മറ്റു വേദങ്ങളില്‍

ബൈബിളിലെ മുഹമ്മദ് നബി

Spread the love

ബൈബിള്‍ എന്ന പദം കേള്‍ക്കുന്ന മാത്രയില്‍ തൗറാത്ത് അല്ലെങ്കില്‍ ഇഞ്ചീല്‍ എന്ന ബോധമാണ് മുസ്‌ലിം വായനക്കാരുടെ മനസ്സില്‍ പെട്ടെന്നുദിക്കുക. ബൈബിള്‍ സംബന്ധമായി ഈ അടുത്തകാലത്തിറങ്ങിയിട്ടുള്ള കൃതികള്‍ വായിച്ചാലും മറിച്ചൊരു ധാരണക്ക് വക കാണില്ല. അതിനാല്‍ ബൈബിളിലെ പ്രവചനങ്ങളെ സംബന്ധിച്ച് പഠിക്കാനൊരുങ്ങുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു കാര്യം തുടക്കത്തിലേ കുറിക്കട്ടെ.
നിലവിലുള്ള ബൈബിള്‍ ദൈവത്തിന്റെ വചനങ്ങളാണെന്ന് എന്റെ ക്രൈസ്തവ വായനക്കാര്‍ പോലും പറയുമെന്ന് തോന്നുന്നില്ല. ദൈവം നേരിട്ട് സംസാരിക്കുന്ന രീതിയും ശൈലിയുമാണ് ഖുര്‍ആനില്‍ ഉടനീളം കാണുക. ബൈബിള്‍ അത്തരമൊരു ശൈലി അവലംബിക്കുന്നില്ല. തൗറാത്തും ഇഞ്ചീലും ബൈബിള്‍ രചിക്കപ്പെടുന്ന കാലത്ത് നിലവിലില്ലാതിരുന്നതുകൊണ്ട് അതിന്റെ ശൈലിയെക്കുറിച്ചുള്ള വാദഗതികളേതും അസന്ദിഗ്ധമെന്നു പറയാനും തരമില്ല. നമ്മുടെ മുമ്പിലുള്ള ബൈബിളിലെ പ്രസ്താവങ്ങളെ അപ്പാടെ ദൈവികവചനങ്ങളായി വികസിപ്പിക്കുന്നത് ബാലിശമാവും. അപ്പോള്‍, മുഹമ്മദ് നബിയെക്കുറിച്ച് നമുക്ക് പ്രവചനങ്ങള്‍ തരുന്ന ഘടകങ്ങള്‍ പിന്നെ എന്താണ്? ഒന്നോര്‍ക്കാനുണ്ട്: ബൈബിളില്‍ തൗറാത്തിലെയും ഇഞ്ചീലിലെയും സൂക്തങ്ങള്‍ നിരപ്പെ കാണാനാവുമെന്ന വാദം ശരിയാണ്. ഇവയിലൂടെയാണ് നാം ബൈബിളിലെ മുഹമ്മദ് നബിയെ അറിയുന്നതും അവതരിപ്പിക്കുന്നതും. അതുപോലെ ബൈബിള്‍ കര്‍ത്താക്കളുടെ ഓര്‍മയില്‍ തങ്ങിനിന്ന യേശുവിന്റേതായ വചനങ്ങളും പ്രവചനത്തിന്റെ അര്‍ഥസൂചനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇക്കാര്യത്തില്‍ വേണ്ടത്ര വെളിച്ചം വീഴ്ത്താന്‍ പോരുന്ന ചില കൃതികള്‍ റോമന്‍ കത്തോലിക്കാ ആര്‍ച്ച്ബിഷപ്പായിരുന്ന റവ. ഡേവിഡ് ബഞ്ചമിന്‍ ബി.ഡി (ഇദ്ദേഹം ഇസ്‌ലാംമതം സ്വീകരിക്കുകയും അബ്ദുല്‍ അഹദ് ദാവൂദ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു)യെപ്പോലുള്ളവര്‍ എഴുതുകയുണ്ടായി. അവയില്‍നിന്നും ചില ആശയങ്ങള്‍ സംക്ഷേപിച്ചു പറയുകയാണിവിടെ. പ്രകൃതത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഒരു വാക്കുകൂടി. സ്വത്വഗുണ ചിന്തയോടെ വേദക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഖുര്‍ആന്‍ അനുമതി നല്‍കി (സൂറ അന്നഹ്ല്‍ 125). സ്വത്വഗുണവിചാരവും സത്യാന്വേഷണ വാഞ്ഛയും മാത്രമാണ് ഈ ലേഖകനു പ്രേരകം.

പഴയ നിയമത്തില്‍
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ടു ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും, ഞാന്‍ സകലജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹര വസ്തു വരികയും ചെയ്യും; ഞാന്‍ ഈ ആലയത്തെ മഹത്വപൂര്‍ണമാക്കും എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു…. ഈ സ്ഥലത്തു ഞാന്‍ സമാധാനം നല്‍കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് (ഹഗ്ഗായി 2:7-9).
മനോഹര വസ്തു എന്നതിനു തുല്യമായി ബൈബിളിലുള്ളത് ‘ഹിംദ’ എന്ന പദമാണ്. ‘വ യാഹിംദ കോള്‍ ഹാഗ്ഗോയിം’ എന്ന് ദാവൂദ് ഉദ്ധരിക്കുന്നു (Prof. Abdul Ahad Dawud, ‘Mohammed in The Bible’ p 40) ‘ഹമദ്’ എന്ന മൂലപദത്തില്‍നിന്നാണ് ‘ഹിംദ’ ഉണ്ടായത്. മോഹം, വിശപ്പ്, സ്തുതി, കാമം എന്നൊക്ക പറഞ്ഞാല്‍ ‘ഹമദി’ന്നൊരു തര്‍ജമയായി. ‘ലേ തഹ് മദ് ഇഷ് റെയ്ഖാ’ എന്നു ഒമ്പതാം കല്‍പന പറയുന്നു. ‘നിന്റെ അയല്‍വാസിയുടെ ഭാര്യയെ നീ മോഹിക്കരുത്’ എന്നര്‍ഥം. ‘ഉലശെൃ’ എന്നു ഇംഗ്ലീഷ് ബൈബിളില്‍. മലയാളം ബൈബിളിലെ ‘മനോഹരവസ്തു’ മൂലപദത്തോടു നീതി കാണിക്കുന്നില്ല. അറബിയില്‍ ‘ഹമദ’ക്ക് ‘വാഴ്ത്തി’ എന്നാണര്‍ഥം. ആഗ്രഹിക്കപ്പെടുന്നതാണല്ലോ വാഴ്ത്തപ്പെടുക. ഒരു കാര്യം ആക്ഷേപം കൂടാതെ പറയാം: ഹീബ്രുവിലെ ‘ഹിംദ’യുടെ അറബിഭേദം തന്നെ ‘അഹ്മദ്’. അഹ്മദ്എന്ന പേരില്‍ ഒരു പ്രവാചകന്റെ ആഗമം യേശു പ്രവചിച്ചതായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നു.
മേല്‍ ചൊന്ന വാക്യത്തിലെ ‘ഞാന്‍ സമാധാനം നല്‍കും’ എന്ന ഭാഗം കൂടി പരിശോധിച്ചാല്‍ പ്രസ്തുത പ്രവചനത്തിന്റെ യഥാര്‍ഥമായ ലക്ഷണ നിര്‍ണയം സാധ്യമാവും. ‘സമാധാനം’ എന്നു പറഞ്ഞിടത്ത് ഹീബ്രു ബൈബിള്‍ ‘ശാലോം’ എന്നു പ്രയോഗിക്കുന്നു. ശാലോമും ഇസ്‌ലാമും ഒരേ മൂലത്തില്‍നിന്നാണുണ്ടായതെന്ന കാര്യത്തില്‍ സെമിറ്റിക് ഗവേഷകര്‍ക്കിടയില്‍ തര്‍ക്കമില്ല. രണ്ടിന്റെയും അര്‍ഥവും സമാധാനമാണ്: സമാധാനം, അനുസരണം എന്നൊക്കെ.
‘ഹിംദ’യും ‘അഹ്മദും’ തമ്മിലുള്ള ഏകരൂപ്യത ‘സകലജാതികളുടെയും ‘ഹിംദ’ വരികയും ചെയ്യും’ എന്ന പ്രവചനത്തിന്റെ ഉള്ളടക്കം മുഹമ്മദ് നബിയെ സംബന്ധിക്കുന്നതാണെന്ന പ്രമിതിക്ക് തീര്‍ച്ചപ്പെട്ട തെളിവാണ്. യേശുക്രിസ്തു, രക്ഷകന്‍ എന്നീ പേരുകളുമായി അതിനു ബന്ധമേതുമില്ലല്ലോ. ‘ഹിംദ’യുടെ അര്‍ഥവുമായും ഒത്തുപോകുന്നത് മുഹമ്മദ് നബിയാണ്. ലോകത്താദ്യമായി ആ പേരിലറിയപ്പെടുന്നത് മുഹമ്മദ് നബിയാണ്.
അവകാശമുള്ളവന്‍
മറ്റൊരു പ്രവചനം ബൈബിള്‍ താഴെ കാണുംവണ്ണം വ്യക്തമാക്കുന്നു:
”അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യഹൂദയില്‍നിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയില്‍നിന്നും നീങ്ങിപ്പോകയില്ല. ജാതികളുടെ അനുസരണം അവനോടു ആകും” (ഉല്‍പത്തി 49:10).
ചെങ്കോലിന്റെയും രാജദണ്ഡിന്റെയും അവകാശമുള്ളവന്‍ ആരാണ് എന്നു പരിശോധിക്കുക. മോശയല്ലെന്നു പറയാനില്ല. യിസ്രായേല്‍ വംശക്കാരുടെ പ്രഥമ സംഘാടകനായിരുന്നുവല്ലോ, മോശെ. ദാവീദുമല്ല. യഹൂദയില്‍വന്ന പ്രഥമ പ്രവാചകനും രാജാവുമായിരുന്നു ദാവീദ്. യേശുവാണെന്ന വിചാരത്തിലും പന്തികേടുണ്ട്. യിസ്രായേല്യര്‍ പ്രതീക്ഷിക്കുന്ന മിശിഹാ, ദാവീദിന്റെ സന്തതിയായിരിക്കുമെന്ന ആശയത്തെ യേശു നിരാകരിച്ചിട്ടുണ്ട് (മത്തായി 22:45, മാര്‍ക്കോസ് 12:35, ലൂക്കോസ് 20:41). തന്നെയല്ല, മോശെയുടെ നിയമത്തെ യേശു അസാധുവാക്കിയില്ല. അതിന്റെ നിവൃത്തിക്കാണ് താന്‍ വന്നതെന്നു പ്രഖ്യാപിക്കുന്നുമുണ്ട് അദ്ദേഹം. യേശുവിന് ശേഷമുള്ള ഒട്ടനേകം പ്രവാചകന്മാരെപ്പറ്റി വിശുദ്ധ പൗലോസ് പ്രതിപാദിച്ചിട്ടുള്ളത് ഓര്‍മിക്കുക. ചെങ്കോലിന്റെയും രാജാധികാരത്തിന്റെയും പരിമാണങ്ങളില്ലാത്ത മുഖമായിരുന്നു യേശുവിന്റേത്. മുഹമ്മദ് നബി, പക്ഷേ അങ്ങനെയല്ല. അദ്ദേഹത്തിന്റെ പ്രബോധന ജീവിതത്തില്‍ സൈനികശക്തിയുടെ പിന്‍ബലവും സ്വാധീനവും നിഷേധിക്കാനാവില്ല. പഴയ യഹൂദ നിയമത്തെ അസാധുവായി പ്രഖ്യാപിച്ചു ഖുര്‍ആന്‍.
ഹിബ്രു ബൈബിളില്‍ ‘അവകാശമുള്ളവന്‍’ എന്നിടത്ത് ‘ശിലോഹ്’ എന്ന പദമാണ് കാണുക. ബൈബിളില്‍ മറ്റൊരിടത്തും ഈ പദം പുനരുദ്ധരിക്കപ്പെട്ടിട്ടില്ല. ‘ശിലോഹ്’ എന്നാല്‍ ‘വിശ്വസ്തന്‍.’ അറബിയിലെ ‘അല്‍അമീന്‍.’ മുഹമ്മദ് നബിയുടെ അപരാഭിധാനമാണതെന്ന വസ്തുത സുവിദിതമാണല്ലോ. മറ്റൊന്നുണ്ട്: ‘ശിലോഹ്’ എന്നാല്‍ വാസ്തവത്തില്‍, ‘ശാലോഹ്’ എന്ന പദത്തിനു പകരമായ ഒരു പ്രക്ഷിപ്തമാവാമെന്ന വാദഗതി അപ്പടി തള്ളിക്കളയാവുന്നതല്ല. ‘ശാലോഹ്’ എന്നാല്‍ ‘ദൂതന്‍’ എന്നാണര്‍ഥം. അറബിയിലെ ‘റസൂല്‍’, ‘ശാലോഹ് എലോഹിം’ എന്നാല്‍ ‘റസൂലുല്ലാഹ്.’
മനുഷ്യ പുത്രന്‍
ദാനിയേല്‍ പ്രവാചകനു കിടക്കയില്‍ വെച്ചുണ്ടായ ദര്‍ശനങ്ങള്‍ നാം ബൈബിളില്‍ കണ്ടെത്തുന്നു.
‘ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ തമ്മില്‍ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള്‍ സമുദ്രത്തില്‍ നിന്നു കരേറിവന്നു… രാത്രി ദര്‍ശനങ്ങളില്‍ മനുഷ്യ പുത്രനോടു സദൃശനായ ഒരുത്തന്‍, ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു…
സുദീര്‍ഘമാണീ ദര്‍ശനം.പൂര്‍ണ വായനക്ക് ദാനിയേല്‍ 7-ാം ഖണ്ഡം നോക്കുക. കിടക്കയില്‍ വെച്ചുണ്ടായ ഈ ദര്‍ശനത്തിലൂടെ ദാനിയേല്‍, പ്രവാചകത്വ ശൃംഖലയിലെ അവസാനത്തെ കണ്ണിയെപ്പറ്റി പ്രവചിക്കുകയായിരുന്നുവോ? ആണെന്ന കണ്ടെത്തലിനുള്ള സാധ്യത നാം എല്ലായിടത്തും കാണുന്നു. ഇവിടെ പ്രതിപാദ്യമായ നാലു മഹാമൃഗങ്ങള്‍ നാലു മഹാസാമ്രാജ്യങ്ങളുടെ പ്രതീകങ്ങളാണ്. സിംഹംത്തോടു സദൃശവും കഴുകന്‍ ചിറകുള്ളതുമായ മൃഗം ഷല്‍ദീയന്‍ സാമ്രാജ്യത്തെ (ഇവമഹറലമി ലാുശൃല) പ്രതിനിധീകരിക്കുന്നു. കരടിയോടു സദൃശമായ രണ്ടാമത്തെ മൃഗം പേര്‍ഷ്യന്‍ സാമ്രാജ്യത്തെയും മൂന്നാമത്തേത് അലക്‌സാണ്ടറെയും നാലാമത്തേതു റോമന്‍ സാമ്രാജ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. നാലാമത്തെ മൃഗത്തെ പറ്റി ബൈബിള്‍ പറയുന്ന ‘പത്ത് കൊമ്പുകള്‍’ (ദാനിയേല്‍ 7:8) ആദിമ കാല ക്രിസ്ത്യാനികളെ അത്യധികം പീഡിപ്പിച്ചിരുന്ന റോമന്‍ ചക്രവര്‍ത്തിമാരെ പ്രതീകവത്കരിച്ചതാണ്. പത്തു കൊമ്പുകളുടെ ഇടയില്‍നിന്നും മുളച്ചുവന്ന മറ്റൊരു കൊമ്പിനെപ്പറ്റി ബൈബിള്‍ പറയുന്നു (ദാനിയേല്‍ 7:8). കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെപ്പറ്റിയാണിതെന്നു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗിബ്ബന്റെ ഠവല ഉലരഹശില മിറ എമഹഹ ീള വേല ഞീാമി ഋാുശൃല എന്ന കൃതി പരിശോധിക്കുന്നവര്‍ക്ക് മേല്‍പറഞ്ഞ അഭിപ്രായത്തിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാം. ഇവിടെ ഉന്നീതമാകുന്ന ഒരു ചോദ്യമുണ്ട്: ‘സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു അവനു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു’ (ദാനിയേല്‍ 7:14) എന്നു ബൈബിള്‍ പറയുന്ന ‘മനുഷ്യ പുത്രന്‍’ ആരാണ്?
യേശുക്രിസ്തുവല്ല എന്ന സത്യം രണ്ടു കാരണങ്ങളാല്‍ വെളിവാകുന്നു. ഒന്നാമതായി ക്രിസ്തുവെ ത്രിയേകത്വത്തിലെ ഒരു കണ്ണിയായിട്ടാണ് ക്രൈസ്തവര്‍ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നത്. ആ ധാരണയാണ് ക്രൈസ്തവ ധര്‍മത്തിന്റെ ആണിക്കല്ല. ഇക്കാരണത്താല്‍ തന്നെ ക്രിസ്തു മനുഷ്യഗണത്തിലുള്‍പ്പെടുന്നില്ല. മനുഷ്യ പുത്രനുമല്ല. ഇനി മനുഷ്യന്‍ എന്ന തോതുപിടിച്ചു യേശുവിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നോക്കിയാലോ? എന്നാലുമുണ്ട് വിഷമം. ആധിപത്യവും രാജത്വവും മനുഷ്യപുത്രന്റെ രണ്ട് മൗലിക ഗുണങ്ങളായി ബൈബിള്‍ എണ്ണിപ്പറഞ്ഞതാണ്. ഈവക കാര്യങ്ങളില്‍ ക്രിസ്തു മുഹമ്മദ് നബിയില്‍നിന്നും വളരെ പിന്‍നിരയിലാണ്.
നാലാം മൃഗത്തെ-റോമന്‍ സാമ്രാജ്യത്തെ- ഹനിക്കുകയാണ് മനുഷ്യപുത്രന്റെ മറ്റൊരു ദൗത്യമായി ബൈബിള്‍ നിര്‍ദേശിക്കുന്നത്. യേശു അത് ചെയ്തില്ല. മറിച്ച്, സീസര്‍ക്ക് കപ്പം നല്‍കുകയും പിലാത്തോസിന്റെ പ്രഹരമേല്‍ക്കുകയുമാണദ്ദേഹം! ചരിത്രത്തില്‍ മുഹമ്മദ് നബിയുടെ അനുയായികള്‍ക്കാണ് അത് സാധിച്ചത്. ദാനിയേലിന്റെ കിടക്കയില്‍വെച്ചുള്ള ദര്‍ശനവും മുഹമ്മദ് നബിയുടെ ‘മിഅ്‌റാജ്’ എന്ന ചരിത്ര സംഭവവും തമ്മിലുള്ള സദൃശത കൂടി അറിയുമ്പോഴാണ് പ്രസ്തുത പ്രവചനത്തിന്റെ സത്യമൂല്യം നമുക്ക് ശരിക്കും മനസ്സിലാവുക. ബൈബിളിലെ ഓരോ പ്രവചനത്തിനിടയിലും മുഹമ്മദ് നബിയെക്കുറിച്ച് നാമറിയേണ്ട ഇത്തരം രേഖകള്‍ ലീനമായിക്കിടപ്പുണ്ട്. അവയെ കൂടുതല്‍ കൂടുതലായി വായിച്ചറിയുന്തോറും മുഹമ്മദ് നബിയിലുള്ള വിശ്വാസത്തിന് ആക്കം കൂടും. യിസ്രായേല്യരെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ മുഹമ്മദ് നബി ഉദ്‌ബോധിപ്പിച്ചത് അതുകൊണ്ടാണ് (ബുഖാരി).
പുതിയ നിയമത്തില്‍
കുറേകൂടി പ്രവചനങ്ങള്‍ തേടിപ്പോകുന്നവര്‍ പുതിയ നിയമത്തെ സമീപിക്കണം. പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളുടെ ഒരു വിശദീകരണവും വിപുലീകരണവുമായി വേണം പുതിയ നിയമത്തെ കണക്കാക്കുക. മേല്‍ പറഞ്ഞ പ്രകാരം ദൈവികമല്ല രണ്ടിന്റെയും അങ്കുരം. എങ്കിലും ദൈവികമായ ചില വെളിപാടുകള്‍, കൈകടത്തലുകള്‍ക്ക് വിധേയമായി, അവയില്‍ കാണാനാവുമെന്ന കാര്യം ശരിയാണ്. ഉദാഹരണത്തിന് ചിലത് പരാമര്‍ശിക്കുകയാണിവിടെ.
കര്‍ത്താവിന്റെ ദൂതന്‍ ഇടയന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്ന കഥ ലൂക്കോസില്‍ കാണാം. ഒരു രക്ഷകനെപ്പറ്റി ദൂതന്‍ സുവിശേഷിക്കുന്നു. തല്‍സമയം സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു സംഘം പാടുന്നു:
”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം” (മത്തായി 5:9).
‘ഏഹീൃശമ ശിലഃരഹലഹശെ െഉലീ’ എന്ന പേരില്‍ വിശ്രുതമായ ഈ ദൈവഗീതത്തില്‍ ഉണ്ടാവാനിരിക്കുന്ന ഒരു മഹാസംഭവത്തിലേക്കുള്ള അടിസ്ഥാനപരമായ സൂചനകള്‍ ഒളിച്ചിരിപ്പുണ്ട്. എന്നാല്‍ അവ്യക്തവും പരിവര്‍ത്തന വിധേയവുമാണ് ഈ ഗീതമെന്ന് വ്യക്തം. കാരണം ഹീബ്രു ഭാഷക്കാരായ ഇടയന്മാര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലായിരിക്കുമല്ലോ അതിന്റെ മൂലം? അത് ലബ്ധമല്ല. മറിച്ച് ഗ്രീക്ക് ഭാഷയിലാണ് നാമത് കാണുക. അവര്‍ ഇതെവിടെ നിന്നു പകര്‍ത്തി എന്നാര്‍ക്കുമറിയില്ല! ‘സമാധാനം’ എന്നതിനു ഗ്രീക്കു പരിഭാഷകളില്‍ ‘എയിരിനി’ എന്നാണ് കാണുക. സെമിറ്റിക് ഭാഷകളിലെ ‘ശാലോം’, ‘ശ്‌ലാമാ’, ‘ഇസ്‌ലാം’ എന്നീ പദങ്ങള്‍ക്ക് സമാനമാണത്. ഈ ഒരര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ആഗമനത്തെക്കുറിക്കുന്ന ഒരു പ്രവചനമായി ഈ ഗീതത്തെ കാണുന്നതായിരിക്കും ശരി. യേശു പറയുന്നുണ്ട്: ”സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും” (മത്തായി 5:9).
മേല്‍ പറഞ്ഞ ഭാഷാപഗ്രഥന പ്രകാരം ‘മുസ്‌ലിംകള്‍ ഭാഗ്യവാന്മാര്‍…’ എന്നു വേണം വായിക്കുക. ഇസ്‌ലാം എന്നതിനര്‍ഥം സമാധാനം എന്നത്രെ. യേശു പറയുന്നതോ ഇതാണ്: ‘ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാള്‍ അത്രെ വരുത്തുവാന്‍ ഞാന്‍ വന്നത്’ (മത്തായി 12:49). വീണ്ടും: ‘ഭൂമിയില്‍ സമാധാനം നല്‍കുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു’ (മത്തായി 10:34-36).
ഒരു വിശകലനം ആവശ്യമില്ലാത്തവിധം വ്യക്തമാണല്ലോ കാര്യം.
ബൈബിളില്‍ പല തര്‍ജമകളുടെയും സത്യസന്ധത ചോദ്യംചെയ്യപ്പെടേണ്ടതായുണ്ട്. മേല്‍ കൊടുത്ത ഗീതം തന്നെ ഇംഗ്ലീഷ് ബൈബിളില്‍ ഇങ്ങനെയാണ് കാണുക:
”ഏഹീൃ്യ യല ീേ ഏീറ ശി വേല വശഴവലേെ അിറ ീി ലമൃവേ ജലമരല അിറ മാീിഴ ാലി ഴീീറ ംശഹഹ” (ഘൗസല 2:24).
അറബി തര്‍ജമ ഇംഗ്ലീഷിനോടാണ് സാധര്‍മ്യം പുലര്‍ത്തുന്നത്.
ഇവിടെ ഏീീറ ണശഹഹ, ക™ക്കന്ഥഏ  ദൈവപ്രസാദം എന്നൊക്കെ വ്യവഹരിക്കപ്പെട്ട പദം ഗ്രീക്കിലെ ‘യൂഡോകിയ’ ആണ്. സംപൂജ്യന്‍, പ്രശസ്തന്‍, പ്രശംസനീയന്‍ എന്നൊക്കെ ഈ പദത്തിന് അര്‍ഥം പറയാം. ഒന്നോര്‍ക്കാനുണ്ട്: പഴയനിയമത്തില്‍ ധാരാളം കാണാവുന്ന മഹ്മ, മഹാമോദ്, ഹിംദ, ഹമദ് എന്നീ ഹീബ്രുപദങ്ങളുമായി സംബന്ധപ്പെടുന്നതാണ് ഗ്രീക്കിലെ ‘യൂഡോകിയ’. ഈ പദങ്ങള്‍ക്ക് മുഹമ്മദ് നബിയുമായുള്ള ബന്ധം അനുക്തസിദ്ധമാണ്.
ആ പ്രവാചകന്‍
”നീ ആര്‍ എന്നു യോഹന്നാനോട് ചോദിക്കേണ്ടതിന് യഹൂദന്മാര്‍ യെരൂശലേമില്‍നിന്നു. പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍: അവന്‍ മറുക്കാതെ ഏറ്റു പറഞ്ഞു: ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ എന്നു അവനോട് ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു” (യോഹന്നാന്‍ 1:19-22).
”സ്ത്രീകളില്‍നിന്നും ജനിച്ചവരില്‍ യോഹന്നാന്‍ സ്‌നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല” എന്നു ക്രിസ്തു ഒരിടത്ത് പറയുന്നു, യോഹന്നാനെപ്പറ്റി (മത്തായി 11:11). ക്രിസ്തുവിനേക്കാളും വലിയവന്‍ എന്നാണോ നാം ധരിക്കേണ്ടത്? യോഹന്നാന്‍ പറയുന്നതാകട്ടെ: ‘എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു’ (മത്തായി 11:14, 17:12, ലൂക്കോസ് 1:17) എന്നാണ്. ‘ഞാന്‍ ഏലിയാവല്ലെ’ന്നു യോഹന്നാന്‍ പറയുന്നു. ‘ഏലിയാവു അവന്‍ തന്നെ’ എന്ന് ക്രിസ്തു പറയുന്നു (മത്തായി 3:11). നാം ആരെ വിശ്വസിക്കണം? ബൈബിളിലെ വൈരുധ്യങ്ങളല്ല ഇവിടെ പ്രകരണം. സത്യവും അസത്യവും അതിന്റെ സങ്കീര്‍ണതയില്‍ കൂടിക്കുഴഞ്ഞ് കിടക്കുകയാണ് ബൈബിളില്‍. അതിരിക്കട്ടെ, ആരാണ് ബൈബിള്‍ പറഞ്ഞ ‘ആ പ്രവാചകന്‍’ എന്ന് നമുക്കൊന്നു ചികഞ്ഞുനോക്കാം.
അത് ക്രിസ്തുവാണോ? ‘എന്റെ പിന്നാലെ വരുന്നവനോ’ എന്ന യോഹന്നാന്റെ പ്രയോഗത്തില്‍തന്നെ ഇതിനു നിഷേധാത്മക മറുപടിയുണ്ട്. ക്രിസ്തുവും യോഹന്നാനും സമകാലികരായിരുന്നു. യോഹന്നാന്‍ ക്രിസ്തുവെ ‘മിശിഹ’യായി അംഗീകരിക്കുന്നു എന്നുള്ളത് നേരാണ്. എന്റെ പിന്നാലെ വരുന്നവന്‍ എന്നേക്കാള്‍ ബലവാനാകുന്നു; അവന്റെ ചെരിപ്പ് ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല എന്നദ്ദേഹം പറയുന്നത് മറ്റൊരാളെ പറ്റിയാണ്. ക്രിസ്തുവാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ട വ്യക്തിയെങ്കില്‍ യോഹന്നാന്‍, പിന്നീട്, ക്രിസ്തുവെ പിന്തുടരുകയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തോട് സഹവര്‍ത്തിക്കുകയും ചെയ്യേണ്ടതായിരുന്നു. അങ്ങനെ സംഭവിക്കുന്നില്ല. യോഹന്നാന്‍, ക്രിസ്തുവെ പരിഗണിക്കാതെ സ്വന്തമായി സ്‌നാനം ഏല്‍പിക്കുകയും പ്രബോധനം നടത്തുയും ശിഷ്യന്മാരെ സ്വീകരിക്കുകയും വരാനിരിക്കുന്ന തന്നേക്കാള്‍ ബലവാനായ മറ്റൊരാളെ പറ്റി പ്രവചനങ്ങള്‍ നടത്തുന്നതുമാണ് ബൈബിളില്‍ നാം കാണുക. തന്നേക്കാള്‍ ബലവാനും ‘പരിശുദ്ധാത്മാവിലും തീയിലും സ്‌നാനം ഏല്‍പിക്കുവാന്‍ മതിയായവനും’ ക്രിസ്തുവാണെങ്കില്‍ ‘തന്റെ ചെരിപ്പു ചുമപ്പാന്‍ പോലും മതിയായവനല്ലാത്ത ആ യോഹന്നാന്റെ മുമ്പില്‍ ആ ക്രിസ്തു എന്തിനു സ്‌നാനമേല്‍ക്കണം എന്ന ചോദ്യം പ്രസക്തമാണ്. ബൈബിള്‍ പറയുംപോലെ എന്തു സകല നീതിയാണ് (മത്തായി 3:5) ഇതുകൊണ്ട് നിവൃത്തിക്കാന്‍ പോകുന്നത്? മറ്റൊന്നുണ്ട്: യോഹന്നാന്‍ കാരാഗൃഹത്തില്‍ വെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ച് കേട്ടിട്ട് തന്റെ ശിഷ്യന്മാരെ അയച്ചു:വരുവാനുള്ളവന്‍ നീയോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവര്‍ അവനോട് ചോദിക്കുന്നുണ്ട് (മത്തായി 11:2-3). കാരാഗൃഹത്തില്‍ വെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേള്‍ക്കുന്നതുവരെ യോഹന്നാന്‍ ക്രിസ്തുവിനെ അറിഞ്ഞിരുന്നില്ലെന്നാണ് ഇതില്‍നിന്നും അനുമാനിക്കേണ്ടത്. മത്തായിയുടെ ഇയ്യൊരു പ്രസ്താവം യോഹന്നാന്‍ 1:15-ല്‍ കാണുന്ന സാക്ഷ്യത്തെ ബലഹീനമാക്കുന്നു എന്നത് മറ്റൊരു വൈരുധ്യമാണ്.
ഏറ്റവും ചെറിയവന്‍
ഇനിയും നോക്കുക: ”സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്‌നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല. സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ട് നിങ്ങളോടു പറയുന്നു(മത്തായി 11:11). ‘ആരാണീ ഏറ്റവും ചെറിയവന്‍? യേശുവും സ്‌നാപക യോഹന്നാനുമൊക്കെ സ്വര്‍ഗരാജ്യത്തിനു പുറത്താണെന്നു ആരെങ്കിലും ഇതുകൊണ്ട് ധരിച്ചാല്‍ അയാളെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുവാനാവില്ല. അതെന്തായാലും യേശുവല്ല ‘ഏറ്റവും ചെറിയവന്‍’ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം അന്നു ദൈവരാജ്യം സ്ഥാപിക്കപ്പെട്ടിട്ടില്ലല്ലോ. ഇനി ഉണ്ടെന്ന് ധരിച്ചാലുമുണ്ട് പന്തികേട്. യേശു-അതിന്റെ സ്ഥാപകന്‍- അതിലേറ്റവും ചെറിയവനാവുക വയ്യ. പ്രവാചകകുടുംബത്തില്‍ അവസാനം ജനിക്കുന്നവനല്ലേ, ഏറ്റവും ചെറിയവനാവുക? യേശു അവസാനത്തെ പ്രവാചകനല്ലല്ലോ. ‘അന്ത്യപ്രവാചകന്‍’ എന്നു സ്വയം പ്രഖ്യാപിച്ച ഒരൊറ്റ പ്രവാചകനേയുള്ളൂ, മുഹമ്മദ് നബിയാണത്. അതിനാല്‍തന്നെ ഏറ്റവും ചെറിയവന്‍ എന്ന പ്രയോഗം ഇണങ്ങുക മുഹമ്മദ് നബിക്കാവും.
ഇവിടംവിട്ട്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ബലവാനാകുന്നു എന്ന യോഹന്നാന്റെ പ്രസ്താവനയിലേക്ക് കടക്കുക. സ്‌നാപക യോഹന്നാന്റെ ദാരുണമായ രക്തസാക്ഷിത്വവും ക്രിസ്തുവിന്റെ നിസ്സഹായാവസ്ഥയിലുള്ള അന്ത്യവും മുഹമ്മദ് നബിയുടെ ജൈത്രയാത്രകളും ചേര്‍ത്തു വായിച്ചു നോക്കുക. ‘ഇന്നു നിങ്ങളുടെ മതം നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു’ എന്നു പ്രഖ്യാപിച്ച ശക്തരില്‍ ശക്തനായ മുഹമ്മദ് നബി നമുക്ക് മുമ്പില്‍ തെളിയുന്നു.
സത്യത്തിന്റെ ആത്മാവ്
അപൂര്‍ണമായ ഒരു ദൗത്യമാണ് ക്രിസ്തുവിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. പക്ഷേ, അത് അപൂര്‍ണമായിത്തന്നെ തുടരുക വയ്യ. അതിന്റെ പരിപൂര്‍ത്തിക്കായി മറ്റൊരു കാര്യസ്ഥന്‍ വരും എന്നാണ് ക്രിസ്തു നിരൂപിച്ചത്. പ്രവാചകത്വ ശൃംഖലയിലെ ഓരോ കണ്ണിയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ ലക്ഷീകരിച്ച് സംവിധാനം ചെയ്തിട്ടുള്ളതാണ്. മുഹമ്മദ് നബിയുടെ ആവിര്‍ഭാവത്തോടെ മാത്രമേ ക്രിസ്തുവിന്റെ ആഗമനത്തിന്റെ ആന്തരാര്‍ഥവും അന്തിമലക്ഷ്യവും നമുക്ക് വെളിപ്പെടുന്നുള്ളൂ. ഈ അന്തിമ ഘട്ടത്തെപറ്റി ക്രിസ്തു പറയുന്നതിപ്രകാരമാണ്:
”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പനകളെ കാത്തുകൊള്ളും. എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും: അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14: 15,16). വീണ്ടും: ”എങ്കിലും പിതാവ് എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്ക് സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോട് പറഞ്ഞത് ഒക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും” (യോഹന്നാന്‍ 14:26). ”ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്ന് നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും” (യോഹന്നാന്‍ 15:26). ”എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും” (യോഹന്നാന്‍ 16:7).
ഇവിടെ കാര്യസ്ഥന്‍ എന്നു വ്യവഹരിക്കപ്പെട്ടത് ഗ്രീക്കിലെ ‘പെരിക്ലിറ്റോസ്’ എന്ന പദമാണ്. ‘ഉത്തമന്‍, പ്രശസ്തന്‍, പ്രശംസനീയന്‍’ എന്നൊക്കെ അര്‍ഥം കല്‍പിക്കാവുന്ന പെരിക്ലിറ്റോസ് അറബിയിലെ ‘മുഹമ്മദ്’ എന്നതിന്റെ സമാനപദം തന്നെ. ഹിബ്രുവില്‍ ‘മഹംദാ’ എന്നു പറയും. വരാനിരിക്കുന്ന കാര്യസ്ഥനെ സംബന്ധിക്കുന്ന ലക്ഷണങ്ങള്‍ അപഗ്രഥിക്കെ ക്രിസ്തു പറഞ്ഞുവെച്ച കാര്യങ്ങള്‍ മുഹമ്മദ് നബിയില്‍ എത്രമാത്രം സാക്ഷീകരിക്കപ്പെട്ടു എന്നാണ് ഇനിയും നമുക്ക് നോക്കാനുള്ളത്.
ദൈവത്തെയും അവന്റെ മതത്തെയും സംബന്ധിക്കുന്ന ‘സകലതും ഉപദേശിക്കുക’ എന്നുള്ളതാണ് വരാനിരിക്കുന്ന ‘പെരിക്ലിറ്റോസി’ന്റെ പ്രവര്‍ത്തനമായി ബൈബിള്‍ നിര്‍ണയിച്ചുതന്നത്. ഈ കൃത്യം ഭംഗിയായും പൂര്‍ണമായും നിര്‍വഹിക്കുന്നത് മുഹമ്മദ് നബിയാണ്. ‘ഹജ്ജത്തുല്‍ വിദാഇ’ലെ ആയിരങ്ങളുടെ സാക്ഷ്യം ചരിത്രസംഭവമായി. ‘അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും’ എന്നു ബൈബിള്‍ പറയുന്നു. പാപത്തെക്കുറിച്ച് ക്രൈസ്തവര്‍ കൈക്കൊണ്ട ഒരു മിഥ്യാധാരണ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. മനുഷ്യവംശത്തിന്റെ പാപനിവൃത്തിക്കായി യേശു കുരിശേറി മരിച്ചു എന്നു ക്രൈസ്തവരും തങ്ങള്‍ യേശുവെ കൊല ചെയ്തു എന്ന് യഹൂദരും വിശ്വസിക്കുന്നു. രണ്ടും തെറ്റുതന്നെ എന്ന് മുഹമ്മദ് നബി പറയുന്നു. പാപത്തെ സംബന്ധിക്കുന്ന ക്രൈസ്തവദര്‍ശനം ശരിയായ ഈശ്വര മതത്തിനു നിരക്കുന്നതല്ലെന്ന് മുഹമ്മദ് നബി പഠിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ”മുഹമ്മദ്, അവിശ്വാസികളായ യഹൂദരോട് പറയൂ: അവരദ്ദേഹത്തെ കൊന്നില്ല. ദൈവം അദ്ദേഹം അവനിലേക്കുയര്‍ത്തുകയാണുണ്ടായത്” (ഖുര്‍ആന്‍ 4:158). ക്രിസ്ത്യാനികളോട് ഖുര്‍ആന്‍ പ്രതിവചിക്കുന്നതിങ്ങനെയാണ്: ”അവര്‍ (യഹൂദര്‍) അദ്ദേഹത്തെ കൊന്നില്ല; ക്രൂശിച്ചുമില്ല. കാര്യം അസ്പഷ്ടമാക്കുകയാണുണ്ടായത്” (ഖുര്‍ആന്‍). നന്മയും തിന്മയുമെല്ലാം മനുഷ്യന് സ്വമേധയാ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണെന്നാണ് ഖുര്‍ആനിക വിഭാവനം. മേല്‍പറഞ്ഞ ബൈബിള്‍ വാക്യത്തിലെ ‘ന്യായവിധി’ എന്നതിനു കൈക്കൊള്ളേണ്ട വേറൊരു വ്യവഛേദനം കൂടി നിര്‍ദേശിക്കട്ടെ. ഹിബ്രു ബൈബിളുകളില്‍ ഈ പദം ‘ദീനാ’ എന്നാണു കാണുക. അറബിയിലെ ‘ദീന്‍’ തന്നെ. പക്ഷേ ‘ന്യായവിധി’ എന്നുള്ളതിനേക്കാള്‍ ‘മതം’ എന്ന അര്‍ഥമാണ് അതിനു അനുയോജ്യമായിരിക്കുക. ക്രിസ്തുവിനുശേഷം മതോന്മുഖമായ ഒരു പരിണാമഗതിക്ക് നേതൃത്വം നല്‍കിയത് മുഹമ്മദ് നബിയാണ്. ഖുര്‍ആന്‍ സ്വന്തമായ ഒരു നീതിശാസ്ത്രമുണ്ട്. ഖുര്‍ആന് മാത്രമേ അതുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല. ചുരുക്കത്തില്‍, അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും എന്ന ബൈബിള്‍ പ്രവചനം മുഹമ്മദ് നബിയിലേ നിവൃത്തിക്കപ്പെടുന്നുള്ളൂ.
പെരിക്ലിറ്റോസിന്റെ മറ്റൊരു ഗുണമായി ബൈബിള്‍ എണ്ണിപ്പറഞ്ഞത് ഇതാണ്: ”അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും” (യോഹന്നാന്‍ 16:13). ഖുര്‍ആനില്‍ മുഹമ്മദ് നബി സ്വയമായി ഒന്നും സംസാരിക്കുന്നില്ല. ജിബ്രീല്‍ എന്ന മലക്ക് വഴി അല്ലാഹുവില്‍നിന്നും കേട്ടത് അപ്പടി പറയുക മാത്രമാണദ്ദേഹം. ബൈബിളിലെ മേല്‍ പറഞ്ഞ പ്രവചനത്തിലൂടെ ഉന്നീതമാകുന്ന കാര്യങ്ങള്‍ മുഹമ്മദ് നബിയില്‍ എത്രത്തോളം സാക്ഷാത്കരിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഇത്രയും വിശദീകരണം മതി.
മനുഷ്യപുത്രന്‍
യേശുവെ ‘മേരിയുടെ പുത്രന്‍’ എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. ബൈബിളില്‍ യേശു യോസേഫിന്റെ മകനാകുന്നു. സഹോദരന്മാരും സഹോദരിമാരും ഉള്ളവനാകുന്നു (മത്തായി 13: 55,56, മാര്‍ക്കോസ് 6:3, ലൂക്കോസ് 2:48, യോഹന്നാന്‍ 2:12, അപ്പോ. പ്രവൃത്തികള്‍ 1:14, കോരിന്ത്യര്‍ 9:5, ഗലത്യര്‍ 1:19). ദാവീദിന്റെ മകനാകുന്നു (മത്തായി 22:42, മാര്‍ക്കോസ് 12:35, ലൂക്കോസ് 20:41, യോഹന്നാന്‍ 20:30, അപ്പോ. പ്രവൃത്തികള്‍ 13:22, റോമര്‍ 15:12). മനുഷ്യപുത്രനാകുന്നു. 83-ലധികം തവണ മനുഷ്യപുത്രന്‍ എന്ന് അഭിസംബോധന ചെയ്യപ്പെടുന്നു. ദൈവപുത്രനുമാവുന്നുണ്ട് അദ്ദേഹം (മത്തായി 14:32, യോഹന്നാന്‍ 11:27, അപ്പോ. പ്രവൃത്തികള്‍ 9:20).
ക്രിസ്തു ക്രിസ്തുവിന്റെ തന്നെ പുനരാഗമത്തെ പ്രവചിക്കുക എന്ന കാര്യത്തില്‍ കാര്യമായ ചില പോരായ്കളുണ്ട്. യാക്കോബ് ‘അവകാശമുള്ളവനെ’ പറ്റി പ്രവചിച്ചു (ഉല്‍പത്തി 49:10). മോശെ മറ്റൊരു പ്രവാചകനെപ്പറ്റി സംസാരിച്ചു (ആവര്‍ത്തന പുസ്തകം 1 8:15). ഹഗ്ഗായിയും(ഹഗ്ഗായി 2:7) മാലാഖിയും (മാലാഖി 3:1) ഒക്കെ മറ്റൊരാളുടെ വരവിനെയാണ് സൂചിപ്പിച്ചത്. യേശുവും അങ്ങനെത്തന്നെ എന്നു വിശ്വസിക്കുന്നതാണ് ശരി. മനുഷ്യപുത്രനെ പറ്റി ക്രിസ്തു പറഞ്ഞതൊക്കെയും ക്രിസ്തുവില്‍തന്നെ ആരോപിക്കുകയാണ് ബൈബിള്‍ കര്‍ത്താക്കള്‍ ചെയ്തത്. അവ ക്രിസ്തുവില്‍ എത്രമാത്രം സാക്ഷാത്കരിക്കപ്പെട്ടു എന്നു പരിശോധിച്ചുനോക്കണം. റോമന്‍ സാമ്രാജ്യത്തെ തകര്‍ത്തു ഭൂമിയില്‍ സമാധാനത്തിന്റെ സാമ്രാജ്യം പണിയുവാന്‍ വന്നെത്തുമെന്ന് ബൈബിള്‍ നിരൂപിക്കുന്ന മനുഷ്യപുത്രന്‍ ക്രിസ്തുവാകുമോ? സീസര്‍ക്ക് കപ്പം നല്‍കുന്ന ക്രിസ്തു! ‘മനുഷ്യപുത്രനു തലചായ്ക്കാന്‍ മണ്ണിലിടമില്ലെ’ന്നു വിലപിക്കുന്ന ക്രിസ്തു!
മനുഷ്യപുത്രന്‍ സകലജാതികളെയും ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നതു പോലെ വേര്‍തിരിക്കുമെന്നു യേശു പറയുന്ന ഉപമ ശ്രദ്ധേയമാണ്. വിശ്വസിക്കാന്‍ മനസ്സുള്ള ഇസ്രായേല്യരാണു ഇവിടെ ചെമ്മരിയാടുകള്‍ എന്നുള്ളതു കൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. കോലാടുകള്‍ അവിശ്വാസികളായ യഹൂദികളാണ്. ‘മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോള്‍…’ എന്നാണ് യേശുവിന്റെ പ്രയോഗം. അതിനാല്‍ത്തന്നെ അത് യേശുവിനെ പറ്റിയാണെന്ന് പറയുക വയ്യ. ഭാവിയെ സൂചിപ്പിക്കുന്ന യേശുവിന്റെ ഇയ്യൊരു പ്രയോഗത്തിന്റെ തോതുവെച്ചു പറഞ്ഞാലും മനുഷ്യപുത്രന്‍ യേശുവല്ല; വരാനിരിക്കുന്ന മറ്റാരോ ആണ്. ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിച്ചില്ല, യേശു; രണ്ടു കൂട്ടരും അദ്ദേഹത്തെ തള്ളിക്കളഞ്ഞു എന്നുവേണം പറയാന്‍. അവരില്‍ ഒരു ചെറുവിഭാഗമേ യേശുവെ വിശ്വസിച്ചുള്ളൂ, സ്‌നേഹിച്ചുള്ളൂ.
മനുഷ്യപുത്രന്‍ വരാനിരിക്കുന്നേയുള്ളൂ എന്ന വസ്തുത മറ്റൊരിടത്തു യേശു ഇങ്ങനെ വ്യക്തമാക്കുന്നു: ”എന്നാല്‍ ഏലിയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്ക് തോന്നിയത് എല്ലാം അവനോട് ചെയ്തു. അവ്വണ്ണം മനുഷ്യപുത്രനു അവരാല്‍ കഷ്ടപ്പെടുവാനുണ്ട്” (മത്തായി 17:12).
വിഷയം ഇവിടെ വരാനിരിക്കുന്ന ഒരാളാണ്. പറയുന്നത് ക്രിസ്തുവാണ്. ഒരര്‍ഥത്തിലും അത് ക്രിസ്തുവിനെ പറ്റിയാവില്ല. ‘മനുഷ്യപുത്രന്‍’ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരുമായി വരും’ (മത്തായി 16:27). അതെ വരും!
പഴയ നിയമത്തിലും പുതിയ നിയമത്തിലും അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ചില പ്രവചനവാക്യങ്ങള്‍ പെറുക്കിക്കൂട്ടുക മാത്രമാണിവിടെ ചെയ്തത്. എന്നാലും ഇവ ചേര്‍ത്തുവായിക്കുന്നവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെടാതിരിക്കില്ല. ഇവയിലൂടെ തെളിയുന്ന ദര്‍ശനചക്രവാളം യേശുക്രിസ്തുവില്‍നിന്നു കുറേ ദൂരം മുമ്പോട്ടു പോയിട്ടുള്ളതാണ്. ബൈബിള്‍ നിത്യേന പാരായണം ചെയ്യുന്ന ക്രൈസ്തവ ബോധമാകട്ടെ ഓതിപ്പഠിപ്പിക്കപ്പെട്ട പരിമാണങ്ങളും പരിധികളും വിട്ട് ഒരിഞ്ചുപോലും മുന്നോട്ടു ചലിക്കുവാന്‍ സന്നദ്ധമല്ല. നിഷ്പക്ഷനായ ഒരു ബൈബിള്‍ വായനക്കാരനെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഈ പ്രവചനങ്ങളില്‍ നിഴലിക്കുന്ന നിഗൂഢതയാണ്. ഈ നിഗൂഢത തെളിയണമെങ്കില്‍ ബൈബിളിലെ ഇത്തരം പ്രവചനങ്ങളെ സംബന്ധിച്ച് സത്യസന്ധവും ആത്മാര്‍ഥവുമായ ഒരു സമീപനം തന്നെ വേണം. അതിനുള്ള ശ്രമവും ശ്രദ്ധയും ക്രൈസ്തവരില്‍നിന്നാണുണ്ടാവേണ്ടത്.

You may also like