കുടുംബ ജീവിതം

ഉമറിന്റെ മകള്‍ ഹഫ്‌സ(റ)

Spread the love

ഉമര്‍ (റ) വിന്റെ പുത്രിയായ ഹഫ്‌സ (റ)യെയാണ് പ്രവാചകന്‍(സ) നാലാമതായി വിവാഹം ചെയ്തത്. ഖുനാസ് ബിന്‍ ഹുദാഫ (റ) ആയിരുന്നു ആദ്യഭര്‍ത്താവ്. ബദര്‍ യുദ്ധത്തില്‍ അദ്ദേഹം അടരാടി മരണപ്പെട്ടു. ശേഷം, വിധവാ ജീവിതം നയിക്കുകയായിരുന്നു. ഉമര്‍ (റ) പലരുമായും അവരുടെ വിവാഹാഭ്യര്‍ത്ഥന നടത്തി. അബൂബക്കര്‍ (റ) വിനോടും വിവാഹത്തെക്കുറിച്ച് ആരാഞ്ഞു. പക്ഷെ, അദ്ദേഹം അതിന് തയ്യാറായില്ല. ശേഷം, ഉസ്മാന്‍ (റ) വിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ റുഖിയ്യ (റ) വിടപറഞ്ഞ സമയമായിരുന്നു അത്. പക്ഷെ, അദ്ദേഹവും വിവാഹത്തിന് സന്നദ്ധത കാണിച്ചില്ല. ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉമര്‍ (റ) വിവരങ്ങളുമായി പ്രവാചക സവിധത്തിലെത്തി. ‘ഉസ്മാന്‍ ഹഫ്‌സ്വയെക്കാള്‍ ഉത്തമയായ ഒരുത്തിയെ വിവാഹം ചെയ്യും. ഹഫ്‌സ്വക്ക് ഉസ്മാനെക്കാള്‍ ഉത്തമനായ ഭര്‍ത്താവിനെയും ലഭിക്കും.’ഇതായിരുന്നു പ്രവാചകരുടെ പ്രതികരണം. താമസിയാതെ ഇത് സാക്ഷാല്‍കരിക്കപ്പെട്ടു. പ്രവാചകന്‍ തന്റെ പുത്രി ഉമ്മുകുല്‍സൂമിനെ ഉസ്മാന്‍ (റ) വിന് വിവാഹം ചെയ്തു കൊടുത്തു. ഹഫ്‌സ്വ (റ) യെ പ്രവാചകരും വിവാഹം ചെയ്തു. ഹിജ്‌റ മൂന്നാം വര്‍ഷം ശഅബാന്‍ മാസം മദീനയില്‍വെച്ചായിരുന്നു ഇത്. അന്ന് മഹതിക്ക് 20 വയസ്സായിരുന്നു.
വിധവയായ ഒരു സ്ത്രീയെ സംരക്ഷിക്കുക എന്നതായിരുന്നു ഈ പ്രവാചക വിവാഹത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരുന്നത്. തന്റെ അനുചരനും ഇസ്‌ലാമിന്റെ ശക്തനായ പോരാളിയുമായ ഉമര്‍ (റ) വുമായുള്ള ബന്ധം ശക്തിപ്പെടുത്തലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തലുമായിരുന്നു ഇതിന്റെ മറ്റു വശങ്ങള്‍.
തികഞ്ഞ ബുദ്ധിശാലിനിയും പണ്ഡിതയുമായിരുന്നു ഹഫ്‌സ. എഴുത്തും വായനയും ശീലിച്ചിട്ടുണ്ട്. മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ ഏറെ ശുഷ്‌കാന്തി കാണിച്ചു. തന്നിമിത്തം സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നല്ല ഒരു ശിഷ്യഗണത്തെ സമ്പാദിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. അവര്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയിരുന്നു. ഖുര്‍ആന്റെ ഒന്നാമത്തെ കയ്യെഴുത്തുപ്രതി ഹഫ്‌സയാണ് സൂക്ഷിച്ചത്. 60 ഹദീസുകള്‍ ഹഫ്‌സയില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
. ഉമര്‍ (റ) വിന്റെ മകള്‍ ആയതുകൊണ്ടുതന്നെ അവരുടെ പല സ്വഭാവങ്ങളും മകളിലും സമ്മേളിച്ചിരുന്നു. നല്ല ധീരതയും തന്റേടവും അവര്‍ക്കുണ്ടായിരുന്നു. ഒരു നല്ല സാഹിത്യകാരികൂടിയായിരുന്നു മഹതി. വളരെ സ്‌നേഹമസൃണമായ ദാമ്പത്യജീവിതമായിരുന്നു അവരും പ്രവാചകരും തമ്മില്‍ കാഴ്ചവെച്ചിരുന്നത്. പ്രവാചകരുടെ വിയോഗ ശേഷം തികഞ്ഞ ആരാധനയില്‍ മുഴുകി മഹതി ജീവിതം നയിച്ചു. സുന്നത്തു നിസ്‌കാരങ്ങളും നോമ്പുകളും അന്ന് പതിവാക്കിയിരുന്നു. ഹിജ്‌റ 45 മുആവിയ (റ) വിന്റെ കാലത്ത് മഹതി ലോകത്തോട് വിടപറഞ്ഞു. അന്നവര്‍ക്ക് 63 വയസ്സുണ്ടായിരുന്നു. ജന്നത്തുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.

You may also like