ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാരംഭ ദശയില്‍ മുസ്‌ലിംകള്‍ കേവലം എണ്‍പത്തിമൂന്നുപേര്‍ മാത്രമുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ പൊതുജനങ്ങള്‍ക്കുമുമ്പില്‍ പരസ്യമായി പ്രബോധനം നടത്താന്‍ അബൂബക്കര്‍(റ) പ്രവാചകനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ”അബൂബക്കര്‍, നാം ന്യൂനപക്ഷമാണ്” – പ്രവാചകന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. എന്നാല്‍ വളരെ ആവേശവാനായിരുന്ന അബൂബക്കര്‍(റ) പ്രവാചകനെ നിരന്തരമായി നിര്‍ബന്ധിച്ചു കൊണ്ടിരുന്നപ്പോള്‍ അവര്‍ ഒരു സ്ഥലത്ത് സംഘടിച്ച് പ്രവാചകന്റെ നേതൃത്വത്തില്‍ പരസ്യപ്രബോധനത്തിനിറങ്ങി. അവര്‍ മസ്ജിദുല്‍ ഹറമിലെത്തി. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി ഓരോരുത്തരും സ്വന്തം ബന്ധുക്കളുടെ സമീപത്തായി നിലയുറപ്പിച്ചു. അബൂബക്കര്‍(റ) ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രഭാഷണം തുടങ്ങി. ഇതുകേട്ട് കോപിച്ച ബഹുദൈവ വിശ്വാസികള്‍ മുസ്‌ലിംകള്‍ക്കെതിരെ ഇളകിവശായി. അവര്‍ മുസ്‌ലിംകളെ കടന്നാക്രമിച്ചു. ന്യൂനപക്ഷമായിരുന്ന സഹാബിമാര്‍ പലഭാഗങ്ങളിലേക്കായി ചിതറി ഓടി. ഒരു സംഘം അക്രമികള്‍ അബൂബക്കറി(റ)നു നേരെ തിരിഞ്ഞു. അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. അദ്ദേഹം ചുട്ടുപഴുത്ത നിലത്തുവീണു. ഉത്ബത് ബിന്‍ റബീഅ അബൂബക്കറി(റ)നെ ചെരിപ്പുകൊണ്ടടിക്കുകയും മുഖത്ത് ഉരസുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ വയറിന്‍മേല്‍ കയറിനിന്നു. അബൂബക്കറി(റ)ന്റെ മുഖത്തെ മാംസപേശികള്‍ വികൃതമായി.
അദ്ദേഹത്തിന്റെ ഗോത്രക്കാരായ ബനൂതമീം ഇതിന് പ്രതികാരം ചോദിക്കാനായി വന്നു. അവര്‍ ജനക്കൂട്ടത്തെ തട്ടിമാറ്റി അദ്ദേഹത്തെ ഒരു വസ്ത്രത്തില്‍ പൊതിഞ്ഞ് വീട്ടലേക്ക് കൊണ്ടുപോയി. അദ്ദേഹം മരണപ്പെട്ടെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. പിന്നീടവര്‍ പള്ളിയിലേക്ക് തിരിച്ചുവന്നു. അബൂബക്കര്‍(റ) മരിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഉത്ബയെ വധിക്കുമെന്നാക്രോശിച്ചു. പിന്നീട് അവര്‍ അബൂബക്കറി(റ) ന്റെ വീട്ടിലേക്കുതന്നെ തിരിച്ചുപോയി. ജീവന്‍ ബാക്കിയുണ്ടോ എന്നറിയാന്‍ പറ്റാത്തവിധം അബോധാവസ്ഥയിലായിരുന്നു അബൂബക്കര്‍(റ). പിതാവ് അബൂഖഹാഫയും മറ്റു ബന്ധുജനങ്ങളും അദ്ദേഹത്തിന്റെ ശയ്യക്ക് സമീപമുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തോട് സസാരക്കുന്നുണ്ടെങ്കിലും അദ്ദേഹം യാതൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മാതാവ് കരഞ്ഞുകൊണ്ട് സമീപത്തു തന്നെ നില്‍പുണ്ടായിരുന്നു. സന്ധ്യയാവാറായപ്പോള്‍ അദ്ദേഹം കണ്ണ്തുറന്നു. ”പ്രവാചകന്ന് എന്ത് സംഭവിച്ചു?” എന്നായിരുന്നു അബൂബക്ര്‍(റ) ആദ്യമായി ഉരുവിട്ടവക്ക്.
പ്രവാചകനോടുള്ള സ്‌നേഹത്തില്‍ മതിമറന്ന അദ്ദേഹം തനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിനേക്കാളുപരിയായി പ്രവാചകന് വല്ല അപകടവും സംഭവിക്കുന്നതിനെയാണ് ഭയപ്പെട്ടിരുന്നത്. അവിടെ കൂടിയിരുന്ന ബന്ധുജനങ്ങളും മാതാവും പിതാവുമെല്ലാം ബഹുദൈവ വിശ്വാസികളായിരുന്നു. ഈ ചോദ്യം കേട്ട് അവര്‍ക്ക് കോപം അടക്കാനായില്ല. അവര്‍ പ്രവാചകനെ ശപിക്കാന്‍ തുടങ്ങി. അദ്ദേഹത്തിനെന്തെങ്കലും ഭക്ഷണപാനീയങ്ങള്‍ കൊടുക്കാന്‍ മാതാവിനോട് പറഞ്ഞുകൊണ്ട് അവര്‍ പിരിഞ്ഞുപോയി. പ്രവാചകന് എന്തുപറ്റിയെന്ന ആവര്‍ത്തിച്ചുള്ള ചോദ്യം നിമിത്തം അദ്ദേഹത്തിന്റെ മാതാവ് വിഷമിച്ചു. ”നിന്റെ കൂട്ടുകാരനെ കുറിച്ച് എനിക്കൊന്നുമറിയില്ല.” അവര്‍ കൈ മലര്‍ത്തി. രഹസ്യമായി ഇസ്‌ലാം വിശ്വസിച്ച ഖത്താബിന്റെ മകള്‍ ഉമ്മുജമീലിനോട് പോയി ചോദിച്ചുവരാന്‍ ആവശ്യപ്പെട്ടു. അബൂബക്‌റിന്റെ മാതാവ് ഉമ്മുജമീലിനെ സമീപിച്ച് അബൂബക്ര്‍(റ) പ്രവാചകന്റെ വിവരം അന്വേഷിക്കുന്നതായി പറഞ്ഞു. ”എനിക്ക് അബൂബക്‌റിനേയും അബ്ദുല്ലയുടെ മകന്‍ മുഹമ്മദിനെയുമൊന്നും അറിയില്ല! ഞാന്‍ നിങ്ങളുടെ കൂടെ വന്ന് നിങ്ങളുടെ മകനെ കാണുന്നതില്‍ വിരോധമുണ്ടോ?” അവര്‍ ചോദിച്ചു. സമ്മതമാണെന്നറിഞ്ഞപ്പോള്‍ ഉമ്മുജമീല്‍ അവരുടെ കൂടെ അബൂബക്‌റി(റ)നെ കാണാന്‍ പുറപ്പെട്ടു. പരിക്കേറ്റ ശരീരവും മുഖവുമായി ശയ്യയില്‍ കിടക്കുന്ന അബൂബക്‌റി(റ)നെയാണ് അവര്‍ കണ്ടത്. നിങ്ങളോടിത് ചെയ്തവര്‍ പരമദ്രോഹികളായ അവിശാവസികള്‍ തന്നെ എന്നു പറഞ്ഞുകൊണ്ട് സഹിക്കാനാവാതെ അല്ലാഹു അവരോട് പ്രതികാരം ചെയ്യട്ടെ എന്നവര്‍ പ്രാര്‍ത്ഥിച്ചു. വ്രണപ്പെട്ട ശരീരവും പ്രവാചകസ്‌നേഹം നിറഞ്ഞ മനസ്സുമായി അബൂബക്ര്‍(റ) ചോദിച്ചത് പ്രവാചകന് എന്ത്‌സംഭവിച്ചു എന്നായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് തൊട്ടടുത്തുണ്ടായിരുന്നതിനാല്‍ തന്റെ ഇസ്‌ലാമാശ്ലേഷം പരസ്യമാകുമെന്നവര്‍ ഭയപ്പെട്ടു. ”അബൂബക്ര്‍, നിങ്ങളുടെ മാതാവ് കേള്‍ക്കുന്നുണ്ട്.” അവര്‍ പറഞ്ഞു. ”അവര്‍ ഒന്നും ചെയ്യില്ല.” അദ്ദേഹം പറഞ്ഞു. ”എങ്കില്‍ സന്തോഷിക്കുക. പ്രവാചകന്‍ സുരക്ഷിതനായി കഴിയുന്നു. ഉമ്മുജമീല്‍ പറഞ്ഞു. ”തിരുമേനി എവിടെയാണ്? ” അബൂബക്ര്‍ (റ) ചോദിച്ചു. ” അബുല്‍ അര്‍ഖമിന്റെ വീട്ടില്‍.” ”ഇപ്പോള്‍ നിന്റെ കുട്ടുകാരന്റെ വിവരമറിഞ്ഞില്ലേ? ഇനി പോയി എന്തെങ്കിലും ആഹാരം കഴിക്കുക.” അബൂബകറി(റ)ന്റെ മാതാവ് പറഞ്ഞു. ” തിരുമേനിയെ നരിട്ട് കാണാതെ എനിക്ക് ആഹാരം കഴിക്കാന്‍ സാധിക്കില്ല.” അബൂബക്ര്‍(റ) പ്രതികരിച്ചു. തിരക്കൊഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു സ്ത്രീകള്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ച് അര്‍ഖമിന്റെ വീട്ടില്‍ പ്രവാചകസന്നിധിയില്‍ എത്തിച്ചു. മുറിവേറ്റ് രക്തം ഒഴുകുന്ന ശരീരവും പിച്ചിച്ചീന്തിയ ഉടയാടയുമായി എത്തിയ അബൂബക്‌റി(റ)നെ കണ്ട പ്രവാചകന്‍ അസ്വസ്ഥനായി. മുഖത്ത് ക്ഷതമേല്‍പിച്ചതല്ലാതെ മറ്റൊരുകുഴപ്പവുമില്ലെന്ന് അബൂബക്ര്‍(റ) പ്രവാചകനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
പ്രവാചകസ്‌നേഹത്തിന്റെ മഹനീയമാതൃകയായും, വിശ്വാസികള്‍ക്ക് ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും എന്നെന്നേക്കുമുള്ള പാഠമായും ഈ സംഭവം ചരത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നു.