കുടുംബ ജീവിതം

ഹുയയ്യ് ബ്‌നു അഖ്തബിന്റെ പുത്രി സ്വഫിയ്യ

Spread the love

മദീനയിലെ പ്രമുഖ ജൂതഗോത്രമായ ബനൂന്നളീര്‍ തലവന്‍ ഹുയയ് ബിന്‍ അഖ്തബിന്റെ മകളാണ് സ്വഫിയ്യ (റ). ഖുറൈള ഗോത്രനേതാവ് സമൂഈലിന്റെ മകള്‍ സര്‍റയായിരുന്നു മാതാവ്. രാജകുമാരിയെപ്പോലെയായിരുന്നു മദീനയില്‍ അവരുടെ ജീവിതം. പതിനാലാം വയസ്സില്‍ വിവാഹിതയായി. യുവകവിയും ധൈര്യശാലിയുമായ സലാമുബ്‌നു മശ്കം ആയിരുന്നു ഭര്‍ത്താവ്. അധികനാള്‍ കഴിഞ്ഞില്ല, സംഗതിവശാല്‍ ദമ്പതിമാര്‍ പിണങ്ങി. പിണക്കം വിവാഹമോചനത്തില്‍ കലാശിച്ചു. വിവാഹ മോചനത്തിനുശേഷം ഹുയയ്യ് സ്വഫിയയെ കിനാനത്തുബ്‌നു അബില്‍ ഹുഖൈഖിന് വിവാഹം ചെയ്തുകൊടുത്തു.

ഇസ്‌ലാം മദീനയിലെത്തിയതോടെ ജൂതന്മാര്‍ അതിശക്തമായി അതിനെതിരെ തിരിഞ്ഞു. പരിണിത ഫലമെന്നോണം പല ഏറ്റുമുട്ടലുകളും അരങ്ങേറി. ഖൈബര്‍ യുദ്ധവും അതിലൊന്നായിരുന്നു. ഖൈബര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വന്‍വിജയം കൈവന്നു. ജൂതന്മാര്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തു. ഈ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുപുള്ളികളുടെ കൂട്ടത്തില്‍ ഹുയയ്യിന്റെ മകള്‍ സ്വഫിയ്യയുമുണ്ടായിരുന്നു. യുദ്ധാനന്തരം ഗനീമത്തുകള്‍ വിഹിതം വെക്കപ്പെട്ടപ്പോള്‍ സ്വഫിയ്യ ദിഹ്‌യത്തുല്‍ കല്‍ബിയുടെ വിഹിതത്തിലാണ് പെട്ടത്. പക്ഷെ, പ്രമുഖകുടുംബാംഗമായ മഹതിയെ പ്രവാചകന്‍ ഏറ്റെടുക്കണമെന്നായിരുന്നു സ്വഹാബികളുടെ ആഗ്രഹം. തദനുസൃതമായി അവര്‍ പ്രവാചകരെ ഇക്കാര്യം ബോധിപ്പിച്ചു. ജൂതകുടുംബങ്ങളുമായി അടുക്കാനും അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ഇത് വഴിതുറക്കുമെന്ന് കണ്ട പ്രവാചകന്‍ അവസാനം അവരുടെ ആവശ്യത്തെക്കുറിച്ച് ചിന്തിച്ചു. അടിമയാക്കിവെക്കുന്നതിനു പകരം അവരെ മോചിപ്പിക്കുകയെന്നതായിരുന്നു പ്രവാചകരുടെ താല്‍പര്യം. പക്ഷെ, സ്വഫിയ്യ (റ) പ്രവാചകര്‍ക്കൊപ്പം ജീവിക്കലിനെ സ്വയം തെരഞ്ഞെടുക്കുകയും താന്‍ ജൂതകുടുംബത്തിലാണെങ്കിലും മനസ്സാ അങ്ങയില്‍ വിശ്വസിക്കുന്ന മുസ്‌ലിമാണെന്ന് സമ്മതിക്കുകയും ചെയ്തു. ശേഷം അവര്‍ സത്യവാചകം മൊഴിയുകയും പ്രവാചകന്‍ അവരെ വിവാഹം കഴിക്കുകയുമായിരുന്നു. ഹിജ്‌റ ഏഴാം വര്‍ഷമായിരുന്നു ഇത്. അടിമത്ത മോചനമായിരുന്നു മഹ്‌റ്. പ്രവാചകരുമായുള്ള ദാമ്പത്യജീവിതം അവരെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായിരുന്നു.

ഹൃദയ വിശാലത, സത്യസന്ധത, നീതിനിഷ്ഠ, വിനയം, ആത്മാര്‍ഥത, ആത്മനിയന്ത്രണം, ക്ഷമ എന്നിവ സ്വഫിയ്യ(റ)യുടെ സവിശേഷതകളായിരുന്നു. ബുദ്ധികക്തിയിലും അവര്‍ ആരുടെയും പിന്നിലായിരുന്നില്ല. അക്രമികള്‍ ഖലീഫ ഉസ്മാന്റെ വീടു വളഞ്ഞ് ഭക്ഷണ സാധനങ്ങള്‍ പോലും വിലക്കിയപ്പോള്‍ സ്വഫിയ്യയാണ് സഹായത്തിനെത്തിയത്. ഹിജ്‌റ: 50ല്‍ അറുപതാം സ്വഫിയ്യ വയസ്സില്‍ മരിച്ചു.

You may also like