
ജന്മനാടിന്റെ മോചനം
മക്കയിലെ ശത്രുക്കള്‍ ഹിജ്റ എട്ടാം വര്‍ഷം ഏഴാം മാസം തന്നെ സന്ധി വ്യവസ്ഥകള്‍ ലംഘിച്ചു. മദീനയിലെ ഇസ്ലാമിക രാഷ്ട്രവുമായി കരാറിലുണ്ടായിരുന്ന ഗോത്രക്കാരെ ആക്രമിച്ചു. അങ്ങനെ നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ മക്കയിലെ ഏറ്റവും ധീരനും കരുത്തനും സമര്‍ഥനുമായ സൈനികനേതാവ് വലീദ് മകന് ഖാലിദ് മദീനയിലെത്തി പ്രവാചകനെ സമീപിച്ച് ഇസ്ലാം സ്വീകരണം പ്രഖ്യാപിച്ചു. മുഹമ്മദ് നബി അദ്ദേഹത്തിന് ദൈവത്തിന്റെ വാള് എന്നര്‍ഥം വരുന്ന ‘സൈഫുല്ലാഹി’ എന്ന ബഹുമതി നല്കി.
പ്രവാചകന് ഈ അനുകൂലാവസരം ഫലപ്രദമായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. കരാര്‍ വ്യവസ്ഥ എതിരാളികള്‍ തന്നെ ലംഘിച്ചതിനാല്‍ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രവാചക ഹൃദയം മക്കയെക്കുറിച്ച ഓര്മകളാല് തരളിതമായി. അര നൂറ്റാണ്ടുകാലം തന്റെ കാലടിപ്പാടുകള്‍ പതിഞ്ഞ മണ്ണ്, ആടു മേച്ചു നടന്ന ബാല്യം, കച്ചവടക്കാരനായി കാലം കഴിച്ച യൗവ്വനം, അല്അമീന് എന്ന അപരനാമത്തിനുടമയായി ആദരിക്കപ്പെട്ട സന്തോഷത്തിന്റെ നാളുകള്‍, ഹിറാഗുഹയില്‍ നിന്ന് വേദവാക്യങ്ങളുമായി തിരിച്ചെത്തിയത്, ഉറ്റവരുടെയും ഉടയവരുടെയും കൊടിയ പീഡനങ്ങള്‍ക്കിരയായത്, അനുയായികള്‍ കടുത്ത മര്‍ദനമേറ്റ് പുളയുന്നത് കണ്ട് അകം പുകഞ്ഞത്, അവരുടെ കൊടിയ കഷ്ടതകള്‍ക്ക് സാക്ഷ്യം വഹിച്ചത്, അവസാനം മൂന്നു വര്‍ഷം സാമൂഹിക ബഹിഷ്കരണത്തിനിരയായത്, ഗതകാലസ്മരണകള്‍ ആര്‍ദ്രമായ ആ മനസ്സില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിച്ചു.
മക്കയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ച പ്രവാചകന് യാത്ര എവിടേക്കാണെന്ന് അറിയിക്കാതെ അനുയായികളോട് യാത്രക്കൊരുങ്ങാന്‍ ആവശ്യപ്പെട്ടു. പിന്തുണക്കുന്നവരെയെല്ലാം ഒരുമിച്ചു കൂട്ടി. അങ്ങനെ പതിനായിരത്തോളം പടയാളികളുമായി മക്കയുടെ ഭാഗത്തേക്ക് നീങ്ങി. മക്കയുടെ അടുത്തെത്തിയപ്പോള്‍ മാത്രമാണ് അണികള്‍ക്ക് ലക്ഷ്യസ്ഥാനം മനസ്സിലായത്.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 6
പ്രവാചകന്റെയും അനുയായികളുടെയും ആഗമനമറിഞ്ഞ് മക്കക്കാരെല്ലാം സ്വന്തം വീട്ടില്‍ അടങ്ങിയൊതുങ്ങിക്കൂടി. അപ്പോഴേക്കും അവര്‍ ഒരു നേതാവ് പോലും ഇല്ലാത്ത അവസ്ഥയിലെത്തിയിരുന്നു. സേനാനായകന് ഖാലിദിന്റെ പാത പിന്തുടര്ന്ന് അന്നോളം അവര്‍ക്ക് നായകത്വം നല്‍കിയിരുന്ന അബൂസുഫ്യാനും ഇസ്ലാം സ്വീകരിച്ചു. അതിനാല്‍ പ്രവാചകനും അനുയായികള്‍ക്കും മുമ്പില്‍ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. ഒരെതിര്‍പ്പുമില്ലാതെ അവര്‍ മുന്നോട്ടു നീങ്ങി. അങ്ങനെ മക്ക വിമോചിതമായി. പ്രവാചകന്റെ ജന്മനാടും മദീന ആസ്ഥാനമായുള്ള ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി മാറി. മദീന ഇസ്ലാമിക രാഷ്ട്രമായെന്നപോലെ മക്ക മോചിതമായപ്പോഴും ഒരു തുള്ളി ചോരപോലും ചിന്തേണ്ടി വന്നില്ല. ഒരായുധവും എടുക്കേണ്ടി വന്നില്ല.
മക്കയിലെത്തിയ പ്രവാചകനും അനുചരന്മാരും നേരെ വിശുദ്ധ കഅ്ബയുടെ അടുത്തേക്ക് പോയി. ആ വിശുദ്ധ മന്ദിരത്തിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത് ത്വല്‍ഹ മകന് ഉസ്മാന് ആയിരുന്നു. പ്രവാചകന് മക്കയോട് വിടപറയുന്നതിന് മുമ്പും അദ്ദേഹം തന്നെയായിരുന്നു അതിന്റെ സൂക്ഷിപ്പുകാരന്. അന്ന് പ്രവാചകന് കഅ്ബ തുറന്ന് അതിനുള്ളില്‍ പ്രവേശിക്കാനും പ്രാര്‍ഥന നിര്‍വ്വഹിക്കാനും അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി ഉസ്മാനോട് ഇപ്പോള്‍ മക്കയുടെ കൂടി ഭരണാധികാരിയായ പ്രവാചകന് താക്കോല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഉസ്മാന് വളരെ വിനീതനായി അത് പ്രവാചകന് കൊണ്ടു വന്നു കൊടുത്തു. അദ്ദേഹം കഅ്ബയുടെ വാതില്‍ തുറന്ന് അതിന്റെ അകമൊക്കെയും വൃത്തിയാക്കി. തുടര്‍ന്ന് പ്രാര്‍ഥന നിര്‍വ്വഹിച്ചു. പുറത്ത് കടന്ന് വാതില്‍ പൂട്ടി താക്കോല്‍ സ്വയം കൈവശം വെക്കുകയോ ഏറ്റവും അടുത്ത അനുയായികള്‍ക്ക് നല്‍കുകയോ ചെയ്യാതെ ഉസ്മാനെ തന്നെ ഏല്പിച്ചു. ഇന്നും അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് അത് സൂക്ഷിക്കുന്നത്. ഇതിനേക്കാള്‍ മാന്യമായ ഒരു പ്രതികാരം സാധ്യമല്ലല്ലോ.
നീണ്ട ഇരുപത്തിയൊന്ന് വര്‍ഷമായി പ്രവാചകന് നയിച്ച സമാനതയില്ലാത്ത വിപ്ലവം വിജയിച്ചിരിക്കുന്നു. ഇപ്പോള്‍ അതിന്റെ വിജയപ്രഖ്യാപനം നടത്തേണ്ട സമയം ആഗതമായിരിക്കുന്നു. ആരാണത് നിര്‍വഹിക്കുക? പ്രവാചകന് തന്നെ നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാ സങ്കല്പങ്ങളും തെറ്റിച്ചു കൊണ്ട് റബാഹ് മകന് ബിലാലിനെയാണ് അദ്ദേഹം ആ മഹല്‍ കര്‍മത്തിന് ചുമതലപ്പെടുത്തിയത്. എക്കാലത്തും ഏവരാലും ഏറെ അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചവിട്ടിയരക്കപ്പെടുകയും ചെയ്യുന്ന വര്‍ഗത്തിന്റെ പ്രതിനിധിയായിരുന്നുവല്ലോ അദ്ദേഹം. കാക്കയെപ്പോലെ കറുത്തവനും വിദേശിയും അടിമയുമായിരുന്ന അദ്ദേഹത്തേക്കാള്‍ അര്‍ഹനായി മറ്റാരുമുണ്ടായിരുന്നില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ യഥാര്‍ഥ വിമോചനമാണല്ലോ പ്രവാചകന് നിര്‍വഹിച്ചത്. അതിന്റെ പ്രഖ്യാപനം നടത്തേണ്ടത് അദ്ദേഹം തന്നെയാണ്. എത്രമേല്‍ ഉചിതമായ തെരഞ്ഞെടുപ്പ്!
മുഹമ്മദ് നബി ബിലാലിനെ അടുത്തേക്ക് വിളിച്ചു വരുത്തി. കഅ്ബയുടെ ചുമരില്‍ കുത്തി നിര്‍ത്തിയ തന്റെ കൈയ്യില്‍ ചവിട്ടി ആ വിശുദ്ധ മന്ദിരത്തിന്റെ മുകളിലേക്ക് കയറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് വിളിച്ച് വിജയം പ്രഖ്യാപിക്കാനും. അടിമയായിരുന്ന ബിലാലിന് തന്റെ ആദരണീയനായ നേതാവും ഭരണാധികാരിയും സര്‍വസൈന്യാധിപനുമായ പ്രവാചകന്റെ കൈയ്യില്‍ ചവിട്ടാന്‍ സാധിച്ചുവെന്നത് ഇസ്ലാമിന്റെ വിമോചന ശേഷി തിരിച്ചറിയാത്തവര്ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. വിശ്വാസ ചൈതന്യത്താല്‍ ആത്മനിന്ദയെയും അപകര്‍ഷതാബോധത്തെയും അതിജീവിച്ച ബിലാല്‍ നിസ്സങ്കോചം അത് നിര്‍വ്വഹിച്ചു. പതിനായിരങ്ങളാണ് സമാനതകളില്ലാത്ത ആ സംഭവത്തിന് സാക്ഷ്യം വഹിച്ചത്.
Also read: സീറത്തുന്നബവിയ്യ : സയ്യിദ് അബുൽ ഹസൻ അലി നദ്വി
വിജയവേളയില്‍ പ്രവാചന് വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍ വെച്ച് തന്റെ അനുയായികളോട് പറഞ്ഞ വാക്കുകളും ഇതേ ആശയം വിളംബരം ചെയ്യുന്നവയായിരുന്നു. അദ്ദേഹം പ്രഖ്യാപിച്ചു: ‘അല്ലാഹുവല്ലാതെ ദൈവമില്ല. അവനൊരു പങ്കുകാരനുമില്ല. അവന് തന്റെ വാഗ്ദാനം പൂര്‍ത്തീകരിച്ചിരിക്കുന്നു. തന്റെ ദാസനെ സഹായിച്ചിരിക്കുന്നു. ഇന്ന് എല്ലാ അത്യാചാരങ്ങള്‍ക്കും ദൈവം അറുതി വരുത്തിയിരിക്കുന്നു. പണത്തിലും ഗോത്രമഹിമയിലും പ്രതാപത്തിലും അധിഷ്ഠിതമായ പഴയകാലത്തെ എല്ലാ അധികാരാവകാശങ്ങളും ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്ലാമിക കാലത്തുണ്ടായിരുന്ന അഹങ്കാരത്തിനും ദുരഭിമാനത്തിനും ദൈവം അന്ത്യം കുറിച്ചിരിക്കുന്നു. നിങ്ങളെല്ലാവരും സമന്മാരാണ്. എല്ലാവരും ആദമിന്റെ മക്കളാണ്. ആദമോ മണ്ണില്‍ നിന്നും.’
എല്ലാവര്ക്കും മാപ്പ്
ഹിജ്റ എട്ടാം വര്‍ഷം. ലോകചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ സംഭവത്തിന് ലേകം സാക്ഷ്യം വഹിച്ചത് അക്കൊല്ലമാണ്. അന്നാണ് പ്രവാചകന് മുഹമ്മദും അനുയായികളും ജേതാക്കളായി ജന്മനാട്ടില് തിരിച്ചെത്തിയത്. തങ്ങളെ ആട്ടിപ്പായിച്ച മക്കാ താഴ്വര അവരെ തിരിച്ചു വിളിച്ചു. സഹര്‍ഷം സ്വാഗതം ചെയ്തു. സത്യം പൂര്‍ണമായും പുലര്‍ന്നു. അസത്യമഖിലം അപ്രത്യക്ഷമായി. നീതി നിലവില്‍ വന്നു. അനീതി അസ്തമിച്ചു. വിശ്വസാഹോദര്യത്തിന്റെ വെന്നിക്കൊടി വിഹായസ്സിലുയര്‍ന്നു. കാട്ടാളത്തത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിഞ്ഞു. സ്നേഹത്തിന്റെ പുതുയുഗം പിറന്നു. അക്രമത്തിന്റെ ആധിപത്യം അവസാനിച്ചു. സമത്വമെന്തെന്ന് സമൂഹം അനുഭവിച്ചറിഞ്ഞു. അസമത്വത്തിന്റെ അന്ധതക്കറുതിയായി. മുഷ്ക്കും മുഷ്ടിയും മേധാവിത്വം പുലര്‍ത്തുന്ന പകയുടെയും പാരുഷ്യത്തിന്റെയും കറുത്തകാലം ചരിത്രത്തിന്റെ ഭാഗമായി. മനുഷ്യത്വം മാനിക്കപ്പെടുന്ന മൂല്യനിഷ്ഠമായ സമൂഹം നിലവില്‍ വന്നു. വിശുദ്ധമന്ദിരം മാലിന്യമുക്തമായി. അതിന്റെ ആദിമവിശുദ്ധി വീണ്ടെടുത്തു.
പ്രവാചകന് എല്ലാം കണ്ടും മനസ്സിലാക്കിയും നിര്‍വൃതിയടഞ്ഞു. അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു. പ്രവാചകന് വിശുദ്ധമന്ദിരത്തില്‍ നിന്നും അല്പം മാറി ഒരുയര്‍ന്ന സ്ഥലത്തു നിന്നു. മുന്നില്‍ യുദ്ധക്കുറ്റവാളികള്‍ ഹാജരാക്കപ്പെട്ടു. അദ്ദേഹം അവരെയെല്ലാം സൂക്ഷിച്ചു നോക്കി.
Also read: ദിയാഉന്നബി : മൗലാന പീർ കരം ഷാഹ് അസ്ഹരി
ആരെല്ലാമാണവര്‍? തന്റെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കൊണ്ടിട്ടവര്, സാമൂഹ്യബഹിഷ്കരണത്തിന് വിധേയമാക്കിയവര്‍, പല പ്രാവശ്യം തന്റെ കഥ കഴിക്കാന്‍ ശ്രമിച്ചവര്‍, നാടു കടത്തിയവര്‍, നിര്‍ദയം മര്‍ദിച്ചവര്‍, പരദേശത്തും സ്വൈര്യമായി കഴിയാന്‍ അനുവദിക്കാതെ പടയോട്ടം നടത്തിയവര്‍, അമ്പെയ്ത് പല്ല് പൊട്ടിച്ചവര്‍, എല്ലാവരും അക്കൂട്ടത്തിലുണ്ട്. അവരുടെയൊക്കെ ശിരസ്സുകള്‍ കുനിഞ്ഞിരിക്കുന്നു. അത് തീര്‍ത്തും സ്വാഭാവികം. കഴിഞ്ഞ കാലത്ത് തങ്ങള്‍ ചെയ്ത ദ്രോഹങ്ങളെക്കുറിച്ച് അവര്‍ ഓര്‍ത്തിരിക്കുമല്ലോ. എട്ടു കൊല്ലം മുമ്പ് തങ്ങള്‍ ആട്ടിയോടിച്ച മുഹമ്മദ് ഇതാ ജേതാവായി തിരിച്ചെത്തിയിരിക്കുന്നു. തനിച്ചല്ല; പതിനായിരങ്ങളോടൊത്ത്. ജനലക്ഷങ്ങളുടെ നേതാവായി, നാടിന്റെ നായകനായി, അറേബ്യയുടെ ഭരണാധികാരിയായി, സര്‍വസൈന്യാധിപനും മതാധ്യക്ഷനുമായി. ‘നിങ്ങള്‍ എന്താണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?’ മുഹമ്മദ് നബി അവരോട് ചോദിച്ചു.
‘താങ്കള്‍ മാന്യനായ സഹോദരന്റെ മാന്യനായ മകനാണ്. നന്മയല്ലാതെ ഞങ്ങള്‍ അങ്ങയില്‍ നിന്നൊന്നും പ്രതീക്ഷിക്കുന്നില്ല.’ അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു. അവരുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. വിട്ടുവീഴ്ചയുടെ വിശ്വരൂപവും സ്നേഹത്തിന്റെ സ്വരൂപവുമായിരുന്ന പ്രവാചകന് പ്രഖ്യാപിച്ചു: ‘ഇന്ന് നിങ്ങള്‍ക്കെതിരെ ഒരുവിധ പ്രതികാരവുമില്ല. നിങ്ങള്‍ പോകൂ! നിങ്ങളെല്ലാം സ്വതന്ത്രരാണ്.’
ജന്മനാടിന്റെ മോചനം പ്രവാചകനെയും അനുയായികളെയും അത്യധികം സന്തുഷ്ടരാക്കി. എന്നാല്‍ ഒരിക്കലും അവരെയാരെയും അഹങ്കാരികളാക്കിയില്ല. അല്ലാഹുവോട് നന്ദി പ്രകടിപ്പിച്ചും മക്കാനിവാസികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും പ്രവാചകനും കൂടെയുണ്ടായിരുന്നവരും മദീനയിലേക്ക് മടങ്ങി. തുടര്‍ന്നുള്ള മാസങ്ങള്‍ ചുറ്റുമുള്ള നാടുകളില്‍ നിന്നും വിദേശദിക്കുകളില് നിന്നും നിവേദക സംഘങ്ങള്‍ വന്നുകൊണ്ടിരുന്നു. അദ്ദേഹം അവരെയെല്ലാം സ്വീകരിക്കുകയും ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. (തുടരും)