കഥ & കവിത

വിഷം കൊടുത്ത ജൂതപ്പെണ്ണിനും മാപ്പ്

മദീനയിലെ ജൂത നേതാവായിരുന്ന സല്ലമുബ്‌നു മിശ്കമിന്റെ ഭാര്യ സൈനബ് ഒരാടിനെ അറുത്ത് പാകംചെയ്ത് പ്രവാചകനു കൊടുത്തയച്ചു. അവരതില്‍ വിഷം കലര്‍ത്തിയിരുന്നു. തന്റെ പിതാവും ഭര്‍ത്താവും ഖൈബറില്‍ വെച്ച് വധിക്കപ്പെട്ടതിലുള്ള അമര്‍ഷമാണ് അവരെ ഈ കൊടും ചതിക്ക് പ്രേരിപ്പിച്ചത്.
നബി തിരുമേനി അനുചരന്മാരോടൊപ്പം ആ ആട്ടിറച്ചി കഴിക്കാനിരുന്നു. അതില്‍നിന്ന് ചെറിയൊരു കഷണം വായില്‍ വെച്ചപ്പോള്‍ തന്നെ അരുചി അനുഭവപ്പെട്ടതിനാല്‍ അദ്ദേഹത്തിന് ചതി മനസ്സിലായി. ഉടനെ അത് തുപ്പിക്കളഞ്ഞ പ്രവാചകന്‍ പറഞ്ഞു: ‘ഇതില്‍ വിഷം കലര്‍ത്തിയിട്ടുണട്.’
നബി തിരുമേനിയോടൊന്നിച്ച് അതില്‍നിന്ന് അല്‍പം കഴിച്ച ബിശ്‌റുബ്‌നു ബര്‍റാഅ് തല്‍ക്ഷണം മരണമടയുകയും ചെയ്തു. അതോടെ നബി തിരുമേനി സൈനബിനെ വിളിച്ചുവരുത്തി വിചാരണ ചെയ്തു. അവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് തന്റെ ഹീനകൃത്യത്തിന് ന്യായീകരണമായി അവള്‍ പറഞ്ഞു: ‘താങ്കള്‍ രാജാവാണെങ്കില്‍ വിഷമാംസം കഴിച്ച് കഥ കഴിയട്ടെയെന്ന് ഞാന്‍ കരുതി. അതല്ല; പ്രവാചകനാണെങ്കില്‍ വിഷം കലര്‍ത്തിയത് മനസ്സിലാകുമെന്നും ഞാന്‍ വിശ്വസിച്ചു.’
ഭര്‍ത്താവും പിതാവുമില്ലാത്ത സൈനബിനോട് സഹതാപം തോന്നിയ നബി തിരുമേനി ഈ കൊടും ചതിക്ക് പ്രതികാരം ചെയ്യാതെ മാപ്പ് നല്‍കുകയാണുണടായത്.
 

You may also like

Comments are closed.