കഥ & കവിത

സമാനതകളില്ലാത്ത സാഹോദര്യം

മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ വിശ്വാസികള്‍ക്കും മദീനയിലുണടായിരുന്ന വിശ്വാസികള്‍ക്കും ഇടയില്‍ പ്രവാചകന്‍ സാഹോദര്യ ബന്ധം സ്ഥാപിച്ചു. മക്കയില്‍നിന്നെത്തിയവര്‍ അഭയാര്‍ഥികള്‍ എന്ന അര്‍ഥത്തില്‍ മുഹാജിറുകളെന്നും, മദീനയിലുണടായിരുന്നവര്‍ സഹായികളെന്ന അര്‍ഥത്തില്‍ അന്‍സ്വാറുകളെന്നും അറിയപ്പെട്ടു. മനുഷ്യ ചരിത്രത്തില്‍ തീരേ സമാനതകളില്ലാത്തതാണ് നബി തിരുമേനി അവര്‍ക്കിടയില്‍ രൂപപ്പെടുത്തിയെടുത്ത ആത്മ ബന്ധം. അന്‍സ്വാറുകള്‍ തങ്ങളുടെ വീടും സ്വത്തുമെല്ലാം മുഹാജിറുകളുമായി പങ്കുവെക്കാന്‍ തയ്യാറായി. അവര്‍ പ്രവാചകനെ സമീപിച്ച് തങ്ങളുടെ സമ്പത്ത് മുഹാജിറുകള്‍ക്ക് ഭാഗിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. മുഹാജിറുകളെ തങ്ങളുടെ വീടുകളില്‍ താമസിപ്പിക്കാനും അവര്‍ നിര്‍ബന്ധം ചെലുത്തി. അതിനാല്‍ നറുക്കെടുത്താണ് ആതിഥേയരുടെ വീടുകള്‍ തെരഞ്ഞെടുത്തിരുന്നത്.
മുഹാജിറുകള്‍ ഈന്തപ്പനത്തോട്ടത്തില്‍ അന്‍സ്വാറുകളെ സഹായിക്കുകയും അന്‍സ്വാറുകള്‍ വിളവില്‍ അവരെ പങ്കാളികളാക്കുകയും ചെയ്തു. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന സാഹോദര്യ ബന്ധം സുദൃഢവും ഒട്ടും പോറലേല്‍ക്കാത്തതുമായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രശംസയര്‍ഹിക്കുന്നത് അന്‍സ്വാറുകളാണ്. വിശുദ്ധ ഖുര്‍ആന്‍ അവരുടെ സുമനസ്സിനെ ഇങ്ങനെ വാഴ്ത്താനുള്ള കാരണവും അതുതന്നെ.
‘പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കുതന്നെ ആവശ്യമുണെടങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍നിന്ന് മോചിതരായവര്‍ ആരോ, അവര്‍ തന്നെയാണ് വിജയികള്‍.’ (അല്‍ഹശ്ര്!: 9)
തങ്ങളനുഭവിച്ച ഊഷ്മളമായ സാഹോദര്യ ബന്ധത്തെ സംബന്ധിച്ച് മുഹാജിറുകള്‍ പറഞ്ഞതായി അനസുബ്‌നു മാലിക് നിവേദനം ചെയ്യുന്നു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ വന്നെത്തിയ ഈ സമൂഹത്തെക്കാള്‍ നന്നായി ചെലവഴിക്കുന്നവരെ ഞങ്ങളൊരിക്കലും എവിടെയും കണടിട്ടില്ല. അവരെ ജോലിയില്‍ സഹായിക്കാന്‍ പോലും ഞങ്ങളെ അനുവദിക്കുന്നില്ല. അതോടൊപ്പം വിളവില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യുന്നു.’

You may also like

Comments are closed.