ലേഖനം

നവോത്ഥാനം: പ്രവാചകവചനത്തില്‍

Spread the love

അബൂ ഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ‘ഓരോ നൂറ്റാണ്ടിന്റെയും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഈ ഉമ്മത്തിന്റെ ദീനില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ അല്ലാഹു നിയോഗിക്കുക തന്നെ ചെയ്യും'(അബൂദാവൂദ്).
പ്രവാചകന്റെ ഈ വാഗ്ദാനം സാക്ഷാല്‍ക്കരിക്കല്‍ ഏറ്റവും അനിവാര്യമായ ഘട്ടത്തിലൂടെയാണ് ഇസ്‌ലാമിക സമൂഹം കടന്നു പോകുന്നത്. അതിനാല്‍ തന്നെ നവോത്ഥാന നായകന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍, പ്രസ്തുത നവോത്ഥാനത്തിന്റെ വിശേഷണങ്ങള്‍ എന്നിവ നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്.

ഹദീസിലെ പ്രതിപാദ്യ വിഷയങ്ങള്‍.
ഇമാം അബൂദാവൂദ് തന്റെ സുനനില്‍ കിതാബുല്‍ മലാഹിം എന്ന അധ്യായത്തിലാണ് പ്രസ്തുത ഹദീസ് വിവരിക്കുന്നത്. ഭാവിയില്‍ മുസ്‌ലിങ്ങളും ശത്രുക്കളുമായി ഉണ്ടാകുന്ന യുദ്ധപോരാട്ടങ്ങള്‍, തുര്‍ക്കികള്‍ റോമക്കാര്‍ ജൂതന്മാര്‍ തുടങ്ങിയവരുമായുള്ള യുദ്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഈ ഹദീസും വിവരിച്ചിട്ടുള്ളത്. അതിനെക്കുറിച്ച് ഇമാം അബൂദാവൂദ് രസകരമായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
1. ഇസ്‌ലാമിക നവോത്ഥാന നായകന്‍ കാലഘട്ടങ്ങളില്‍ ഇസ്‌ലാം അഭിമുഖീകരിക്കുന്ന യുദ്ധങ്ങള്‍ പോലുള്ള സുപ്രധാന വിഷയങ്ങളില്‍ നിന്നകന്ന് നിന്ന് ദന്തഗോപുരത്തില്‍ നിന്നും ഫത്‌വ പുറപ്പെടുവിക്കുന്നയാളല്ല.
2. ദീനിനെ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ പരാജയപ്പെടുത്തലും ദീനിന്റെ വിജയത്തിന് വേണ്ടി പരിശ്രമിക്കലും തജ്ദീദി പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണ്. മാത്രമല്ല എല്ലാ പോരാട്ടങ്ങളുടെയും ഒടുവില്‍ ദീനിന്റെ വിജയത്തെക്കുറിച്ച ശുഭവാര്‍ത്തയുമാണ് പ്രസ്തുത ഹദീസ് സൂചിപ്പിക്കുന്നത്.
3. ദീനിനെ വികൃതമാക്കലും നശിപ്പിക്കലുമാണ് പ്രസ്തുത യുദ്ധങ്ങളുടെ ലക്ഷ്യം. ശത്രുക്കളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വികൃതമാക്കപ്പെട്ടതും മാഞ്ഞുപോയതുമായുമായ ഇസ്‌ലാമിന്റെ മുഖങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നത് നവോത്ഥാനത്തിന്റെ ഭാഗമാണ്.
4. തജ്ദീദി പ്രവര്‍ത്തനങ്ങള്‍ എന്നത് വലിയ ജിഹാദാണ്. ഇസ്‌ലാമില്‍ കടന്നു കൂടിയ പുത്തനാചാരങ്ങളെ ഇല്ലായ്മ ചെയ്യലും നഷ്ടപ്പെട്ടുപോയവയെ പുനരുജ്ജീവിപ്പിക്കലും ശത്രുക്കളെ പ്രകോപിപ്പിക്കുന്നതാണ്. ആയുധങ്ങളുപയോഗിച്ചുള്ള യുദ്ധം പോലെ തന്നെ പ്രധാനമാണ് ബൗദ്ധികമായ പോരാട്ടങ്ങളും.
5. ഫിത്‌നയുടെയും പോരാട്ടങ്ങളുടെയും കാലഘട്ടത്തിലാണ് ഇസ്‌ലാമിക സമൂഹത്തില്‍ മുജദ്ദിദ് അനിവാര്യമായും ഉണ്ടാവേണ്ടത്. ഉമ്മത്തിനെ വീഴ്ചകളില്‍ നിന്നും രക്ഷപ്പെടുത്തി ഇസ്‌ലാമിന്റെ നവോത്ഥാനത്തിന് വഴിയൊരുക്കുക എന്നതാണ് മുജദ്ദിദിന്റെ ഉത്തരവാദിത്തം.
ഹദീസ് ലക്ഷ്യമാക്കുന്നത്.
മുസ്‌ലിം സമൂഹത്തില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് ഈ ഹദീസ് ലക്ഷ്യമാക്കുന്നത്. ഈ ദീന്‍ ഭൂമുഖത്ത് നിന്നും നിലച്ചുപോകില്ലെന്നും ചരിത്രത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ മുജദ്ദിദുമാരെ ഇറക്കി ഈ ഉമ്മത്തിന് ശക്തിപകരുമെന്നാണ് സാരം. പ്രവാചകന്റെ നിര്യാണത്തോടെ ഈ ഉമ്മത്തിന് ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിയേണ്ടിവരില്ല. ഉറക്കത്തില്‍ നിന്ന് സമൂഹത്തിനെ വിളിച്ചുണര്‍ത്താനും ഭിന്നിപ്പില്‍ നിന്ന് ഏകീകരിപ്പിക്കാനും പരാജയത്തില്‍ നിന്ന് വിജയം നല്‍കാനും അതിക്രമങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നല്‍കാനുമായി ഈ ഉമ്മത്തിലേക്ക് നവോത്ഥാന നായകരെ അയക്കാനാണ് അല്ലാഹു തീരുമാനിച്ചിരിക്കുന്നത്. ഇസ്‌ലാമിക വിജയത്തെക്കുറിച്ച പ്രതീക്ഷയറ്റ് നിരാശരും അന്തര്‍മുഖരുമായി കഴിഞ്ഞുകൂടുന്നവര്‍ക്ക് സ്വാന്തനമാണ് ഈ വചനം. നിരാശയുടെ മലീമസമായ അടിവേരുകളറുത്തുമാറ്റുക എന്നതും അനിവാര്യമാണ്. സൂറതു യൂസുഫിലൂടെ അല്ലാഹു വിവരിക്കുന്നു. ‘എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല’.
യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക വിജയത്തെക്കുറിച്ച സന്തോഷവാര്‍ത്ത അറിയിക്കുന്നതും ഭൂമിയില്‍ ഇസ്‌ലാമിന്റെ ആധിപത്യത്തെ കുറിക്കുന്നതുമായ നിരവധി പ്രവാചക വചനങ്ങള്‍ കാണാം. ലക്ഷ്യത്തില്‍ മുജദ്ദിദിന്റെ ആഗമനത്തെ പറ്റി വിവരിക്കുന്ന ഹദീസും ഇവയും ലക്ഷ്യത്തില്‍ തുല്യമാണ്. അത്തരത്തിലുള്ള ശ്രദ്ദേയമായ ചില ഹദീസുകള്‍ ചുവടെ വിവരിക്കുന്നു.
1. എളുപ്പം, ഉയര്‍ച്ച, ദീനിന്റെ ഔന്നിത്യം, രാഷ്ട്രങ്ങളിലെ ആധിപത്യം, വിജയം എന്നിവയെ കുറിച്ച് ഉമ്മത്തിന് സന്തോഷ വാര്‍ത്ത അറിയിക്കുക. പരലോകത്തിന് പകരമായി ഇഹലോകം ലക്ഷ്യമാക്കി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ പരലോകത്ത് അവന് ഒരു വിഹിതവും ഉണ്ടാവുകയില്ല.(അഹ്മദ്)
2. എന്റെ ഉമ്മത്തിന്റെ ഉപമ ഒരു മഴ പോലെയാണ്. നന്മ അതിന്റെ പ്രാരംഭത്തിലോ അവസാനത്തിലോ എന്നറിയില്ല.(അഹ്മദ്)
3. രാവും പകലും എത്തിച്ചേര്‍ന്ന എല്ലാ ഇടങ്ങളിലും ഈ സത്യസന്ദേശം എത്തുക തന്നെ ചെയ്യും. അല്ലാഹുവിന്റെ ദീന്‍ എത്തിച്ചേരാത്ത ഒരു കൊച്ചുകൂരയും അവശേഷിക്കുകയില്ല. നിഷേധത്തെ നിന്ദിക്കുകയും ഇസ്‌ലാമിനെ ശക്തിപ്പെടുത്തുകയും ചെയ്യും.(അബൂദാവൂദ്)
4. അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം നുബുവ്വത്ത് നിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കും. പിന്നെ നുബുവ്വത്തിനെ അല്ലാഹു ഉയര്‍ത്തും. നുബുവ്വത്തിന്റെ മാതൃകയില്‍ പിന്നീട് ഖിലാഫത്തിനെ സ്ഥാപിക്കും. അല്ലാഹു ഉദ്ദേശിച്ച കാലത്തോളം അവ നിലനില്‍ക്കുകയും പിന്നീട് അവ ഉയര്‍ത്തുകയും ചെയ്യും. പിന്നീട് അധികാര ഭ്രമത്തരായ രാജാക്കന്മാരെ നിങ്ങള്‍ക്കിടയില്‍ കൊണ്ടുവരും. അവന്‍ ഉദ്ദേശിക്കുന്ന കാലത്തോളം അവ നിലനിര്‍ത്തുകയും പിന്നീട് ഉയര്‍ത്തുകയും ചെയ്യും. പിന്നീട് സേഛ്വാധിപതിയായ ഭരണാധികാരികള്‍ രംഗത്തുവരും. അവന്‍ ഉദ്ദേശിക്കുന്നിടത്തോളം കാലം അവ നിലനില്‍ക്കുകയും പിന്നീടവ എടുത്തുമാറ്റുകയും ചെയ്യും. പിന്നീട് നുബുവ്വത്തിന്റെ മാതൃകയില്‍ ഖിലാഫത്ത് രംഗത്തുവരും. പിന്നീട് പ്രവാചകന്‍(സ) മൗനം ദീക്ഷിച്ചു.(അഹ്മദ്)
5. അല്ലാഹു എനിക്ക് ഭൂമിയെ ചുരുട്ടിത്തന്നു. അപ്പോഴതിന്റെ കിഴക്കും പടിഞ്ഞാറും ഞാന്‍ ദര്‍ശിച്ചു. എനിക്ക് ചുരുട്ടിത്തന്ന അത്രയും ഭാഗം ഈ ഉമ്മത്തിന്റെ ഭരണം എത്തുക തന്നെ ചെയ്യും.(അബൂദാവൂദ്)
ചുരുക്കത്തില്‍ പ്രസ്തുത ഹദീസുകള്‍ പ്രവാചകന്‍(സ)യുടെ വിജയത്തെക്കുറിച്ച സുവാര്‍ത്തകളില്‍ പെട്ടതാണ്. അല്ലാഹുവിന്റെ അടിമകളുടെ വിജയത്തെക്കുറിച്ച സുവാര്‍ത്ത മുസ്‌ലിമിന് ഊര്‍ജ്ജവും ശക്തിയും പകര്‍ന്നു നല്‍കും. ദൈവിക സരണിയില്‍ സമര്‍പ്പണത്തിനും ജിഹാദിനുമുള്ള ശക്തമായ പ്രേരണയും പ്രതീക്ഷയും ഇവ പകര്‍ന്നു നല്‍കുന്നതാണ്.

ഹദീസ് വിശേഷം
1. ഈ ഹദീസിലെ പ്രഥമ വാചകം അല്ലാഹു നിയോഗിക്കും എന്നതാണ്. ഇത് ശ്രോദ്ധാവിന്റെ മനസ്സില്‍ പ്രഥമദൃഷ്ട്യാ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും കിരണങ്ങള്‍ ഉദിച്ചുയരും. ബഅഥ് എന്ന പദം പുനരുത്ഥാനത്തിന്റെയും നവോത്ഥാനത്തിന്റെയും ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ അല്ലാഹു അവന്റെ ഉമ്മത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ നിയോഗിക്കും എന്നതിനെ സൂചിപ്പിക്കുന്നതാണ്. മുജദ്ദിദുകള്‍ പ്രവാചകന്മാര്‍ക്ക് ശേഷമുള്ള അല്ലാഹുവിന്റെ ദൂതന്മാരാണ്.
2. ‘ലി ഹാദിഹില്‍ ഉമ്മ’ എന്ന പദം ഇസ്‌ലാമിക നവോത്ഥാനം ലക്ഷ്യം വെക്കുന്നത് ഈ സമൂഹത്തിന്റെ സാമ്പത്തികവും ചിന്താപരവും രാഷ്ട്രീയവും സംസ്‌കരണവുമായ സമഗ്രമായ പരിഷ്‌കരണമാണ്. അപ്രകാരം തന്നെ മുജദ്ദിദ് സ്വതാല്‍പര്യത്തിന് വേണ്ടി ജീവിക്കുന്നവനല്ല. അല്ലെങ്കില്‍ ഉമ്മത്തില്‍ നിന്ന് മാറി നിന്ന് പുസ്തകങ്ങളുടെ തടവറയില്‍ കഴിയുന്നവനല്ല.
3.’അലാ റഅ്‌സി കുല്ലി മിഅതി സനതിന്‍’ എന്ന പദം വിശകലനം ചെയ്യേണ്ടതുണ്ട്. ഏതൊരു കാര്യത്തിന്റെയും റഅ്‌സ് എന്നത് അതിന്റെ ഉയര്‍ന്ന തലമാണ്. റഅ്‌സുശ്ശഹ്ര്‍ എന്നാല്‍ മാസത്തിന്റെ തുടക്കം എന്നും റഅ്‌സുല്‍ മാല്‍ എന്നാല്‍ മൂലധനം എന്നുമാണ് അര്‍ഥമാക്കുന്നത്. വര്‍ഷാരംഭം എന്നത് ഹിജ്‌റയെ ആസ്പദമാക്കിയാണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഡോ. യൂസുഫുല്‍ ഖറദാവി അഭിപ്രായപ്പെടുന്നു. ‘മുജദ്ദിദിനെ കുറിക്കുന്ന ഹദീസില്‍ ഹിജ്‌റയെ ആണ് അടിസ്ഥാന വര്‍ഷമായി പരിഗണനീയമായിട്ടുള്ളത്. ഉമര്‍(റ) വിന്റെ കാലഘട്ടം മുതല്‍ മുസ്‌ലിങ്ങള്‍ ഇതിനെയാണ് അടിസ്ഥാനമായി പരിഗണിച്ചത്. ചിലര്‍ വര്‍ഷത്തിന്റെ തുടക്കത്തിലാണെന്നും മറ്റു ചിലര്‍ വര്‍ഷാവസനത്തിലാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് തെളിവായി കഴിഞ്ഞ നൂറ്റാണ്ടുകളിലെ നവോത്ഥാന നായകന്മാരുടെയും പ്രമുഖരുടെയും മരണവര്‍ഷം ഉദ്ധരിക്കുന്നുണ്ട്.
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്.(മരണം:ഹി 101), ഇമാം ശാഫി (മരണം:ഹി 204), ഇബ്ന്‍ സരീജ് (മരണം:ഹി 306), ബാഖില്ലാനി (മരണം:403), ഇമാം ഗസ്സാലി (മരണം:ഹി 505), ഇമാം റാസി (മരണം:ഹി 606), ഇബ്‌നു ദഖീഖുല്‍ ഈദ് (മരണം: ഹിജ്‌റ 703), ഇറാഖ് (മരണം: ഹിജ്‌റ 808)……പക്ഷെ ഇമാം ഇബ്‌നു തൈമിയ്യയെ പോലുള്ള ഇസ്‌ലാമിക ചിന്താ മണ്ഡലത്തിലും നവോത്ഥാന രംഗത്തും വലിയ സംഭാവനകളര്‍പ്പിച്ചവരെ അവരുടെ മരണം ഹിജ്‌റ 728 ല്‍ ആയി എന്ന കാരണത്താല്‍ മുജദ്ദിദുകളുടെ കൂട്ടത്തില്‍ അവര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
യഥാര്‍ഥത്തില്‍ നബി(സ) മുജദ്ദിദിനെ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മരിപ്പിക്കും എന്നല്ല, നിയോഗിക്കും എന്നാണ് പറഞ്ഞത്. ഇതിന്റെ അര്‍ഥം മുജദ്ദിദിന്റെ ഉത്തരവാദിത്തം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആരംഭിക്കുക എന്നാണ്. പ്രവാചകന്മാരുടെയെല്ലാം ദൗത്യം ആരംഭിക്കുന്നത് അവരെ അതിന് നിയോഗിക്കപ്പെട്ടതു മുതലാണല്ലോ. വാസ്തവത്തില്‍ മുജദ്ദിദ് നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനിക്കുകയോ മരിക്കുകയോ ചെയ്യണമെന്നില്ല. സമൂഹത്തില്‍ മുജദ്ദിദിന്റെ അനിവാര്യത ഉടലെടുക്കുന്ന സന്ദര്‍ഭത്തിലാണ് അല്ലാഹു അവരെ നിയോഗിക്കുക. അത് വര്‍ഷത്തിന്റെയോ നൂറ്റാണ്ടിന്റെയോ ഏത് സന്ദര്‍ഭത്തിലുമാകാവുന്നതാണ്. അല്ലാഹു ഇഛിക്കുന്നവര്‍ക്കാണ് ആ അനുഗ്രഹം പ്രദാനം ചെയ്യുക.
4. ‘മന്‍ യുജദ്ദിദ് ലഹാ ദീനഹാ’ എന്നതാണ് അടുത്ത പദം. മുജദ്ദിദിന്റെ ദീന്‍ കൊണ്ടര്‍ത്ഥമാക്കുന്നത് ജനങ്ങള്‍ക്കിടയിലുള്ള ദീന്‍ ആണ്, മറിച്ച് അല്ലാഹു അവതരിപ്പിച്ച തനിമയാര്‍ന്ന ദീനല്ല. അതിനാലാണ് യുജദ്ദിദ് ലഹാ ദീനഹാ എന്ന് പ്രയോഗിച്ചത്. ദീനിനെ ഉമ്മത്തിലേക്ക് ചേര്‍ത്താണ് പറഞ്ഞിട്ടുള്ളത്. മുജദ്ദിദിന്റെ ലക്ഷ്യം എന്നത് അല്ലാഹുവില്‍ നിന്നവതീര്‍ണമായ യഥാര്‍ഥ ദീന്‍ അനുസരിച്ച് ജനങ്ങളുടെ സങ്കല്‍പത്തിലുള്ള ദീനിനെയും വിശ്വാസാദര്‍ശങ്ങളെയും പരിഷ്‌കരിക്കുക എന്നതാണ്.
‘മന്‍’ എന്ന പദം വ്യക്തിയെയോ സംഘടനകളെയോ പ്രതിനിധീകരിക്കുന്നത് എന്നതാണ് മറ്റൊരു ചര്‍ച്ച. നവോത്ഥാന പ്രക്രിയ ചിലപ്പോള്‍ ഒരു വ്യക്തിയിലൂടെയായിരിക്കും നിര്‍വ്വഹിക്കപ്പെടുക, ചിലപ്പോള്‍ സംഘങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയുമായിരിക്കും നിര്‍വ്വഹിക്കപ്പെടുക. രാഷ്ട്രീയ ഫിഖ്ഹിലോ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലോ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി അല്ലാഹു ചില വ്യക്തികളെ നിയോഗിച്ചേക്കാം. തര്‍ബിയ്യ മേഖലയിലുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്ഥാനങ്ങളെ നിയോഗിച്ചേക്കാം. സുന്നത്തിനെ ശുദ്ധീകരിക്കുന്ന നവോത്ഥാന സംരംഭങ്ങളെ അല്ലാഹു നിയോഗിച്ചേക്കാം. ഈ ഉമ്മത്തില്‍ സമ്പൂര്‍ണ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ വളരെ അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

You may also like