ലേഖനം

പെരുന്നാളുകള്‍ക്ക് നല്‍കാത്ത പ്രാധാന്യം നബിദിനത്തിന് നല്‍കേണ്ടതുണ്ടോ?

Spread the love

ഇസ്‌ലാം പഠിപ്പിച്ച രണ്ട് ആഘോഷങ്ങളായ ഈദുല്‍ ഫിത്വ്‌റിനേക്കാളും ഈദുല്‍ അദ്ഹയേക്കാളും പ്രാധാന്യമുള്ള ഒന്നാണ് നബി ദിനം എന്നു ധരിപ്പിക്കുന്നതാണ് അതിന് വേണ്ടി നടത്തപ്പെടുന്ന ഒരുക്കങ്ങള്‍. പള്ളികളും മദ്രസകളും അതിന് വേണ്ടി പ്രത്യേക തോരണങ്ങളും ലൈറ്റുകളും വെച്ചു പിടിപ്പിച്ച് അലങ്കരിക്കുകയും നാടാകെ ഒരു മഹാമാമാങ്കത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി ഉയര്‍ത്തുകയും ചെയ്യുന്നു. പെരുന്നാളുകളേക്കാള്‍ ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമായത് നബിദിമാണെന്ന് ഇതെല്ലാം കാണുന്ന ഒരു സാധാരണക്കാരന്‍ മനസിലാക്കുന്നത് സ്വാഭാവികം മാത്രമാണ്.

വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ പ്രത്യേക പ്രാധാന്യം ഒന്നും തന്നെ കല്‍പ്പിക്കാത്ത മാസമാണ് റബീഉല്‍ അവ്വല്‍. ഖുര്‍ആന്‍ വിശുദ്ധമാസങ്ങളായി എണ്ണിയിരിക്കുന്ന നാല് മാസങ്ങളുടെ കൂട്ടത്തില്‍ റബീഉല്‍ അവ്വലിനെ നമുക്ക് കാണാനാവില്ല. പിന്നെ ഈ മാസത്തിന് മറ്റു മാസങ്ങള്‍ക്കില്ലാത്ത എന്ത് സവിശേഷതയാണുള്ളത്. നബി(സ) ജനിച്ചത് ഈ മാസത്തിലാണ്, അതുകൊണ്ട് നബി(സ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിന് ഞങ്ങളത് ആഘോഷിക്കുന്നു. നബി(സ)യെ സ്‌നേഹിക്കുന്നവര്‍ക്കാണ് പരലോകത്ത് നബി(സ)യുടെ ശഫാഅത്ത് കിട്ടുകയുള്ളൂ എന്നതാണ് ആഘോഷിക്കുന്നവരുടെ ന്യായം. എന്നാല്‍ തന്റെ ജന്മദിനം ആഘോഷിക്കാന്‍ നബി(സ) നമ്മോട് കല്‍പ്പിച്ചിട്ടില്ല. മുഹമ്മദ് നബി(സ)ക്ക് മുമ്പ് വേറെയും നിരവധി നബിമാര്‍ വന്നിരുന്നു അവര്‍ ആരുടെയും ജന്മദിനം ആഘോഷിച്ചു കൊണ്ട് നബി(സ) നമുക്ക് മാതൃകയും കാണിച്ചിട്ടില്ല.

പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ അത് ആഘോഷിക്കുന്നുവെന്നാണെങ്കില്‍ അത് നബിതിരുമേനിയുടെ കുടുംബം അതില്‍ മാതൃക കാണിക്കേണ്ടിയിരുന്നു. പ്രവാചക പത്‌നിമാര്‍ ആരും തന്നെ നബിയുടെ ജന്മദിനം ആഘോഷിച്ചതിന് തെളിവുകള്‍ ലഭ്യമല്ല. നബി(സ)യെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിച്ചിരുന്ന സഹാബിമാരും നബി തിരുമേനിയുടെ ജന്മദിനം ആഘോഷിച്ചതിന് തെളിവില്ല. മുസ്‌ലിം ലോകം അംഗീകരിക്കുന്ന നാല് പ്രമുഖ മദ്ഹബുകളും ഇമാമുമാരും നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടമായിരുന്ന സഹാബിമാരുടെയും താബിഈകളുടെയും താബിഇത്താബിഉകളുടെയും കാലത്ത് ഇല്ലാത്ത ഒരു സമ്പ്രദായമായിരുന്നു ഇതെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.

ഇസ്‌ലാമിക പ്രമാണങ്ങളുടെ യാതൊരുപിന്‍ബലവും ഇല്ലാത്ത ഒരു കാര്യത്തിന് ഇസ്‌ലാമിന്റെ സ്വന്തം ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം ഇന്ന് കൈവന്നിരിക്കുന്നു. ഇസ്‌ലാം പഠിപ്പിച്ച ആഘോഷങ്ങളായ രണ്ടു പെരുന്നാളുകള്‍ക്കും അലങ്കരിക്കാത്ത മസ്ജിദുകളും മദ്രസകളും തെരുവുകള്‍ പോലും ഇതിനായി അലങ്കരിക്കപ്പെടുന്നു. ആളുകള്‍ അനര്‍ഹമായ ഒരു സംഗതിക്ക് പ്രാധാന്യം നല്‍കുമ്പോള്‍ അര്‍ഹമായ പലതിനും ലഭിക്കേണ്ട പ്രാധാന്യം കുറയുന്നു എന്ന വസ്തുതയാണിത് വ്യക്തമാക്കുന്നത്. ഇത്തരം ആഘോഷങ്ങളുടെയും സമ്പ്രദായങ്ങളുടെയും എക്കാലത്തെയും ഗുണഭോക്താക്കള്‍ പുരോഹിത വിഭാഗമാണെന്നും നമുക്ക് കാണാവുന്നതാണ്. അവരുടെ താല്‍പര്യങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍ക്ക് പ്രചാരണവും പ്രശസ്തിയും നല്‍കുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന കാലത്ത് മാത്രമേ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ.

You may also like