ലേഖനം

ഉമ്മയുടെ സ്ഥാനം പ്രവാചക വചനങ്ങളില്‍

Spread the love

മാതാപിതാക്കളെ സംരക്ഷിക്കുകയെന്നത് പ്രവാചകന് അല്ലാഹു നല്‍കിയിട്ടുള്ള ദിവ്യബോധനത്തില്‍ സവിശേഷമായി പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. ഒരു പ്രവാചകനും ഇക്കാര്യം കല്‍പ്പിക്കാതെയോ അതിലേക്ക് ക്ഷണിക്കാതെയോ ഇരുന്നിട്ടില്ല. ഇസ്‌ലാമിക ശരീഅത്തില്‍ ഈ വിഷയത്തിലുള്ള കല്‍പ്പനയും നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും വളരെ കൂടുതലാണ്. അതിനാല്‍ തന്നെ പ്രവാചകന്‍(സ) അക്കാര്യം ഉറപ്പിച്ചു പറയുകയും അതിന്റെ അനിവാര്യതയെപറ്റി നിരന്തരം ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. അവരെ അനുസരിച്ച് പ്രവര്‍ത്തിക്കുകയും തൃപ്തിപ്പെടുത്തുകയും പരിഗണിക്കുകയും ചെയ്യുകയെന്നത് അല്ലാഹുവിന്റെ തൃപ്തിയിലേക്കുള്ള സരണിയാണ്. അവരോട് നന്ദികേട് കാണിക്കല്‍ അല്ലാഹിവിനോടുള്ള ശിര്‍ക്കിന് ശേഷമുള്ള ഏറ്റവും വലിയ അപരാധത്തോളം ചെന്നെത്തുന്നു. അത്തരം തെറ്റുകളില്‍ അല്ലാഹുവിനോട് പശ്ചാതപിക്കേണ്ടതുണ്ട്.

പ്രവാചകന്‍ (സ) പറഞ്ഞു. ‘മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി. അവന്റെ കോപം അവരോടുള്ള കോപത്തിലുമാണ്. ‘ (ത്വബ്‌റാനി)
മാതാവിനോട് ഉപകാരം ചെയ്യുന്ന കാര്യത്തില്‍ പ്രവാചകന്‍(സ)  പ്രത്യേകമായി ഉണര്‍ത്തുകയും അവരോട് സല്‍പെരുമാറ്റത്തിന് പിതാവിനേക്കാള്‍ അധികമായി പ്രാധാന്യം കല്‍പിക്കുകയും ചെയ്തു. മാതാവാണ് അവരാണ് ഗര്‍ഭം ചുമന്നതും പ്രസവിച്ചതും മുലയൂട്ടിയതുമെല്ലാം. അതു കൊണ്ടുതന്നെ പിതാവിനേക്കാള്‍ കൂടതലായി മാതാവിനോട് വിട്ടുവിഴ്ചയും നൈര്‍മല്യവും കാണിക്കേണ്ടതുണ്ട്.
 
ഒരാള്‍ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു. ‘അല്ലയോ, അല്ലാഹുവിന്റെ ദൂതരേ.. ജനങ്ങളില്‍ ഏറ്റവും നല്ല സഹവര്‍ത്തിത്വനായി ഞാന്‍ കടപ്പെട്ടത് ആരോടാണ്? പ്രവാചകന്‍ പറഞ്ഞു: നിന്റെ മാതാവിനോട്. അദ്ദേഹം ചോദിച്ചു: പിന്നെ ആരോടാണ്. പറഞ്ഞു: നിന്റെ മാതാവിനോട്. പിന്നെ ആരോടാണ്? പ്രവാചകന്‍ പറഞ്ഞു.: നിന്റെ മാതവിനോട് തന്നെ. പിന്നെയും ആരോടാണ് എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: നിന്റെ പിതാവിനോട്.’

മാതാവിന്റെ കാര്യത്തിലുള്ള സൂഷ്മതക്ക് ഐഛിക ആരാധനാകാര്യങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുകയും മറ്റേതൊരു പൊതുനന്മകളെക്കാള്‍ പ്രാധാന്യം നല്‍കുകയും ചെയ്തിരിക്കുന്നു. എത്രത്തോളമെന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരത്തേക്കാളും. മുആവിയത് ബിന്‍ ജാഹിമതുസ്സലമിയില്‍ നിന്ന് നിവേദനം. ഒരാള്‍ റസൂല്‍(സ)യുടെ അടുത്ത് വന്ന് ജിഹാദിന് പുറപ്പെടാനുളള അനുവാദം തേടി. മടങ്ങിപ്പോയി മാതാവിന് സേവനം ചെയ്യാനാണ് അദ്ദേഹത്തോട് പ്രവാചകന്‍ കല്‍പിച്ചത്. അയാള്‍ തന്റെ ആഗ്രഹം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ പ്രവാചകന്‍ അല്‍പം ദേഷ്യത്തോടെ തന്നെ പ്രതികരിച്ചു ‘നിനക്ക് നാശം.. നീ അവരെ സേവിക്കുക…അവിടെയാണ് നിന്റെ സ്വര്‍ഗ്ഗം. (അഹ്മദ്, ഇബ്‌നുമാജ)

ഉമ്മക്ക് പുണ്യം ചെയ്യുന്നത് ജിഹാദിനേക്കാള്‍ മഹത്തരമായ കാര്യമാണെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ദൈവമാര്‍ഗത്തിലുള്ള ജിഹാദ് എന്നത് ഏറ്റവും പ്രതിഫലാര്‍ഹമായ കര്‍മവും അല്ലാഹുവിലേക്കടുപ്പിക്കുന്ന മഹത്തായ ആരാധനയുമാണെന്ന് നമുക്കറിയാമല്ലോ. എന്നാല്‍ ഈ ഹദീസ് വായിക്കുന്ന എത്രപേര്‍ മാതൃസേവനം അല്ലാഹുവിലുള്ള വിശ്വാസത്തിനും അവന്റെ ഏകത്വത്തിനും ശേഷം വരുന്ന മഹത്തായ പുണ്യകര്‍മമായി കാണാറുണ്ട്?

ഈ ലോകത്തും പരലോകത്തുമുള്ള സകല നന്മകളുള്‍ക്കൊള്ളുന്ന ഒരു സമഗ്രപദമാണ് ബിര്‍റ്. മാതാക്കളോടുള്ള ബിര്‍റ് അവര്‍ക്ക് ചെയ്തു കൊടുക്കുന്ന ഇഹ്‌സാനും അവരുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിച്ചു കൊടുക്കലും അല്ലാഹുവിന്റെ നിയമപരിധികള്‍ക്ക് വിരുദ്ധമല്ലാത്ത കാര്യങ്ങളില്‍ അവരെ അനുസരിക്കലുമാണ്. ബിര്‍റ് രൂപപ്പെടുന്നത് ഏറ്റവും നല്ല പെരുമാറ്റത്തിലൂടെയും ഇടപഴക്കത്തിലൂടെയുമാണ്. ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയും നിസ്വാര്‍ത്ഥമായി അവര്‍ക്ക് വേണ്ടി ചെലവഴിക്കുകയും വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും അവരുടെ സംതൃപ്തിക്കും സന്തോഷത്തിനും  വേണ്ടി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

ആഇശ(റ)യില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ഞാന്‍ ഉറങ്ങിക്കൊണ്ടിരിക്കെ എനിക്ക് സ്വര്‍ഗം കാണിക്കപ്പെട്ടു. അവിടെ ഒരാള്‍ എന്തോ പാരായണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അതാരാണെന്നന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഇത് ഹാരിസത് ബിന്‍ നുഅ്മാനാണ്. തുടര്‍ന്ന് ഇപ്രകാരം പറഞ്ഞു. അതാണ് പുണ്യം. അത് തന്നെയാണ് പുണ്യം. അദ്ദേഹം മറ്റുള്ളവരെ അപേക്ഷിച്ച് സ്വന്തം മാതാവിനോട് ഏറ്റവുമധികം ബിര്‍റ് ചെയ്യുന്നയാളായിരുന്നു’.
ആഇശ(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. സ്വഹാബികളില്‍ രണ്ട് പ്രമുഖര്‍ ഈ സമുദായത്തില്‍ സ്വന്തം മാതാക്കളോട് ഏറ്റവുമധികം നന്മ ചെയ്തു കൊടുത്തവരായിരുന്നു. ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, ഹാരിസതു ബിന്‍ നുഅ്മാന്‍ എന്നിവരായിരുന്നു അവര്‍’.

അബൂഹുറൈറ സ്വന്തം വീട്ടില്‍ നിന്ന് പുറപ്പെടാന്‍ ഉദ്ദേശിക്കുകയും ഉമ്മയുടെ മുന്നില്‍ ചെന്ന് നില്‍ക്കുകയും ചെയ്തു ഇപ്രകാരം പറഞ്ഞു. അസ്സലാമു അലൈകി യാ ഉമ്മാ.. എന്നെ ചെറുപ്പത്തില്‍ പോറ്റിയതു പോലെ നിങ്ങളെയും അനുഗ്രഹിക്കട്ടെ, അപ്പോഴവര്‍ പറഞ്ഞു: മോനേ… വഅലൈകസ്സലാം. അല്ലാഹു നിന്നെയും അനുഗ്രഹിക്കട്ടെ എനിക്ക് വലിയ വലിയ പുണ്യംചെയ്തതു പോലെ.’

വിവ. സുഹൈറലി തിരുവിഴാംകുന്ന്

You may also like