കുടുംബ ജീവിതം

പത്‌നിമാര്‍ 1. ഖദീജ ബിന്‍ത് ഖുവൈലിദ്

Spread the love

മക്കയിലെ പ്രവാചകഗേഹം തിരുമേനിയും പ്രിയപത്‌നി ഖദീജയുമടങ്ങുന്നതാണ്. തിരുമേനിക്ക് 25 വയസ്സും അവര്‍ക്ക് 40 വയസും പ്രായമുള്ളപ്പോഴാണ് ഇവര്‍ വിവാഹിതരാകുന്നത്. പ്രവാചകപത്‌നീ പദം അലങ്കരിക്കുന്ന പ്രഥമവനിതയാണിവര്‍. ഖുറൈശി ഗോത്രത്തില്‍ ഉന്നത കുടുംബത്തിലാണ് ഖദീജ(റ) ജനിച്ചത്. ഖദീജ(റ)യെ ത്വാഹിറ എന്നു വിളിച്ചിരുന്നു. പിതാവ് ഖുവൈലിദുബ്‌നു അസദായിരുന്നു. മാതാവ് ഫാത്വിമാ ബിന്‍ത് സായിദും. ഖദീജ(റ)യെ ആദ്യം വിവാഹം ചെയ്തത് അബൂഹാലയായിരുന്നു. ആ വിവാഹ ബന്ധത്തില്‍ ഹിന്ദ് എന്നും ഹാരിസ് എന്നും രണ്ട് കുട്ടികള്‍ ജനിച്ചു. അബൂഹാലയുടെ മരണത്തിന് ശേഷം അത്തീഖ് ബ്‌നു ആബിദ് ഖദീജയെ വിവാഹം കഴിച്ചു. അതില്‍ ഹിന്ദ് എന്ന് പേരായ പെണ്‍കുട്ടി ജനിച്ചു. അധികം താമസിയാതെ അത്തീഖും കാലഗതി പ്രാപിച്ചു.

ഇതിനുശേഷമാണ് മുഹമ്മദ് നബി(സ) ഖദീജയെ വിവാഹം കഴിക്കുന്നത്. ഖദീജക്ക് നാല്‍പതും മുഹമ്മദ് നബിക്ക് ഇരുപത്തിഅഞ്ചുമായിരുന്നു പ്രായം. കറയറ്റ സ്‌നേഹബന്ധത്തിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഇരുവരുടെയും ദാമ്പത്യ ജീവിതം. മുഹമ്മദിന് ഖദീജയും അവര്‍ക്ക് മുഹമ്മദും ജീവനില്‍ ജീവനായിരുന്നു. ഖദീജാ ബീവിയുടെ ജീവിതകാലത്ത് നബി മറ്റൊരു വിവാഹം ചെയ്തില്ല. ഒരിക്കല്‍ നബി(സ) ഖദീജയെ പുകഴ്ത്തിയപ്പോള്‍ ആഇശ കുത്തുവാക്കു പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു: ‘ഇല്ല, എനിക്ക് ഖദീജയേക്കാള്‍ നല്ല ഭാര്യയെ ലഭിച്ചിട്ടില്ല. എല്ലായ്‌പ്പോഴും അവര്‍ എന്നെ സഹായിച്ചു. അവരില്‍നിന്ന് അല്ലാഹു എനിക്ക് സന്താനങ്ങള്‍ പ്രദാനം ചെയ്തു”.

നബിക്ക് ഖദീജയില്‍ ഖാസിം, അബ്ദുല്ല, സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നിങ്ങനെ ആറു മക്കള്‍ ജനിച്ചു. ഇബ്രാഹീം ഒഴിച്ചുളള നബിയുടെ മറ്റെല്ലാ സന്താനങ്ങളും ഖദീജയില്‍നിന്നാണ്. ആണ്‍മക്കളെല്ലാം ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോയിരുന്നു. ഖദീജ ഉത്തമ കുടുംബിനിയും സ്‌നേഹസമ്പന്നയായ മാതാവുമായിരുന്നു. ഖദീജയുടെ ഗൃഹഭരണപാടവത്തെ പുകഴ്ത്തി ഒരിക്കല്‍ നബി(സ) പറയുകയുണ്ടായി: ‘ഖദീജ ഉത്തമ കുടുംബ മാതാവും സുശീലയായ ഗൃഹനായികയുമാണ്”

ഇസ്‌ലാമിലും റസൂലിലും വിശ്വസിക്കാനുള്ള ഭാഗ്യം ആദ്യമായി അവര്‍ക്ക് സിദ്ധിച്ചു. പ്രവാചകന് പുറമെ അന്ന് ഈ ഭൂമുഖത്ത് ഒന്നാമത്തെ മുസ്‌ലിം ഖദീജയായിരുന്നു. അറുപത്തഞ്ചാം വയസ്സില്‍ ഖദീജ(റ) മരണപ്പെട്ടു. മരിക്കുമ്പോള്‍ ഇരുപത്തഞ്ച് വര്‍ഷത്തോളം നബി(സ)യുടെ പത്‌നിയായി ജീവിച്ചു. ഖദീജയും അബൂത്വാലിബും മരണമടഞ്ഞ വര്‍ഷത്തെ ‘ദുഃഖ വര്‍ഷം’ എന്നാണ് നബി(സ) വിശേഷിപ്പിച്ചത്.

You may also like