കഥ & കവിത

പ്രതീക്ഷിച്ച പ്രവാചകന്‍

Spread the love

അബ്ദുല്ലാഹിബ്‌നു സലാം മദീനയിലെ ആദരണീയനായ ജൂത പണ്ഡിതനും പുരോഹിതനുമായിരുന്നു. ഒരു പ്രവാചകന്റെ ആഗമനം മറ്റു ജൂത നേതാക്കളെപ്പോലെത്തന്നെ അദ്ദേഹവും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണടായിരുന്നു.
അബ്ദുല്ലാഹിബ്‌നു സലാം തന്റെ ഈന്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്തുകൊണടിരിക്കെ ഒരാള്‍ ഓടിവന്ന് പ്രവാചകന്റെ ആഗമനവൃത്താന്തം അറിയിച്ചു. നബി തിരുമേനി അപ്പോള്‍ മദീനക്കടുത്ത ഖുബായില്‍ എത്തിയിട്ടേ ഉണടായിരുന്നുള്ളൂ. അബ്ദുല്ലയുടെ കൂടെ പിതൃ സഹോദരി ഖാലിദഃ ബിന്‍ത് ഹാരിസുമുണടായിരുന്നു. ഈന്തപ്പനയുടെ മുകളിലായിരുന്ന അദ്ദേഹം നബിതിരുമേനിയെ സംബന്ധിച്ച് കേട്ടപ്പോള്‍ അല്ലാഹുവെ വാഴ്ത്തി. ഇത് പിതൃ സഹോദരിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. മൂസാ നബി വന്നാലുള്ളതുപോലുള്ള സന്തോഷമാണല്ലോ പ്രകടിപ്പിക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു.
‘അമ്മായീ, അല്ലാഹുവാണ് സത്യം!! ആ വന്നത് മൂസായുടെ സഹോദരനാണ്. മൂസായുടെ മതവുമായാണ് അദ്ദേഹം നിയോഗിതനായത്.’ അബ്ദുല്ലാഹിബ്‌നു സലാം അറിയിച്ചു.
‘അല്ല, മോനേ, നാം പ്രതീക്ഷിച്ചുകൊണടിരിക്കുന്ന ആ പ്രവാചകനാണോ അദ്ദേഹം?’ ഖാലിദഃ ആകാംക്ഷയോടെ അന്വേഷിച്ചു.
‘അതെ, അമ്മായീ!’
‘എങ്കില്‍ നീ ചെയ്തത് തന്നെ ശരി.’ അവര്‍ പറഞ്ഞു.
തോട്ടത്തില്‍നിന്ന് തിരിച്ചെത്തിയ അബ്ദുല്ലാഹിബ്‌നു സലാം പ്രവാചകനെ സമീപിച്ച് സന്മാര്‍ഗം സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബവും സത്യപാത പിന്തുടര്‍ന്നു.
പിന്നീട് അദ്ദേഹം പ്രവാചകനെ സമീപിച്ച് പറഞ്ഞു: ‘ജൂതന്മാര്‍ വല്ലാതെ കള്ളം പറയുന്നവരാണ്. അതിനാല്‍ ഞാന്‍ ഇസ്ലാം സ്വീകരിച്ച വിവരമറിയിക്കാതെ താങ്കള്‍ അവരോട് എന്നെക്കുറിച്ച് അന്വേഷിക്കുക. സത്യമതം സ്വീകരിച്ച വിവരമറിഞ്ഞാല്‍ അവര്‍ കള്ളമേ പറയൂ.’
ഈ അഭ്യര്‍ഥന മാനിച്ച് നബി തിരുമേനി ജൂതന്മാരെ സമീപിച്ച് അബ്ദുല്ലാഹിബ്‌നു സലാമിനെ സംബന്ധിച്ച അവരുടെ അഭിപ്രായമാരാഞ്ഞു. അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു: ‘അദ്ദേഹം ഞങ്ങളുടെ നേതാവാണ്. നേതാവിന്റെ മകനാണ്. ഞങ്ങളിലെ പണ്ഡിതനും പുരോഹിതനുമാണ്.’
ഈ സന്ദര്‍ഭം ഉപയോഗിച്ച് അബ്ദുല്ലാഹിബ്‌നു സലാം അവരുടെ അടുത്തുചെന്ന് അവര്‍ക്ക് പ്രവാചകനെ പരിചയപ്പെടുത്തുകയും സന്മാര്‍ഗം സ്വീകരിക്കാന്‍ അവരോടാവശ്യപ്പെടുകയും ചെയ്തു.
ഇത് ജൂതന്മാരെ അത്യധികം പ്രകോപിതരാക്കി. അവര്‍ അബ്ദുല്ലാഹിബ്‌നു സലാമിനെ തള്ളിപ്പറയുകയും രൂക്ഷമായി ആക്ഷേപിക്കുകയും ചെയ്തു.
 

You may also like