ലേഖനം

നബിദിനാഘോഷത്തിന്റെ ചരിത്രം

Spread the love

നബിദിനാഘോഷം പണ്ടുകാലം മുതല്‍ക്കേ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നുപോരുന്ന ഒരാചാരമാണ്. ‘മൗലൂദ് ശരീഫ്’ എന്ന പേരിലാണ് മുമ്പ് അതറിയപ്പെട്ടിരുന്നത്. പിന്നീടത് മിലാദ് ശരീഫും മിലാദുന്നബിയുമൊക്കെയായി. മിക്കവാറും എല്ലാ പ്രദേശങ്ങളിലും എല്ലാ വിഭാഗങ്ങളിലും അതാഘോഷിക്കപ്പെടുന്നുണ്ട്. നബിദിനത്തില്‍ ആളുകള്‍ ഒരിടത്ത് സമ്മേളിക്കുന്നു. അവിടെ മൗലൂദ് കിതാബിലെ ഗദ്യവും പദ്യവും പ്രത്യേക ഈണത്തില്‍ പാരായണം ചെയ്യപ്പെടുന്നു. പിന്നീട് എഴുന്നേറ്റുനിന്ന് നബി(സ)ക്ക് അഭിവാദ്യഗീതം പാടുന്നു. മധുരപലഹാര വിതരണത്തോടെ സദസ്സ് പിരിയുന്നു. മൗലാനാ ഗുലാം ഇമാം ശഹീദി പത്തൊമ്പതാം നൂറ്റാണ്ടിലെഴുതിയ മൗലൂദ് ശഹീദിയാണ് ഏറ്റവും പഴക്കമുള്ള മൗലൂദ് കിതാബ്. അതിനുശേഷം വേറെയും രചിക്കപ്പെടുകയുണ്ടായി. അക്ബര്‍ വാരിസീ മീറത്തി എഴുതിയ മൗലൂദ് അക്ബരിയാണ് ഇക്കാലത്ത് ഏറെ സ്വീകരിക്കപ്പെടുന്നത്.

ജയന്തി ആഘോഷം -ഇസ്‌ലാമിനു മുമ്പ്
ജന്മദിനാഘോഷം വളരെ മുമ്പുതന്നെ ഇസ്‌ലാമികലോകത്ത് നിലവിലുണ്ട്. ലോകചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ ആചാരം എത്രയോ പുരാതനമാണെന്നു കാണാം. പഴയ ബഹുദൈവ മതങ്ങളില്‍ അതുണ്ടായിരുന്നു. ബഹുദദൈവവിശ്വാസികള്‍ അവതാരങ്ങളെയും മഹാപുരുഷന്മാരെയും ദൈവത്തിന്റെ പ്രത്യക്ഷ രൂപമായാണ് കണക്കാക്കിയിരുന്നത്. അതിനാല്‍, അവരുടെ ജന്മദിനത്തിനു വലിയ പ്രാധാന്യം അവര്‍ കല്‍പിച്ചിരുന്നു. വിവിധ രൂപത്തില്‍ ആ ദിനത്തില്‍ അവര്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.

ബഹുദൈവവിശ്വാസത്തിന്റെയും വിഗ്രഹപൂജയുടെയും നാടാണ് ഭാരതം. ഇവിടെ ബുദ്ധമതവിശ്വാസികള്‍ ശ്രീബുദ്ധനെയും ജൈനമത വിശ്വാസികള്‍ ജിനനെയും ദൈവത്തിന്റെ ഇരുപത്തിനാലാം അവതാരമായി കണക്കാക്കുന്നു. ബുദ്ധന്റെ ജന്മദിനത്തിന് വലിയ പ്രാധാന്യം നല്‍കപ്പെടുന്നു. പാലി ഭാഷയില്‍ ബുദ്ധന്റെ ജനനത്തെക്കുറിച്ച് ഒരു ഗ്രന്ഥമുണ്ട്. പ്രത്യേക അവസരങ്ങളില്‍ അത് പാരായണം ചെയ്യപ്പെടുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള മദ്ഹ് കിതാബാണിത്.

ആധുനിക ക്രിസ്തുമതത്തിന്റെ വലിയൊരു ഭാഗം മറ്റു മതങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും സ്വീകരിക്കപ്പെട്ടവയാണെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തിനു മുമ്പുതന്നെ ബുദ്ധമതം ഇറാന്‍, സിറിയ, ഗ്രീസ് എന്നിവിടങ്ങളില്‍ പ്രചാരം നേടിയിരുന്നു. ഇറാനിലെ ആദിത്യപൂജകരുടെ മതമായ മിത്രായിസം ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പേ സിറിയയിലും റോമിലും വ്യാപിച്ചിരുന്നു. അതുമൂലം മേഖലയില്‍ പ്രചാരത്തിലിരുന്ന മതങ്ങളുടെ പല ആചാരങ്ങളും ക്രിസ്തുമതത്തില്‍ കടന്നുകൂടി. ഡിസംബര്‍ 25-ന്റെ പ്രാധാന്യം മിത്രായിസത്തില്‍നിന്നാണ് ക്രിസ്തുമതം കടമെടുത്തത്. യേശുക്രിസ്തു ജനിച്ച് വളരെ കാലത്തിനു ശേഷമാണ് ഡിസംബര്‍ 25 അദ്ദേഹത്തിന്റെ ജന്മദിനമായി കണക്കാക്കുകയും അതിന് പുണ്യം നല്‍കപ്പെടുകയും ചെയ്തത്.

തൗഹീദ്
അറേബ്യയില്‍ ഇസ്‌ലാംമതം ഉടലെടുക്കുമ്പോള്‍ നാനാഭാഗത്തും ബഹുദൈവവിശ്വാസവും വിഗ്രഹപൂജയുമായിരുന്നു. ശുദ്ധമായ ഏകദൈവത്വത്തിന്റെ മതമാണ് ഇസ്‌ലാം. ശിര്‍ക്കും വിഗ്രഹാരാധനയും കടന്നുവരാവുന്ന എല്ലാ വാതിലുകളും അത് ഭദ്രമായി അടച്ചിട്ടുണ്ട്. മനുഷ്യന് ദിവ്യത്വത്തില്‍ യാതൊരു പങ്കുമില്ല. പ്രവാചകന്മാര്‍ പോലും വെറും മനുഷ്യരാണ്. ബഹുദൈവമതങ്ങളില്‍ ജന്മദിനം ആഘോഷമായി കൊണ്ടാടപ്പെടുന്നു. ഇസ്‌ലാമാകട്ടെ എല്ലാ ആഘോഷങ്ങളും നിഷേധിച്ചു. മുസ്‌ലിംകള്‍ക്കുവേണ്ടി കേവലം രണ്ടാഘോഷങ്ങള്‍ അത് നിശ്ചയിച്ചു. ഈ ആഘോഷങ്ങളാവട്ടെ, എല്ലാ മുന്‍ മതങ്ങളുടെയും ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഈദുല്‍ ഫിത്വ്ര്‍ റമദാന്‍ മാസത്തിനു തൊട്ടു ശേഷമാണ് വരുന്നത്. റമദാന്‍മാസം വിശുദ്ധ ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാഘോഷമാണ്. വിചിത്രമായ ഒരാഘോഷം! കളിയും തമാശയുമില്ല. ആരാധന, കൂടുതല്‍ ആരാധന… ദൈവത്തിലേക്കുള്ള മടക്കം മാത്രം. അവസാനത്തെ ദൈവിക ഗ്രന്ഥത്തിന്റെ അനുസ്മരണയാണത്. ഈ ആഘോഷത്തില്‍ മതപരവും ധാര്‍മികവുമായ ഒരു പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. ബലിപെരുന്നാളാണ് മറ്റൊരാഘോഷം. ഇബ്‌റാഹീം ഖലീലുല്ലാഹിയുടെ മഹത്തായ ത്യാഗത്തെ ഓര്‍ത്തുകൊണ്ട് ആരാധനയും ബലികര്‍മവും അനുഷ്ഠിക്കുകയാണ് അതില്‍ ചെയ്യുന്നത്. മനുഷ്യനിലെ ഭൗതികതയെ തളര്‍ത്തുകയും ആത്മീയതയെ വളര്‍ത്തുകയും ചെയ്യുക-അതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ ചൈതന്യം. ഒരു ഉദാഹരണത്തിലൂടെ ഇസ്‌ലാമിന്റെ സവിശേഷമായ സ്വഭാവം എന്താണെന്ന് വ്യക്തമാക്കാം. ഹസ്രത്ത് ഉമറി(റ)ന്റെ കാലം. മുസ്‌ലിംകള്‍ക്ക് ഒരു കലണ്ടര്‍ നടപ്പാക്കേണ്ട പ്രശ്‌നം വന്നു. റോമന്‍, ക്രിസ്തു, യസ്ദഗിര്‍ദ് എന്നീ കലണ്ടറുകളാണ് അന്ന് നടപ്പിലുള്ളത്. റോമന്‍, പേര്‍ഷ്യന്‍ ഭരണകൂടങ്ങളെ അനുകരിച്ചുകൊണ്ട് നബി(സ)യുടെ ജന്മദിനമോ ചരമദിനോ പുതിയ കലണ്ടറിന്റെ തുടക്കമായി കണക്കാക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത് കേട്ട് ഹ. അലി(റ) പറഞ്ഞു: ജനനവും മരണവും അല്ലാഹുവിന്റെ നിയമമനുസരിച്ച് ഉണ്ടാകുന്നതാണ്. എല്ലാ മനുഷ്യര്‍ക്കും അവയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇസ്‌ലാം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണ്. മക്കയില്‍ വെച്ചാണ് അതിന്റെ തുടക്കമെങ്കിലും യഥാര്‍ഥത്തില്‍ അത് മദീയനിലാണ് പ്രത്യക്ഷമായത്. അതിനാല്‍ ഹിജ്‌റയെ നമുക്ക് കലണ്ടറിന്റെ തുടക്കമായി കണക്കാം. ഈ നിര്‍ദേശം എല്ലാ സ്വഹാബിമാര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെയായിരുന്നു ഹിജ്‌റാബ്ദത്തിന്റെ തുടക്കം.

മൗലൂദ് ഫാത്വിമികളുടെ കാലത്ത്
മൂന്ന് നൂറ്റാണ്ട് വരെ അനിസ്‌ലാമികാചാരങ്ങള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫാത്വിമികള്‍ ഈജിപ്തില്‍ ഭരണാധികാരികളായി. ശീഈകളില്‍ പെട്ട ഇസ്മാഈലീ വിഭാഗത്തില്‍ പെടുന്നവരാണ് ഫാത്വിമികള്‍. ഈജിപ്ത്, ആഫ്രിക്ക, സിറിയ എന്നിവയടങ്ങുന്ന വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപരായിരുന്നു അവര്‍. ശിയാക്കള്‍ക്ക് യുക്തിചിന്തയോടുണ്ടായിരുന്ന അനുകമ്പമൂലം അക്കാലത്ത് മുഅ്തസിലുകളുടെ ഒച്ചപ്പാടുകള്‍ കൂടുതല്‍ ശക്തിപ്പെട്ടിരുന്നു. അതിനാല്‍, ശീഈസത്തിന്റെ എല്ലാ ശാഖകളിലും തത്ത്വശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും സ്വാധീനം കാണാം. തങ്ങള്‍ക്കിഷ്ടപ്പെട്ട പലതും നേതാക്കള്‍ മുഖേന മതത്തില്‍ അവര്‍ കടത്തിക്കൂട്ടി. ഇസ്മാഈലികള്‍ ‘ഇമാമി’ സങ്കല്‍പം കൊണ്ടുവന്നു. ഇമാമിനു തെറ്റു പറ്റുകയില്ല. ഇമാം എന്തു പറഞ്ഞാലും അത് ശരിയും സത്യവുമായിരിക്കും. ശീഈസത്തില്‍ പുത്തന്‍കാര്യങ്ങള്‍ക്കു കടന്നുവരാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല. എന്നാല്‍ സുന്നികള്‍ക്കിടയില്‍ മറിച്ചായിരുന്നു സ്ഥിതി. പുതിയ വിശ്വാസാചാരങ്ങള്‍ക്ക് കടന്നുവരാന്‍ അവിടെ വലിയ പ്രയാസമായിരുന്നു. വല്ലതും കടന്നുകൂടിയാല്‍തന്നെ ഒരു വിഭാഗം ശക്തിയായി അതിനെ എതിര്‍ത്തു പോന്നു. ഇസ്മാഈലികള്‍ അന്യ മതാചാരങ്ങളെ നിഷ്പ്രയാസം തങ്ങളുടെ മതത്തില്‍ കടത്തിക്കൂട്ടി. മരിച്ചവരുടെ ആത്മാവില്‍നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്ന വിശ്വാസം ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. ഇബ്‌നു തൈമിയ്യ അഭിപ്രായപ്പെടുന്നത്, ഹകീം അബൂഅലി സീനയാണ് ഈ വിശ്വാസത്തിനു ജന്മം നല്‍കിയത് എന്നാണ്. ശിയാ കുടുംബത്തില്‍ വളര്‍ന്നയാളാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ സിദ്ധാന്തം സൂഫികള്‍ ഏറ്റെടുക്കുകയും പിന്നീടത് ഇസ്‌ലാമികലോകത്തെങ്ങും പരക്കുകയും ചെയ്തു. ഇപ്രകാരം, നബിദിനാഘോഷം ഉടലെടുത്തതും ഫാത്വിമികളുടെ കാലത്ത് ഈജിപ്തിലാണ്.

ഈജിപ്തിലും ഫാത്വിമികളുടെ അധീനതയിലിരുന്ന മറ്റു പ്രദേശങ്ങളിലും ക്രിസ്ത്യാനികള്‍ ധാരാളമായുണ്ടായിരുന്നു. ഈജിപ്തില്‍ കോപ്റ്റിക് ചര്‍ച്ചിനോടായിരുന്നു ക്രിസ്ത്യാനികളുടെ ബന്ധം. കോപ്റ്റിക് ഭാഷയാണ് അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നത്. സിറിയയില്‍ സുരിയാനി ഭാഷ സംസാരിക്കുന്ന നസ്തൂരികളുണ്ടായിരുന്നു. സെമിറ്റിക് ഭാഷകളാണ് ഇവ രണ്ടും. തങ്ങളുടെ മതനേതാക്കളെ ‘അബൂനാ’, ‘സയ്യിദുനാ’, ‘മൗലാനാ’ എന്നിങ്ങനെ അവര്‍ അഭിസംബോധന നടത്തിയിരുന്നു. മൗലാനാ എന്ന പ്രയോഗം കോപ്റ്റിക് ചര്‍ച്ചില്‍നിന്ന് സ്വീകരിച്ച് ഫാത്വിമികള്‍ തങ്ങള്‍ക്കിടയില്‍ നടപ്പാക്കി. മക്കയുടെയും മദീനയുടെയും മേല്‍ ഫാത്വിമികള്‍ ദീര്‍ഘകാലം അധികാരം വാണിരുന്നതിനാല്‍ അവിടെയും ആ പ്രയോഗമെത്തി. അവിടെ നിന്ന് ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അതെത്തിച്ചേര്‍ന്നു. ഇന്ന് പണ്ഡിതന്മാരും മതനേതാക്കളുമൊക്കെ ഒരു നിര്‍ബന്ധമെന്നോണം അതുപയോഗിക്കുന്നു.

കോപ്റ്റിക് മഠങ്ങള്‍ ഇടക്കിടെ ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നു. ക്രിസ്തുവിന്റെ ജന്മദിനം, കന്യാമറിയത്തിന്റെ ജന്മദിനം അങ്ങനെ പലതും. അവരെ അനുകരിച്ചുകൊണ്ട് ഫാത്വിമികളും ജന്മദിനാഘോഷം തുടങ്ങി. നബിയുടെ, ഖദീജാബീവിയുടെ, ഫാത്വിമാബീവിയുടെ, അലി(റ)യുടെ തുടങ്ങിയ പലരുടെയും ജന്മദിനങ്ങള്‍ അവര്‍ ആഘോഷിച്ചു (ഡോക്ടര്‍ സാഹിദ് അലി ഈസ്മാഈലിയുടെ ‘ഫാത്വിമി ഈജിപ്തിന്റെ ചരിത്രം’ നോക്കുക. പേജ് 133).

ഫാത്വിമി ഖലീഫമാര്‍ തങ്ങളുടെയും അന്നത്തെ ഇമാമുകളുടെയും ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നതായി പ്രമുഖ ചരിത്രകാരനായ മഖ്‌രീസി രേഖപ്പെടുത്തിയിട്ടുണ്ട്. രാജകീയാഘോഷങ്ങളായിരുന്നു അവരുടെ കാലത്ത് ഇവയൊക്കെ. വലിയ കൊട്ടും ഘോഷവുമായി അവ കൊണ്ടാടപ്പെട്ടിരുന്നു. ഭരണം ശീഈകളുടെ കരങ്ങളിലായതുകൊണ്ടാണ് ഇതൊക്കെ നടന്നത്. എന്നാല്‍, സാധാരണക്കാര്‍ സുന്നികള്‍തന്നെയായിരുന്നു. അവര്‍ വിരളമായേ ഇതിലൊക്കെ പങ്കെടുത്തുള്ളൂ. പുതിയവയെല്ലാം ബിദ്അത്തായി പരിഗണിക്കുന്നവരാണല്ലോ സുന്നികള്‍. സുന്നീ പണ്ഡിതന്മാര്‍ ഈ ആചാരങ്ങളെ എതിര്‍ത്തു. എന്നാല്‍ ഖലീഫയുമായി അടുപ്പമുള്ള ചിലര്‍ അവയില്‍ പങ്കെടുക്കുകയും പ്രസംഗം നിര്‍വഹിക്കുകയും ചെയ്തിരുന്നു.

മൗലൂദ് ഹറമൈനില്‍
മക്കയിലും മദീനയിലും അക്കാലത്ത് ഫാത്വിമികളാണ് ഭരണം നടത്തിയിരുന്നത്. തങ്ങളുടെ നടപടികള്‍ അവിടെ പ്രചരിപ്പിക്കുന്നതില്‍ അവര്‍ പ്രത്യേകമായ താല്‍പര്യം കാണിച്ചിരുന്നു. എങ്കിലും അവിടെ ഭരണകാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് അര്‍ധ സ്വതന്ത്രരായ പ്രഭുകുടുംബങ്ങളായിരുന്നു. ഹസ്രത്ത് ഹംസ(റ)ന്റെ സന്താന പരമ്പരയില്‍പെട്ട ഇവര്‍ ശരീഫു മക്ക എന്നാണറിയപ്പെട്ടിരുന്നത്. ശീഈസത്തിലെ സൈദി വിഭാഗക്കാരോടായിരുന്നു ഇവരുടെ ബന്ധം. അവരുടെ ഭരണം ആയിരം സംവത്സരങ്ങള്‍ നീണ്ടുനിന്നു. 1924-ല്‍ ശാഹ് അബ്ദുല്‍ അസീസ് ഇബ്‌നു സുഊദാണ് അവരുടെ ഭരണത്തിന് അന്ത്യം കുറിച്ചത്.
ആറു നൂറ്റാണ്ട് സൈദികളായി നിലകൊണ്ട മക്കയിലെ ശരീഫുകള്‍ പിന്നീട് ഉസ്മാനിയാ ഖിലാഫത്തിന്റെ കീഴിലായപ്പോള്‍ സുന്നീ വിശ്വാസം കൈക്കൊള്ളുകയുണ്ടായി.

ഈ കാലത്ത് (ഹിജ്‌റ നാലാം നൂറ്റാണ്ട്-ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) മക്കയില്‍ പല ആഘോഷങ്ങളും പുതുതായി ആഘോഷിക്കപ്പെട്ടിരുന്നു എന്ന് ‘താരീഖ് മക്ക’യുടെ കര്‍ത്താവായ അഹ്മദ് സബാഈ രേഖപ്പെടുത്തിയിട്ടുണ്ട്. നബിദിനം, ഫാത്വിമ(റ)യുടെ ജന്മദിനം, ഖദീജാബീവിയുടെ ജന്മദിനം, ആമിനാ ബീവിയുടെ ജന്മദിനം, അലി(റ)യുടെ ജന്മദിനം, ആശൂറാ ദിനം, അവസാനത്തെ ബുധനാഴ്ച എന്നിവ അവയില്‍ ചിലതത്രെ. ഈ ആഘോഷങ്ങളില്‍ നബി(സ)യുടെ പേര് ഉച്ചരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ പൊടുന്നനെ എഴുന്നേറ്റുനില്‍ക്കും. പ്രസംഗത്തില്‍ ഖലീഫയുടെ നാമം ഉച്ചരിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്നു ഫാത്വിമി ഭരണാധികാരിയായ ഹകീം ബി അംരില്ലാഹി (ഹി. 386-411) കല്‍പന പുറപ്പെടുവിച്ചിരുന്നതായി അഹ്മദ് സബാഈ ‘താരീഖു മക്ക’യില്‍ (പേജ് 145) രേഖപ്പെടുത്തുന്നു. തെരുവുകളില്‍ വെച്ച് ഖലീഫയുടെ പേരു കേള്‍ക്കുമ്പോഴേക്കും ജനങ്ങള്‍ എഴുന്നേറ്റുനില്‍ക്കുന്നേടത്തോളം എത്തി ഈ സ്ഥിതി. ഈജിപ്തില്‍ നടപ്പാക്കിയിരുന്ന ഈ സമ്പ്രദായം ഹിജ്‌റ 386-ല്‍ മക്കയിലും അദ്ദേഹം നടപ്പില്‍ വരുത്തി.ഈതേ ഹാകിം ബി അംരില്ലയെയാണ് ദുറൂസികള്‍ ദൈവമായി കണക്കുന്നതെന്ന വസ്തുതയും ഇവിടെ ഓര്‍ക്കുക.

ഇബ്‌നുജുബൈര്‍ അന്തുലുസി (മരണം ഹി. 614) തന്റെ യാത്രാവിവരണത്തില്‍ മക്കയിലെ നബിദിനാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. നബിദിനത്തില്‍ തിരുമേനിയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നത് പുണ്യകര്‍മമാണെന്ന് കരുതപ്പെട്ടിരുന്നു എന്ന് അദ്ദേഹം എഴുതുന്നു. ഈ സ്ഥലം ഹാറൂന്‍ റശീദിന്റെ മാതാവ് ഖീസ്‌റാന്‍ (ഹി. 173) വിലയ്ക്കു വാങ്ങുകയും അവിടെ ഒരു മദ്‌റസ നടത്തുകയും ചെയ്തിരുന്നു. ഇന്നു ദാറുഖീസ്‌റാന്‍ എന്ന പേരിലാണ് ആ സ്ഥലമറിയപ്പെടുന്നത്. ആശൂറാ ദിനത്തെക്കുറിച്ച് അഹ്മദ് ശല്‍ഹി വിചിത്രമായ ഒരു കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഫാത്വിമികള്‍ അന്ന് പരിപ്പും ഉള്ളിയും മാത്രമേ തിന്നുകയുള്ളൂവത്രെ.

സഫര്‍ മാസത്തിലെ അവസാനത്തെ ബുധനാഴ്ച ആഘോഷിക്കുന്നതിനെപ്പറ്റി ഇന്ന് അല്‍പമാളുകളേ കേട്ടിരിക്കുകയുള്ളൂ. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഇന്നും ഈ ദിവസം അവധി നല്‍കപ്പെടുന്നു. സഫറിലെ അവസാനനത്തെ പതിനൊന്ന് ദിവസം നബിതിരുമേനിക്ക് പനി ശക്തിപ്പെട്ടുവെന്നും ഒടുവിലത്തെ ബുധനാഴ്ച രോഗവിമുക്തിയുണ്ടായെന്നും പ്രായം കൂടിയ സ്ത്രീകള്‍ പറയാറുണ്ട്. അതുകൊണ്ടാണ് ആദിനം സന്തോഷം കൊണ്ടാടുന്നത്. ഇതെല്ലാം മുസ്‌ലിംകളിലേക്ക് പകര്‍ന്ന ഇസ്മാഈലി വിശ്വാസാചാരങ്ങളാണ്.

സിറാജുദ്ദൗല, മീര്‍ജാഫര്‍ എന്നിവരില്‍നിന്നാണല്ലോ ഇംഗ്ലീഷുകാര്‍ ബംഗാള്‍ പിടിച്ചെടുത്തത്. ഇവര്‍ രണ്ടുപേരും ശീഈകളായിരുന്നു. അവസാനത്തെ ബുധനാഴ്ച അവധി നല്‍കുന്ന സമ്പ്രദായം ഇംഗ്ലീഷുകാര്‍ അവരില്‍നിന്ന് സ്വീകരിക്കുകയും തങ്ങളുടെ ആധിപത്യത്തിലുള്ള മറ്റു സ്ഥലങ്ങളില്‍ കൂടി നടപ്പാക്കുകയും ചെയ്തു. മറ്റു പ്രദേശക്കാര്‍ക്ക് അതിന്റെ ഉദ്ദേശ്യം അറിയില്ലെങ്കിലും അവരതിനെ സ്വാഗതം ചെയ്തു. ഒഴിവുദിനത്തെ ആരാണ് സ്വീകരിക്കാതിരിക്കുക?

ഫാത്വിമികളുടെ പ്രബോധനം വളരെ മുമ്പുതന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. ഹിജ്‌റാബ്ദം അഞ്ചാം നൂറ്റാണ്ടില്‍ ഇസ്മാഈലി വിശ്വാസാചാരങ്ങള്‍ ഇന്ത്യയില്‍ നിലനിന്നിരുന്നതായി കാണാം. ഹി. 420-ല്‍ (ക്രി. 1030) മഹ്മൂദ് ഗസ്‌നി സോമനാഥില്‍ ആക്രമണം നടത്തിയപ്പോള്‍ ഇവിടെ ഇസ്മാഈലികളുണ്ടായിരുന്നു. പിന്നീടവരുടെ പ്രബോധന കേന്ദ്രം തന്നെ ഇന്ത്യയിലേക്ക് മാറ്റപ്പെട്ടു. ഹിജ്‌റ 531 മുതല്‍ 946 വരെ യമനിലായിരുന്നു അവരുടെ പ്രബോധന കേന്ദ്രം. 946-ന് ശേഷമാണ് അത് ഇന്ത്യയിലേക്ക് മാറ്റപ്പെട്ടത്. ഇന്ത്യയിലെ അവരുടെ ആദ്യത്തെ പ്രബോധകന്‍ സയ്യിദ് യൂസുഫ് നജ്മുദ്ദീനായിരുന്നു. ഗുജറാത്തിലെ സിദൂപൂരായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. നബിദിനാഘാഷം ഇന്ത്യയില്‍ പ്രചരിക്കാന്‍ മുഖ്യമായ ഒരു കാരണം ഈ ഇസ്മാഈലി കേന്ദ്രമായിരുന്നു. മറ്റൊരു കാരണം ഹജ്ജാണ്. ഓരോ വര്‍ഷവും ഹജ്ജ് തീര്‍ഥാടനത്തിനു വേണ്ടി ആയിരക്കണക്കിനാളുകള്‍ മക്കയിലെത്തിയിരുന്നു. മക്കയിലെ പണ്ഡിതന്മാരോട് മുസ്‌ലിംകള്‍ക്ക് അളവറ്റ ആദരവുണ്ടായിരുന്നു. മതകാര്യങ്ങളില്‍ അവരെ പ്രാമാണികരായാണ് കണക്കാക്കിയിരുന്നത്. മക്കയിലും മദീനയിലും അന്ന് ഫാത്വിമികളുടെ ഭരണമായിരുന്നു എന്നു പറയുകയുണ്ടായല്ലോ. അവിടെ നബിദിനമാഘോഷിക്കുന്നത് കണ്ട ഹജ്ജാജികള്‍ തിരിച്ചുവന്നപ്പോള്‍ തങ്ങളുടെ നാടുകളിലും അത് തുടങ്ങി. ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവിയുടെ പുത്രനായ മൗലാനാ സലാമത്തുല്ലാ ദഹ്‌ലവി മൗലിദ് ആഘോഷത്തിന് ഏറ്റവും വലിയ തെളിവായി പറഞ്ഞത് മക്കയിലെയും മദീനയിലെയും പണ്ഡിതന്മാര്‍ വരെ അതാഘോഷിക്കുന്നുണ്ട് എന്നാണ്. പക്ഷേ ഈജിപ്തിലെ ഫാത്വിമികളുടെയും മക്കയിലെ സൈദികളുടെയും ഈ പ്രവൃത്തി യഥാര്‍ഥ പണ്ഡിതന്മാര്‍ സ്വീകരിക്കുകയുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.
 

അയ്യൂബികളുടെ കാലത്ത്
അതിനിടെ ഇസ്‌ലാമിക ലോകം പുതുതായൊരു വിപത്തിനെ നേരിട്ടു-കുരിശുയുദ്ധ പരമ്പര. രണ്ട് നൂറ്റാണ്ടു കാലം (ഹിജ്‌റ 490 മുതല്‍ 691 വരെ) അത് നീണ്ടുനിന്നു. മാര്‍പ്പാപ്പയുടെ പ്രേരണയാല്‍ യൂറോപ്പിലെ പ്രഭുക്കളും രാജാക്കന്മാരും സൈന്യങ്ങളുമായി വന്നു സിറിയയും ഫലസ്ത്വീനും കൈയടക്കി. സിറിയന്‍ തീരങ്ങളില്‍ അവര്‍  കൊച്ചു കൊച്ചു രാജ്യങ്ങള്‍ സ്ഥാപിച്ചു. ഒരു നൂറ്റാണ്ടുകാലം (90 വര്‍ഷം) അവ നിലനില്‍ക്കുകയുണ്ടായി. സ്വലാഹുദ്ദീന്‍ അയ്യൂബിയും ഇമാമുദ്ദീന്‍ സക്കിയുമാണ് കുരിശുയോദ്ധാക്കളെ മുട്ടുകുത്തിച്ചത്. എങ്കിലും അവര്‍ക്ക് അന്ത്യം കുറിച്ചത് ഈജിപ്തിലെ അടിമ രാജാക്കന്മാരായിരുന്നു. കുരിശുയുദ്ധം നടന്ന രണ്ടു നൂറ്റാണ്ടുകാലം വിരാമമില്ലാത്ത യുദ്ധമായിരുന്നില്ല. ഇടക്ക് സമാധാന കാലവുമുണ്ടായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഔന്നത്യവും മഹിമയും ആക്രമണകാരികളായ ക്രിസ്തീയരുടെ കണ്ണ് തുറപ്പിച്ചു. മുസ്‌ലിംകളില്‍നിന്നു പല കാര്യങ്ങളും അവര്‍ സ്വായത്തമാക്കി. അതുപോലെ മുസ്‌ലിംകള്‍ അവരില്‍നിന്നും പലതും സ്വീകരിക്കുകയുണ്ടായി. ക്രിസ്ത്യാനികള്‍ ഡിസംബര്‍ 25 യേശുക്രിസ്തുവിന്റെ ജന്മദിനമായി ആഘോഷിച്ചിരുന്നു. അതുകൊണ്ട് മുസ്‌ലിംകള്‍ക്ക് തോന്നി തങ്ങളുടെ പ്രവാചകന്റെ ജന്മദിനവും ആഘോഷിക്കണമെന്ന്. മൗസിലിലും അര്‍ബലിലും നബിദിനാഘോഷം തുടങ്ങിയത് ഇക്കാലത്താണ്. ഖാസി ഇബ്‌നുഖല്ലിക്കാന്‍ (ഹിജ്‌റ 680-ല്‍ മരണം) ‘വഫയാത്തുല്‍ അഅ്‌യാനി’ലും ഹാഫിസ് ഇബ്‌നുകസീര്‍ (ഹിജ്‌റ 775) ‘അല്‍ബിദായത്തുവന്നിഹായ’യിലും പറയുന്നത് മൗസിലില്‍ ഉമറുബ്‌നു മുഹമ്മദ് എന്ന ഒരു വ്യക്തിയാണ് ആദ്യമായി നബിദിനാഘോഷം തുടങ്ങിയത് എന്നാണ്. അര്‍ബലിലെ രാജാവ് മുളഫ്ഫറുദ്ദീനുബ്‌നു സൈനുദ്ദീന് അതിഷ്ടപ്പെടുകയും ഹിജ്‌റ 607-ല്‍ രാജകീയ പ്രൗഢിയോടുകൂടി തന്നെ അദ്ദേഹം അത് കൊണ്ടാടുകയും ചെയ്തു. ഇബ്‌നുദിഹ്‌യ ബലന്‍ സിയ്യ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അബ്ദുല്‍ ഖത്താബ് ഉമറുബ്‌നുല്‍ഹസന്‍ കല്‍ബി സ്‌പെയിനിലെ പ്രശസ്തനായ ഒരു പണ്ഡിതനായിരുന്നു. അദ്ദേഹം സിറിയ, ഇറാഖ് വഴി അര്‍ബലിലെത്തി. നബിതിരുമേനിയുടെ ജന്മദിനത്തെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതാന്‍ മുളഫ്ഫറുദ്ദീന്‍ രാജാവ് അദ്ദേഹത്തോടാവശ്യപ്പെട്ടു. ‘അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീര്‍ വന്നദീര്‍’ എന്ന പേരില്‍ ഒരു പുസ്തകമെഴുതി അദ്ദേഹം രാജാവിന് സമര്‍പ്പിക്കുകയും ചെയ്തു. മൗലീദിനെക്കുറിച്ച പ്രമഥ ഗ്രന്ഥമത്രെ ഇത്.

നബിദിനാഘോഷം ക്രിസ്ത്യാനികളെ അനുകരിച്ച് ആവിഷ്‌കരിച്ചതാണെന്ന വസ്തുത വളരെ വ്യക്തം. തജ്‌വീദിന്റെ ഇമാമായ ശംസുദ്ദീന്‍ ഇബ്‌നുല്‍ ജസരിയുടെ ഒരു വാക്യം മുല്ലാ അലിഖാരി അല്‍ഹനഫി (ഹി. 1014) തന്റെ ‘അല്‍മൗരിദുര്‍മി ഫീ മൗലിദിന്നബവി’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ‘കുരിശുകാര്‍ അവരുടെ പ്രവാചകന്‍ ജനിച്ച രാത്രി മഹത്തായ ഒരാഘോഷമാക്കിയിട്ടുണ്ടെങ്കില്‍ പ്രവാചകന്റെ ജന്മദിനത്തെ ആദരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഇസ്‌ലാമിന്റെ വക്താക്കളാണ്’ എന്നു ഇബ്‌നുല്‍ ജസരി (ഹി. 831/ ക്രി 1469) പറഞ്ഞിരിക്കുന്നു. ജസരിയുടെ ഈ അഭിപ്രായത്തോട് മുല്ലാ ഖാരി അലിയോജിക്കുന്നില്ല. അതിനാല്‍ ഈ വാക്യം ഉദ്ധരിച്ചശേഷം അദ്ദേഹം ഇങ്ങനെ എഴുതി: ”പക്ഷേ, അഹ്‌ലുകിതാബിനോട് വിയോജിക്കാനാണ് ഇസ്‌ലാം നമ്മോട് കല്‍പിച്ചിരിക്കുന്നത്.” ക്രിസ്ത്യാനികളെ അനുകരിച്ചാണ് മുസ്‌ലിംകള്‍ നബിദിനാഘോഷം തുടങ്ങിയതെന്ന് മുകളിലുദ്ധരിച്ച ജസരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മുളഫ്ഫറുദ്ദീന്‍ രാജാവിന്റെ നബിദിനാഘോഷത്തെപ്പറ്റി ഇബ്‌നുഖല്ലിക്കാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

”നബിദിനാഘോഷം ഒരാഴ്ച നീണ്ടുനിന്നിരുന്നു. അതില്‍ വിനോദങ്ങളും ദീപാലങ്കാരങ്ങളും നര്‍ത്തകരായ സ്ത്രീ പുരുഷന്മാരുടെ സംഘങ്ങളും വാദ്യമേളകളുമെല്ലാം ഉണ്ടായിരുന്നു. സമാപന ദിവസത്തെ ആഘോഷമാണ് പ്രധാനം. അന്ന് മഗ്‌രിബിനു ശേഷം കൊട്ടാരത്തില്‍നിന്ന് നഗരത്തിലെ വലിയ ഖാന്‍ഗാഹ് വരെ പന്തം കൊളുത്തിയ ഘോഷയാത്രയുണ്ടായിരിക്കും. ഘോഷ യാത്രയുടെ മുമ്പില്‍ നടക്കുന്നത് രാജാവ് തന്നെയാണ്. അടുത്ത ദിസം മരത്തടികള്‍ കൊണ്ട് ഉയര്‍ന്ന ഒരു സ്റ്റേജ് നിര്‍മിച്ചിരിക്കും. അതിലിരുന്ന് പണ്ഡിതന്മാര്‍ മതപ്രഭാഷണം നടത്തും. സ്റ്റേജിന് മുമ്പില്‍ മരം കൊണ്ടുള്ള ഉയര്‍ന്ന മിനാരമുണ്ടാക്കും. അതിലിരുന്നാണ് രാജാവ് വിനോദങ്ങള്‍ കാണുക. പട്ടാളക്കാര്‍ മുഴുവന്‍ ചിട്ടയോടെ മുന്നില്‍ അണിനിരന്നു നില്‍പുണ്ടാവും. ഒരുവശത്ത് പണ്ഡിതന്മാര്‍, പ്രഭുക്കള്‍, കൊട്ടാരവാസികള്‍ എന്നിവരും അവരവരുടെ പദവിയനുസരിച്ച് നിലയുറപ്പിച്ചിട്ടുണ്ടാവും. അവിടെവെച്ച് ഉമറാക്കളുടെ വസ്ത്രദാന ചടങ്ങ് നടക്കുന്നു. തുടര്‍ന്ന് ഒരു പൊതുസദ്യയുണ്ടാവും. സദസ്യര്‍ മുഴുവനും സദ്യക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടാവും. ഭക്ഷണം കഴിഞ്ഞാല്‍ എല്ലാവരും ഖാന്‍ഗാഹില്‍ പ്രസംഗപരമ്പര കേള്‍ക്കാനായി പോവുന്നു. രാജാവിനോടൊപ്പം അതില്‍ പങ്കെടുക്കുന്നു.”

ആഘോഷസ്ഥലത്ത് കളിവിനോദങ്ങള്‍ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും. ദഫ്ഫ്, തബല, പുരുഷന്മാരുടെയും ബാലന്‍മാരുടെയും സംഘങ്ങള്‍, സുന്ദരിമാരായ പാട്ടുകാരികളുടെ സംഘങ്ങള്‍ തുടങ്ങിയവ നബിദിനാഘോഷങ്ങളില്‍ പതിവായിരുന്നുവെന്ന് അല്ലാമാ ഫാഖിഹാനി രേഖപ്പെടുത്തിയിട്ടുണ്ട്.

അല്ലാമാ ഖഫ്ഫാജി നൃത്ത്യനൃത്തങ്ങളെയും വാദ്യമേളകളെയും കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷത്തിനും ഇവയൊക്കെ പതിവായിരുന്നു.

നബിദിനാഘോഷം അംഗീകരിക്കാന്‍ പണ്ഡിതന്മാരില്‍ നല്ലൊരു വിഭാഗം തയാറായില്ല. എന്നാല്‍ സൂഫികള്‍ യാതൊരു മടിയും കൂടാതെ അതംഗീകരിച്ചു. ഇസ്‌ലാമിക ലോകത്തെമ്പാടും സ്വൂഫി സില്‍സിലകള്‍ പ്രചരിച്ചിരുന്ന കാലമാണത്. അവര്‍ക്ക് പരക്കെ സ്വീകാര്യത ലഭിച്ചിരുന്നു. മുസ്‌ലിംകള്‍ അവരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നബിദിനാഘോഷത്തിന്റെ പ്രചാരത്തില്‍ സ്വൂഫികള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്. രാജാക്കന്മാരുടെ പരിശ്രമം കൊണ്ടുമാത്രം അതിന് പൊതുസ്വീകാര്യത ലഭിക്കുമായിരുന്നില്ല. എങ്കിലും അയ്യൂബി ഭരണാധികാരികള്‍ സിറിയ, ഈജിപ്ത്, ഹിജാസ് എന്നിവിടങ്ങളിലെല്ലാം അത് പ്രചരിപ്പിക്കുകയുണ്ടായി. ഉസ്മാനിയ സാമ്രാജ്യത്തില്‍ അത് വ്യാപിപ്പിച്ചത് സുല്‍ത്താന്‍ മുറാദ് ആറാമനാണ് (ഹിജ്‌റ 996).

മൗലൂദുകള്‍
മീലാദാഘോഷങ്ങളില്‍ സാധാരണ പാരായണം ചെയ്യപ്പെടുന്ന ഏതാനും കിതാബുകളുടെ പേരാണ് താഴെ പറയുന്നത്.
1. ഇബനു ദിഹ്‌യ കല്‍ബിയുടെ ‘അത്തന്‍വീര്‍ ഫീ മൗലിദില്‍ ബഷീര്‍ വന്നദീര്‍’
2. കഅ്ബുബ്‌നു സുഹൈറിന്റെ ‘ബാനത് സുആദ്’
3. ശറഫുദ്ദീന്‍ ബൂസിരിയുടെ ‘ബുര്‍ദ’
4. ബൈഹഖി, അബ്ദുര്‍റഹ്മാനുബ്‌നു ജൗസി എന്നിവരുടെ മൗലൂദുകള്‍.
5. ജഅ്ഫര്‍ ബര്‍സഞ്ചി മദനിയുടെ ‘ഖിസ്സത്തുമൗലിദുന്നബി’
മൗലൂദ് പാരായണവേളയില്‍ നബി(സ)യുടെ പേര് കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ആചാരം ഫാത്വിമികള്‍ വഴിയായി പ്രചരിച്ചു നബിദിനാഘോഷത്തിലൂടെയാണ് വന്നത്. അയ്യൂബികളുടെ നബിദിനാഘോഷത്തില്‍ ഈ ആചാരമുണ്ടായിരുന്നില്ല. യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷത്തില്‍ ക്രിസ്ത്യാനികള്‍ക്ക് അങ്ങനെയൊരു പതിവില്ലാത്തതാണ് കാരണം. ഇന്ത്യയില്‍ നബിക്ക് സലാം പറയുന്ന സന്ദര്‍ഭത്തിലാണ് എഴുന്നേറ്റു നില്‍ക്കുക. നബി(സ) ആ സന്ദര്‍ഭത്തില്‍ സദസ്സിലേക്ക് കടന്നുവരും എന്നാണ് സങ്കല്‍പം. തിരുമേനിയോടുള്ള ബഹുമാനസൂചകമായാണ് എഴുന്നേറ്റ് നില്‍ക്കുന്നത്.

ഇന്ത്യയില്‍
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പണ്ടുകാലം മുതല്‍ക്കേ നബിദിനാഘോഷം നടപ്പിലുണ്ട്. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ സിക്കന്തര്‍ ലോധിയുടെ പിതൃവ്യ പുത്രന്‍ അസാധാരണമായ രീതിയില്‍ നബിദനമാഘോഷിച്ചിരുന്നു. റബീഉല്‍ അവ്വല്‍ ഒന്നാം തീയതി മുതല്‍തന്നെ, ആഘോഷം തുടങ്ങും. ദിവസവും ദാനധര്‍മങ്ങള്‍ വിതരണം ചെയ്യും. ഒന്നാം ദിവസം 1000 സ്വര്‍ണനാണയങ്ങള്‍, രണ്ടാം ദിവസം 2000 സ്വര്‍ണ നാണയങ്ങള്‍, മൂന്നാം ദിവസം 3000 ഈ ക്രമത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ അത് തുടരും. അന്ന് 12,000 സ്വര്‍ണനാണയമായിരിക്കും ദാനം ചെയ്യുന്നത്. അതോടൊപ്പം ഭക്ഷണവും മധുര പലഹാരങ്ങളും വിതരണം ചെയ്യപ്പെടുന്നു (തക്ദിറത്തുല്‍ ഉലമാഅ്-മൗലവി റഹ്മാന്‍ അലി). ഷാജഹാന്റെ മന്ത്രിയായിരുന്ന സഅദുല്ലാഖാന്റെ പുത്രന്‍ ഹഫീസുല്ലാഖാന്‍ ആയിരം പേര്‍ക്ക് സദ്യ നല്‍കുകയും ആഫ്താബ(ഒരുതരം പാത്രം)യില്‍ വെള്ളമെടുത്ത് അവരുടെയെല്ലാം കൈ കഴുകിക്കൊടുക്കുകയും ചെയ്തിരുന്നുവെന്ന് മൗലാനാ ഗുലാം അലി ആസാദ് ബല്‍ഗ്രാമി (ഹിജ്‌റ 1200) ‘യദെബൈളാ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. 1112-ലാണ് ഹഫീസുല്ലാഖാന്‍ അന്തരിച്ചത്. ഇത്തരം ആഘോഷം അക്കാലത്ത് ഉപരിവര്‍ഗങ്ങള്‍ക്കിടയില്‍ പരിമിതമായിരുന്നു.

ഔധിയില്‍ ശീഈകളുടെ ഭരണം സ്ഥാപിതമായതിനുശേഷമാണ് സാധാരണക്കാര്‍ക്കിടയില്‍ അതിനു പ്രചാരം സിദ്ധിക്കുന്നത്. ഔധിയില്‍ ശീഈകള്‍ വളരെ ആര്‍ഭാടത്തോടെ മുഹര്‍റം ആഘോഷിച്ചിരുന്നു. അതിന്റെ ഒരു പ്രതിവര്‍ത്തനമെന്ന നിലയില്‍ സുന്നികള്‍ മീലാദാഘോഷത്തിനു കൊഴുപ്പു കൂട്ടി. ഹാശിമി ഫരീദാബാദി താരീഖെഹിന്ദ്‌വ പാകിസ്താന്‍’ എന്ന ഗ്രന്ഥത്തില്‍ ഇത് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇക്കാലത്താണ് മൗലാനാ ഗുലാം ഇമാം ശഹീദി തന്റെ ‘മീലാദ് നാമ’ രചിച്ചത്.

ഇന്ത്യയിലും പാകിസ്താനിലും ബറേല്‍വികളാണ് നബിദിനാഘോഷം കൂടുതലായാഘോഷിക്കുന്നത്. ദയൂബന്തികള്‍ അതിനെതിരല്ലെങ്കിലും മൗലൂദ് പാരായണവേളയില്‍ നില്‍ക്കുന്ന പതിവ് ഉത്തമമായി അവര്‍ കരുതുന്നില്ല. അഹ്‌ലെ ഹദീസുകാരാകട്ടെ നബിദിനാഘോഷം അടിസ്ഥാനപരമായിത്തന്നെ ബിദ്അത്തും അനനുവദനീയവുമായി ഗണിക്കുന്നവരാണ്.

സീറത്തുന്നബി
ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ സീറത്തുന്നബി യോഗങ്ങള്‍ നമ്മുടെ രാജ്യത്ത് തുടങ്ങുകയുണ്ടായി. മീലാദുന്നബി ആഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമാണിത്. നബി(സ)യുടെ ജന്മത്തെക്കുറിച്ച് ചില നിവേദനങ്ങള്‍ ഓതിക്കേള്‍പ്പിക്കുക, ചില മുഅ്ജിസത്തുകള്‍ വിവരിക്കുക, നബിക്ക് സലാം ചൊല്ലുക തുടങ്ങിയവയാണ് നബിദിനാഘോഷങ്ങളില്‍ നടക്കുന്നത്. അതിന്റെ വിഷയങ്ങള്‍ നിര്‍ണിതമാണ്. സീറത്തുന്നബി യോഗങ്ങളില്‍ നബി(സ)യുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ചെയ്യുന്നത്. നബി(സ)യുടെ ജീവിതം മുസ്‌ലിംകള്‍ക്ക് ഉത്തമമായ മാതൃകയാണ്. അതിനെ പിന്‍പറ്റുക അവര്‍ക്ക് നിര്‍ബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ നബി(സ)യുടെ ജീവിതത്തെ മുസ്‌ലിംകള്‍ ആദ്യം തൊട്ടേ സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചിരുന്നു. ആ മഹല്‍ ജീവിതത്തിന്റെ വിശദാംശങ്ങള്‍ വരെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.

രാജഭരണകാലത്ത് ഇസ്‌ലാമിക വിദ്യാഭ്യാസമാണ് നിലനിന്നിരുന്നത്. അറബി, പേര്‍ഷ്യന്‍ ഭാഷകളും ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളും അറിയുന്നവരെയാണ് അഭ്യസ്ത വിദ്യരെന്നു പറഞ്ഞിരുന്നത്. അവരുടെ മനസ്സ് ഇസ്‌ലാമികമായി രൂപപ്പെട്ടിരുന്നു. ബാഹ്യമായ സഹായങ്ങള്‍ അവര്‍ക്കാവശ്യമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് നടപ്പിലുള്ളത്. ഖുര്‍ആനും സുന്നത്തും വരെ അവിടെ പഠിപ്പിക്കപ്പെടുന്നില്ല. ഈ സാഹചര്യങ്ങളില്‍ ഇത്തരം സദസ്സുകള്‍ പഠിപ്പിക്കപ്പെടുന്നത് പ്രയോജനപ്രദമാണ്. എന്നാല്‍ കളിയും വിനോദവുമായിരിക്കരുത്, പഠനവും പരിശീലനവുമായിരിക്കണം അവയുടെ ലക്ഷ്യം.

വിവ: റഹ്മാന്‍ മുന്നൂര്‌

You may also like