ആദ്യകാല ഇസ്‌ലാമിന്റെ ശത്രുവും പില്‍ക്കാല മുസ്‌ലിം നേതാവുമായ അബൂസുഫ്‌യാന്റെ പുത്രിയാണ് ഉമ്മുഹബീബ. റംല എന്ന് യഥാര്‍ത്ഥ നാമം. ഉബൈദുല്ലാഹി ബിന്‍ ജഹ്ശായിരുന്നു ആദ്യഭര്‍ത്താവ്. ഇസ്‌ലാമിന്റെ ആദ്യകാലം തന്നെ ഇരുവരും ഇസ്‌ലാമാശ്ലേഷിച്ചു. മക്കയിലെ യാതനകള്‍ ദുസ്സഹമായപ്പോള്‍ അബ്‌സീനിയയിലേക്കു ഹിജ്‌റ പോയി. ദു:ഖകരമെന്നുപറയട്ടെ ഭര്‍ത്താവ് അവിടെനിന്നും മതം മാറി ക്രിസ്ത്യാനിസം സ്വീകരിച്ചു. ഉമ്മുഹബീബയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ സമയമായിരുന്നു ഇത്. മാതാപിതാക്കളെയും കൂട്ടുകുടുംബങ്ങളെയും ഉപേക്ഷിച്ചാണ് ഇസ്‌ലാമിലേക്കു കടന്നുവന്നത്. എതിര്‍കക്ഷീ മേധാവികളായ അവരില്‍നിന്ന് ഇന്നും വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് തന്റെ വിശ്വാസത്തില്‍ താങ്ങും തണലുമായ പ്രിയ ഭര്‍ത്താവ് ഇസ്‌ലാമിന്റെ കളത്തില്‍നിന്നും പുറത്തുപോയി അന്യമതം സ്വീകരിക്കുന്നത്. മഹതി സഹിച്ചുനിന്നു. ഭര്‍ത്താവിനോടൊപ്പം ക്രിസ്ത്യാനിസം സ്വീകരിക്കാന്‍ തയ്യാറായില്ല. പകരം, ആരുതന്നെ കൈവെടിഞ്ഞാലും തന്റെ മനസ്സിന്റെ സാന്ത്വനമായ അല്ലാഹുവിലും റസൂലിലും ഉറച്ചുവിശ്വസിക്കാന്‍ തീരുമാനിച്ചു. ആ മാര്‍ഗത്തില്‍ ഏതു വേദനകള്‍ സഹിക്കേണ്ടിവന്നാലും അത് സഹിക്കാനും മാനസികമായി തയാറെടുത്തു.
അങ്ങനെയിരിക്കവെയാണ് അബ്‌സീനിയയില്‍ വിഷമം സഹിക്കുന്ന ഉമ്മുഹബീബയെക്കുറിച്ച വാര്‍ത്ത പ്രവാചകന്‍ അറിയുന്നത്. പ്രമുഖ കുടുംബത്തിലെ ഒരു മഹതി ഇസ്‌ലാമാശ്ലേഷിച്ചതു കാരണം ഇങ്ങനെ പരീക്ഷിക്കപ്പെടുന്നത് അദ്ദേഹത്തിന് സഹിക്കാനായില്ല. ഇത്തരം ഘട്ടങ്ങളില്‍ ഇത്തരം ഒറ്റപ്പെട്ട വ്യക്തികളെ വ്യസനങ്ങളില്‍നിന്നും കരകയറ്റിയാല്‍ മാത്രമേ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വളര്‍ന്നു പന്തലിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രവാചകന്‍ മനസ്സിലാക്കി. ഭൗതിക ജീവിതത്തിന്റെ സുഖലോലുപതകളത്രയും ഉപേക്ഷിക്കുകയും തറവാടിത്തമേന്മകളത്രയും വലിച്ചെറിയും ചെയ്ത് ഇസ്‌ലാമിലേക്കു കടന്നുവന്ന ഒരാള്‍ ഇസ്‌ലാമിലും ക്ലേശങ്ങള്‍ അനുഭവിക്കേണ്ട അവസ്ഥയുണ്ടാവരുതെന്നായിരുന്നു പ്രവാചകരുടെ ആഗ്രഹം. പ്രതികൂല സാഹചര്യത്തിലും ഇസ്‌ലാമാശ്ലേഷിക്കുകവഴി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറായ മഹതിക്ക് അതിനുള്ള പ്രതിഫലം ഇവിടെവെച്ചുതന്നെ ലഭിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് പ്രവാചകന്‍ അവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. താമസിയാതെ ദൂതനെ വിടുകയും ഇവ്വിഷയകമായി നജ്ജാശിയോട് സംസാരിക്കുകയും ചെയ്തു. താമസിയാതെ വിവാഹം നടന്നു. പ്രവാചകര്‍ക്കുവേണ്ടി മഹ്‌റും അനവധി വിലപിടിച്ച സാധനങ്ങളും നജാശി രാജാവ് കൊടുത്തയച്ചു. ശുറഹ്ബീല്‍ ബിന്‍ ഹസന്‍ (റ) വിനുകൂടെ മഹതിയെ പ്രവാചക സവിധത്തിലേക്കയച്ചു. ഇത് ഹിജ്‌റ ആറാം വര്‍ഷമായിരുന്നു. അന്ന് മഹതിക്ക് മുപ്പതിലേറെ വയസ്സുണ്ടായിരുന്നു.
മദീനയില്‍ കാലു കുത്തിയ മഹതിയക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രവാചക വീട്ടില്‍ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ദാമ്പത്യജീവിതത്തിന്റെ പുതിയ വാതിലുകള്‍ അവിടെ തുറക്കപ്പെട്ടു. ഹിജ്‌റ നാല്‍പത്തിനാലില്‍ തന്റെ 73 ാം വയസ്സില്‍ മഹതി ലോകത്തോട് വിടപറഞ്ഞു. അവരില്‍ നിന്നും നിരവധി ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.
കുടുംബ ജീവിതം