
യുദ്ധങ്ങള്‍
പ്രവാചകനിലും അദ്ദേഹത്തിന്റെ പ്രബോധനത്തിലും ആകൃഷ്ടരായ ജൂതഗോത്രങ്ങളും അറേബ്യന്‍ കുടുംബങ്ങളും പ്രവാചകനെ പിന്തുടര്ന്ന് ഇസ്ലാം ആശ്ലേഷിച്ചു കൊണ്ടിരുന്നു. അവരില്‍ പലരും ഏറെ പ്രമുഖരും സമൂഹത്തെ സാരമായി സ്വാധീനിക്കാന്‍ സാധിക്കുന്നവരുമായിരുന്നു.
അങ്ങനെ മദീനയിലെ നവജാത ഇസ്ലാമിക രാഷ്ട്രം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരുന്നു. അതിനാല്‍ മക്കയിലെ ശത്രുക്കളുടെ ഭയാശങ്കകള്‍ വര്‍ധിച്ചു. മദീനയില്‍ രൂപം കൊണ്ട ഇസ്ലാമിക രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. അതിനായി നിരന്തരം ഉപജാപങ്ങള്‍ നടത്തുകയും ഗൂഢപദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു. അവരെ പ്രതിരോധിക്കേണ്ടി വന്നതിനാല്‍ പ്രവാചകന് നിരവധി യുദ്ധങ്ങള്‍ ചെയ്യേണ്ടി വന്നു. ആ യുദ്ധങ്ങള്‍ക്കൊന്നും മതവുമായിട്ടായിരുന്നില്ല ബന്ധം. രാഷ്ട്രവും അതിന്റെ സുരക്ഷിതത്വവുമായിട്ടായിരുന്നു. സാമൂഹ്യനീതിയുടെ സംസ്ഥാപനവും അതിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തലുമായും. യുദ്ധം അനുവദിച്ച് കൊണ്ട് അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇത് സുതരാം വ്യക്തമാക്കുന്നു.
മക്കയില്‍ പ്രവാചകനും അനുയായികള്‍ക്കും ആയുധമെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ക്ഷമിക്കാനും സഹിക്കാനും വിട്ടുവീഴ്ച കാണിക്കാനുമാണ് ദൈവം അവരോട് കല്പിച്ചിരുന്നത്. ഹിജ്റയിലൂടെ മദീനയില്‍ ഇസ്ലാമിക സമൂഹവും രാഷ്ട്രവും ഭരണവും സ്ഥാപിതമായപ്പോള്‍ മക്കയിലെ ശത്രുക്കള്‍ അതിനെ നശിപ്പിക്കാന്‍ സകലശ്രമവും നടത്തി. അതിനെ പ്രതിരോധിക്കാനാണ് ആദ്യമായി യുദ്ധം അനുവദിക്കപ്പെട്ടത്. ഇത് ഹിജ്റ രണ്ടാം വര്‍ഷത്തിലാണ്. നവജാത ഇസ്ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കലായിരുന്നു ലക്ഷ്യം. അതോടൊപ്പം ശാക്തിക സന്തുലിതത്വം സ്ഥാപിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്താനും. ഇസ്ലാമിക വീക്ഷണത്തില്‍ മതസ്വാതന്ത്ര്യം ഉള്‍പ്പെടെ എല്ലാവരുടെയും മൗലികാവകാശങ്ങളുടെ സംരക്ഷണം സാമൂഹ്യനീതിയുടെ അവിഭാജ്യ ഘടകമാണ്. അത് ഉറപ്പുവരുത്താനാണ് യുദ്ധം അനുവദിക്കപ്പെട്ടതെന്ന് ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു:
‘യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്.ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ മതിയായവന്‍ തന്നെ. സ്വന്തം വീടുകളില്‍ നിന്ന് അന്യായമായി പുറത്താക്കപ്പെട്ടവരാണവര്‍. തങ്ങളുടെ നാഥന് അല്ലാഹുവാണ് എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.'(22: 39,40)
Also read: ‘സീറത്തെ സർവ്വറെ ആലം’: സയ്യിദ് മൗദൂദി
പ്രവാചകന്റെ കാലത്തുണ്ടായ എല്ലാ യുദ്ധങ്ങളും അവരെ നിര്ബന്ധിച്ച്യു ദ്ധക്കളത്തിലേക്ക് നയിച്ച ഖുറൈശികള്‍ക്കും ജൂതഗോത്രങ്ങള്ക്കുമെതിരെയായിരുന്നു. ബദര്‍, ഉഹ്ദ്, അഹ്സാബ് പോലുള്ള എല്ലാ പ്രധാന യുദ്ധങ്ങളും നടന്നത് മദീനയില്‍ വെച്ചാണ്. ശത്രുക്കളോട് അങ്ങോട്ട് പോയി യുദ്ധം ചെയ്യുകയായിരുന്നില്ല, അവര്‍ ഇങ്ങോട്ട് വന്ന് യുദ്ധം ചെയ്യുകയായിരുന്നു. ജന്മനാടായ മക്കയുടെ വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടമാണ് അപവാദമായുള്ളത്. അതിന്റെ തന്നെ തുടര്‍ച്ചയായുണ്ടായ ത്വാഇഫും ഹുനൈനും.
മദീനയെ തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന മക്കയിലെ ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ തകര്‍ത്ത ബദര്‍ യുദ്ധമാണ് ആദ്യം നടന്നത്. മക്കയില്‍ നിന്ന് മദീനയിലേക്ക് യുദ്ധത്തിന് പുറപ്പെട്ടവരെ നേരിടുകയായിരുന്നു പ്രവാചകനും അനുയായികളും. യുദ്ധം ഒഴിവാക്കാനായി മക്കയില്‍ നിന്ന് യുദ്ധത്തിനെത്തിയവരോട് പിരിഞ്ഞുപോകാന്‍ ഉമറുല്‍ ഫാറൂഖ് ആവശ്യപ്പെട്ടു. എങ്കിലും അവര്‍ വഴങ്ങിയില്ല. അതിനാല്‍ യുദ്ധം അനിവാര്യമായി. മൂന്നിരട്ടി വരുന്ന 950 ശതുക്കളെ കേവലം 317 പേര് പൂര്‍ണമായും പരാജയപ്പെടുത്തി. എതിരാളികളിലെ പ്രമുഖരുള്‍പ്പെടെ 70 പേര് വധിക്കപ്പെട്ടു. അത്രത്തോളം പേര് തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. മുസ്ലിം പക്ഷത്തുനിന്ന് 14 പേര് മാത്രമാണ് വധിക്കപ്പെട്ടത്. യുദ്ധത്തില്‍ പിടികൂടപ്പെട്ട ശത്രുക്കളോട് ഏറ്റവും മാന്യമായ സമീപനമാണ് പ്രവാചകന് സ്വീകരിച്ചത്. നിരക്ഷരരായ മദീനാവാസികളെ വിദ്യ അഭ്യസിപ്പിക്കാന്‍ കഴിയുന്നവരെ അതിന് ചുമതലപ്പെടുത്തി. അത് അവരുടെ മോചനദ്രവ്യമായി നിശ്ചയിക്കുകയും ചെയ്തു. അവശേഷിക്കുന്നവരെ പിഴ വാങ്ങി വിട്ടയച്ചു. അങ്ങനെ യുദ്ധത്തടവുകാരോട് ഏറ്റവും മാന്യമായി പെരുമാറുക എങ്ങനെയെന്ന് ലോകത്തെ പഠിപ്പിച്ചു.
ബദര്‍ യുദ്ധത്തിലുണ്ടായ കനത്ത നഷ്ടം നികത്താനായി മക്കയിലെ ശത്രുക്കള്‍ സര്‍വായുധസജ്ജരായി നയിച്ച യുദ്ധമായിരുന്നു രണ്ടാമതായി നടന്ന ഉഹ്ദ് യുദ്ധം. പ്രവാചക ജീവിതത്തില്‍ മൂന്നാമത്തെ പ്രധാന യുദ്ധം അഹ്സാബാണ്.
Also read: അർറഹീഖുൽ മഖ്തൂം: സ്വഫിയുർ റഹ്മാൻ മുബാറക് പൂരി
മദീനയിലെ ആഭ്യന്തര ശത്രുക്കളെ കൂട്ടുപിടിച്ചും അറേബ്യയില്‍ നിന്ന് കിട്ടാവുന്ന എല്ലാ എതിരാളികളെയും സംഘടിപ്പിച്ചും മക്കയിലെ ശത്രുക്കള്‍ നടത്തിയ പോരാട്ടമാണിത്. പ്രവാചകന്റെ അസാമാന്യമായ തന്ത്രവും ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലും കാരണമായി രക്തച്ചൊരിച്ചില്‍ ഒഴിവായി. കരാര്‍ ലംഘിച്ചും വഞ്ചന കാണിച്ചും ശത്രുക്കളെ കൂട്ടുപിടിച്ചും ഇസ്ലാമിക സമൂഹത്തെ തകര്‍ക്കാനും രാഷ്ട്രത്തെ നശിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്ന ആഭ്യന്തര ശത്രുക്കള്‍ക്കെതിരെ നടത്തിയ യുദ്ധമാണ് ഖൈബര്‍. അനിവാര്യ ഘട്ടത്തില്‍, നിര്‍ബന്ധിത സാഹചര്യങ്ങളിലായിരുന്നു പ്രവാചകന് യുദ്ധം നയിച്ചതെന്ന് ഇതൊക്കെയും വ്യക്തമാക്കുന്നു.
യുദ്ധത്തിലായാലും മാനവികമൂല്യങ്ങളും ധാര്‍മിക പരിധികളും പരമാവധി പാലിക്കണമെന്ന് പ്രവാചകന് നിര്‍ബന്ധമുണ്ടായിരുന്നു. അനുയായികള്‍ക്ക് അതിനാവശ്യമായ കര്‍ക്കശമായ നിര്‍ദേശങ്ങള്‍ നല്കി. പടക്കളത്തിലായാല് പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആരാധനകളനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരെയും പിന്തിരിഞ്ഞു പോകുന്നവരെയും വധിക്കരുതെന്ന് കല്പ്പിച്ചു. കൃഷി നശിപ്പിക്കരുതെന്നും ഫലവൃക്ഷങ്ങള്‍ വെട്ടിമുറിക്കരുതെന്നും വധിക്കപ്പെട്ടവരെ അംഗഭംഗം വരുത്തരുതെന്നും നിര്‍ദേശിച്ചു.
യുദ്ധത്തിലും പരമാവധി ആള്‍നാശം ഒഴിവാക്കാനാണ് പ്രവാചകന് ശ്രമിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ പ്രവാചകന്റെ കാലത്തു നടന്ന ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ആകെ വധിക്കപ്പെട്ടത് 1018 പേര് മാത്രമാണ്. പ്രവാചക പക്ഷത്ത് നിന്ന് 259 പേര് രക്തസാക്ഷികളായപ്പോള് 759 പേരാണ് മറുഭാഗത്ത് നിന്ന് വധിക്കപ്പെട്ടത്.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 5
യുദ്ധമില്ലാ സന്ധി
യുദ്ധങ്ങളിലേറ്റ തിരിച്ചടി കാരണം മക്കയിലെ ശത്രുക്കളുടെ ശക്തി നന്നെ ക്ഷയിച്ചിരുന്നു. അതിനാല്‍ ഇനിയൊരു യുദ്ധത്തിന് അവര്‍ മുന്നിട്ടിറങ്ങുകയില്ലെന്ന് പ്രവാചകന് പ്രതീക്ഷിച്ചു. മദീനയോടുള്ള ശത്രുതയും യുദ്ധങ്ങളും അവരുടെ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. മദീനയുടെ ഭാഗത്തുകൂടെ വ്യാപാരയാത്ര അസാധ്യമായി. അതിനാലവര്‍ സമാധാനം പാലിക്കാന്‍ സന്നദ്ധമാവുമെന്ന് മുഹമ്മദ് നബിയും അനുയായികളും കണക്കുകൂട്ടി. അങ്ങനെയാണ് ഹിജ്റ ആറാം വര്‍ഷം പ്രവാചകന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെടുന്ന വിവരം വിളംബരം ചെയ്തത്. അതിനോടുള്ള മക്കക്കാരുടെ പ്രതികരണമറിയാന്‍ സംവിധാനമുണ്ടാക്കി. അവര്‍ യുദ്ധസന്നാഹങ്ങളൊന്നും നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടില്ല. അതിനാല്‍ പ്രവാചകനും 1400 പേരും മക്കയിലേക്ക് പുറപ്പെട്ടു. അവരാരും ആയുധമണിഞ്ഞിരുന്നില്ല. വഴിയില്‍ വെച്ച് നടന്ന കൂടിയാലോചനയില്‍ ആത്മരക്ഷക്കാവശ്യമായ ആയുധങ്ങളെടുക്കാമെന്നും എന്നാല്‍ അവയൊന്നും പുറത്തെടുക്കരുതെന്നും തീരുമാനിക്കപ്പെട്ടു. വിവരമറിഞ്ഞ് മക്കക്കാര്‍ ആശയക്കുഴപ്പത്തിലായി. യുദ്ധം ചെയ്യുന്നതിന് അവര്‍ തല്പരരായിരുന്നില്ല. അതേസമയം മുഹമ്മദിനെയും അനുയായികളെയും സൈ്വര്യമായി ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാന്‍ സന്നദ്ധരുമായിരുന്നില്ല.
അതിനാല്‍ മക്കാ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പതിനഞ്ച് കിലോമീറ്റര്‍ ദൂരെ ജിദ്ദയിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ഹുദൈബിയയില്‍ മക്കക്കാര്‍ ഒത്തുചേര്‍ന്നു. മുസ്ലിംകളും അവിടത്തന്നെ തമ്പടിച്ചു. മക്കയിലെ ശത്രുക്കള്‍ മുസ്ലിംകള് താമസിക്കുന്ന തമ്പ് ആക്രമിക്കുന്നതുള്‍പ്പെടെ പലതരം പ്രകോപനങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ പ്രവാചകനും അനുയായികളും എല്ലാം സഹിക്കുകയും ക്ഷമിക്കുകയുമാണുണ്ടായത്. അതിനിടയില്‍ ഉമയ്യയുടെ മകന് ഖിറാശിനെ ചര്‍ച്ചക്കായി മക്കക്കാരുടെ അടുത്തേക്കയച്ചു. അവര്‍ അദ്ദേഹത്തിന്റെ ഒട്ടകത്തെ കൊല്ലുകയും അദ്ദേഹത്തെ ആട്ടിയോടിക്കുകയും ചെയ്തു. പിന്നീട് അഫ്ഫാന്‍ മകന് ഉസ്മാനെ നിയോഗിച്ചു. ചര്‍ച്ചക്കൊടുവില്‍ മക്കക്കാരെ പ്രതിനിധീകരിച്ച് സുഹൈലിന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം പ്രവാചകനെ കാണാനെത്തി. ദീര്‍ഘമായ സംഭാഷണത്തിനു ശേഷം ഹിജ്റ ആറാം വര്‍ഷം പതിനൊന്നാം മാസം ഇരുവിഭാഗവും സന്ധിയിലെത്തി. മുഹമ്മദ് നബി ഒട്ടേറെ വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് അത് സാധ്യമായത്.
Also read: ദിയാഉന്നബി : മൗലാന പീർ കരം ഷാഹ് അസ്ഹരി
സന്ധിവ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്ലിംകള്ക്ക് തീര്‍ത്തും എതിരായിരുന്നു. അതുകൊണ്ടു തന്നെ പ്രവാചകന്റെ അനുയായികളില്‍ പലരും അത് സൂചിപ്പിച്ച് അനിഷ്ടം പ്രകടിപ്പിച്ചു. എന്നാല്‍ സന്ധി വിജയത്തിലേക്കുള്ള വഴിയാണെന്ന് പ്രവാചകന് അവരെ ബോധ്യപ്പെടുത്തി. സന്ധിവ്യവസ്ഥയനുസരിച്ച് ആരെങ്കിലും ഇസ്ലാം സ്വീകരിച്ച് വന്നാല്‍ അവരെ സ്വീകരിക്കാതെ തിരിച്ചയക്കേണ്ടതുണ്ടായിരുന്നു. ഇസ്ലാം ഉപേക്ഷിച്ച് മക്കയിലെത്തുന്നവരെ മടക്കി അയക്കേണ്ടതുമുണ്ടായിരുന്നില്ല. സംഭാഷണം പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ അത് രേഖപ്പെടുത്തുന്നതിന് മുമ്പ് സുഹൈല്‍ മകന് അബൂ ജന്ദല് അവിടെ ഓടിയെത്തി. ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ പിതാവ് സുഹൈല്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ കഠിനമായി പീഡിപ്പിച്ച് ചങ്ങലക്കിട്ടതായിരുന്നു. എങ്ങനെയോ അത് പൊട്ടിച്ചാണ് അദ്ദേഹം അവിടെയെത്തിയത്.
കരാറനുസരിച്ച് അദ്ദേഹത്തെ തിരിച്ചയക്കണമെന്ന് ശത്രുക്കള്‍ ശഠിച്ചു. കരാര്‍ രേഖപ്പെടുത്താത്തതിനാല്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് മുസ്ലിംകളും വാദിച്ചു. സന്ധി നടക്കാതെ പോകരുതെന്നതിനാല്‍ പ്രവാചകന് എതിരാളികളുടെ വാദം സ്വീകരിച്ച് അദ്ദേഹത്തെ മടക്കിയയച്ചു. സന്ധിയില്‍ ഇരു പക്ഷവും ഒപ്പ് വെച്ചതോടെ മുസ്ലിംകള് ഉംറ നിര്‍വഹിക്കാതെ മദീനയിലേക്ക് മടങ്ങി. ഇത് ഹുദൈബിയാ സന്ധി എന്ന പേരില്‍ അറിയപ്പെടുന്നു. സന്ധിവ്യവസ്ഥയനുസരിച്ച് മദീനയിലെത്തിയ അബൂ ബസ്വീറിനെയും പ്രവാചകന് തിരിച്ചയക്കേണ്ടി വന്നു. ഇത് അവരിരുവരിലും പ്രവാചകനിലും മറ്റ് അനുയായികളിലുമുണ്ടാക്കിയ ദു:ഖം വിവരണാതീതമായിരുന്നു. മര്‍ദകരില്‍ നിന്ന് മോചനം തേടിയെത്തിയ സഹോദരങ്ങളെ വീണ്ടും ശത്രുക്കള്‍ക്കു തന്നെ വിട്ടുകൊടുക്കേണ്ടി വന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
എന്നാല്‍ പ്രവാചകന് പ്രവചിച്ച പോലെ അന്തിമ വിശകലനത്തില്‍ അത് ശത്രുക്കള്‍ക്ക് തന്നെ വിനയായി മാറുകയായിരുന്നു. അവരും അവരെപ്പോലെ ഇസ്ലാം സ്വീകരിച്ചവരും മക്കക്കും മദീനക്കുമിടയില്‍ താമസമാക്കി. അതോടെ മക്കക്കാരുടെ സൈ്വര്യമായ കച്ചവടയാത്ര അസാധ്യമായി. ശത്രുക്കള്‍ സന്ധിവ്യവസ്ഥ ലംഘിക്കാന്‍ വരെ അത് പ്രേരകമായി.
സന്ധി വ്യവസ്ഥയനുസരിച്ച് അടുത്തവര്‍ഷം പ്രവാചകന് ഉംറ നിര്‍വഹിക്കുകയും മൂന്ന് ദിവസം മക്കയില്‍ താമസിക്കുകയും ചെയ്തു. പ്രവാചകന്റെയും അനുയായികളുടെയും യാത്രയും ഉംറയും തീര്‍ത്തും സമാധാനപരമായിരുന്നു. (തുടരും)