ലേഖനം

പ്രവാചകന്റെ ഭക്ഷണപാഠങ്ങള്‍

Spread the love

മനുഷ്യജീവന്റെ ആരോഗ്യകരമായ നിലനില്‍പിന് അത്യന്താപേക്ഷിതമാണ് ഭക്ഷണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുവ്യക്തമായ വഴി വരച്ചു കാണിക്കുന്ന അന്ത്യദൂതര്‍ മുഹമ്മദ് നബി(സ) ഭക്ഷണ വിഷയത്തിനും ഒട്ടേറെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷണത്തിലെ സാമാന്യമര്യാദകള്‍ രീതി മുതല്‍ ആധുനിക ശാസ്ത്രം അംഗീകരിച്ച യാഥാര്‍ഥ്യങ്ങള്‍ വരെ പ്രവാചകന്റെ ഭക്ഷണപാഠങ്ങളില്‍ കാണാം.

ക്ഷണമില്ലാത്തവര്‍ക്ക് അനുവാദം ചോദിക്കല്‍.  ഭക്ഷണത്തിനായി ക്ഷണിക്കപ്പെട്ടാല്‍ അത് സ്വീകരിക്കല്‍ വിശ്വാസികള്‍ തമ്മിലുള്ള പരസ്പരബാധ്യതകളില്‍പെട്ടതായി പ്രവാചകന്‍(സ) പഠിപ്പിച്ചിരിക്കുന്നു. നാം ക്ഷണിക്കപ്പെട്ട സദ്യയിലേക്ക് നമ്മുടെ കൂടെയുള്ളവന് അനുവാദം ചോദിക്കുകയും, അനുമതി ലഭിച്ചാല്‍ അദ്ദേഹത്തെയും സദ്യയില്‍ പങ്കെടുപ്പിക്കുകയും ചെയ്യാവുന്നതാണ്. അബൂ മസ്ഊദ്(റ) പറയുന്നു. അബൂ ശുഐബ് എന്നറിയപ്പെടുന്ന അന്‍സാരികളില്‍ പെട്ട ഒരാള്‍ തന്റെ വേലക്കാരനോട് അഞ്ച് പേര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ച് കൊണ്ട് പറഞ്ഞു. അഞ്ചിലൊരാളായി പ്രവാചകനെ ക്ഷണിക്കണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ മുഖത്ത് വിശപ്പിന്റെ അടയാളം ഞാന്‍ കാണുകയുണ്ടായി.’ അദ്ദേഹം പ്രവാചകനെ ക്ഷണിച്ചു. കൂടെ മറ്റൊരാളും വന്നിരുന്നു. പ്രവാചകന്‍(സ) പറഞ്ഞു. ‘ഇയാള്‍ ഞങ്ങളുടെ കൂടെയുള്ളവനാണ്. താങ്കളുദ്ദേശിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അനുമതി നല്‍കാം. അദ്ദേഹത്തെ കൂടി ക്ഷണിക്കുകയും അവര്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു.’ (ബുഖാരി)

കൂട്ടമായി ഭക്ഷിക്കുന്നതിനുള്ള പ്രോല്‍സാഹനം: വഹ്ശി ബിന്‍ ഹര്‍ബില്‍ നിന്ന് നിവേദനം. പ്രവാചകന്റെ അനുയായികള്‍ ഇപ്രകാരം പറഞ്ഞു. അല്ലയോ ദൂതരേ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നു പക്ഷെ വയറ് നിറയുന്നില്ല. പ്രവാചകന്‍ അവരോട് ചോദിച്ചു. നിങ്ങള്‍ വെവ്വേറെയാണോ ഇരിക്കുന്നത്? അവര്‍ പറഞ്ഞു. അതേ പ്രവാചകരെ. അപ്പോള്‍ പ്രവാചകന്‍(സ) അവരോട് പറഞ്ഞു. നിങ്ങള്‍ ഭക്ഷണം കഴിക്കാനായി ഒരുമിച്ചിരിക്കുകയും ദൈവനാമം ഉച്ചരിക്കുകയും ചെയ്യുക. അപ്പോള്‍ അതില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കും.’ (അബൂദാവൂദ്, ഇബ്‌നു മാജ)

അവിഹിതമായ ഭക്ഷണം കഴിക്കാതിരിക്കുക: ഇബ്‌നു അബ്ബാസില്‍(റ) നിന്നും ഉദ്ധരിക്കുന്നു. പൊങ്ങച്ചത്തിന് വേണ്ടി അറുക്കുന്നതില്‍ നിന്നും ഭക്ഷിക്കുന്നത് പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു (അബൂദാവൂദ്). അവര്‍ മൃഗങ്ങളെ പരസ്പരം മേന്മ നടിക്കുന്നതിനായി അറുത്ത് രസിച്ചിരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ അത് ഭക്ഷിക്കുന്നത് പ്രവാചകന്‍ ശക്തമായി വിരോധിച്ചു.

നിഷിദ്ധ ഭക്ഷണത്തിന്റെ സദസ്സിലിരിക്കല്‍: ഉമര്‍(റ) പറയുന്നു ‘കള്ളൊഴിക്കുന്ന സദസ്സിലിരിക്കുന്നതും, വയറ് നിലത്ത് ചാരി ഭക്ഷിക്കുന്നതും പ്രവാചകന്‍ വിലക്കിയിരിക്കുന്നു. (ബുഖാരി, തിര്‍മുദി)

ചാരികിടന്ന് ഭക്ഷിക്കല്‍:  അബീ ജുഹൈഫ നിന്ന് നിവേദനം. റസൂല്‍ (സ) പറഞ്ഞു: “ഞാന്‍ ചാരികിടന്ന് ഭക്ഷണം കഴിക്കാറില്ല” (ബുഖാരി). ഇബ്‌നു അംറ്(റ)യില്‍ നിന്ന് നിവേദനം. ‘പ്രവാചകന്‍(സ) ചാരിയിരുന്ന് ഭക്ഷിക്കുന്നതായി കണ്ടിട്ടില്ല.’ (അബൂ ദാവൂദ്)

ഇരു കൈകളും കഴുകുക: ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ കഴുകുന്നത് ആരോഗ്യത്തിനും വൃത്തിക്കും അത്യന്താപേക്ഷിതമാണ്. മറ്റെല്ലാ മേഖലയിലുമെന്ന പോലെ കൈ കഴുകുന്നതിലും പ്രവാചകന്റെ മാതൃക കാണാവുന്നതാണ്.  ആഇശ(റ) പറയുന്നു. “ പ്രവാചകന്‍(സ) ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ വുദു എടുക്കുകയും ഭക്ഷണം കഴിക്കാന്‍ ഉദ്ദേശിച്ചാല്‍ ഇരുകൈകളും കഴുകുകയും ചെയ്യുമായിരുന്നു.” (നസാഇ, അഹ്മദ്)

ഭക്ഷണത്തെ പഴിക്കരുത്: അബൂ ഹുറൈറ(റ) ല്‍ നിന്ന് നിവേദനം. നബി(സ) ഒരിക്കലും ഭക്ഷണത്തെ കുറ്റം പറഞ്ഞിരുന്നില്ല. തിന്നുമ്പോള്‍ പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ അത് ഉപേക്ഷിക്കുമായിരുന്നു.” ( ബുഖാരി, തിര്‍മുദി)

സ്വര്‍ണപ്പാത്രത്തില്‍ ഭക്ഷിക്കല്‍: സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളില്‍ നിന്ന് ഭക്ഷിക്കുന്നത് തികഞ്ഞ ആഢ്യതയുടെ പ്രതീകമാണ്. രാജാക്കന്മാരും പ്രഭുക്കന്മാരും പ്രമാണിമാരുമെല്ലാം ഈ രീതിയില്‍ ഭക്ഷിച്ചിരുന്നു. ലാളിത്യത്തെയും വിനയത്തെയും പ്രോത്സാഹിപ്പിക്കുന്ന പ്രവാചകന്‍ അത്തരം ദുര്‍നടപടികളെ ശക്തമായി വിലക്കുകയും ചെയ്തു. ഹുദൈഫ(റ)യില്‍ നിന്നും നിവേദനം: “സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ നിങ്ങള്‍ കുടിക്കരുത്. അവയുടെ പാത്രങ്ങളില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്യരുത്.” (നസാഇ, അഹ്മദ്)

ഇബ്‌നു ഖയ്യിം പറയുന്നു: ഭക്ഷണത്തിന് മൂന്ന് പടികളാണുള്ളത്. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്ന രീതിയാണ് അതിലൊന്ന്. മതിയാവുന്നിടത്തോളം ഭക്ഷിക്കലാണ് രണ്ടാമത്തേത്. ധാരാളമായി ഭക്ഷിക്കുന്നതാണ് മൂന്നാമത്തേത്. റസൂല്‍ (സ) അറിയിച്ചു.

ബിസ്മി ചൊല്ലല്‍: ഭക്ഷണം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. അതു കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ അവന്റെ നാമം സ്മരിക്കണമെന്ന് പ്രാവചകന്‍(സ) പഠിപ്പിച്ചിരിക്കുന്നു. ഇനി ആദ്യം അത് ചൊല്ലാന്‍ മറക്കുകയാണെങ്കില്‍ എന്ത് ചെയ്യണമെന്നും പ്രവാചകന്‍ പഠിപ്പിച്ചു. അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു. ‘ആരെങ്കിലും ഭക്ഷിക്കുകയാണെങ്കില്‍ അവന്‍ ബിസ്മില്ലാ എന്ന് പറയുക. ഇനി മറന്നു പോയാല്‍ ബിസ്മില്ലാഹി അവ്വലുഹു വ ആഖിറുഹു’ എന്നാണ് പറയേണ്ടത്. (തിര്‍മുദി)

വലതു കൈ കൊണ്ട് തിന്നുക: പ്രവാചകന്‍(സ) വലതു കൈ കൊണ്ട് ഭക്ഷിക്കുകയും  കുടിക്കുകയും (സാധനങ്ങള്‍) എടുക്കുകയും നല്‍കുകയും വലതു ഭാഗത്ത് നിന്ന് വസ്ത്രം ധരിക്കുകയും ചെയ്തിരുന്നു.
ജാബിറില്‍ നിന്നും നിവേദനം: “നിശ്ചയം പ്രവാചകന്‍(സ) ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നതും ഒറ്റക്കാലില്‍ ചെരിപ്പിട്ട് നടക്കുന്നതും നിരോധിച്ചിരിക്കുന്നു.” (മുസ്‌ലിം)
പ്രവാചകന്‍ കൈ നിറയെ വാരിയാരുന്നില്ല ഭക്ഷിച്ചിരുന്നത്. പ്രവാചകന്‍(സ) മൂന്നു വിരലുകൊണ്ടായിരുന്നു ഭക്ഷിച്ചിരുന്നതെന്നും ശേഷം വിരലുകള്‍ നാവ് കൊണ്ട് വൃത്തിയാക്കിയിരുന്നുവെന്നും ഹദീസില്‍ കാണാം. (അഹ്മദ്)

അടുത്തുള്ളത് ഭക്ഷിക്കുക: കൂട്ടമായി ഭക്ഷണം കഴിക്കുമ്പോള്‍ പല മര്യാദകളും പാലിക്കേണ്ടതുണ്ട്. സ്വന്തം പാത്രത്തിനടുത്തുള്ളതാണ് ഭക്ഷിക്കേണ്ടത്.
ഉമര്‍ ബിന്‍ അബീസലമ റബീബ് (റ) പറയുന്നു. ഞാന്‍ കുട്ടിയായിരിക്കെ പ്രവാചകന്റെ അടുത്ത് ഭക്ഷിക്കാനിരുന്നതായിരുന്നു. എന്റെ കൈ പാത്രം മുഴുവന്‍ പരന്ന് കിടന്നിരുന്നു. അപ്പോള്‍ പ്രവാചകന്‍(സ) എന്നോട് പറഞ്ഞു. മകനെ, ദൈവനാമം ഉച്ചരിക്കുക. വലതു കൈകൊണ്ട് തിന്നുക. നിന്റെ അടുത്തുള്ളത് ഭക്ഷിക്കുക.’ അതിന് ശേഷം എന്റെ ഭക്ഷണശീലം അങ്ങിനെയായിരുന്നു. (ബുഖാരി, മുസ്‌ലിം)

ഭക്ഷണ പാഴാക്കരുത്: ഭക്ഷണം പാഴാക്കുകയോ മുഴുവനും കഴിക്കാതെ പാത്രത്തില്‍ ബാക്കിയാക്കിയിടുകയോ ചെയ്യുന്നത് പ്രവാചകന്‍(സ) ഇഷ്ടപ്പെട്ടിരുന്നില്ല. നിലത്ത് വീണാല്‍ പോലും കഴുകി വൃത്തിയാക്കി ഭക്ഷിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്രകാരം ചെയ്യേണ്ടതാണ്. അനസ് (റ) പറഞ്ഞു. “നിങ്ങള്‍ ഭക്ഷണം പാഴാക്കരുത്. അതില്‍ ഏത് ഭക്ഷണത്തിലാണ് ബര്‍കത്ത്(പുണ്യം) എന്ന് നിങ്ങള്‍ക്ക് അറിയില്ല.”(മുസ്‌ലിം)
ജാബിര്‍ (റ) വില്‍ നിന്ന് നിവേദം. “ആരുടെയെങ്കിലും കയ്യില്‍ നിന്ന് ഒരു ഭക്ഷണ ഉരുള നിലത്ത് വീണാല്‍ അതെടുക്കുക. അതില്‍ എന്തെങ്കിലും അതില്‍ വല്ല മാലിന്യവുമുണ്ടെങ്കില്‍ അത് വൃത്തിയാക്കി ഭക്ഷിക്കുക.” (മുസ്‌ലിം)

അമിതമായി ഭക്ഷിക്കരുത്: ഭക്ഷണം ആവശ്യത്തിലധികം ഭക്ഷിച്ച് ഏമ്പക്കവുമിട്ട് നടക്കുന്നത് നല്ല ശീലമല്ല. പ്രവാചകന്‍ അതും അനിഷ്ടകരമായി കണ്ടു. ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം ചെയ്യുന്നു. “ഒരാള്‍ പ്രവാചകന്റെ അടുത്ത് വന്ന് ഏമ്പക്കമിട്ടു. നിശ്ചയം നിങ്ങളിലധികപേരും  ദുനിയാവില്‍ വയര്‍ നിറക്കുകയും അന്ത്യനാളിലേക്ക് വിശപ്പ് മാറ്റി വെക്കുകയും ചെയ്യുന്നു.” (തിര്‍മുദി)

മറ്റുള്ളവരെ പരിഗണിക്കല്‍: ഭക്ഷണം കഴിക്കുമ്പോഴോ കഴിച്ചു കഴിഞ്ഞാലോ പലപ്പോഴും അതിന് വേണ്ടി അധ്വാനിക്കുന്നവരെ പരിഗണിക്കുകയോ നന്ദി വര്‍ത്തമാനം പറയാനോ പലരും മടികാണിക്കാറുണ്ട്. അവരെ പരിഗണിക്കാതിരിക്കല്‍ ശരിയല്ലെന്നാണ് പ്രവാചകനും നമ്മെ ഉണര്‍ത്തുന്നത്. നബി(സ) പറയുകയുണ്ടായി. നിങ്ങളുടെ ഭൃത്യന്‍ പുകയും പൊടിയും പ്രയാസവും സഹിച്ച് എന്തെങ്കിലും ഭക്ഷണം പാകം ചെയ്തു കൊണ്ടുവന്നാല്‍ നിങ്ങള്‍ അദ്ദേഹത്തെയും കൂടെയിരുത്തുക. ഇനി കൂടെ ഇരുത്തുന്നില്ലെങ്കില്‍ ആ ഭക്ഷണത്തില്‍ ഒന്നോ രണ്ടോ കഷ്ണം അവനു കൊടുക്കുക. (ബൂഖാരി, മുസ്‌ലിം)

ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അതില്‍ തന്റെ അയല്‍പക്കക്കാരെ കൂടി പരിഗണിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം കാണാനമാവും. പ്രവാചകന്‍(സ) പറയുന്നു; നിങ്ങളിലാരെങ്കിലും കറി തയ്യാറുക്കുകയാണെങ്കില്‍ അതില്‍ അല്‍പം വെള്ളമൊഴിച്ച് നീട്ടിയാണെങ്കിലും അയല്‍വാസിയെ പരിഗണിക്കട്ടെ.
ചൂടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ആറുന്നത് വരെ കാത്തിരിക്കാറുണ്ടായിരുന്നു. അതില്‍ ഊതുകയുണ്ടായിരുന്നില്ല. ചൂടുള്ള പാനീയങ്ങള്‍ ഊതിക്കുടിക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്‍ (സ) പറയുന്നു: നിങ്ങളിലാരെങ്കിലും കുടുക്കുമ്പോള്‍ അവന്‍ കോപ്പയിലേക്ക് ഊതരുത്. അത് മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്ന് കുടിക്കട്ടെ. (ബുഖാരി, മുസ്‌ലിം)

ശുചീകരണം: ഭക്ഷണപാത്രം വൃത്തിയാക്കി കഴിക്കുന്നതോടൊപ്പം വിരല്‍ ഊമ്പുന്നതും പ്രവാചകന്റെ ചര്യയില്‍ പെട്ടതായിരുന്നു. അനസ്(റ) പറയുന്നു. നബി(സ) ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ മൂന്ന് തവണ വിരല്‍ ഊമ്പുമായിരുന്നു. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് അറപ്പാവുന്ന തരത്തില്‍ നിര്‍വഹിക്കുന്നത് വെറുക്കുകുയും ചെയ്തിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കൈയും വായും വൃത്തിയാക്കേണ്ടതുണ്ട്. വായില്‍ വെള്ളം കൊണ്ട് കൊപ്ലിക്കുകലും ബ്രഷ് ചെയ്യലും പ്രവാചകന്റെ ചര്യയില്‍ പെട്ടിരുന്നു. ഒരിക്കല്‍ ഖൈബറിലേക്ക് പുറപ്പെട്ടിരിക്കുന്ന വഴിയില്‍ സ്വഹ്ബാഹിലെത്തിയപ്പോള്‍ പ്രവാചകന്‍ ഭക്ഷണത്തിനായി വിളിച്ചു. ഗോതമ്പ് പലഹാരം കൊണ്ടു വന്നു. ഭക്ഷണം കഴിച്ച ശേഷം നമസ്‌കാരത്തിനായി പുറപ്പെട്ടു. പ്രവാചകന്‍ കൊപ്ലിച്ചപ്പോള്‍ ഞങ്ങളും അപ്രകാരം ചെയ്തു. ഭക്ഷണം കഴിച്ചതിന് ശേഷം പല്ല് തേക്കുന്നത് അല്ലാഹുവിന് തൃപ്തിയുള്ള കാര്യമാണ്(അഹ്മദ്, നസാഇ) എന്നും പ്രവാചക വാക്യങ്ങളില്‍ കാണാം.

അല്ലാഹുവിനെ സ്തുതിക്കല്‍: എനിക്ക് യാതൊരു മുടക്കോ അധികാരമോ ഇല്ലാതെ തന്നെ വിഭവങ്ങള്‍ നല്‍കി എന്നെ ഭക്ഷിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും ( അല്‍ഹംദുലില്ലാ) എന്ന് എന്ന് ഭക്ഷണത്തിന് ശേഷം പറയുന്നവര്‍ക്ക് മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുത്തു കൊടുക്കപ്പെടുന്നതാണ്.”എന്ന് പ്രവാചകന്‍ (സ) പറയുകയുണ്ടായി. അബൂദാവൂദ്)

ഭക്ഷണത്തിന് ശേഷം അല്ലാഹുവിനെ സ്തുതിക്കുന്നവരുടെ മേല്‍ അല്ലാഹുവിന്റെ തൃപ്തി രേഖപ്പെടുത്തുന്നതാണ്. അപ്രകാരം തന്നെ കുടിക്കുകയാണെങ്കിലും അല്ലാഹുവിനെ സ്തുതിക്കട്ടെ. പ്രവാചകന്‍ (സ) പറയുകയുണ്ടായി. നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാല്‍ ഇപ്രാകാരം പ്രാര്‍ഥിക്കട്ടെ. “അല്ലാഹുവേ… എന്റെ അന്നത്തില്‍ നിന്റെ അനുഗ്രഹം വര്‍ഷിക്കണേ…നിന്റെ നന്മയില്‍ നിന്നും ഞങ്ങളെ ആസ്വദിക്കണേ.”

വിവ. സുഹൈറലി തിരുവിഴാംകുന്ന്

You may also like