
പരാജയപ്പെട്ട വധശ്രമം
അഖബ ഉടമ്പടിയെ തുടര്‍ന്ന് പ്രവാചകന്റെ അനുയായികള്‍ ഒരോരുത്തരായി യഥ്രിബിലേക്ക് പോകാന്‍ തുടങ്ങി. പരമരഹസ്യമായിട്ടായിരുന്നു യാത്ര. തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും മക്കയില്‍ ഉപേക്ഷിച്ചാണ് അവര്‍ നാടു വിട്ടത്.
മുസ്ലിംകളുടെ സാന്നിധ്യം അവസാനിക്കുയാണല്ലോ എന്ന് കരുതി മക്കയിലെ ആദര്‍ശ ശത്രുക്കള്‍ സന്തോഷിക്കുകയല്ല ചെയ്തത,് കൂടുതല്‍ കരുത്തോടെ തിരിച്ചു വരുമെന്ന് ഭയപ്പെടുകയാണുണ്ടായത്. അതിനാലവര്‍ കടുത്ത ഭയാശങ്കയിലായിരുന്നു. അതിനാല്‍ പ്രവാചകനെ മക്ക വിട്ടുപോകാന്‍ അനുവദിക്കരുതെന്ന് അവര്‍ തീരുമാനിച്ചു, അതിനു മുമ്പായി കൊന്നുകളയണമെന്നും. അതിനായി അവിടത്തെ വിവിധ ഗോത്രങ്ങള്‍ ഒരിടത്ത് ഒരുമിച്ചു കൂടി. കൂടിയാലോചനയിലൂടെ അവരൊരു തീരുമാനമെടുത്തു. എല്ലാ ഗോത്രത്തിലെയും കരുത്തരായ ചെറുപ്പക്കാര്‍ ഒരുമിച്ച് ചേര്‍ന്ന് മുഹമ്മദിനെ വധിക്കുക. അങ്ങനെ കുറ്റം എല്ലാവരുമായി ഏറ്റെടുക്കുക. അതോടെ പ്രതികാര സാധ്യത ഇല്ലാതാവുകയും പ്രശ്നങ്ങളെല്ലാം അവസാനിക്കുകയും ചെയ്യുമെന്നായിരുന്നു അവരുടെ കണക്കു കൂട്ടല്‍. തങ്ങളുടെ പദ്ധതി നടപ്പാക്കാനായി അവര്‍ മുഹമ്മദ് നബിയുടെ വീട് വളഞ്ഞു. അപ്പോള്‍ അദ്ദേഹം വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹം ഉണരാനായി അവര്‍ കാത്തു നിന്നു. അതിനിടയില്‍ അദ്ദേഹം അവിടെ നിന്നും പുറം വാതിലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പിതൃവ്യപുത്രന്‍ അലിയെ തന്റെ വിരിപ്പില്‍ കിടത്തിയാണ് പ്രവാചകന് പുറത്തു കടന്നത്. മഹത്തായ മറ്റൊരു ദൗത്യവും പ്രവാചകന് അദ്ദേഹത്തെ ഏല്പിച്ചിരുന്നു. തന്നെ സൂക്ഷിക്കാനേല്പിച്ച വസ്തുക്കള്‍ അവയുടെ ഉടമകള്‍ക്ക് തിരിച്ചു കൊടുക്കലായിരുന്നു അത്. കടുത്ത ശത്രുതയിലായിരിക്കെ തന്നെയാണ് അവര്‍ തങ്ങളുടെ ധനം സൂക്ഷിക്കാന്‍ പ്രവാചകനെ ഏല്പിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്.
തന്റെയും തന്റെ അനുയായികളുടെയും സമ്പാദ്യങ്ങളൊക്കെയും ശത്രുക്കളുടെ വശം വിട്ടേച്ച് പോകുമ്പോഴാണ് അവരുടെ ഇത്തിരി സൂക്ഷിപ്പു ധനം അവര്‍ക്ക് മടക്കിക്കൊടുക്കാന്‍ അലിയെ മക്കയില്‍ നിര്‍ത്തിയതെന്നതും തീര്‍ത്തും അസാധാരണവും ഏവരിലും വിസ്മയമുണര്ത്തുന്നതുമത്രെ.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 3
അനുയായികളെല്ലാം മക്ക വിട്ടശേഷം യാത്ര പുറപ്പെടാനായിരുന്നു പ്രവാചകന്റെ തീരുമാനം. ദൈവിക നിര്‍ദേശവും അതു തന്നെയായിരുന്നു. കൂടെ ആത്മമിത്രമായ അബൂബക്കര്‍ സിദ്ദീഖ് ഉണ്ടാവണമെന്നും തീരുമാനിക്കപ്പെട്ടിരുന്നു. അദ്ദേഹമാണ് യാത്രക്കാവശ്യമായ തയ്യാറെടുപ്പുകളെല്ലാം ഒരുക്കിയത്. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട പ്രവാചകന് അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലെത്തി. നേരത്തേ തയ്യാറാക്കി നിര്‍ത്തിയിരുന്ന ഒട്ടകപ്പുറത്തു കയറി, മറ്റൊന്നിന്റെ പുറത്ത് അബൂബക്കര്‍ സിദ്ദീഖും മകന് അബ്ദുല്ലയും. ശത്രുക്കള്‍ അന്വേഷിച്ചു നടക്കുമ്പോള്‍ കാണാതിരിക്കാനായി യഥ്രിബിന്റെ ഭാഗത്തേക്ക് പോകുന്നതിന് പകരം എതിര്‍ദിശയില്‍ യമനിലേക്കുള്ള വഴിയില്‍ തെക്കോട്ടാണ് പോയത്.
അബൂബക്കര്‍ സിദ്ദീഖിന്റെ ഭൃത്യന് ഫുഹൈറ മകന് ആമിറിനോട് ഒട്ടകക്കുളമ്പടയാളങ്ങള്‍ മായും വിധം ആടുകളെ പിന്നാലെ തെളിച്ചു കൊണ്ടുവരുവാന്‍ കല്പ്പിച്ചു. അവര്‍ മക്കയുടെ മൂന്ന് കീലോമീറ്റര്‍ തെക്ക് ചെങ്കുത്തായ മലയുടെ മുകളിലെ സൗര്‍ ഗുഹാ മുഖത്തെത്തിയപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് മകന് അബ്ദുല്ലയെയും ഒട്ടകത്തെയും തിരിച്ചയച്ചു. ശത്രുക്കളുടെ വര്‍ത്തമാനങ്ങളൊക്കെയും ശ്രദ്ധിച്ച് കേട്ട് വിവരമറിയിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ആമിറിനോട് വൈകുന്നേരം ആടുകളെ ഗുഹാമുഖത്തു കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. അവയുടെ പാല് കറന്നു കുടിക്കലായിരുന്നു ലക്ഷ്യം. പ്രവാചകനും അബുബക്കര്‍ സിദ്ദീഖും ആ ഗുഹയില്‍ ഒളിച്ചിരുന്നു. പിറ്റേന്ന് അബ്ദുല്ലയും സഹോദരി അസ്മായും ഭക്ഷണവുമായി വന്നപ്പോള്‍, പ്രവാചകനെയും അബൂബക്കര്‍ സിദ്ദീഖിനെയും പിടികൂടുന്നവര്‍ക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിക്കപ്പെട്ട വിവരമറിഞ്ഞു.
മൂന്നാം ദിവസം അഞ്ചാറുപേര് ഗുഹാമുഖത്തെത്തി. അവരുടെ സംസാരം കേട്ട് അബൂബക്കര്‍ പ്രവാചകനെ പിടികൂടുമോയെന്ന് പേടിച്ച് അസ്വസ്ഥനായി. അപ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പ്രവാചകന് പറഞ്ഞു. ‘താങ്കള്‍ ദു:ഖിക്കേണ്ട ദൈവം നമ്മോടൊപ്പമുണ്ട്.’
ഗുഹാ മുഖത്ത് ചിലന്തിവല ഉണ്ടായിരുന്നതിനാല്‍ അതിനകത്ത് ആരുമുണ്ടാവില്ലെന്ന് കരുതി അന്വേഷിച്ച് വന്നവര്‍ തിരിച്ചു പോയി.
മൂന്ന് നാളുകള്‍ക്ക് ശേഷം ശത്രുക്കള്‍ അന്വേഷണം ഉപേക്ഷിച്ചുവെന്ന് ഉറപ്പായപ്പോള്‍ മുഹമ്മദ് നബിയും അബൂബക്കര്‍ സിദ്ദീഖും യഥ്രിബിലേക്ക് പുറപ്പെട്ടു. ക്രിസ്താബ്ദം 622 സെപ്തംബര്‍ പതിനാറിന് തിങ്കളാഴ്ചയായിരുന്നു അത്. മുസ്ലിമല്ലാത്ത ഉറൈഖിദിന്റെ മകന് അബ്ദുല്ലയായിരുന്നു അവരുടെ വഴികാട്ടി. ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാന്‍ പതിവ് വഴി ഒഴിവാക്കി ചെങ്കടലിന്റെ തീരത്ത് കൂടെയായിരുന്നു അവരുടെ യാത്ര.
Also read: ‘റഹ്മത്തുൽ ലിൽ ആലമീൻ’: ഖാദി സുലൈമാൻ മൻസൂർപൂരി
മുദ്ലജ് വംശക്കാരനില് നിന്ന് അവരെക്കുറിച്ച് വിവരം ലഭിച്ച സുറാഖ വാളുമായി കുതിരപ്പുറത്ത് പുറപ്പെട്ടു. അയാളുടെ മനസ്സ് നിറയെ നൂറ് ഒട്ടകങ്ങളായിരുന്നു.
കുതിരപ്പുറത്തായിരുന്നതിനാല് സുറാഖക്ക് അവരുമായി സന്ധിക്കാന്‍ സാധിച്ചു. എങ്കിലും അവരെ പിടികൂടാനായില്ല. അടുത്തെത്തിയപ്പോഴേക്കും അയാളുടെ കുതിരയുടെ കാലുകള്‍ മണലില്‍ പൂണ്ടു. അതോടെ അയാള്‍ നിലം പതിച്ചു. പ്രവാചകന് തന്നെയാണ് അദ്ദേഹത്തെ രക്ഷിച്ചത്. അതോടൊപ്പം വരും കാലത്ത് സീസറിന്റെ സ്വര്‍ണവളകള്‍ അയാളുടെ കയ്യില്‍ അണിയിക്കപ്പെടുമെന്ന് പ്രവചിക്കുകയും ചെയ്തു. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ തകര്‍ന്നപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് തന്നെ ഉമറുല്‍ ഫാറൂഖ് അദ്ദേഹത്തിന്റെ കൈകളില്‍ ആ സ്വര്ണവളകളണിയിച്ചു. (തുടരും)