ആയിശയുടെ സ്ഥാനപ്പേരാണ് സിദ്ദീഖഃ. ഉമ്മു അബ്ദില്ല എന്ന ഓമനപ്പേരിലും അവരെ വിളിക്കാരുണ്ടായിരുന്നു. ആഇശയുടെ പിതാവ് അബൂബക്‌റിന്റെ സാക്ഷാല്‍ നാമം അബ്ദുല്ല എന്നത്രെ. അബൂബക്കര്‍ എന്നത് ഓമനപ്പേരാണ്. സിദ്ദീഖ് എന്നത് സ്ഥാനപ്പേരും. ഉമ്മുറൂമാന്‍ ആണ് ആഇശയുടെ മാതാവ്.
പ്രവാചക പത്‌നിമാരിലെ ഏക കന്യകയാണ് ആഇശ ബീവി. പ്രവാചക ജീവിതത്തെ പച്ചയായി മനസ്സിലാക്കാനും അതേപോലെ ഒപ്പിയെടുത്ത് ഇസ്‌ലാമിക സമൂഹത്തിന് മതവിധികളായി പറഞ്ഞുകൊടുക്കാനും ഭാഗ്യം സിദ്ധിച്ച പണ്ഡിത. നുബുവ്വത്തിന്റെ നാലാം വര്‍ഷമായിരുന്നു ജനനം. നുബുവ്വത്തിന്റെ പത്താം വര്‍ഷം പ്രവാചകര്‍ അവരെ വിവാഹം ചെയ്തു. അന്നവര്‍ക്ക് ആറു വര്‍ഷമായിരുന്നു പ്രായം. അഞ്ഞൂറ് ദിര്‍ഹമാണ് മഹ്‌റായി നല്‍കിയത്. ഒമ്പതാം വയസ്സില്‍ വീട് കൂടി. ശവ്വാല്‍ മാസത്തിലായിരന്നു ഇത്. ശവ്വാല്‍ മാസത്തില്‍ കല്യാണം പാടില്ലായെന്നൊരു പൊതുസംസാരം അന്നുണ്ടായിരുന്നു. ആരെങ്കിലും ഈ മാസം വിവാഹം കഴിക്കുന്ന പക്ഷം അവര്‍ക്കിടയില്‍ ചേര്‍ച്ചയുണ്ടാകില്ല എന്നായിരുന്നു ധാരണ. എന്നാല്‍, ആഇശ (റ) തന്റെ അനുഭവംവെച്ച് ഈ അന്ധവിശ്വാസത്തെ ശക്തമായി എതിര്‍ത്തു. അവര്‍ ഇങ്ങനെ പറയുമായിരുന്നു: ‘എന്റെ വിവാഹവും നബി (സ) യോട് കൂടെയുള്ള താമസവും ശവ്വാല്‍ മാസത്തിലാണ് നടന്നത്. എന്നെക്കാള്‍ ഭര്‍ത്താവിന്റെ സ്‌നേഹം സമ്പാദിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല.’
സംഭവബഹുലവും ക്രിയാത്മകവുമായ ജീവിതമായിരുന്നു ആഇശ (റ)ക്ക് പ്രവാചകരോടൊപ്പമുണ്ടായിരുന്നത്. ഒരു ഭാര്യ എന്നതിലപ്പുറം വരുംകാല തലമുറകളുടെ ഒരു അധ്യാപിക എന്ന നിലക്കായിരുന്നു അവരുടെ പ്രകടനങ്ങള്‍. ചെറുപ്പകാലം മുതലേ പ്രവാചകര്‍ക്കൊപ്പമുണ്ടായിരുന്നതിനാല്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മതവിധികളും ചോദിച്ചറിയാനും അവ രേഖപ്പെടുത്താനും മഹതിക്ക് സാധിച്ചിരുന്നു. അനവധി ഹദീസുകള്‍ മഹതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല പ്രമുഖരായ സ്വഹാബികളും മതവിജ്ഞാന വിഷയത്തില്‍ മഹതിയുടെ ശിഷ്യന്മാരായിരുന്നു.
തന്റെ യുവത്വത്തുടിപ്പിന്റെ പ്രാരംഭ കാലം മുഴുവനും ആഇശ ബീവി പ്രവാചകരോടൊന്നിച്ച് ജീവിച്ചു. പ്രവാചകന്‍ വഫാത്താകുമ്പോള്‍ അവര്‍ക്ക് പതിനെട്ട് വയസ്സ് പ്രായമായിരുന്നു. ശേഷം, നീണ്ട നാല്‍പത് വര്‍ഷങ്ങളോളം അവര്‍ വിധവാ ജീവിതം നയിച്ചു. പ്രവാചക പത്‌നിമാരെ മറ്റാര്‍ക്കും വിവാഹം ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. സംഭവബഹുലമായ നാല് ഖലീഫമാരുടെ ജീവിതത്തിനും ഭരണത്തിനും മഹതി സാക്ഷിയായി.
എളിയ ജീവിതത്തിനുടമയായിരുന്നു ആഇശ ബീവി. വസ്ത്രധാരണയിലും നടത്തത്തിലും പൂര്‍ണ വിനയം പുലര്‍ത്തിയിരുന്നു. തികഞ്ഞ തഖ്‌വയും സ്വഭാവശുദ്ധിയും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഹിജ്‌റ 58 റമദാന്‍ പതിനേഴിന് തിങ്കളാഴ്ച തന്റെ അറുപത്തിയാറാമത്തെ വയസ്സില്‍ മഹതി ലോകത്തോട് വിടപറഞ്ഞു. മുആവിയ (റ) വിന്റെ ഭരണകാലത്തായിരുന്നു ഇത്. മദീന ഗവര്‍ണറായിരുന്ന അബൂഹുറൈറ (റ) ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും പ്രവാചകരുടെ മറ്റു ഭാര്യമാരോടൊപ്പം ജന്നത്തുല്‍ ബഖീഇല്‍ മറമാടുകയും ചെയ്തു.
ജീവിതത്തിലെ താങ്ങും തണലുമായിരുന്ന ഖദീജാബീവിയുടെയും പിതൃവ്യന്‍ അബൂഥാലിബിന്റെയും വിയോഗം തന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞ ഒരു കാലത്താണ് ആഇശ ബീവിയുമായുള്ള വിവാഹത്തെക്കുറിച്ച് പ്രവചാകന്‍ ചിന്തിച്ചിരുന്നത്. കേവലം ഒരു വിവാഹം എന്നതിലപ്പുറം അനവധി ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടായിരുന്നു പ്രവാചകന്‍ ഇതിന് തുനിഞ്ഞത്. പ്രധാനമായും മക്കാമുഷ്‌രിക്കുകളില്‍നിന്നുള്ള പ്രതിരോധവും ഇസ്‌ലാമികചിന്തകളുടെ സുഗമമായ പ്രചരണവും തന്നെയായിരുന്നു ഇതിനു പിന്നില്‍. പ്രവാചകരുടെ അത്താണിയായിരുന്ന ഇരുവരുടെ വിയോഗത്തെക്കുറിച്ച് നാം പറഞ്ഞല്ലോ. ഈ വിടവ് ഇസ്‌ലാമിനെതിരെ ശക്തമായി ഇറങ്ങിപ്പുറപ്പെടാനുള്ള ഒരു ആയുധമാക്കിയാണ് ശത്രുക്കള്‍ ഉപയോഗപ്പെടുത്തിയത്. ഇത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമോ എന്ന് മനസ്സിലാക്കിയ പ്രവാചകന്‍ ഒരു രക്ഷാമാര്‍ഗത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അങ്ങനെയാണ് മക്കായിലെ പ്രമുഖ കുടുംബവും തന്റെ എതിരാളികളുമായ ഖുറൈശികളോട് വിവാഹ ബന്ധത്തിലൂടെ കൂടുതല്‍ അടുപ്പം നേടിയെടുക്കുക എന്ന ഒരാശയം പ്രവാചകരുടെ മനസ്സില്‍ ഉദിക്കുന്നത്. ഖുറൈശി കുടുംബത്തിലെ പ്രമുഖനും മാന്യനുമായ അബൂബക്‌റിന്റെ മകളെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ നിനച്ചിറങ്ങുന്നത് ഇവിടെനിന്നാണ്. കൂടാതെ, സത്യവിശ്വാസവുമായി കടന്നുവന്നപ്പോള്‍ പുരുഷന്മാരില്‍നിന്നും ആദ്യമായി വിശ്വസിച്ച വ്യക്തിയും അവരുടെ കുടുംബവുമായി ഒരു ഹൃദയ ബന്ധം സ്ഥാപിക്കുക എന്ന ഒരു മുഖവും ഇതിനുണ്ടായിരുന്നു. ഇസ്‌ലാമിക പ്രചരണവേളയില്‍ കൂടുതല്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത സ്വഹബീപ്രമുഖര്‍ക്കുള്ള ഒരു അംഗീകാരമെന്നോണം അവരുമായി അടുത്തിടപഴകാനും ആത്മബന്ധം സ്ഥാപിക്കാനുമുള്ള ഒരു വഴി കൂടിയായിരുന്നു ഇത്. ഉമര്‍ (റ) വിന്റെ മകള്‍ ഹഫ്‌സ്വയെ വിവാഹം ചെയ്തതിനു പിന്നിലും ഇതു തന്നെയായിരുന്നു. എന്നാല്‍, ഉസ്മാന്‍ (റ), അലി (റ) എന്നിവര്‍ക്ക് തന്റെ തന്റെ മക്കളെ വിവാഹം ചെയ്തുകൊടുത്തുകൊണ്ടാണ് പ്രവാചകന്‍ ഈ ബന്ധം നിലനിര്‍ത്തിയിരുന്നത്.
കുടുംബ ജീവിതം