ലേഖനം

പ്രവാചകന്റെ സൈനിക പാടവം

Spread the love

ഇസ്‌ലാമിനോടും പ്രവാചകനോടും നീതിപുലര്‍ത്തിയ പണ്ഢിതന്‍മാര്‍ കേവലം അറബികളോ മുസ്‌ലിംകളോ മാത്രമായിരുന്നില്ല. അമുസ്‌ലിംകളായ പാശ്ചാത്യരും അവരിലുണ്ട്. ഇസ്‌ലാമിനോടും ഇസ്‌ലാമിക നാഗരികതയോടുമുള്ള ശത്രുതയും വിദ്വേഷവും കൊണ്ട് പ്രസിദ്ധരായവരാണ് അവരില്‍ പലരും. പൗരസ്ത്യ ഭാഷാ പണ്ഢിതനും ഓറിയന്റലിസ്റ്റുമായ പ്രഫസര്‍ ഹാംഫ്രി പ്രിഡെക്‌സ് അവരില്‍ ഒരാളാണ്. ‘മുഹമ്മദിന്റെ ജീവിതം’ (പാരീസ്, 1699) എന്ന തന്റെ കൃതിയില്‍ പ്രവാചകന്റെ ഉന്നതമായ സവിശേഷതകളും ശ്രേഷ്ഠതകളും അദ്ദേഹം വിവരിക്കുന്നുണ്ട്. ‘മുഹമ്മദ് നബി(സ) തന്റെ പ്രവാചകത്വ ജീവിതത്തില്‍ ബുദ്ധികൂര്‍മ്മതയും ഔന്നിത്യവും ധീരതയും കൊണ്ട് ശ്രദ്ധേയനായിരുന്നു. അതെല്ലാമാണ് ചരിത്രത്തിലെ അറിയപ്പെടുന്ന നേതാവാക്കി അദ്ദേഹത്തെ മാറ്റിയത്. അഞ്ഞൂറോ അതിലധികമോ വര്‍ഷം റോമാ സാമ്രാജ്യത്തിന് കീഴിലായിരുന്ന പ്രദേശങ്ങളെല്ലാം കേവലം 24 വര്‍ഷം കൊണ്ടാണ് അദ്ദേഹത്തിന് കീഴില്‍ വന്നത്. ആ വിശാലമായ സാമ്രാജ്യം അതിന്റെ പ്രതാപത്തിന്റെ ഉച്ചിയില്‍ നൂറ്റാണ്ടുകള്‍ നിലനിന്നതും നാം കണ്ടിട്ടുള്ളതാണ്. വിശാലതയിലും ആധിപത്യത്തിന്റെ കാലയളവിലും ഇസ്‌ലാമിക സാമ്രാജ്യങ്ങളെയും ഭരണാധികാരികളെയും മറ്റുള്ളവയുമായി താരതമ്യപ്പെടുത്താവതല്ല.’

എഡ്മണ്ട് ബര്‍ക് എന്ന അയര്‍ലന്‍ഡുകാരനായ ചിന്തകന്‍ പ്രവാചകനെ കുറിച്ച് പറയുന്നു. ‘മുഹമ്മദിന്റെ നിയമങ്ങള്‍ ഭരണാധികാരി മുതല്‍ ഏറ്റവും താഴെക്കിടയിലുള്ള പ്രജകള്‍ വരെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഏറ്റവും സുദൃഢമായ അവകാശ വ്യവസ്ഥകളാല്‍ നെയ്‌തെടുക്കപ്പെട്ടതാണവ. മഹത്തായ വൈജ്ഞാനിക വിധിയും ഏറ്റവും നീതിയുക്തമായ നിയമനിര്‍മ്മാണവുമാണത്. അത്തരം ഒരു വ്യവസ്ഥ ഇതിന് മുമ്പുണ്ടായിട്ടില്ല.’
ഇംഗ്ലീഷ് ഓറിയന്റലിസ്റ്റായ മാര്‍ഗോലിയോത്ത് ഇസ്‌ലാമിന്റെയും പ്രവാചകന്റെയും ശത്രുക്കളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന വ്യക്തിയാണ്. മാത്രമല്ല അദ്ദേഹം തന്റെ ‘മുഹമ്മദും ഇസ്‌ലാമിന്റെ നവോത്ഥാനവും’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ‘ഖുര്‍ആനിക ദിവ്യബോധനത്തെയും നമ്മുടെ പക്കലുള്ള വിശുദ്ധഗ്രന്ഥങ്ങളെയും താരതമ്യപ്പെടുത്തിയാല്‍ ഇസ്‌ലാം മാത്രമാണ് യഥാര്‍ത്ഥ ദര്‍ശനമെന്ന് വേഗത്തില്‍ ബോധ്യപ്പെടുന്നതാണ്.’ അദ്ദേഹത്തിന്റെ സമകാലികനും ജൂത ഓറിയന്റലിസ്റ്റുമായ ഗോള്‍ഡ്‌സഹിര്‍ ‘വിശ്വാസവും ശരീഅത്തും ഇസ്‌ലാമില്‍’ എന്ന കൃതിയില്‍ പറയുന്നു: ‘ഇബ്‌റാഹീം കൊണ്ടുവന്ന ഏക ദൈവികദര്‍ശനത്തിന്റെ സ്ഥാപനമാണ് മുഹമ്മദ് ഉദ്ദേശിക്കുന്നത്. പൊതുവില്‍ ദൈവം ബോധനം നല്‍കിയ മുന്‍ ദൂതന്‍മാരെ സത്യപ്പെടുത്തകയാണദ്ദേഹം. മുഹമ്മദ് ചരിത്രത്തില്‍ തന്നെ ഒന്നാമത്തെ പരിഷ്‌കര്‍ത്താവെന്നതില്‍ സംശയമില്ല.’
സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ മറ്റൊരു ആധുനിക ജൂത ഓറിയന്റലിസ്റ്റാണ് ബര്‍ണാഡ് ലെവിസ്. ഇസ്‌ലാമിനോടും മുസ്‌ലിങ്ങളോടും അവരുടെ രാഷ്ട്രീയവും ദേശീയവുമായ വിഷയങ്ങളോട് ശത്രുത പുലര്‍ത്തുകയും ആരോപണമുന്നയിക്കുകയും ചെയ്യുന്ന വ്യക്തിയാണിദ്ദേഹം. ഇസ്‌ലാമിനോടും മുസ്‌ലിങ്ങളോടുമുള്ള അമേരിക്കന്‍ നിലപാടുകളില്‍ ശക്തമായി സ്വാധീനിച്ചിട്ടുള്ള വ്യക്തിയുമാണ്. ഇസ്‌ലാമിനെ ഒരേ സമയം മതവും രാഷ്ട്രവുമായി അംഗീകരിക്കുന്നതില്‍ മേല്‍പറഞ്ഞവയൊന്നും അദ്ദേഹത്തെ തടഞ്ഞില്ല. ഇസ്‌ലാമിന്റെ സമാധാന തല്‍പരതയും അമുസ്‌ലിം സമൂഹങ്ങളോട് നീതി കാണിക്കുന്നതിലെ ഇസ്‌ലാമിന്റെ സവിശേഷതയെയും അദ്ദേഹം അംഗീകരിക്കുന്നുണ്ട്. അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു: ‘ക്രിസ്തു മതസ്ഥാപകന്‍ അനുയായികളോട് പറഞ്ഞു, ‘സീസര്‍ക്കുള്ളത് സീസറിനും നല്‍കുക, ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കുക.’ എന്നാല്‍ ഇസ്‌ലാമിന്റെ സ്ഥാപകന്‍ സ്വയം ഒരു കോണ്‍സ്റ്റന്‍യിന്‍ ആകുകയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് മുസ്‌ലിങ്ങള്‍ ഒരേ സമയം മത സംഘവും രാഷ്ട്രീയ സംഘവുമായിരുന്നു. എല്ലാതലത്തിലും പ്രവാചകനായിരുന്നു അവരുടെ നേതാവ്. നാടിനെയും സമൂഹത്തെയും അദ്ദേഹമാണ് നിയന്ത്രിച്ചത്. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പ്പിക്കുകയും നികുതി പിരിക്കുകയും ചെയ്യുന്നു. അദ്ദേഹം നയതന്ത്രകാര്യങ്ങള്‍ നടത്തുകയും സൈന്യത്തെ നയിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ഗോത്രത്തിലെ ആളുകളുടെ അംഗീകാരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗോത്രത്തലവന് ആ സ്ഥാനം ലഭിക്കുന്നത്. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കാനും അവര്‍ക്ക് അധികാരമുണ്ടായിരിക്കും. എന്നാല്‍ മുഹമ്മദ് മതപരമായ സവിശേഷതയിലൂടെ മാത്രമാണ് അധികാരത്തിലെത്തിയിരിക്കുന്നത്. അദ്ദേഹത്തിന് അധികാരം നല്‍കിയിരിക്കുന്നത് പ്രജകളല്ല, മറിച്ച് ദൈവമാണ്.’

നബി(സ)യുടെ മഹത്വം
പാശ്ചാത്യന്‍ നാഗരികതയുടെ പ്രശ്‌നങ്ങളും അവരുടെ സാമൂഹ്യവും മാനസികവുമായ പ്രതിസന്ധികളെയും കേന്ദ്രീകരിച്ചാണ് പാശ്ചാത്യരുടെ അധിക സാക്ഷ്യങ്ങളും. അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും, സമൂഹങ്ങളെ നാശത്തില്‍ നിന്നും പതനത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുമായാണ് ഇസ്‌ലാമിലെ പ്രവാചകന്റെ ചരിത്രത്തില്‍ അവര്‍ അഭയം കണ്ടെത്തുന്നത്. അവരുടെ നാഗരികതയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇസ്‌ലാമിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തങ്ങളുടെ ശമനമില്ലാത്ത പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമിക നിയമങ്ങളും അതിന്റെ സാര്‍വ്വലൗകിക ശരീഅത്തുമാണെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നു. മുഹമ്മദ് നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തികളുമാണ് വിശ്വസിക്കാവുന്ന അഭയകേന്ദ്രവും രക്ഷാതീരവും എന്ന് അവര്‍ ഉറപ്പിച്ചിരിക്കുകയാണ്.
പ്രമുഖ പാശ്ചാത്യന്‍ നേതാക്കന്‍മാരും നായകരും രാഷ്ട്രീയ വിദഗ്ദ്ധരും ഇസ്‌ലാമിലെ ദൈവദൂതന്റെ മഹത്വം സാക്ഷ്യപ്പെടുത്തുന്നതിവിടെയാണ്. അക്കൂട്ടത്തില്‍ തലപ്പത്തുള്ള വ്യക്തിയാണ് നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്. ഇസ്‌ലാമിലെ പ്രവാചകന്റെ നൈപുണ്യത്തില്‍ അദ്ദേഹം അദ്ഭുതപ്പെടുന്നത് തന്റെ കുറിപ്പുകളില്‍ വളരെ വ്യക്തമാക്കി പറയുന്നുണ്ട്. ചരിത്രം കണ്ട ഏറ്റവും വലിയ നേതാവ് എന്നാണദ്ദേഹം പ്രവാചകനെ വിശേഷിപ്പിക്കുന്നത്. ഇസ്‌ലാമിലെ നിയമനിര്‍മ്മാണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്റെ ലേഖനത്തിന്റെ നാലാം അധ്യായത്തില്‍ അദ്ദേഹം കുറിക്കുന്നു: ‘രാഷ്ട്രത്തിലെ സാംസ്‌കാരിക നായകന്‍മാരെയും ബുദ്ധിജീവികളെയും ഒരുമിച്ച് കൂട്ടാന്‍ സാധിക്കുന്ന സമയം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. വ്യവസ്ഥാപിതമായ ഒരു ഭരണക്രമം സ്ഥാപിക്കാനുമാണത്. ഖുര്‍ആനികാടിത്തറയില്‍ നിന്നുകൊണ്ടായിരിക്കുമത്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരാധനയെയും കീഴ്‌വണക്കത്തെയും മാത്രം പ്രതിപാദിക്കുന്ന മതങ്ങളില്‍ നിന്ന് വിദൂരമായി ജനങ്ങളെ സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കാന്‍ അതിനാണ് സാധിക്കുക.’

പ്രവാചകന്റെ വൈഭവം
ഈയടുത്തകാലത്ത് വെളിപ്പെടുത്തപ്പെട്ട മുന്നൂറു പേജോളം വരുന്ന ബോണപ്പാര്‍ട്ടിന്റെ കുറിപ്പുകള്‍ അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷണത്തെ കുറിച്ചു പറയുന്നു. ദൈവിക നിര്‍ദേശങ്ങള്‍ മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ജനങ്ങളെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. പാശ്ചാത്യര്‍ക്കു തന്നെ അഭിപ്രായ വ്യത്യാസമുള്ള അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുക നമ്മുടെ ഉദ്ദേശ്യമല്ല. ചരിത്രത്തിലെ പ്രഗല്‍ഭനായ ഒരു സൈന്യത്തലവന്‍ പ്രവാചകന്റെ സൈനിക പാടവത്തെയും കഴിവിനെയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന കാര്യത്തെ കൈകാര്യം ചെയ്യാനാണ് നാം താല്‍പര്യപ്പെടുന്നത്. ബോണപ്പാര്‍ട്ട് പറയുന്നു: ‘ആദ്യമായി സൈനിക പാരമ്പര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ വ്യക്തിയാണ് പ്രവാചകന്‍ മുഹമ്മദ്. അദ്ദേഹം തന്റെ അനുയായികളെ മതത്തിന്റെ കൊടിക്കീഴില്‍ നിന്ന് യുദ്ധം ചെയ്യുന്നവരാക്കി മാറ്റി. ആദ്യമായി ഒരു രാഷ്ട്രം എന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കിയത് അദ്ദേഹമായിരുന്നു. ഗോത്രങ്ങളുടെയും കുടുംബങ്ങളുടെയും ആധിപത്യമായിരുന്നു അവിടെ നിലനിന്നിരുന്നത്.’

ബോണപ്പാര്‍ട്ട് പറയുന്നു: ‘പ്രവാചകന്‍ മുഹമ്മദിന്റെ വേറിട്ട പ്രാഗല്‍ഭ്യവും നൈപുണ്യവും ഇല്ലായിരുന്നുവെങ്കില്‍ ഇസ്‌ലാം നിലനില്‍ക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തിന് ശേഷവും ഇസ്‌ലാം വ്യാപിക്കുകയും നിലനില്‍ക്കുകയും ചെയ്തു. ഇസ്‌ലാമിലെ ഒന്നാമത്തെ കഴിവുറ്റ സൈനിക മേധാവിയായിരുന്നു അദ്ദേഹം. മുഹമ്മദ് എന്ന സൈനിക നേതൃത്വം ഇല്ലായിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ക്ക് റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളോട് യുദ്ധം ചെയ്യാനാവുമായിരുന്നില്ല.’

സൈനിക തത്വങ്ങളിലെ മാറ്റം
അറേബ്യന്‍ ഉപദ്വീപില്‍ സുപരിചിതമായിരുന്ന യുദ്ധ തന്ത്രങ്ങളില്‍ നിന്നും മാറി പ്രവാചകന്‍(സ) സ്വീകരിച്ച വിപ്ലവകരമായ മാറ്റങ്ങളെ ബോണപ്പാര്‍ട്ട് ചേര്‍ക്കുന്നത് താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിലേക്കാണ്. പൂര്‍ണ്ണമായ ആദര്‍ശാടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഒരു അറേബ്യന്‍ സൈന്യത്തെ രൂപീകരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. വിശുദ്ധയുദ്ധം, ജിഹാദ്, രക്തസാക്ഷ്യം തുടങ്ങിയ സമീപനം മറ്റാരെക്കാളും മുമ്പെ പ്രയോഗിച്ചതും മുഹമ്മദ് ആണെന്ന് ബോണപ്പാര്‍ട്ട് സൂചിപ്പിക്കുന്നു.
ബോണപ്പാര്‍ട്ട് പറയുന്നു: ‘ആധുനിക കാലത്തെ യുദ്ധതന്ത്രങ്ങളുടെ അടിസ്ഥാനമായ വിജയകരമായ ഉദാഹരണങ്ങളുടെ മാതൃക പ്രവാചകന്‍ മുഹമ്മദാണ്. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിന് സാധിച്ചതും ആ തന്ത്രങ്ങളിലൂടെയാണ്.’

വിശ്വാസി സമൂഹം കൊണ്ടുള്ള വിവക്ഷ
അറേബ്യന്‍ ഉപദ്വീപിലുണ്ടായിരുന്ന വ്യത്യസ്ത സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥകളുടെ സ്ഥാനത്ത് വളരെ ആശ്ചര്യപ്പെടുത്തുന്ന വിജയം കൈവരിച്ച ഒരു സമ്പൂര്‍ണ്ണ വ്യവസ്ഥയെ ബോണപ്പാര്‍ട്ട് ഇസ്‌ലാമില്‍ കണ്ടെത്തുന്നു. ഗോത്രങ്ങളുടെയും കുടുബങ്ങളുടെയും വ്യവസ്ഥകള്‍ക്ക് പകരം മുസ്‌ലിം സമൂഹത്തെയാണ് പ്രവാചകന്‍ രൂപീകരിച്ചത്.
അറേബ്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി വ്യവസ്ഥാപിതമായ സൈന്യത്തെയും നേതൃത്വത്തെയും രൂപീകരിക്കുന്നതില്‍ പ്രവാചകന്‍ വിജയിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രവാചകന്‍ മുഹമ്മദാണ് പൂര്‍വ്വമാതൃകയില്ലാത്ത ‘സ്വന്തത്തോടുള്ള പോരാട്ടം’ എന്ന ആശയവും ലോകത്തിന് കാണിച്ചത്. അദ്ദേഹത്തെ തന്ന കേന്ദ്രീകരിച്ചുള്ള ഒരു സൈന്യത്തെ രൂപപ്പെട്ടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. സമത്വമെന്ന ആശയവൃത്തത്തില്‍ പൗരനെയും സൈനികനെയും വേര്‍തിരിക്കാതെ സൃഷ്ടികള്‍ക്ക് ഒരു നവഅസ്തിത്വം നല്‍കി.

ദൈവിക കല്‍പ്പനകള്‍ നടപ്പാക്കല്‍
ഭൂമിയില്‍ ദൈവത്തിന്റെ കല്‍പനകള്‍ നടപ്പാക്കുന്നവരാണ് തങ്ങള്‍ എന്ന് അനുയായികളെ ബോധ്യപ്പെടുത്തുന്നതിലും പ്രവാചകന്‍ വിജയിച്ചുവെന്ന് ബോണപ്പാര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. തങ്ങള്‍ ദൈവത്തിന്റെ സൈന്യമാണെന്നും അവന്റെ കല്‍പനകള്‍ക്കനുസൃതമായാണ് തങ്ങള്‍ പോരാടുന്നതെന്നും വിശ്വസിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യവസ്ഥാപിത സൈന്യമായിരുന്നുമത്. അതില്‍ നിന്ന് പുരോഗമിച്ച ആശയമാണ് ‘വിശുദ്ധയുദ്ധം’. സൈനികരെ ഏകോപിപ്പിക്കുന്ന പ്രധാന ഘടകം മതമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും പഠനം അഭിപ്രായപ്പെടുന്നു.
മതത്തിന്റെ വിജയത്തിന് വേണ്ടി തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ പടയാളികളെ തല്‍പരരാക്കുന്നതില്‍ പ്രവാചകന്‍ വിജയിച്ചുവെന്നും ബോണപ്പാര്‍ട്ട് കൂട്ടിചേര്‍ക്കുന്നു. അത്തരം മുസ്‌ലിം പടയാളികള്‍ മരണത്തെ ഭയക്കുകയില്ല. മരണശേഷം തങ്ങളെ കാത്തിരിക്കുന്നത് സ്വര്‍ഗമാണെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. സന്തുഷ്ടജീവിതം ലക്ഷ്യംവെച്ച് പോരാടുന്നതിന്റെയും പ്രയാസങ്ങളെ അതിജയിക്കുന്നതിന്റെയും സത്ത ഇസ്‌ലാമിലെ ജിഹാദാണെന്നും അദ്ദേഹം ഈന്നിപ്പറയുന്നുണ്ട്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

You may also like