനായി പുറപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ) എന്റെ സംരക്ഷണത്തിനായി അല്ലാഹുവോട് പ്രാര്‍ഥിച്ചു. അല്ലാഹുവാണ്, ആ സമയത്ത് എന്റെ ഉള്ളിലുണ്ടായിരുന്ന പേടിയും തണുപ്പുമെല്ലാം എവിടെയോ പോയിരുന്നു. പിന്നീട് ശത്രുവിന്റെ കൂടാരത്തില്‍ പോയി തിരിച്ച് പ്രവാചകന്റെ അടുക്കലെത്തിയപ്പോയാണ് എനിക്ക് പേടിയും വിറയലും തിരിച്ചു വന്നത്.’
വേണ്ടത്ര ഭക്ഷണമോ വസ്ത്രമോ ഇല്ലാത്ത അവസ്ഥയിലാണ് ഹുദൈഫയെ ഈ ഭാരിച്ച ദൗത്യം ഏല്‍പിക്കുന്നത്. അതോടൊപ്പം കാലാവസ്ഥയും തികച്ചും പ്രതികൂലം. എന്നാല്‍ പ്രവാചകന്റെ കല്‍പന കേട്ടപ്പോള്‍ അദ്ദേഹത്തിന് പിന്നെ ഒരു സംശയവുമില്ല. തന്റെ ദൗര്‍ബല്യങ്ങളും പ്രയാസങ്ങളുമെല്ലാം മറന്ന് കല്‍പന നിറവേറ്റാനായി പോവുകയാണ് ചെയ്യുന്നത്. അങ്ങനെ തന്റെ ബുദ്ധിയും കൗശലവും ഉപയോഗിച്ച് ശത്രുവിന്റെ താവളത്തിനകത്ത് കയറാന്‍ അദ്ദേഹത്തിന് സാധിച്ചു.
പ്രവാചകനോടുള്ള യഥാര്‍ത്ഥ അനുസരണം പ്രയാസഘട്ടത്തിലും ഐശ്വര്യത്തിന്റെ സമയത്തും ഉണ്ടായിരിക്കണം. സമ്പന്നതയുടെ സന്ദര്‍ഭത്തിലെന്നത് പോലെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും സമയത്തും അതുണ്ടാവണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മിലുള്ള അനുസരണം അത്തരത്തിലുള്ളതാണോ?
നബി(സ) ഇപ്രകാരം കല്‍പിച്ചിരുന്നു, അല്ലെങ്കില്‍ ഇന്ന കാര്യം ചെയ്യുന്നത് തടഞ്ഞിരുന്നു, ഇക്കാര്യത്തില്‍ പ്രവാചകന്റെ(സ) ചര്യ ഇതായിരുന്നു എന്നൊക്കെ നാം പറയാറുണ്ട്. എന്നാല്‍ അതിനൊന്നും ജീവിതത്തില്‍ യാതൊരുവിധ പ്രാധാന്യവും നല്‍കാത്തത് നാം അനുഭവിക്കുന്ന പ്രശ്‌നമാണ്. അപ്പോള്‍ പ്രവാചകനെ സ്‌നേഹിക്കുന്നു എന്ന് നാം പറയുന്നത് എത്രത്തോളം സത്യസന്ധമാണ്. നബിയുടെ കല്‍പനകള്‍ നിറവേറ്റാന്‍ സഹാബിമാര്‍ കാണിച്ചിരുന്ന തിടുക്കവും ഉത്സാഹവും എവിടെയാണിന്ന്? എക്കാലത്തും തിളങ്ങി നില്‍ക്കുന്ന അത്തരം ചില ഉദാഹരണങ്ങള്‍ നമുക്ക് കാണാം.
ഖൈബര്‍ യുദ്ധത്തിന്റെ വേളയില്‍ ജൂതന്‍മാരെ ഉപരോധിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിം സൈന്യം കടുത്ത പട്ടിണിയുടെ പിടിയിലായി. തങ്ങള്‍ യാത്രക്കായി കൊണ്ടുവന്ന കഴുതകളല്ലാതെ മറ്റൊന്നും അറുത്ത് ഭക്ഷിക്കാന്‍ അവരുടെ മുന്നിലുണ്ടായിരുന്നില്ല. അവര്‍ അവയെ അറുത്തു, അവയുടെ മാംസം കലങ്ങളില്‍ കിടന്ന് തിളച്ചു കൊണ്ടിരിക്കുമ്പോഴാണ് കഴുതയുടെ മാംസം ഭക്ഷിക്കുന്നത് വിലക്കി കൊണ്ട് കല്‍പന വരുന്നത്. വിശപ്പ് അവരെ തന്നെ തിന്നുന്ന അത്രത്തോളം എത്തിയിരുന്നു. എന്നിട്ടും ആ പാത്രങ്ങള്‍ മറിച്ചു വെന്തുകൊണ്ടിരുന്ന മാംസം അവര്‍ വലിച്ചെറിഞ്ഞു. അതില്‍ നിന്ന് ഒരു കഷണം പോലും അവര്‍ രുചിച്ച് നോക്കിയില്ല. ഇതായിരുന്നു അവരുടെ അനുസരണം. നബി(സ) കല്‍പിക്കുന്നത് തങ്ങളുടെ ഇച്ഛക്ക് എത്രത്തോളം എതിരായിരുന്നാലും ഉടനെ പ്രവാചക കല്‍പനക്ക് ഉത്തരം ചെയ്യുകയാണവര്‍ ചെയ്തത്.
നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിത്തത്തില്‍ എത്രത്തോളം പ്രവാചക കല്‍പനകള്‍ക്ക് സ്ഥാനമുണ്ട് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
വിവ : അഹ്മദ് നസീഫ്