ലേഖനം

പ്രവാചക സ്‌നേഹം; പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍

Spread the love

നബി(സ)യോടുള്ള സ്‌നേഹത്തിന്റെ പേരില്‍ പാരീസില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം മുസ്‌ലിംകളായ നമ്മെയെല്ലാം നാണം കെടുത്തുന്നതാണ്. പ്രവാചകനെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരുടെ കൈവെട്ടിയും ബോംബെറിഞ്ഞ് കൊലപ്പെടുത്തിയുമാണോ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കേണ്ടത്? പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും ജന്തു സസ്യാദികള്‍ക്കും അനുഗ്രഹവും ലോകത്തിന് കാരുണ്യവുമായി അയക്കപ്പെട്ട മുഹമ്മദ് നബി(സ) അനുയായികളായ ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുമ്പോള്‍ അവര്‍ സ്‌നേഹിക്കുന്നത് പ്രവാചകനെയല്ല. അദ്ദേഹം കൊണ്ടുവന്ന ദീനിന് സേവനം ചെയ്യുകയുമല്ല അവര്‍. നബി(സ)യെ ലോകജനതയുടെ വിമര്‍ശനത്തിന് ഇരയാക്കുന്ന അവര്‍ ഇസ്‌ലാമിനെ വികൃതമാക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കയ്യില്‍ നമ്മെ പ്രഹരിക്കാനുള്ള വടി കൊടുക്കലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. പ്രവാചകന്‍(സ) ക്രൂരത പഠിപ്പിച്ച പ്രവാചകനാണെന്ന കുപ്രചരണത്തിന് ആക്കം കൂട്ടുകയാണ് ദൗര്‍ഭാഗ്യവശാല്‍ ഈ സമുദായത്തിലെ ചിലരുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു ഘട്ടത്തിലും ഇസ്‌ലാം ന്യായീകരിക്കുന്നില്ല.

ഈ സന്ദര്‍ഭത്തില്‍ ലോകത്തിന് കാരുണ്യമായി അയക്കപ്പെട്ട നബി തിരുമേനി ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ അഭിമുഖീകരിച്ചു എന്ന് നാം അറിയേണ്ടതുണ്ട്. നബി(സ)ക്കെതിരെ ആക്ഷേപ ഹാസ്യ കാര്‍ട്ടൂണ്‍ വരച്ചു എന്നതല്ലേ കുറ്റം? ജീവിച്ചിരിക്കെ അതിനേക്കാള്‍ മോശമായ രൂപത്തില്‍ നബി(സ) പരിഹസിക്കപ്പെട്ടിട്ടില്ലേ? ആഭിചാരകന്‍ എന്നും കള്ളനെന്നും ശത്രുക്കള്‍ വിളിച്ചില്ലേ.. അവര്‍ നബിതിരുമേനിയെ പരിഹസിക്കുകയും ഭേദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്തു.. എങ്ങനെയായിരുന്നു അദ്ദേഹം ആ സന്ദര്‍ഭങ്ങളെ നേരിട്ടത്? ഖുര്‍ആന്‍ പറയുന്നത് ‘പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.’ (21:107)

പ്രവാചകന്റെ(സ) ജീവിതത്തില്‍ കാരുണ്യമെന്ന ഗുണത്തിന് വിരുദ്ധമായ ഒരു സമീപനം കാണിച്ചു തരാന്‍ കഴിയുമോ എന്ന് ലോകത്തിന് മുന്നില്‍ എനിക്കും നിങ്ങള്‍ക്കും വെല്ലുവിളി നടത്താന്‍ സാധിക്കും. അത്രത്തോളം ശുദ്ധമാണ് ആ ജീവിതം. അല്ലാഹു തന്റെ 99 നാമങ്ങളില്‍ രണ്ടെണ്ണം അവന്റെ ദൂതന് സമ്മാനമായി നല്‍കിയിട്ടുണ്ട്. അവ രണ്ടും ആര്‍ദ്രതയെ കുറിക്കുന്ന പദങ്ങളാണ്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ദൈവദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹത്തിനു അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്‍പരനാണദ്ദേഹം. സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനാകുന്നു.’ (9:128) കാരുണ്യത്തിന്റെയും അലിവിന്റെയും പ്രതീകമായ ആ പ്രവാചകന്റെ അനുയായികള്‍ പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ കൈവെട്ടുകയും വധിക്കുകയും ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്!

‘അല്ലാഹുവിന്റെ വരദാനമായ കാരുണ്യമാണ് ഞാന്‍’ എന്നാണ് പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളത്. ശത്രുക്കളോട് പോലും എന്ത് നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് നാം പഠിക്കണം. മക്കാവിജയ വേളയില്‍ ശത്രുക്കളെ നിരത്തി നിര്‍ത്തി അവരുടെ തലയറുക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. എന്നാല്‍ തന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ശത്രുക്കളോട് ചോദിക്കുകയാണദ്ദേഹം ചെയ്തത്. അതിന് അവര്‍ നല്‍കിയ മറുപടിയും ഏറെ പ്രസ്‌ക്തമാണ്. ‘താങ്കള്‍ മാന്യനാണ്, മാന്യന്റെ പുത്രനാണ്, മാന്യതയല്ലാതെ മറ്റൊന്നും താങ്കളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.’ എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇന്ന് പ്രതികാരത്തിന്റെയും കശാപ്പിന്റെയും ദിനമാണെന്ന് പറഞ്ഞ അനുയായികളെ ഇത് കാരുണ്യത്തിന്റെ ദിനമാണെന്ന് തിരുത്തുകയാണ് അദ്ദേഹം ചെയ്തത്. എന്റെ സഹോദരന്‍ യൂസുഫ് തന്നെ കിണറ്റിലെറിഞ്ഞ സഹോദരങ്ങളോട് പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് ‘ഇന്ന് നിങ്ങള്‍ക്കെതിരില്‍ ഒരു കുറ്റാരോപണവുമില്ല, പോയ്‌ക്കൊള്ളൂ നിങ്ങള്‍ സ്വതന്ത്രരാണ്.’ എന്നാണ് പിന്നെ നബി(സ) ശത്രുക്കളോട് പറഞ്ഞത്.

യുദ്ധത്തിന് സൈന്യത്തെ അയക്കുമ്പോള്‍ പോലും ആ പ്രവാചകന്‍ നല്‍കിയ നിര്‍ദേശം നിങ്ങള്‍ ആരാധനാലയങ്ങളും മഠങ്ങളും തകര്‍ക്കരുതെന്നും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍മാരെയും അപായപ്പെടുത്തരുതെന്നുമായിരുന്നു. ഇതിന് വിരുദ്ധമായ ഒരു സമീപനം അദ്ദേഹത്തിന്റെ ജീവിതത്തില്‍ കാണാനാവില്ല. പ്രവാചക തിരുമേനിയുടെ(സ) പല്ല് പൊട്ടുകയും എഴുപതോളം സഹാബികള്‍ രക്തസാക്ഷികളാവുകയും ചെയ്ത യുദ്ധമാണ് ഉഹ്ദ്. ഉഹ്ദിന്റെ യുദ്ധക്കളത്തില്‍ വെച്ച് നബി(സ) നടത്തിയ പ്രാര്‍ഥനയില്‍ പോലും തന്റെ സമൂഹത്തിന് പൊറുത്തു കൊടുക്കാനായിരുന്നു അല്ലാഹുവോട് തേടിയത്. ഹുനൈന്‍ യുദ്ധത്തില്‍ സഖീഫ് ഗോത്രത്തിനെതിരെ പ്രാര്‍ഥിക്കാന്‍ സഹാബിമാര്‍ നബി(സ)യോട് ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം പ്രാര്‍ഥിച്ചത് അവര്‍ക്ക് സന്‍മാര്‍ഗം കാണിച്ചു കൊടുക്കണേ എന്നായിരുന്നു.

പ്രവാചകനെതിരെ ഒരു ഹാസ്യ ചിത്രം വരുമ്പോഴേക്കും വ്രണപ്പെടാന്‍ മാത്രം ലോലമാണോ വിശ്വാസികളുടെ വികാരം? ശത്രുക്കള്‍ എന്ത് പറഞ്ഞാലും ഞാന്‍ സ്തുതിക്കപ്പെടുന്നവനാണെന്ന് പറയാനാണ് മുഹമ്മദ്(സ) അനുയായികളോട് ആവശ്യപ്പെട്ടത്. ലോകമൊട്ടുക്കുമുള്ള ഉപജാപങ്ങള്‍ക്കെതിരെ പ്രവാചകന്റെ കാരുണ്യം ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള വിവേകവും തന്റേടവും കാണിക്കാന്‍ നാം തയ്യാറാവണം.
(2015 ജനുവരി 9-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത്: നസീഫ്‌

You may also like