കഥ & കവിത

പ്രവാചകന്‍ പ്രകാശിപ്പിച്ച മഹദ് ഗുണങ്ങള്‍

Spread the love

പ്രവാചകന്‍ തന്റെ അനുചരന്മാരെ സദാ ഓര്‍മിപ്പിച്ചു: ‘ക്രിസ്ത്യാനികള്‍ യേശുവെ വാഴ്ത്തുംപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. അല്ലാഹുവിന്റെ അടിമ മാത്രമാണ് ഞാന്‍. അതിനാല്‍ ദൈവദൂതനും അവന്റെ ദാസനുമെന്ന് എന്നെക്കുറിച്ച് പറഞ്ഞുകൊള്ളുക.’
ഒരിക്കല്‍ നബി തിരുമേനി സദസ്സിലേക്ക് കടന്നുവന്നപ്പോള്‍ അവര്‍ എഴുന്നേറ്റ് നിന്നു. ഉടനെ അവിടുന്ന് അരുള്‍ ചെയ്തു: അരുത്; ഇതര പ്രദേശത്തുകാര്‍ ചെയ്യുന്ന പോലെ ആദരിക്കാനായി നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കരുത്.’
വിശ്വാസികള്‍ കഠിന പീഡനം അനുഭവിച്ച കാലത്ത് അവരില്‍നിന്നു പലായനം ചെയ്‌തെത്തിയവര്‍ക്ക് അഭയം നല്‍കിയ എത്യോപ്യയിലെ നേഗസ് രാജാവിന്റെ നിവേദകസംഘം മദീനയിലെത്തി. വിവരമറിഞ്ഞ പ്രവാചകന്‍ അവര്‍ക്ക് സേവനം ചെയ്യാന്‍ അതീവ ജാഗ്രത പുലര്‍ത്തി. ഇതു ശ്രദ്ധയില്‍ പെട്ട അനുചരന്മാര്‍ പറഞ്ഞു: ‘ഇതൊക്കെ ഞങ്ങള്‍ ചെയ്തുകൊള്ളാം.’ എന്നാല്‍ നബി തിരുമേനി ഇതംഗീകരിച്ചില്ല. എല്ലാം സ്വയംതന്നെ ചെയ്തുകൊണട് അവിടുന്ന് പറഞ്ഞു: ‘നമ്മുടെ സഹോദരന്മാരോട് അത്യുദാരമായി പെരുമാറിയവരാണവര്‍. അതിനാലവരോട് പ്രത്യുപകാരം ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.’
ഇത്തരം സമീപനങ്ങള്‍ക്ക് തന്നെ പ്രേരിപ്പിക്കുന്ന സ്വന്തം നിലപാട് ഒരിക്കല്‍ അവിടുന്ന് ഇങ്ങനെ വ്യക്തമാക്കി. അലിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നബി തിരുമേനി: ‘അറിവാണെന്റെ മൂലധനം. വിവേകമാണെന്റെ ആദര്‍ശത്തിന്റെ അകക്കാമ്പ്; സ്‌നേഹമാണെന്റെ മൌലികത. പ്രത്യാശയാണെന്റെ വാഹനം. ദൈവസ്മരണയാണെന്റെ സഹചാരി. വിശ്വസ്തതയാണെന്റെ വിഭവം. ദുഃഖമാണെന്റെ കൂട്ടുകാരന്‍. ഉള്‍ക്കാഴ്ചയാണെന്റെ ആയുധം. ക്ഷമയാണെന്റെ വസ്ത്രം. സംതൃപ്തിയാണെന്റെ മൂലധനം. ദാരിദ്യ്രമാണെന്റെ അഭിമാനം. വിരക്തിയാണെന്റെ ചര്യ. ദൃഢവിശ്വാസമാണെന്റെ ഇന്ധനം. സത്യസന്ധതയാണെന്റെ ശിപാര്‍ശകന്‍. അനുസരണമാണെന്റെ തറവാട്. ത്യാഗമാണെന്റെ ശക്തി. പ്രാര്‍ഥനയാണെന്റെ സന്തോഷം.’
 

You may also like