ലേഖനം

ചേരമാന്‍ പെരുമാളും പ്രവാചകനും

Spread the love

ഇസ്‌ലാംമത പ്രവാചകന്നും അനുയായികള്‍ക്കും ഇന്ത്യയും ഇന്ത്യക്കാരും സുപരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇന്ത്യന്‍ കച്ചവടക്കാര്‍ അറേബിയയിലെ ദാബയിലും ഉക്കാളിലും നടക്കാറുള്ള വാര്‍ഷികമേളകളിലും ചന്തകളിലും പങ്കെടുക്കാറുണ്ടായിരുന്നു. ദാബയില്‍ താന്‍ പോയിട്ടുണ്ടെന്നു പ്രവാചകന്‍ പറഞ്ഞതായി ഇബ്‌നുഹംബല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ കണ്ടവരുടെ മുഖഛായ ഓര്‍ത്താവണം ബല്‍ഹാരിസ് ഗോത്രക്കാരെ കണ്ടപ്പോള്‍ ‘ഇന്ത്യക്കാരെപ്പോലെ തോന്നുന്ന ഇവരാരാണെ’ന്ന് പ്രവാചകന്‍ അന്വേഷിച്ചത്. യമന്‍കാരനായ അബൂഹുറയ്‌റ പ്രവാചകന്‍ ‘നമുക്ക് ഇന്ത്യയിലേക്കുള്ള ഒരു യാത്ര വാഗ്ദാനം ചെയ്തിരുന്നു’ എന്നു പറയാറുള്ളതായി ഇബ്‌നുഹംബല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അതില്‍ ഞാന്‍ നശിച്ചാല്‍ ഉത്തമനായ ഒരു രക്തസാക്ഷിയാവും. സുരക്ഷിതനായി തിരിച്ചുവന്നാലോ സ്വതന്ത്രനായ അബൂഹുറയ്‌റയായി വിരാജിക്കും.’1
വിശുദ്ധ ഖുര്‍ആനിലെ ദുല്‍കിഫിലി(കിഫിലയില്‍നിന്നുള്ള ഒരാള്‍)യിലെ പ്രവാചകനെ പറ്റിയുള്ള പരാമര്‍ശം കപിലവസ്തുവെപ്പറ്റിയാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്.2 കപിലവസ്തു ഗൗതമ ബുദ്ധന്റെ ജന്മദേശമാണല്ലോ. കപില അറബീകരിച്ചതാണ് ‘കിഫിലി’യെന്നാണ് അവരുടെ നിഗമനം. മറ്റൊരു വ്യാഖ്യാനം ‘കിഫിലി’യുടെഅര്‍ഥം ‘സംവര്‍ദ്ധന’മാണെന്നതിനെ ആധാരപ്പെടുത്തിയാണ്. ഗൗതമന്റെ പിതാവ് ശുദ്ധോദനനെയാണത് സൂചിപ്പിക്കുന്നതെന്നു പറയപ്പെടുന്നു.
വിശുദ്ധ ഖുര്‍ആന്‍ സൂറഃ 95-ല്‍ ”അത്തിമരത്തിനരികിലും ഒലിവുമരത്തിനരികിലും സീനായ് മലയിലും ഈ അനുഗൃഹീത പട്ടണത്തിലു’മെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഒലിവ് മരം ക്രിസ്തുവുമായും (ഈസാനബി), സീനായ് മല മോശയുമായും (മൂസാ നബി) ബന്ധപ്പെട്ടതാണ്. അനുഗൃഹീത പട്ടണം മക്ക തന്നെ. കാടന്‍ അത്തിമരമാണ് ബോധിവൃക്ഷം. ഗൗതമന് ജ്ഞാനോദയമുണ്ടായത് ബോധിവൃക്ഷത്തണലില്‍ വെച്ചാണെന്നാണല്ലോ പറയപ്പെടുന്നത്. ആ നിലയില്‍ അത്തിമരമെന്ന പരാമര്‍ശം ബുദ്ധനെ സംബന്ധിച്ചാണെന്നനുമാനിക്കേണ്ടിയിരിക്കുന്നു.”
തന്റെ സുവിശേഷം പൂര്‍ത്തിയാക്കാന്‍ മൈത്രേയ (ഢമൃശമി േങലേേശ്യമ) അവതരിക്കുമെന്ന ബുദ്ധവചനവും ശ്രദ്ധേയമാണ്. ‘എല്ലാവരോടും ദയ’ എന്നാണ് മൈത്രേയയുടെ പൊരുള്‍. ‘അങ്ങു പോയി കഴിഞ്ഞാല്‍?’ ആനന്ദന്‍ അന്വേഷിച്ചു. ഞാന്‍ ആദ്യത്തേതോ അവസാനത്തേതോ അല്ല. ‘പരിശുദ്ധനും വിജ്ഞനുമായ ബുദ്ധന്‍’3 വരുമെന്ന (ഗോസ്പല്‍ ഓഫ് ബുദ്ധ) ബുദ്ധവചനം സൂചിപ്പിക്കുന്നത് മുഹമ്മദ് നബിയുടെ ജനനത്തെ പറ്റിയാണെന്ന് പറയപ്പെടുന്നു. കേരളത്തില്‍ ക്രൈസ്തവരെയും ഇസ്‌ലാംമതക്കാരെയും ‘ബൗദ്ധന്മാര്‍’ എന്നാണല്ലോ വിളിച്ചുവന്നത്. അവരുടെ ആരാധനാലയങ്ങളാവട്ടെ ബൗദ്ധവിഹാരങ്ങളെ വിളിച്ചിരുന്ന ‘പള്ളി’ എന്ന പേരുകൊണ്ടാണ് വിശേഷിപ്പിച്ചിരുന്നതും. ബൗദ്ധ ദേവാലയങ്ങള്‍ക്ക് വിട്ടുകൊടുത്ത സ്ഥാവരവസ്തുക്കളെ തിരിച്ചറിയാന്‍ അവയെ ‘പള്ളിച്ചന്ത’മെന്നും ‘പള്ളിപ്പുറ’മെന്നും പഴയ ശാസനങ്ങളില്‍ നാമകരണം ചെയ്തു കാണുന്നു. ‘എഴുത്തുപള്ളിക്കൂടം’, ‘പള്ളിക്കൂടം’ എന്നീ പേരുകള്‍ കേരളത്തില്‍ അധ്യായനശാലകള്‍ക്കുണ്ട്. ഇത്രയധികം പേരുകളില്‍ പള്ളി ശബ്ദം കാണുന്നത് യാദൃഛികമാകാനിടയില്ല.4 ഇസ്‌ലാം മതവും ബുദ്ധമതവും തമ്മിലുള്ള ബന്ധത്തിന്റെ അടിവേരിനെപ്പറ്റി വേദേതിഹാസപടുക്കള്‍ ബോധവാന്മാരായിരുന്നു എന്നുതന്നെ അനുമാനിക്കണം. ‘ഒരു പ്രവാചകനില്ലാത്ത ഒരു സമുദായവുമില്ല’ എന്നു വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരാരൊക്കെയാണെന്നു പറയാനാവില്ലെങ്കിലും ശ്രീബുദ്ധന്‍ അത്തരം പ്രവാചകരില്‍ ഒരാളാണെന്ന് വിശ്വസിക്കാന്‍ പല ന്യായങ്ങളുമുണ്ടെന്ന5 ഇസ്‌ലാംമത പണ്ഡിതന്മാരുടെ അഭിപ്രായവും ശ്രദ്ധേയമാണ്.
വിശുദ്ധ ഖുര്‍ആനില്‍ (20:85-97) ജനങ്ങളെ വഴിപിഴപ്പിച്ച ഒരു ‘സാമിരി’യെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഈ സാമിരി ബൈബിളിലെ ശമര്യക്കാരനാവാന്‍ വഴിയില്ല. മോശ (മൂസ്സ)ക്കുശേഷമാണല്ലോ യേശുവും (ഈസ) ബൈബിളും അവതരിച്ചത്. മോശ ദൈവാനുഗ്രഹത്താല്‍ ”വെളിച്ചവും നേതൃത്വവും നല്‍കി. പക്ഷേ, അവര്‍ സാമിരി എന്നു പറയപ്പെടുന്ന ഒരാളുടെ നേതൃത്വത്തില്‍ കലാപം ചെയ്തു. അവരുടെ സ്വര്‍ണാഭരണങ്ങളുരുക്കി അവനൊരു വിഗ്രഹമുണ്ടാക്കി. ജീവനോ ശക്തിയോ ഇല്ലാത്ത ആ സാധനം അവര്‍ക്കാരാധിക്കാന്‍ വേണ്ടിയായിരുന്നു. മോശ ആ വിഗ്രഹം നശിപ്പിച്ചു. ജനങ്ങളെ വഴിപിഴപ്പിച്ച ആ മനുഷ്യനെ ശപിച്ചു.” ഈ സാമിരിയെന്ന പദത്തിന്നാധാരം ഈജിപ്ഷ്യനില്‍ ഷെവര്‍ (അപരിചിതന്‍; വിദേശി) എന്നാണെന്ന് സര്‍ ഇ.എ. വാലിസ്ബഡ്ജിന്റെ ഋഴ്യുശേമി ഒശലൃീഴഹ്യുവശര ഉശരശേീിമൃ്യ (1920 പേജ് 85)യില്‍നിന്നു മനസ്സിലാക്കാം. ഹിബ്രുവില്‍ ഷെവറിനു കാവല്‍ക്കാരന്‍ എന്നാണര്‍ഥം. അറബിയില്‍ ‘സമിര്‍’ രാത്രി ഉറക്കമൊഴിക്കുന്നവനുമാണ്.6
ഖലീഫ അലിയുടെ കാലത്ത് ബസറയിലെ ഖജനാവ് കാത്തിരുന്നത് ഇന്ത്യക്കാരനാണെന്നു പറയപ്പെടുന്നുണ്ടല്ലോ. ഈ കാവല്‍ക്കാരെ ശത്രുക്കള്‍ കൊന്നു എന്നും അങ്ങനെ ഇസ്‌ലാമിനുവേണ്ടി ആദ്യം രക്തസാക്ഷികളായ ഇന്ത്യക്കാര്‍ അവരായിരുന്നു എന്നും ‘മുറൂജുദ്ദഹബില്‍’7 ‘മസ്ഊദി’ രേഖപ്പെടുത്തിയിട്ടുണ്ട്. മോശ(മൂസ)യുടെ കാലത്തും ഇത്തരം ‘വിദേശികളോ’ ‘അപരിചിതരോ ‘കാവല്‍ക്കാരോ’ ഉണ്ടായിരിക്കാമല്ലോ. അത്രയുമല്ല, ഗായത്രി അഭ്യസിക്കാനും ബ്രാഹ്മണരോടൊപ്പം ഭക്ഷണം കഴിക്കാനും അര്‍ഹരാകുന്നതിനു വേണ്ടി സ്വര്‍ണ പശുവിന്റെ അകത്ത് പ്രവേശിക്കുന്ന ഒരു പതിവ് സാമൂതിരി രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. ‘ഹിരണ്യഗര്‍ഭം’ എന്നാണീ ചടങ്ങിന് പേര്‍. ആ ചടങ്ങും വിഗ്രഹാരാധനയുമായി ബന്ധപ്പെടുത്തിയാവാം വിശുദ്ധ ഖുര്‍ആനിലെ വിശദീകരണം.8 ‘അയിത്ത’ത്തെ (ലാമിസാസ)പറ്റി പറയുന്നതുകൊണ്ട് സംശയം അസ്ഥാനത്തല്ലെന്നു കരുതണം.
വിശുദ്ധ ഖുര്‍ആന്‍ (26/196) പുരാണങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നതും ശ്രദ്ധാര്‍ഹമാണ്. ഹിന്ദുക്കള്‍ക്കാണ് ദൈവികമായി കരുതപ്പെടുന്ന പുരാണങ്ങളുള്ളത്. അതുപോലെ വേദങ്ങളും. വേദങ്ങളുടെ പിതാവ് ബ്രഹ്മാവാണല്ലോ.
”അബ്‌റഹാമിന്റെ ഗ്രന്ഥങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങള്‍  (ഖുര്‍ആനില്‍) ശ്രദ്ധിച്ചാല്‍ ബ്രഹ്മാവും അബ്‌റഹാമും തമ്മില്‍ സാമ്യമുണ്ടെന്ന സംശയം ജനിക്കാം. ബൈബിളിലെ ദൈവത്തിന്റെ യുദ്ധപുരാണങ്ങള്‍ മഹാഭാരതവും ഭഗവത്ഗീതയുമാണോ എന്ന ചോദ്യം ഉന്നയിക്കപ്പെടാനും ഇടയുണ്ട്.”9
അബ്‌റഹാമിന്റെയും ശ്രീരാമന്റെയും ജീവിതങ്ങള്‍ തമ്മിലും പൊരുത്തം കാണാം. അബ്രഹാമിനെ പിതാവ് നാടുകടത്തിയതാണ്. ശ്രീരാമന്‍ പിതാവിന്റെ ശപഥം പാലിക്കാനാണല്ലോ വനവാസം ചെയ്തത്. രാവണന്‍ സീതയെ അപഹരിച്ചു. അബ്‌റഹാമിന്റെ ഭാര്യ സാറയെയും രാജാവ് കവര്‍ന്നെടുക്കുകയാണ്.  സാറ തിരിച്ചെത്തിയത് ഇസ്മാഈലിന്റെ അമ്മായാവന്‍ ഭാഗ്യമുണ്ടായ ഹാജറിനോടൊപ്പമാണ്. സീത അഗ്നിപരീക്ഷയിലൂടെയാണ് പതിവ്രതയാണെന്നു തെളിയിച്ചത്. അബ്രഹാമും അഗ്നിയെ അതിജീവിക്കുന്നുണ്ട്. ബൈബിളില്‍ അബ്‌റാം എന്നാണ് അബ്‌റഹാമിനെ ആദ്യം വിളിച്ചിരുന്നതെന്നു കാണുന്നു. പ്രവാചകനായ ശേഷമാണ് അബ്‌റഹാം (രാജ്യങ്ങളുടെ പിതാവ്) ആയത്.
അഥര്‍വവേദത്തില്‍ മുഹമ്മദ് നബിയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. മുഹമ്മദ് എന്നാല്‍ വാഴ്ത്തപ്പെട്ടവന്‍ എന്നാണല്ലോ അര്‍ഥം. വരാനിരിക്കുന്ന അവതാരം ‘വാഴ്ത്തപ്പെട്ടവനും അഭിനന്ദിക്കപ്പെടുന്നവനു’മാണെന്നും ‘അവന്റെ വാഹനം-സ്വര്‍ഗത്തെ സ്പര്‍ശിക്കാന്‍ പോലും വേഗതയാര്‍ന്ന ഒട്ടകങ്ങളാണ് വലിയ്ക്കുകയെന്നും സൂചിപ്പിച്ചിട്ടുണ്ട്’.10 വിഷ്ണുപുരാണം 24-ാം അധ്യായത്തില്‍ വേദങ്ങള്‍ ഉദ്‌ബോധിപ്പിച്ച ആചാരങ്ങളും നിയമത്തിന്റെ വ്യവസ്ഥകളും ഏതാണ്ടില്ലാതാകുകയും ഇരുളടഞ്ഞ യുഗം സമീപിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ അവസാനത്തെ അവതാരം ഒരു യോദ്ധാവിന്റെ രൂപത്തിലുണ്ടാവുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. സംഫാല ദ്വീപില്‍ (ടമായവമഹമ ഉശു) മണല്‍ ദ്വീപില്‍ ഒരു പ്രമുഖ കുടുംബത്തിലാണ് അവതരിക്കുക. വിഷ്ണുദാസനെ (ദൈവദാസന്‍)ന്നായിരിക്കും പിതാവിന്റെ പേര്. അമ്മ സോമവതി (വിശ്വസ്ത) ആയിരിക്കും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അബ്ദുല്ലയുടെ അര്‍ഥം ദൈവദാസനെന്നാണ്. ആമിനയുടേത് വിശ്വസ്തയെന്നും അനുമാനിക്കാം. നബിയുടെ മാതാപിതാക്കന്മാര്‍ അവരാണല്ലോ. വിശുദ്ധ ഖുര്‍ആനിലെയും അഥര്‍വ വേദത്തിലെയും വിവരണങ്ങള്‍ക്ക് തമ്മില്‍ വളരെയേറെ സാമ്യം കാണിക്കാം. ഒരുദാഹരണമിതാ: വിശുദ്ധ ഖുര്‍ആന്‍ 58:7-ല്‍ ദൈവത്തിന്റെ മഹത്വങ്ങള്‍ വിവരിക്കുന്നതിങ്ങനെയാണ്: ”ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹു അറിയുന്നു എന്ന വസ്തുത നീ കാണുന്നില്ലേ? മൂന്നു പേര്‍ കുശു കുശുക്കുമ്പോള്‍ നാലാമാനായി അവന്‍ ഉണ്ടാകുന്നു. അഞ്ചു പേര്‍ അടക്കം പറയുമ്പോള്‍ ആറാമതായി അവന്‍ ഉണ്ടാകുന്നു. കുറഞ്ഞാലും അധികരിച്ചാലും അവരൊന്നിച്ച് എവിടെയാണെങ്കിലും അവന്‍ ഉണ്ടാകാതിരിക്കില്ല.” അഥര്‍വവേദം കാണ്ഡം 4 വര്‍ഗം 16 മന്ത്രം 8-ല്‍ ”ആര്‍തന്നെ നിന്നാലും നടന്നാലും രഹസ്യമായി ചിരിച്ചാലും കിടന്നാലും എഴുന്നേറ്റു നടന്നാലും അതറിയുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ കുശുകുശുത്താലും അധീശനായ അദ്ദേഹം അറിയുന്നു. അവിടെ അദ്ദേഹം തൃതീയനാണെ”ന്ന് സമര്‍ഥിക്കുന്നു.
മക്കാവിജയത്തെത്തുടര്‍ന്ന് കുറ്റവാളിയായ കഅ്ബുബ്‌നു സുഹൈര്‍ എന്ന കവി പ്രവാചകന്റെ മുന്നില്‍ സ്വയം ഹാജറായി, ഒരു ‘ഖസീദ’ ആലപിക്കാനുള്ള അനുവാദം തേടി. കവിത കേട്ട് സംതൃപ്തനായ പ്രവാചകന്‍ തന്റെ ‘അങ്കവസ്ത്രം’ നല്‍കി കവിയെ ആദരിച്ചു. അങ്കവസ്ത്രത്തിന്റെ ഖസീദ എന്നു വിശ്വഖ്യാതി നേടിയ ആ കവിതയില്‍ ‘മിന്‍സുയൂഫില്‍ ഹിന്ദിമസ്‌ലൂലു’ എന്നാണ് പ്രവാചകനെ വിശേഷിപ്പിച്ചിരുന്നത്. ”ഇന്ത്യയില്‍ ശില്‍പചാതുര്യത്തോടെ കടഞ്ഞെടുത്തതും ഉറയില്‍നിന്നൂരിയതുമായ വാളാണ് അങ്ങ്” എന്നാണല്ലോ അതിനര്‍ഥം. അന്നേ ഇന്ത്യയിലുണ്ടാക്കിയ വാളിന്റെ മഹത്വത്തെപ്പറ്റി അറബികള്‍ക്കറിയാമായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ”ഈ മന്ദമാരുതന്‍ ഇന്ത്യയില്‍നിന്ന് വരുന്നതായി തോന്നുന്നു” എന്ന നബിവചനം തന്നെയുണ്ട്. മരുഭൂമിയിലെ ചുടുമണല്‍ക്കാറ്റിനെ തടുത്തുനിര്‍ത്തിയിരുന്ന സമൂം എന്ന പര്‍വതത്തെ  അറബികള്‍ ‘ഹിന്ദ്’എന്നു വിളിച്ചിരുന്നതിവിടെ സ്മരണീയമാണ്. മരുഭൂമിയില്‍ ജീവിച്ച അറബികള്‍ പഴങ്ങളും പൂക്കളും കേരവും കാടും നദികളും നിറഞ്ഞ ‘ഹിന്ദി’ല്‍ ഭ്രമിച്ചിരുന്നു എന്നനുമാനിക്കാം. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാറിലെ കരുവാരക്കുണ്ടില്‍ നിര്‍മിച്ച ഉരുക്കുവാള്‍, ചട്ടി മുതലായവ ഈജിപ്തിലും റോമിലും ദമസ്‌കസിലും ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. മുസൈലിമത്തുമായുണ്ടായ യുദ്ധത്തിനിടയില്‍ ഖാലിദ് ഇബ്‌നു വലീദും മജാഅയെന്ന യോദ്ധാവുമായുണ്ടായ സംഭാഷണം ഇതു തെളിയിക്കുന്നതാണ്. ഖലീഫാവലീദ് പറഞ്ഞു: ”ശത്രുപാളയത്തില്‍ത്തന്നെ പടയാണെന്നു തോന്നുന്നു. വാളുകള്‍ അതാ വെട്ടിത്തിളങ്ങുന്നു. നമുക്കാശ്വാസമായി.” ‘അല്ല ഇന്ത്യന്‍ വാള്‍ കറപിടിക്കാതിരിക്കാന്‍ നിരത്തിവെച്ചിരിക്കുകയാണെന്നായിരുന്നു’ മജാഅയുടെ മറുപടി. ‘സൂര്യപ്രകാശത്തില്‍ അവ വെട്ടിത്തിളങ്ങുകയാണ്’.11 ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയപ്രദേശങ്ങളില്‍ ഇന്ത്യക്കാര്‍ കൂടുതലായി കുടിയേറിപ്പാര്‍ത്തിരുന്നുവത്രെ. അവരിലധികവും ജാട്ടുകളും മറ്റുമായിരുന്നു. പ്രവാചകപത്‌നി ആഇശയെ ഇന്ത്യക്കരനായ ഒരു ഭിഷഗ്വരന്‍ ചികിത്സിച്ചതായി തിര്‍മിദി നിവേദനം ചെയ്ത നബിവചനമുണ്ട്. ഖുറൈശി പ്രമുഖനായ അബൂസുഫ്‌യാന്റെ ഭാര്യയുടെ പേര് ഹിന്ദ് എന്നായിരുന്നു. മുഹമ്മദ് നബിയുടെ ധര്‍മപത്‌നി ഖദീജയുടെ മുന്‍വിവാഹത്തിലുണ്ടായിരുന്ന രണ്ട് സന്താനങ്ങളുടെയും പേരില്‍ (മകള്‍ ഹിന്ദും മകന്‍ ഹിന്ദ് ഇബ്‌നുബിലയും) ഹിന്ദ് ഉണ്ടായിരുന്നു. എല്ലാ നല്ലതിനും അവര്‍ ‘ഹിന്ദ്’ എന്ന പേര് നല്‍കിയിരുന്നു. ഇംറുല്‍ഖൈസ് മഹാകവി മരുഭൂമിയില്‍ ചിതറിക്കിടന്നിരുന്ന മാന്‍കാഷ്ഠത്തെ ഉപമിച്ചത് ഉണങ്ങിയ കുരുമുളകിനോടാണ്.
”തറാബഅ്‌റല്‍ അറാമി ഫീ അറസ്വാതിഹാ വഖീആനിഹാ  കഅന്നഹു ഹുബ്ബു ഫുല്‍ഫുലി”
(ആ വീടിന്റെ അങ്കണത്തിലും പരിസരത്തും മാന്‍കുട്ടികളുടെ കാഷ്ഠം നീ കാണുന്നു. ഉണങ്ങിയ കുരുമുളകുമണിപോലെ)എന്നര്‍ഥം. ബിര്‍സത്തന്‍ ഹിന്ദി എന്ന ഒരു അസ്ഹാബിതന്നെ ഉണ്ടായിരുന്നതായി ഹാഫിസ് ഇബ്‌നു ഹജര്‍ ‘ഇസാബ’ എന്ന ഗ്രന്ഥത്തില്‍(1:78) വെളിപ്പെടുത്തിയിട്ടുണ്ട്. ബര്‍സത്തന്‍ യമനിലെ ഇന്ത്യക്കാരനായ ഒരു വ്യാപാരിയായിരുന്നു. പിന്നീട് ഇസ്‌ലാംമതം സ്വീകരിച്ച് നബിയുടെ സഹചാരിയായി ഉയര്‍ന്നു എന്നും പറയപ്പെടുന്നു. മക്കത്ത് രണ്ടു പ്രാവശ്യം പോയി മുഹമ്മദ് നബിയെ സന്ദര്‍ശിച്ചശേഷം മുസ്‌ലിമായി ഇന്ത്യയില്‍ വന്നു പാര്‍പ്പാക്കിയ ബാബാരത്തനെന്ന സന്യാസിയെപ്പറ്റിയും ഇബ്‌നുഹജറും ദഹബിയും പരാമര്‍ശിച്ചിട്ടുണ്ട്. ബാബാരത്തന്‍ എഴുനൂറു വര്‍ഷം മുമ്പ് ജീവിച്ചു എന്നു പേലും വിശ്വസിക്കപ്പെടുന്നു.12
ബാബാരത്തനും ബിര്‍സത്തനും ഒരാളാണോ എന്നു അറിയില്ല. മിഅ്‌റാജ് വേളയില്‍ മുഹമ്മദ് നബി ഈസാ, മൂസാ, ഇബ്‌റാഹീം എന്നീ നബിമാരെ  കണ്ടതായി ‘സ്വഹീഹുല്‍ ബുഖാരി’യിലെ ഒരു നബിവചനത്തിലുണ്ട്. മൂസയാവട്ടെ തവിട്ടുനിറവും പൊക്കമുള്ള ശരീരവുമുള്ള ഒരാളാണ്. കണ്ടാല്‍ ഇന്ത്യയിലെ ജാട്ടു വര്‍ഗത്തിലെ ഒരാളാണെന്നു തോന്നും എന്നാണതില്‍ പറയുന്നത്. പ്രവാചകനും അനുയായികള്‍ക്കും ഇന്ത്യക്കാര്‍ സുപരിചിതരായിരുന്നു എന്നാണല്ലോ ഇതൊക്കെ കാണിക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരവുമായി വിശേഷിച്ചും കേരളവുമായി അറബികള്‍ക്ക് സന്തത സമ്പര്‍ക്കമുണ്ടായിരുന്നു എന്നനുമാനിക്കാന്‍ വകതരുന്നതാണല്ലോ അംബരേഷന്‍ എന്ന ചെട്ടിയുടെ കപ്പല്‍ കോഴിക്കോടിന്നടുത്തുവെച്ച് മുങ്ങാറായതും പിന്നീട് കോഴിക്കോട് ആസ്ഥാനമാക്കി ആ ചെട്ടി അറബിനാടുമായി കച്ചവടം തുടര്‍ന്നതും മറ്റുമായ കഥകള്‍.13 ആക്ടിയമില്‍ ആന്റണിയുടെയും ക്ലിയോപാട്രയുടെയും കീഴില്‍ പടപൊരുതിയവരില്‍ ഇന്ത്യക്കാരായ കപ്പല്‍ക്കാര്‍ ഉണ്ടായിരുന്നു എന്ന് വെര്‍ജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.14
പെരുമാളുടെ മതംമാറ്റക്കഥ, കണ്ടു കിട്ടിയിട്ടുള്ള ‘കേരളോല്‍പത്തി’കളെല്ലാം ഏതാണ്ട് ഒരേതരത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കാലഗണനയിലും ചേരമാനാണോ പള്ളി ബാണരാണോ പോയതെന്നതിനെ സംബന്ധിച്ചും മാത്രമേ അഭിപ്രായഭേദമുള്ളൂ. കൊല്ലവര്‍ഷം 1000 മീനം 6-ന് എഴുതിത്തീര്‍ത്തു എന്നു കാണിക്കുന്നതും… തൃശൂര്‍ ഭാരതവിലാസം പ്രസ്സില്‍ അച്ചടിച്ചതുമായ ‘കേരളോല്‍പത്തി’യില്‍ ‘മാര്‍ക്കം പുക്ക പെരുമാള്‍ വസ്തുവും പിരിച്ചുകൊടുത്തു വേറെവെക്കുകയും ചെയ്തു. അത് ചേരമാന്‍ പെരുമാളല്ല. കീഴില്‍ നാല് പെരുമാക്കള്‍ വാണ് അഞ്ചാമത് ചേരമാന്‍ പെരുമാള്’ എന്നാണ് വിവരിക്കുന്നത്. പത്‌നിയുടെ ആരോപണം വിശ്വസിച്ചു പട മലനായരെ വധശിക്ഷക്ക് വിധിച്ച ചേരമാന്‍ പെരുമാളുടെ കഥ പിന്നീട് വിവരിക്കുന്നു. ‘രാജ്ഞി മന്ത്രിയെ രഹസ്യവേഴ്ചക്കു ക്ഷണിച്ചു. വഴിപ്പെടാതിരുന്നപ്പോള്‍ രാജാവിനോട് സൈന്യാധിപന്‍ തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ മുതിര്‍ന്നതായി പറഞ്ഞു വിശ്വസിപ്പിച്ചു. പടമലനായര്‍ അത്ഭുതാവഹമാം വണ്ണം രക്ഷപ്പെട്ടു (പടമലനായര്‍ ഒഴിഞ്ഞുപോയതോടെയാണ് പെരുമാളുടെ സൈന്യം ‘ഒന്നുകുറവ് ആയിരമായിത്തീര്‍ന്ന’തെന്നു പറയപ്പെടുന്നു). ഒരു മേഘശകലം പടമലനായരെ പൊക്കിയെടുത്തുയര്‍ന്നു എന്നാണൈതിഹ്യം. പശ്ചാത്താപ വിവശനായ രാജാവിനെ നോക്കി പടമലനായര്‍ ഇങ്ങനെ ഉപദേശിച്ചുവത്രേ: ”വടക്ക് അശുവിങ്കല്‍ കുതിരപ്പുറത്ത് വേദ ആപിയാര് എന്നൊരു ജോനകനുണ്ട്. അവിടെ ചെന്നു കണ്ടാല്‍ നാലാം വേദമുറപ്പിച്ചു ഓല മാറി കപ്പല്‍ വെപ്പിച്ചു ഓട്ടഴകത്തിന്മേല്‍ വന്നു തിരുവഞ്ചി മുഖത്തണയും. അവിടെനിന്നും കുംഭമാസത്തില്‍ പതിനാറ് നിലാവ് നേര്‍വെളിപ്പെട്ടു ഒന്നിച്ചു പ്രകാശിക്കുമ്പോള്‍ പാതി പകുത്ത് ഭൂമിയിലിറങ്ങി അതിനൊത്ത് ഒരു പുളപ്പായി ഉദിച്ചുകാണും. അന്തിയായിക്കാണും. അവിടെ നാലാം വേദമുറപ്പിച്ചു ഒക്കത്തക്ക അശുവിനു പൊക്കൊണ്ടാല്‍ പാതി മോക്ഷം കിട്ടും എന്നു പറഞ്ഞു പടമലനായര് സ്വര്‍ഗം പുക്കതിന്റെ ശേഷം പെരുമാള്‍ അശുവിനു പോകുകയും ചെയ്തു” (കേരളോല്‍പത്തി) എന്നു കാണുന്നു. അശുവിനു പോയി എന്നത് ഹജ്ജിനു പോയി എന്നു വ്യാഖ്യാനിക്കാവുന്നതാണെന്നൊരു പക്ഷമുണ്ട്. മക്കത്തുനിന്ന് വന്ന വല്ല പണ്ഡിതരെയും ഉദ്ദേശിച്ചാവാം വേദആപിയാര് എന്നു പറഞ്ഞത്. പെരുമാള്‍ സിലോണില്‍നിന്ന് മടങ്ങുകയായിരുന്ന ഒരു മുസ്‌ലിം സംഘത്തെ കാണാനിടയായി എന്നും അവരുടെ നേതാവ് ശൈഖ് ശിഹാസുദ്ദീന്‍ സ്വപ്നം വ്യാഖ്യാനിച്ചുകൊടുത്ത് അദ്ദേഹത്തെ മുസ്‌ലിംമതവിശ്വാസിയാക്കി എന്നും16 പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സ്വപ്നത്തെയും ചന്ദ്രന്‍ പിളര്‍ന്നതിനെയും മറ്റും പറ്റിയുള്ള പരാമര്‍ശങ്ങള്‍ മാത്രമേ അവിശ്വസനീയമായി തോന്നുന്നുള്ളൂ. ‘ഞാന്‍ അത്ഭുത വിദ്യകള്‍ കാണിക്കാനല്ല നിയോഗക്കപ്പെട്ടിരിക്കുന്നതെ’ന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ.
കേരളത്തില്‍ മുസ്‌ലിംകള്‍ വന്നതിനെപ്പറ്റി കേണല്‍ മെക്കന്‍സി സായ്പിന്റെ നിര്‍ദേശാനുസരണം പൊന്നാനി തുക്കിടി കച്ചേരിയില്‍ വെച്ച് സൈനുദ്ദീന്‍ മഖ്ദൂം തെളിവ് നല്‍കിയതിങ്ങനെയാണ്: ”അറബിക്കരയില്‍നിന്നു മറ്റൊരു കൂട്ടം ഇസ്‌ലാം മതക്കാര്‍ വന്നു. ആ കൂട്ടത്തില്‍ യോഗ്യനും വിശുദ്ധനുമായ ഒരു ശൈഖും കൂടി വന്നിരിക്കുന്നു എന്ന വര്‍ത്തമാനം രാജാവ് ഗ്രഹിച്ചപ്പോള്‍ അദ്ദേഹത്തെ വരുത്തി സല്‍ക്കരിച്ചു. അദ്ദേഹം രാജാവിനോട് മക്കയെന്ന രാജ്യത്ത് മുഹമ്മദ് നബി വന്ന് താന്‍ ദൈവദൂതനാണെന്ന് വെളിപ്പെടുത്തിയതിനെക്കുറിച്ചും സവിസ്തരം പറഞ്ഞു കേള്‍പ്പിച്ചു. പിന്നെ രാജാവ് ഞാനും നിങ്ങളോടു കൂടി മക്കത്തേക്ക് വന്നു മുഹമ്മദ് നബിയെ കാണാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. ബന്തറിലുള്ള കപ്പല്‍ക്കാരന്‍ ഒരുവനുമായി മക്കത്തേക്കുള്ള യാത്രയെ പറ്റി വേണ്ട നിശ്ചയങ്ങളെല്ലാം ചെയ്തു. അറേബ്യയില്‍ എത്തിയശേഷം മക്കത്തേക്ക് നടന്നുചെന്നു മുഹമ്മദ് നബിയുമായി കൂടിക്കാഴ്ച ഉണ്ടാവുകയും അതുകൊണ്ട് രാജാവ് ദൈവത്തിന്റെ മുമ്പില്‍ അനുഗ്രഹിച്ചവനാവുകയും ചെയ്തു.17
ഉമര്‍ ഇബ്‌നു മുഹമ്മദ് സുഹര്‍ വര്‍ദിയുടെ രിഹാലത്തുല്‍ മുലൂക്കില്‍ (രാജാക്കന്മാരുടെ യാത്ര) കുറേക്കൂടി വിശ്വസനീയമായി തോന്നുന്ന ഒരു വിവരണമുണ്ട്. കേരളത്തിന് പണ്ടേ മഹല്‍ ദ്വീപുമായി കച്ചവടബന്ധമുണ്ടായിരുന്നു. അവിടത്തെ രാജാവ് മുസ്‌ലിം മതാനുയായി ആയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശാനുസരണമാണ് പെരുമാള്‍ മാറ്റത്തിനൊരുങ്ങിയത്. പെരുമാളെ ഉപദേശിച്ചു മനസ്സുമാറ്റാനും തിരിച്ചുകൊണ്ടുവരാനും നിയോഗിക്കപ്പെട്ട രണ്ട് ബ്രാഹ്മണ പണ്ഡിതന്മാരും ദ്വീപിലെത്തി എന്ന ഐതിഹ്യവും ഇതിന്നുപോദ്ബലകമാണ്. അവര്‍ ദ്വീപില്‍ പാര്‍പ്പാക്കി. അവരുടെ പിന്‍മുറക്കാരായ ‘ഇല്ല’ക്കാര്‍ ഇന്നും ദ്വീപുകളിലുണ്ട്. ജീവിതത്തില്‍ വിരക്തി തോന്നിയ പെരുമാള്‍ രാജ്ഞിയെ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് കൃഷ്ണന്‍ മുന്‍ജാദ് എന്ന മന്ത്രിയെ രാജ്ഞി കിടപ്പറയിലേക്ക് ക്ഷണിച്ചത്. (രാജാവിന്റെ മതമാറ്റത്തീരുമാനത്തിനെതിരായി ഗൂഢാലോചന നടത്താനുമാവാം മന്ത്രിയെ വിളിച്ചതെന്നും രാജാവിനെ അനുഗമിക്കാന്‍ മകനെ അനുവദിക്കാത്തതുകൊണ്ടാണ് മരുമകന്‍ മഹാബലി കൂടെ പോയതെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു).
കൃഷ്ണന്‍ മുന്‍ജാദിനെ മഹല്‍ രാജാവാണ് ഇസ്‌ലാമിലേക്കാകര്‍ഷിച്ചത്. വധശിക്ഷക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം മഹല്‍ ദ്വീപിലേക്ക് രക്ഷപ്പെട്ടു. അവിടത്തെ രാജാവിനോടൊപ്പം ബസറയിലേക്കു പോയി. അവിടെ വെച്ച് മാലിക് ഇബ്‌നു ദീനാറെ കാണാനിടയായി. അവര്‍ മൂന്നു പേരും ചേര്‍ന്ന് മക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മഹല്‍ രാജാവ് ഗുലാം സയ്യിദ് ഗുലാം മുഹമ്മദ് എന്ന അറബിക്കച്ചവടക്കാരനെ ചേരമാന്‍ പെരുമാള്‍ക്കുള്ള കത്തുകള്‍ ഏല്‍പിച്ചു. മാലിക് ദീനാറും പെരുമാള്‍ക്ക് കത്തുകള്‍ കൊടുത്തിരുന്നു. അറബിക്കച്ചവടക്കാര്‍ അവ പെരുമാള്‍ക്കു നല്‍കി. പശ്ചാത്താപവിവശനായ പെരുമാള്‍ സിലോണില്‍നിന്ന് മടങ്ങുമ്പോള്‍ കൊടുങ്ങല്ലൂര്‍ ഇറങ്ങണമെന്നും മക്കയിലേക്ക് താനും അവരെ അനുഗമിക്കാമെന്നും വാക്കുകൊടുത്തു. കൃഷ്ണന്‍ മുന്‍ജാദിന്റെ (പിന്നീട് ഹുസൈന്‍ ഖാജയായി) ബന്ധുക്കളായ മുസ്താമുദുക്കാദ്, നീലി നിഷാദ, ഷാരിപാദ് എന്നിവരും അവരുടെ ആശ്രിതരായ അസ്‌വാദ്, മര്‍ജാന്‍ എന്നിവരും രാജാവിനോടൊപ്പം ചേര്‍ന്നു.”18 അങ്ങനെ രാജാവും അനുചരന്മാരും കൊടുങ്ങല്ലൂര്‍നിന്ന് പുറപ്പെട്ടു.
പെരുമാളിന്റെ മതമാറ്റത്തിന്റെ കാലഗണനയെ സംബന്ധിച്ചും അഭിപ്രായഭേദമുണ്ട്. ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എ.ഡി 822 (9-ാം നൂറ്റാണ്ട്) ആണെന്നു പറയുന്നു. ”അത് 12-ാം നൂറ്റാണ്ട് ആദ്യമാവുമെന്നും ഏഴാം നൂറ്റാണ്ടിലോ ഒമ്പതാം നൂറ്റാണ്ടിലോ ആവില്ലെന്നു19മാണ് മറ്റൊരു പക്ഷം. ‘രാജ്യം പങ്കിടല്‍ എന്നൊന്നു നടന്നിട്ടുണ്ടെങ്കില്‍ അത് ക്രി. പി. 1102-നു മുമ്പെല്ലന്നു20 ചിലര്‍ തീര്‍ത്തു പറയുന്നു.” ഇന്നസ്സ് സൂചിപ്പിക്കുന്നതുപോലെ മുഹമ്മദീയനായി മതംമാറിയ പെരുമാള്‍ വാഴ്ച ഒഴിഞ്ഞതോടെ അവസാനിച്ച ഒരു രാജവംശം കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്നു എന്ന് ഏതാണ്ട് ഊഹിക്കാമെന്നും അത് മിക്കവാറും 9-ാം നൂറ്റാണ്ടിലാവാമെന്നുമാണ്21 മറ്റൊരു അഭിപ്രായം. അതെന്തായാലും എ.ഡി 216 മുതല്‍ 825 വരെയുള്ള പെരുമാക്കന്മാരുടെ പേര്‍വിവരപട്ടിക കാണിച്ചു ‘മുഹമ്മദ് നബിയുടെ കാലത്ത് പെരുമാള്‍ പോയിരിക്കാനിടയില്ലെന്നു22 സൂചിപ്പിക്കുന്നതിലര്‍ഥമില്ലെന്ന് തീര്‍ച്ചയാണ്. കാരണം പെരുമാക്കന്മാരുടെ വംശചരിത്രം ഇപ്പോഴും അജ്ഞാതമാണന്നാണ് അഭിജ്ഞമതം. 200-ല്‍ പരം ശിലാലിഖിതങ്ങള്‍ പരിശോധിച്ച സുന്ദര്‍രാജും പ്രഫ. കീല്‍ഹോണും ‘ചേരമാന്‍പെരുമാളുടെ കാലഗണനക്കുതകുന്നതൊന്നും കണ്ടുകിട്ടിയിട്ടി’ല്ലെന്ന്23 പറയുന്നു. ചേരമാന്‍പെരുമാളെന്ന വ്യക്തി ഉണ്ടായിരുന്നില്ലെന്നും ചേര അല്ലെങ്കില്‍ കേരള (രണ്ടു പേരും ഒന്നുതന്നെ) എന്ന് ഭരണാധികാരികളുടെ വംശപ്പേരാണെന്നുമാണ് ഗുണ്ടര്‍ട്ടിന്റെ പക്ഷം. ചേരമാന്‍ പെരുമാളുടെ യഥാര്‍ഥ പേര് പള്ളിബാണപെരുമാള്‍ എന്നാണെന്നും ശ്രീമാന്‍ പെരുമാള്‍ എന്ന പട്ടപ്പേര് കിട്ടിയതിനെ24 തുടര്‍ന്നാണ് ചേരമാന്‍ എന്ന പേരുണ്ടായതെന്ന് പറയുന്നവരും ഗുണ്ടര്‍ട്ടിന്റെ നിഗമനത്തോട് യോജിപ്പുള്ളവരാണ്. കേരളത്തിന്റെ ആധിപത്യം ചോള, പാണ്ഡ്യ, രാഷ്ട്ര കൂട രാജാക്കന്മാര്‍ക്കായിരുന്നു എന്നും അവരുടെ പ്രതിനിധി മാത്രായിരുന്നു ചേരമാനെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഏതായാലും കേരളത്തിലെ ഒരു രാജാവ് ഇസ്‌ലാം മതത്തോടുള്ള ബഹുമാനം നിമിത്തം മക്കത്തേക്കും മദീനത്തേക്കും പോയിട്ടുണ്ടാവാമെന്ന’തില്‍ പക്ഷാന്തരമില്ല. അത് സാമൂതിരിപ്പാടാണെങ്കില്‍ ഇബ്‌നുബത്തൂത്തയുടെ അഭിപ്രായം കണക്കിലെടുത്ത്് ‘ഒരു കോലത്തിരിയും ഇസ്‌ലാമായി’ എന്നു പറയേണ്ടിവരും. ‘അതുകൊണ്ട് കോലത്തിരിക്കും, സാമൂതിരിക്കും പൊതുവായുള്ള ഒരു പൂര്‍വികനുമായി ഈ മതമാറ്റക്കഥയെ ബന്ധിപ്പിക്കലാവും നല്ലതെന്നു തോന്നുന്നു.’25
‘പൂത സമുദ്രക്കരയുള്ളവരെ ചേര അങ്ങാടിയില്‍ സ്വാഗതം ചെയ്തു. നാലാം വേദത്തിലെ സിദ്ധാന്തമനുസരിച്ചുള്ള വേദത്തില്‍ പങ്കുകൊണ്ടു’ എന്ന ഐതിഹ്യം26 ഇതിന്റെയൊക്കെ വെളിച്ചത്തില്‍ വിശ്വസനീയമാണ്. നാലാം വേദം ഇസ്‌ലാംമതംതന്നെ. ലോഗന്റെ വിവരണത്തില്‍ അറബിക്കരയിലെ സഫാറിലുള്ള ഖബ്‌റിടത്തിന്മേല്‍ ഹിജ്‌റ 212-ല്‍ എത്തി 216-ല്‍ മരിച്ചു എന്നു രേഖപ്പെടുത്തിയിട്ടുള്ളതായി വിവരിച്ചിട്ടുണ്ട് (ഇസ്‌ലാംമതം വിശ്വസിച്ച ഒരു സാമൂതിരിയുടെതാണീ ശവക്കല്ലറ എന്നും ഒരഭിപ്രായമുണ്ട്). ഇതു ചൂണ്ടിക്കാട്ടി പെരുമാള്‍ മക്കത്ത് ചെന്നത് മുഹമ്മദ് നബിയുടെ കാലത്തല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് നിരര്‍ഥകമാണ്. സാമിരിക്ക് ‘അപരിചിതന്‍’, ‘വിദേശി’, ‘കാവല്‍ക്കാരന്‍’, ‘ഉണര്‍ന്നിരിക്കുന്നവന്‍’ എന്നൊക്കെ അര്‍ഥമുണ്ടെന്ന് വിശദീകരിച്ചുവല്ലോ. ആ നിലയില്‍ സഫാറിലെ ഖബ്‌റിടവും പെരുമാളും തമ്മില്‍ ബന്ധമുണ്ടാവാനിടയില്ല. അതുമല്ല ലണ്ടനിലെ ഇന്ത്യാആഫീസ് ലൈബ്രറിയില്‍ സൂക്ഷിച്ച രേഖയില്‍ കാണുന്ന പദ്യത്തിലെ (ങ 85, 714-920) ‘ശക്രൂത്തി പെരുമാള്‍’ എന്നതും സാമൂതിരിയുമായി എന്തെങ്കിലു ബന്ധമുണ്ടാവാനിടയില്ലെന്നു സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട് ‘ഇസ്‌ലാം മതം പ്രചരിച്ചതോടെ അതിന്റെ സ്വാധീനം കേരളത്തിലും അനുഭവപ്പെട്ടു’ എന്നും അവസാനത്തെ ‘പെരുമാള്‍ ഇസ്‌ലാംമതം സ്വീകരിക്കുകയും തീര്‍ഥാടനത്തിനു പോവുകുയം ചെയ്തു’27 എന്നും വിശ്വസിക്കാനാണ് ന്യായം കാണുന്നത്. ശെഹര്‍ മുഖല്ലയില്‍ കപ്പലിറങ്ങിയ പെരുമാള്‍ നബിയെ നേരിട്ട് കാണുവാന്‍ വേണ്ടി ജിദ്ദയിലേക്ക് പോയി. പ്രവാചകന്‍ പെരുമാളെ സബഹുമാനം സ്വീകരിച്ചു. അറേബ്യയിലെ പൗരപ്രധാനികള്‍ പലരും രാജാവിനെ കാണാന്‍ വരികയും ഹാര്‍ദമായി അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തു- എന്നു തുടങ്ങി പെരുമാളുടെ മതമാറ്റ കഥയുടെ സൂക്ഷ്മാംശങ്ങള്‍ വരെ കേരള ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പെരുമാള്‍ മക്കത്തേക്ക് പോയത് ഇരണിയലില്‍നിന്നാണെന്ന ഒരഭിപ്രായവുമുണ്ടായിരുന്നു. ആണ്ടിലൊരിക്കല്‍ ആറാട്ടുത്സവത്തോടനുബന്ധിച്ച് ആനയെ കളത്തിലിറക്കി പെരുമാളെ തിരയിക്കുന്ന ചടങ്ങ് ഇന്നും അവിടെയുണ്ട്. സിലോണിലെ ആദം മലയിലേക്ക് പോകുന്നവഴി മാലിക് ദീനാറും മറ്റും പെരുമാളെ സന്ദര്‍ശിച്ചു. പെരുമാള്‍ അവരോടൊപ്പം യാത്രതിരിക്കാമെന്നുറച്ചു. ജനങ്ങള്‍ പാണ്ഡ്യരാജാവിനോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വരഗുണപാണ്ഡ്യന്‍ ഒരു സൈന്യവുമായി വന്ന് വിഴിഞ്ഞത്തുവെച്ചു പെരുമാളെ തോല്‍പിച്ചു. സര്‍വസംഗപരിത്യാഗിയായിത്തീര്‍ന്ന പെരുമാള്‍ രാജ്യം പങ്കുവെച്ചു കൊടുത്ത് അറബികളോടൊപ്പം മക്കത്തേക്കുപോയി എന്നാണ് ഐതിഹ്യം. ഏതാണ്ട് 14-ാം നൂറ്റാണ്ടിനോടടുത്തുള്ള ഒരു പഴയ മലയാള പദ്യത്തില്‍ അവസാനത്തെ പെരുമാളുടെ പേര്‍ രാമവര്‍മയാണെന്നുകാണുന്നു…. 1102-ലെ ലിഖിതത്തില്‍ പറയുന്ന പ്രായശ്ചിത്തച്ചടങ്ങിനുശേഷം രാമവര്‍മയെ ഒരു രേഖയിലും പറയുന്നില്ല. അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ ഒരു സന്യാസിയായിരുന്നു… നമ്പൂതിരി ജന്മിമാരുടെ വെറും ‘റാന്‍’മൂളിയാവാന്‍ വയ്യെന്നു തോന്നിയതുകൊണ്ട് അദ്ദേഹം അപ്രത്യക്ഷനായിരിക്കാമെന്നും അനുമാനിക്കപ്പെടുന്നുണ്ട്.28
ഇസ്‌ലാംമതം മുഹമ്മദ് നബിയുടെ കാലത്തുതന്നെ കേരളത്തില്‍ പ്രചരിച്ചുതുടങ്ങി എന്ന് അനുമാനിക്കാവുന്നതും സയ്യിദ് മുഹമ്മദ് ഇബ്‌നു ഉമര്‍ അലി രചിച്ചതുമായ ഒരു പദ്യവും ഇരിക്കൂറില്‍ ‘സനഃ ഖംസുന്‍’ (ഹിജ്‌റ 9) എന്നു രേഖപ്പെടുത്തപ്പെട്ട കല്ലും കണ്ടതായി സി.എന്‍ അഹ്മദ് മൗലവി രേഖപ്പെടുത്തിയതിവിടെ ശ്രദ്ധേയമാണ്.29 പൂഞ്ഞാറില്‍നിന്നിയ്യിടെ കിട്ടിയ നാണയത്തിന്മേല്‍ എ.ഡി 736 (ഹിജ്‌റ 118) എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കോഴിക്കോട് സര്‍വകലാശാല ആര്‍ക്കിയോളജി ലക്ചറര്‍ ജോണ്‍ ഓച്ചന്തുരുത്ത് പ്രസ്താവിച്ചിരുന്നു. ഉമയ്യാദ് ഖലീഫമാരുടെ ദീനാറിനോട് സാമ്യമുള്ളതാണ് അതെന്ന് കരുതപ്പെടുന്നു. തിരുനെല്‍വേലിയിലെ താമ്രപര്‍ണി നദീമുഖത്തുള്ള കായല്‍ പട്ടണത്തുനിന്ന് കാര്‍സ്‌വെല്‍ ഹിജ്‌റ 71 എന്നു രേഖപ്പെടുത്തിയ നാണയങ്ങളും ആദ്യകാലത്തേതെന്നുറപ്പിക്കാവുന്ന അറേബിയന്‍ പിഞ്ഞാണക്കഷണങ്ങളും കണ്ടെടുക്കുകയുണ്ടായി. പന്തലായിനി കൊല്ലത്തൊരു നീശാന്‍ കല്ലിന്മേല്‍ അലി ഇബ്‌നു ഉദോര്‍മാന്‍ ഹിജ്‌റ 166-ല്‍ ഇഹലോകവാസം വെടിഞ്ഞു എന്നു വ്യക്തമായും രേഖപ്പെടുത്തിയിട്ടുണ്ട് (ഇന്നസ്സ മലബാര്‍ അഞ്ചന്‍ ഗോസിസ് (റ്റീക്ഗസറ്റിയര്‍). എ.ഡി 9-ാം നൂറ്റാണ്ടില്‍ പോലും ഇസ്‌ലാംമതവിശ്വാസികളെ ചൈനയിലോ ഇന്ത്യയിലോ കണ്ടില്ലന്ന അറബി സഞ്ചാരിയായ സുലൈമാന്റെ പ്രസ്താവന ഒതുരത്തിലും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഇതൊക്കെ തെളിയിക്കുന്നു. പെരുമാളുടെ മതപരിവര്‍ത്തനത്തിനും മക്കായാത്രക്കും ചുറ്റുമുള്ള നിഗൂഢതയുടെ പരിവേഷമെന്ത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പെരുമാളുടെ മക്കായാത്രതന്നെ ഒരു ഒളിച്ചോട്ടമായിരുന്നു എന്നോര്‍ത്താല്‍ ഇതിനുത്തരമായി. നാട്ടുകാരും രാജ്ഞിയും അതിനെതിരായിരുന്നു. വരഗുണപാണ്ഡ്യന്റെ ആക്രമണത്തെപ്പറ്റി പറഞ്ഞുവല്ലോ. ‘കൊടുങ്ങല്ലൂര്‍ തുറമുഖത്തുനിന്ന് കപ്പല്‍ ഗൂഢമായി കയറി കൊയിലാണ്ടി തൂക്കില്‍ ഒരു ദിവസം പാര്‍ത്തു. പിറ്റേ ദിവസം ധര്‍മപട്ടണത്തെത്തി. ധര്‍മപട്ടണം കോവിലകം രക്ഷിപ്പാന്‍ സാമൂതിരിയെ ഏല്‍പിച്ചു. കപ്പലില്‍ പോയി കേറിയ ശേഷം കൊടുങ്ങല്ലൂര്‍ നിന്ന് കപ്പല്‍ക്കാരും മറ്റും പോയി പെരുമാള്‍ കയറിയ കപ്പല്‍ക്കാരുമായി വളരെ യുദ്ധമുണ്ടായി. പിടികൊടുക്കാതെ ശഹര്‍ മുഖല്ല എന്ന ബന്തറില്‍ ഇറങ്ങുകയും ചെയ്തു’ എന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പ്രകാശിപ്പിച്ച ‘കേരളോല്‍പത്തി’യിലെ വിവരണവും ഇതിന്നനുയോജ്യമാണ്. പെരുമാള്‍ അറേബിയയില്‍ വെച്ച് അന്തരിച്ചുവെങ്കില്‍ സഹായികള്‍ മലബാറില്‍ പോയി മതം പ്രചരിപ്പിക്കണമെന്ന് അദ്ദേഹം അതിനു മുമ്പ് ആഗ്രഹിച്ചിരുന്നു. നമ്പൂതിരിമാരുടെ പ്രാബല്യം വര്‍ധിക്കുന്നതും ജാതിക്ക് ദാര്‍ഢ്യം സിദ്ധിക്കുന്നതും മറ്റും ആ കാലത്തോടുകൂടിയാണെന്ന് ആലോചിക്കുമ്പോള്‍ പെരുമാളുടെ മതമാറ്റം പരസ്യമായെങ്കില്‍ അറബികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആനുകൂല്യങ്ങള്‍ സിദ്ധിക്കില്ല എന്നു തോന്നുന്നത് സ്വാഭാവികമാണല്ലോ. എങ്കില്‍ അധികപക്ഷവും അറേബ്യയില്‍നിന്ന് ഇസ്‌ലാമായി എന്നും അതൊരു രഹസ്യമാക്കിവെച്ചു30 എന്നും അനുമാനിക്കാവുന്നതാണ്. ‘പെരുമാള്‍ മരിക്കുമ്പോള്‍ മരുമകനായ സെയ്ഫുദ്ദീന്‍ മുഹമ്മദലിയോട് കൊടുങ്ങല്ലൂരോ തിരുവിതാംകൂറിലോ പോകരുതെന്ന്31 ഉപദേശിച്ചതും അദ്ദേഹം ശത്രുക്കളെ ഭയപ്പെട്ടിരുന്നു എന്നൂഹിക്കാന്‍ വക തരുന്നതാണ്. ഇനിയും പെരുമാളുടെ മക്കാ യാത്രയെയും മതപരിവര്‍ത്തനത്തെയും പറ്റി ചരിത്രപരമായ തെളിവുകളില്ലെന്നു വാദിക്കുന്നവരെ പണ്ഡിറ്റ് നെഹ്‌റുവിന്റെ താഴെ കൊടുക്കുന്ന വാചകം അനുസ്മരിപ്പിക്കുക മാത്രമേ നിര്‍വാഹമുള്ളൂ: ”പലപ്പോഴും ചരിത്രം തനി പഴമ്പുരാണമാണ് (ങ്യവേ). അല്ലെങ്കില്‍ യാഥാര്‍ഥ്യവും സങ്കല്‍പകഥകളും ചേര്‍ന്നതാണ്. അതുമല്ലെങ്കില്‍ പാരമ്പര്യം സൂക്ഷിക്കുന്ന ഏതെങ്കിലും സംഭവത്തിന്റെ അതിശയോക്തിപരമായ വിവരണമാണ് വേര്‍തിരിക്കാനാവാത്ത വിധത്തില്‍ ഊടും പാവുമായി ചേര്‍ന്നു’32 ഭാവനാസൃഷ്ടമായ ചരിത്രപരമായിത്തീരുന്നത്.
‘പെരുമാളുടെ മതമാറ്റക്കഥയുമായി’ ബന്ധപ്പെട്ട ഒരു പൂര്‍വാചാരം ഇന്നും ചിറയ്ക്കല്‍ കടലായി ക്ഷേത്രത്തില്‍ നടത്തിവരുന്നുണ്ട്. കോലത്തിരിവംശം അവരുടെ പൂര്‍വികന്‍ ചെയ്ത പാപത്തിന്റെ പരിഹാരാര്‍ഥം കടലായി കൃഷ്ണനു വട്ടളപ്പായസം നിവേദിക്കുന്ന പതിവാണിത്’.33 മതപരിവര്‍ത്തനം ചെയ്ത പെരുമാളിനു നാലു സ്വരൂപങ്ങളില്‍ ഓരോ ഭാര്യമാരുണ്ടായിരുന്നു. ആ നാലു ഭാര്യമാരില്‍ ഒരുവളായ കോലത്തുനാട്ടിലെ കെട്ടിലമ്മയുടെ വാക്കുകേട്ട് പാപം ചെയ്തതുകൊണ്ടാണ് പെരുമാളിനു മക്കത്തുപോയി തൊപ്പിയിടേണ്ടിവന്നത്. പടമലനായര്‍ എന്നൊരു കാര്യസ്ഥന്‍ പെരുമാളിനുണ്ടായിരുന്നു….. കാര്യസ്ഥന്റെ രൂപ സൗകുമാര്യത്തില്‍ ഭ്രമിച്ച കെട്ടിലമ്മ അയാളെ അവിഹിതബന്ധത്തിനു ക്ഷണിച്ചു. ധര്‍മിഷ്ഠനായ കാര്യസ്ഥന്‍ ആ ക്ഷണം നിരസിച്ചു. പ്രതികാരബുദ്ധിയായിത്തീര്‍ന്ന കെട്ടിലമ്മ പെരുമാളിനെ തെറ്റിദ്ധരിപ്പിച്ചു. അതുകേട്ട് കോപാകുലനായ പെരുമാള്‍ കാര്യസ്ഥനെ കഴുത്തറുത്തു കൊല്ലുവാന്‍ വിധിച്ചു… കൊല്ലപ്പെട്ട നായരുടെ അവസാന വാക്ക് പെണ്‍ചൊല്ലുകേട്ട് എന്നെ വധിക്കാന്‍ വിധിച്ച പെരുമാള്‍ മക്കത്ത് പോയി തൊപ്പിയിട്ടാല്‍ പാതി മോക്ഷം കിട്ടുമെന്നായിരുന്നുവത്രെ. കോലത്തിരി അടക്കം കേരളത്തിലെ രാജവംശങ്ങള്‍ക്കെല്ലാം പൂര്‍വികനായി അവകാശപ്പെടാവുന്ന പെരുമാളാണ് മക്കത്ത് പോയതെന്നാണല്ലോ ഇതൊക്കെ കാണിക്കുന്നത്. ‘പുതുതായി ഏര്‍പ്പെടുത്താന്‍ പോവുന്ന രാജവംശക്കാര്‍ കേരളാചാരങ്ങളും മരുമക്കത്തായവും ആചരിച്ചുവന്നാല്‍ രാജസ്ഥാനത്തിന് ഉറപ്പിനും ജനങ്ങളുടെ ക്ഷേമത്തിനും അധികം നന്നെ’ന്നു34 നിശ്ചയിച്ചതനുസരിച്ചു പെരുമാക്കന്മാര്‍ സംബന്ധവഴിയായും ദത്തെടുത്തും എല്ലാ രാജ്യകുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നത് അനുസ്മരണീയമാണ്.
(കേരള സാഹിത്യ അക്കാദമി, തൃശൂര്‍ പ്രസിദ്ധീകരിച്ച ‘മുസ്‌ലിമിങ്ങളും കേരള സംസ്‌കാരവും’ എന്ന പുസ്തകത്തില്‍നിന്ന്)
കുറിപ്പുകള്‍
1. മുഹമ്മദ് ഹമീദുല്ല, മുഹമ്മദ് റസൂലുല്ല (ഹൈദറാബാദ് 1974) പേജ് 106.
2. അതില്‍തന്നെ പേജ് 107
3. അതില്‍ തന്നെ പേജ് 27
4. സി.കെ കരീം, ഇന്ത്യാ ചരിത്രത്തിന്നൊരു മുഖവുര (കൊല്ലം 1965). പേജ് 46
5. സി.എന്‍ അഹ്മദ് മൗലവി ‘മതവും തത്ത്വശാസ്ത്രവും’ (തിരുവനന്തപുരം ലോക മലയാളസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം)
6. എ. യൂസഫലി- ദി ഹോളി ഖുര്‍ആന്‍ (പരിഭാഷ ലാഹോര്‍), പേജ് 805,807
7. സി.എന്‍ അഹ്മദ് മൗലവി, മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം (കോഴിക്കോട് 1918), പേജ് 113
8. മുഹമ്മദ് ഹമീദുല്ല, മുഹമ്മദ് റസൂലുല്ല (ഹൈദറാബാദ് 1947) പേജ് 107
9. അതില്‍തന്നെ പേജ് 25,26
10. അതില്‍തന്നെ പേജ് 26
11. സി.എന്‍ അഹ്മദ് മൗലവി, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (കോഴിക്കോട് 1978), പേജ് 111
12. ജോണ്‍ എ. സുഭാന്‍, സൂഫിസം (ലഖ്‌നൗ പബ്ലിഷിംഗ് ഹൗസ് 1938), പേജ് 120
13. കെ.പി കൃഷ്ണയ്യര്‍, ദി സാമൊരിയന്‍സ് ഓഫ് കാലിക്കറ്റ് (കാലിക്കറ്റ് 1938), പേജ് 85
14. താരാചന്ദ്, ഇന്‍ഫഌവന്‍സ് ഓഫ് ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍ (അലഹാബാദ് 1963), പേജ് 30
15. പ്രഫ. സയ്യിദ് മൊഹിദ്ദീന്‍ ഷാ,
ഇസ്‌ലാം ഇന്‍ കേരള (തൃശൂര്‍ 1975), പേജ് 27
16. താരാചന്ദ്, ഇന്‍ഫ്‌ളുവന്‍സ് ഓഫ് ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍ (അലഹാബാദ് 1963) പേജ് 34
17. സി.എന്‍ അഹ്മദ് മൗലവി, മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം (കോഴിക്കോട് 1978), പേജ് 118
18. പ്രഫ. സയ്യിദ് മൊഹിദീന്‍ഷാ, ഇസ്‌ലാം ഇന്‍ കേരള (തൃശൂര്‍ 1975), പേജ് 21,22
19. എം.ജി.എസ് നാരായണന്‍, കള്‍ചറല്‍ സിംബിയൊസിസ് (തിരുവനന്തപുരം 1972), പേജ് 6
20. ഇളംകുളം കുഞ്ഞന്‍പിള്ള, ചേരസാമ്രാജ്യം ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ (കോട്ടയം 1960), പേജ് 25
21. താരാചന്ദ്, ഇന്‍ഫഌവന്‍സ് ഓഫ് ഇസ്‌ലാം ഓണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍ (അലഹാബാദ് 1963), പേജ് 35
22. ശൂരനാട്ട് കുഞ്ഞന്‍പിള്ള, പ്രാചീന കേരളം  (തിരുവനന്തപുരം 1955) പേജ് 22
23. എപ്പിഗ്രാഫിയ ഇന്‍ഡികാ, വാള്യം 4 സപ്ലിമെന്റ് 66-939
24. കണ്ണമ്പ്ര നായര്‍ (രാമുണ്ണി നായര്‍) കേരള ചരിത്രം (കോട്ടക്കല്‍ 1910) പേജ് 39
25. ഇളംകുളം കുഞ്ഞന്‍പിള്ള, സ്റ്റഡീസ് ഇന്‍ കേരള ഹിസ്റ്ററി (കോട്ടയം 1970), പേജ് 212
26. എ. ബാലകൃഷ്ണപ്പിള്ള, ചരിത്ര കേരളം അവതാരിക (കോട്ടയം 1957), പേജ് 10
27. കെ.എം പണിക്കര്‍, കേരളത്തിലെ സ്വാതന്ത്ര്യസമരം (1957) പേജ് 9.
28. ഇളംകുളം കുഞ്ഞന്‍പിള്ള, സ്റ്റഡീസ് ഇന്‍ കേരള ഹിസ്റ്ററി (കോട്ടയം 1970), പേജ് 403
29. സി.എന്‍ അഹ്മദ് മൗലവി, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (കോഴിക്കോട് 1978), പേജ് 196
30. ഇളംകുളം കുഞ്ഞന്‍പിള്ള, സ്റ്റഡീസ് ഇന്‍ കേരള ഹിസ്റ്ററി (കോട്ടയം 1970), പേജ് 213
31. പ്രഫ. സയ്യിദ് മൊഹിദീന്‍ഷാ, ഇസ്‌ലാം ഇന്‍ കേരള (തൃശൂര്‍ 1975), പേജ് 23
32. ജവഹര്‍ലാല്‍ നെഹ്‌റു, ഡിസ്‌കവറി ഓഫ് ഇന്ത്യ (ലണ്ടന്‍ 1965), പേജ് 90
33. കെ.കെ രാമചന്ദ്രന്‍ നായര്‍, കേരളചരിത്രശകലങ്ങള്‍ (കോട്ടയം 1969) പേജ് 52
34. കണ്ണമ്പ്ര രാമുണ്ണി നായര്‍, എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് കേരള (കോട്ടക്കല്‍ 1910), പേജ് 40

You may also like