A hundred times every day I remind myself that my inner and outer life depend upon the labors of other men, living and dead, and that I must exert myself in order to give in the measure as I have received and am still receiving
– Albert Einstein
ആത്മീയവും ഭൗതികവുമായ തലത്തില്‍ മനുഷ്യ സമൂഹത്തെ പുരോഗതിയുടെയും വികസനത്തിന്റെയും ക്ഷേമ ഐശ്വര്യത്തിന്റേയും പാതയിലേക്ക് നയിക്കാന്‍ കാലാന്തരങ്ങളായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാര്‍. ദാവൂദ് നബിയും സുലൈമാന്‍ നബിയും യൂസുഫ് നബിയും കണ്ണികളായ ശൃംഖലയിലെ അവസാനത്തെ പ്രവാചകനായിരുന്നു മുഹമ്മദ് നബി (സ). പ്രവാചകത്വ പദവി ലഭിച്ചതിന് ശേഷം മക്കയിലും മദീനയിലുമായി നീണ്ട 23 വര്‍ഷക്കാലം അദ്ദേഹം പ്രവര്‍ത്തനനിരതനായത് മനുഷ്യ സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള വികസനം ലക്ഷ്യംവെച്ച് കൊണ്ടായിരുന്നു.
വികസനം എന്ന വാക്ക് ഏറെ വിവാദമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൗതികമായ ഉപഭോഗത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ജീവിത നിലവാരമാണ് പൊതുവെ ഇന്ന് വികസനം കൊണ്ട് അര്‍ഥമാക്കുന്നത്. മനുഷ്യ ജീവിതത്തിന് ആവശ്യമായ ഭൗതിക സജ്ജീകരണങ്ങളുടെ അനന്തമായ സാധ്യതകള്‍ കണ്ടെത്തി ആര്‍ത്തിപൂണ്ട് അവയുടെ പിന്നാലെ പായുന്നത് ഇന്ന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നു. എന്നാല്‍ കാലത്തിനനുസരിച്ച വികസനം കൂടാതെ മനുഷ്യ സമൂഹത്തിന് മുന്നോട്ട് കുതിക്കുവാനും സാധ്യമല്ല.
മാനവിക വികസനത്തില്‍ മുഹമ്മദ് നബി (സ) നിര്‍വഹിച്ച പങ്ക് എന്തായിരുന്നു? താന്‍ നേതൃത്വം നല്‍കിയ സമൂഹത്തിന് പ്രവാചകന്‍ നല്‍കിയ വികസന മാതൃകകള്‍ ഏതൊക്കെയാണ്? അറബ് ലോകത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വിപ്ലവത്തില്‍ പ്രവാചകന്റെ വികസന മാതൃകയുടെ പ്രസക്തി കൂടുതല്‍ തെളിഞ്ഞുവരികയാണ്.
വികസന പ്രവര്‍ത്തനങ്ങള്‍
സാധാരണക്കാരുടെ ജീവിതാവസ്ഥകള്‍ മെച്ചപ്പെടുത്തുകയാണ് വികസനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ മാനവിക വികസന സൂചികയില്‍ (ഡചഉജ) ഉള്‍പ്പെടുന്ന നാല് സുപ്രധാന മേഖലകളാണ് സാമൂഹികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം. ഈ നാല് മേഖലകളുടെ ഉന്നമനത്തിന് വേണ്ടി പ്രവാചകന്‍ കഠിനാധ്വാനം ചെയ്തിരുന്നു.
പാവപ്പെട്ടവരുടെയും അനാഥകളുടെയും അഭയ കേന്ദ്രമായിരുന്നു മുഹമ്മദ്(സ). അബൂജഹ്ല്! എന്ന ഗോത്ര പ്രമാണി അനാഥയുടെ ഭൂമി അന്യാധീനമായി കൈവശപ്പെടുത്തിയപ്പോള്‍, അത് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജവം കാണിച്ച പ്രവാചകനായിരുന്നു അദ്ദേഹം. ഗോതമ്പ് ചുമലിലേറ്റി പാവപ്പെട്ട സ്ത്രീയെ സഹായിച്ചതും തന്നോട് നിതാന്ത ശത്രുത പുലര്‍ത്തിയ ജൂത പെണ്‍കുട്ടി രോഗിണിയായി കിടന്നപ്പോള്‍ അവരെ സന്ദര്‍ശിച്ചതും സാമൂഹിക സേവനത്തിന്റെ നല്ല മാതൃകകളായി കണക്കാക്കാം. തിന്മയെ നന്മ കൊണ്ട് നേരിട്ടതിന്റെയും അന്യമതസ്ഥരുമായുള്ള സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെയും ഉദാത്ത മാതൃകകളാണ് നാം ഇവിടെ കാണുന്നത്.
മക്കയിലെ പ്രബോധന കാലയളവില്‍ ഇത്തരത്തിലുള്ള നിരവധി സാമൂഹ്യ സേവനങ്ങള്‍ നിര്‍വഹിച്ചിരുന്ന പ്രവാചകന്‍ മദീനയിലെ ഭരണസാരഥിയായപ്പോള്‍ വികസന പ്രവര്‍ത്തനങ്ങളുടെ പുതിയ മേഖലകള്‍ കണ്ടെത്തുകയാണുണ്ടായത്. മക്കയില്‍ നിന്ന് പലായനം ചെയ്ത് മദീനയില്‍ എത്തിയ നിമിഷം മുതല്‍ മരണം വരെയും വിശ്രമമന്യേ അദ്ദേഹം കര്‍മ്മ നിരതനായി.
മദീനയില്‍ ആദ്യമായി ചെയ്ത മഹത് കൃത്യം ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനും സാമൂഹികമായ ഒത്ത് ചേരലിനും വേണ്ടി പള്ളി നിര്‍മിക്കുകയായിരുന്നു. വിജ്ഞാന പരിപോഷണത്തിന്റെ ഭാഗമായി അക്കാലത്ത് മദീന എന്ന കൊച്ചു നഗരത്തില്‍ ഒമ്പത് പാഠശാലകള്‍ സ്ഥാപിച്ചു. ആ ജനതയുടെ വിദ്യാഭ്യാസ വികസനത്തില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം ചെലുത്തിയ സ്വാധീനം അപാരമായിരുന്നു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സക്കാത്ത് ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. യാചകന്മാര്‍ക്ക് സ്വയം തൊഴിലിനുള്ള വഴി കാണിച്ചുകൊടുത്തു. യാചിക്കാന്‍ വന്ന ഒരാളോട് വീട്ടിലുള്ള സാധനങ്ങള്‍ വിറ്റ് വിറക് വെട്ടി ജോലി ചെയ്ത് ഉപജീവനം നേടാന്‍ ഉപദേശിച്ചു. തരിശ് ഭൂമി കൃഷി ചെയ്താല്‍ അതിന്റെ ഉടമാവകാശം കര്‍ഷകനാണെന്ന് നബി (സ) പ്രഖ്യാപിച്ചത് ഭൂപരിഷ്‌കരണ നിയമങ്ങളുടെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ചുങ്കം പിരിക്കാനുള്ള പഴയകാല ചൗകികള്‍ പ്രവാചകന്‍ എടുത്ത് കളഞ്ഞത് വ്യവസായവാണിജ്യ രംഗത്തെ സജീവമാക്കാന്‍ സഹായകമായി.
ബദ്ര്! യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ട 70 തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവാചകന്‍ ആവശ്യപ്പെട്ടത് ഓരോ തടവുകാരനും പത്ത് മുസ്‌ലിം കുട്ടികളെ വീതം എഴുത്തും വായനയും പഠിപ്പിച്ചാല്‍ അയാളെ സ്വതന്ത്രനാക്കാം എന്നായിരുന്നു. തടവുകാരുടെ ചരിത്രത്തില്‍ അതിന് മുമ്പോ ശേഷമോ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കാന്‍ ഇടയില്ല. അധ്യാപകര്‍ അമുസ്‌ലിംകളും വിദ്യാര്‍ഥികള്‍ എല്ലാവരും മുസ്‌ലിംകളുമായ ആദ്യ പാഠശാലയും ഇതാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വേണ്ടി വ്യത്യസ്ത വിഭാഗങ്ങളുമായി പ്രവാചകന്‍ ഉടമ്പടിയുണ്ടാക്കി. രാഷ്ട്രീയ ശാക്തീകരണത്തിന് സാമൂഹ്യ സഹവര്‍ത്തിത്വം കൂടിയേ തീരൂ എന്ന് അദ്ദേഹം മനസ്സിലാക്കി. കരാര്‍ ലംഘകരെയും രാജ്യത്തെ ആക്രമിക്കാന്‍ വന്ന ശത്രുക്കളെയും തുല്യ നാണയത്തില്‍ തിരിച്ചടിച്ചു.
രീതി ശാസ്ത്രം
വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും സാധാരണക്കാരെയും കൈയേറ്റം ചെയ്യുന്ന പ്രവണത ജനാധിപത്യ രാജ്യങ്ങളില്‍ പോലും വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. പ്രകൃതിയുടെ മൗലിക ഘടനക്ക് മാറ്റം വരാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ പ്രവാചകന്‍ അനുവദിച്ചിട്ടുള്ളൂ. ഏത് കുതന്ത്രങ്ങള്‍ പോലും അനുവദനീയമാവാറുള്ള യുദ്ധത്തില്‍ പ്രകൃതിക്ക് പോറല്‍ ഏല്‍പ്പിക്കുന്നത് അദ്ദേഹം കര്‍ശനമായി തടഞ്ഞു. പക്ഷികളുടെ ആവാസ വ്യവസ്ഥയെ അങ്ങാടി പിള്ളേര്‍ തകര്‍ത്തപ്പോള്‍ അതിന് എതിരെ അദ്ദേഹം താക്കീത് നല്‍കി. ഇന്ന് വികസനത്തിന്റെ പേരില്‍ ഏറ്റവും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാവുന്നത് പര്‍വ്വതങ്ങളാണ്. മലകളോട് എന്തെന്നില്ലാത്ത അനുരാഗം പ്രകടിപ്പിച്ചിരുന്നു പ്രവാചകന്‍.
സേവകനായ ജനനായകന്‍
ഒരുകാലത്ത് കാടുകളും പൊന്തകളും നിറഞ്ഞ ശുചിത്വമില്ലാത്ത പ്രദേശമായിരുന്നു മദീന. ഇത് കാരണം മക്കയില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവര്‍ രോഗബാധിതരായി. പ്രവാചകന്‍ അതിനെ വൃത്തിയുള്ള നഗരമാക്കി മാറ്റാന്‍ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു.
മദീനയിലെ വെള്ളക്ഷാമം പരിഹരിക്കാന്‍ നബിയുടെ സ്വന്തം മേല്‍ നോട്ടത്തില്‍ 50 ല്‍ പരം കിണറുകള്‍ കുഴിച്ചു. കിണറുകള്‍ കുഴിച്ച് ദാനം ചെയ്യാന്‍ അനുയായികളെ പ്രേരിപ്പിച്ചു. അങ്ങനെയാണ് അനുചരന്മാരായ ഉസ്മാന്റെ കിണറും അലിയുടെ കിണറുമൊക്കെ ഉണ്ടാവുന്നത്.
ഒരു രാഷ്ട്രനേതാവെന്ന നിലയില്‍ ശിഥിലമായ അറേബ്യയെ ശക്തവും ഭദ്രവുമായ നിലയില്‍ അദ്ദേഹം ഏകീകരിച്ചു. പരസ്പരം കലഹിച്ചിരുന്ന ഔസ്ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ സാഹോദര്യ ബന്ധം സ്ഥാപിച്ചു. മക്കയില്‍ നിന്ന് വന്ന മുഹാജിര്‍ വിഭാഗത്തേയും മദീനയിലെ സ്വദേശികളായ അന്‍സാറുകളെയും സാഹോദര്യത്തിന്റെ കണ്ണികളില്‍ കോര്‍ത്തിണക്കി. വിവിധ മത വിഭാഗങ്ങളെ രമ്യതയിലും ഐക്യത്തിലും വിളക്കിച്ചേര്‍ത്തു. ഹുദൈബിയാ സന്ധിയും അഖ്ബാ ഉടമ്പടിയും പ്രവാചകന്റെ എക്കാലത്തേയും മികവാര്‍ന്ന ദീര്‍ഘകാല നയതന്ത്രജഞതയുടെ നിദര്‍ശനമായി നിലകൊള്ളുന്നു.
ഒരു രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തില്‍ അവിടത്തെ മാനവിക വികസനം നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. നല്ലൊരു ജീവിതം നയിക്കാനുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ അഭിലാഷം അത് വിദ്യാഭ്യാസപരമായാലും സാമ്പത്തികമായാലും സാമൂഹ്യമായാലും രാഷ്ട്രീയമായാലും സാക്ഷാല്‍കരിക്കാന്‍ പ്രവാചകന്റെ വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധ്യമായി. ഇതൊന്നും ആത്മീയ പുരോഗതിക്ക് പ്രതിബന്ധമായി അദ്ദേഹം കണക്കാക്കിയില്ല.
ലേഖനം