കുടുംബ ജീവിതം

ഖുസൈമയുടെ പുത്രി സൈനബ്(റ)

Spread the love

നുബുവ്വത്തിന് 14 വര്‍ഷം മുമ്പ് ഹിലാല്‍ ഗോത്രത്തിലാണ് മഹതി ഉമ്മുല്‍മസാകീന്‍ സൈനബ് ബിന്‍ത് ഖുസൈമയുടെ ജനനം. പിതാവ് ഖുസൈമുബ്‌നു ഹാരിസും മാതാവ് ഹിന്ദ് ബിന്‍തു ഒഫുമാകുന്നു. മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഉമ്മുല്‍ മുഅ്മിനീന്‍ എന്ന ഉത്കൃഷ്ട പദവിയലങ്കരിക്കാന്‍ അവര്‍ക്ക് ഭാഗ്യം സിദ്ധിക്കുകയുണ്ടായി. അബ്ദുല്ലാഹിബ്‌നുജഹ്ശാണ് ആദ്യ ഭര്‍ത്താവ്. ഉഹ്ദ് യുദ്ധത്തില്‍ അബ്ദുല്ലാഹിബ്‌നുജഹ്ശ് ശഹീദായി. വിധവയായ സൈനബിന് താങ്ങും തണലുമായി ആരുമുണ്ടായില്ല. ബന്ധുക്കള്‍ തികഞ്ഞ ദരിദ്രരായിരുന്നു. ഈ സന്ദര്‍ഭത്തില്‍ നബി(സ) അവരെ വിവാഹം കഴിച്ചു. നബിയുടെ ഭാര്യാപദം അലങ്കരിച്ച ഒന്നാമത്തെ ഖുറൈശിയിതര വനിതയാണ് സൈനബ് ബന്‍തു ഖുസൈമ.

അലിവും അനുകമ്പയും നിറഞ്ഞ സൈനബിന് ആരും കഷ്ടപ്പെടുന്നതു കാണാന്‍ കെല്‍പ്പുണ്ടായിരുന്നില്ല. പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിലും അശരണരെ സഹായിക്കുന്നതിലും അവര്‍ താല്‍പര്യം കാണിച്ചു. അതുകൊണ്ട് ഉമ്മുല്‍മസാകീന്‍(പാവങ്ങളുടെ മാതാവ്) എന്ന കീര്‍ത്തി നാമം ലഭിച്ചു.

നബി(സ)യുടെ പത്‌നീപദം അലങ്കരിച്ച് അധികകാലം ജീവിക്കുവാന്‍ ആ മഹതിക്ക് ഭാഗ്യമുണ്ടായില്ല. വിവാഹത്തിനുശേഷം മൂന്നാമത്തെ മാസം സൈനബ്(റ) ഇഹലോകവാസം വെടിഞ്ഞു. നബിയുടെ ജീവിതകാലത്ത് നിര്യാതയായ പത്‌നിയാണ് സൈനബ്. മരിക്കുമ്പോള്‍ 30 വയസ്സുണ്ടായിരുന്നു. നബി ജനാസ നമസ്‌കാരം നിര്‍വഹിച്ച ഏകപത്‌നിയും സൈനബാണ്.

You may also like