
ബഹുസ്വര മാനവിക രാഷ്ട്രം
ക്രിസ്താബ്ദം 622 സെപ്തംബര്‍ 23 ന് തിങ്കളാഴ്ച പ്രവാചകനും അബൂബക്കര്‍ സിദ്ദീഖും ഖുബായിലെ ഈന്തപ്പനത്തോട്ടത്തിലെത്തി. ഒരു ജൂതനാണ് അവരെ ആദ്യം കണ്ടത്. അവരുടെ ആഗമനം പ്രതീക്ഷിച്ചിരുന്നവരോട് അയാള്‍ വിളിച്ചു പറഞ്ഞു: ‘അദ്ദേഹം അതാ വരുന്നു’ പ്രവാചകന് ആദ്യമായി അവിടെ ആതിഥ്യമരുളിയതും ഗോത്രമുഖ്യനായ കുല്‍സുമുബ്നു ഹിദ്മിയെന്ന ജൂതനാണ്. മറ്റൊരു ഗോത്രത്തലവനായ ഖൈസമ മകന് സഅദിന്റെ വീട്ടില്‍ വെച്ചാണ് അതിഥികളെ സ്വീകരിച്ചത്. അതിന് മുമ്പ് അവിടത്തുകാരെ ഖുബായിലെ ഒരു ഈന്തപ്പനത്തോട്ടത്തില്‍ വെച്ച് പ്രവാചകന് സന്ധിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം അവരോട് ആദ്യമായി പറഞ്ഞതിങ്ങനെ: ‘ജനങ്ങളേ, നിങ്ങള്‍ പരസ്പരം സമാധാനാശംസകള്‍ കൈമാറുക. അതിഥികള്‍ക്ക് അന്നം നല്‍കുക. കുടുംബബന്ധം ചേര്‍ക്കുക. എല്ലാവരും ഗാഢനിദ്രയിലായിരിക്കെ ഉണര്‍ന്നെഴുന്നേറ്റ് പ്രാര്‍ഥിക്കുക. എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷത്തോടെ സ്വര്‍ഗത്തില്‍ പോകാം.’ പ്രവാചകന് ധരിച്ചിരുന്നത് ലളിതമായ സാധാരണ വസ്ത്രമാണ്. അതു കൊണ്ടുതന്നെ അദ്ദേഹത്തെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
പ്രവാചകന് അവരെയെല്ലാം പങ്കെടുപ്പിച്ച് അവിടെ ഒരു പള്ളി പണിതു. ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ പള്ളിയായിരുന്നു അത്. ഏതാനും ദിവസം അവിടെ താമസിച്ച ശേഷം മുഹമ്മദ് നബി തന്റെ കൂട്ടുകാരനോടൊന്നിച്ച് യഥ്രിബ് നഗരത്തിലേക്ക് പുറപ്പെട്ടു.
Also read: ദിയാഉന്നബി : മൗലാന പീർ കരം ഷാഹ് അസ്ഹരി
മക്കയിലെ വിശ്വാസികള്‍ നേരത്തെ തന്നെ യഥ്രിബിലെത്തിയിരുന്നു. അവരും തദ്ദേശീയരും പ്രവാചകന്റെ വരവ് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ക്രിസ്താബ്ദം 622 സെപ്തംബര്‍ 27 ന് പ്രവാചകനും അബൂബക്കര്‍ സിദ്ദീഖും യഥ്രിബിലെത്തി. അവിടത്തുകാര്‍ അവരെ പാട്ടുപാടിയും ദഫ്മുട്ടിയും ഉല്ലാസപൂര്‍വം സ്വീകരിച്ചു. പ്രവാചകനെ ലഭിച്ചതില്‍ അവര്‍ അത്യധികം ആഹ്ലാദഭരിതരായി. എല്ലാ ഒരോരുത്തരും പ്രവാചകനെ തങ്ങളോടൊപ്പം താമസിക്കാന്‍ ക്ഷണിച്ചു കൊണ്ടിരുന്നു. അതിനാല്‍ പ്രവാചകന് തന്റെ ഒട്ടകം മുട്ടു കുത്തിയ സ്ഥലമാണ് തെരഞ്ഞെടുത്തത്. അത് രണ്ട്അ നാഥക്കുട്ടികളുടേതായിരുന്നു. പ്രവാചകന് അത് വിലകൊടുത്തു വാങ്ങി. അബൂബക്കര്‍ സിദ്ദീഖാണ് വില നല്‍കിയത്. താല്കാലികമായി തൊട്ടടുത്തുള്ള അബൂ അയ്യൂബില്‍ അന്‍സാരിയുടെ വീട്ടില്‍ താമസിക്കുകയും ചെയ്തു. ഏഴു മാസം പിന്നിട്ട ശേഷം മാത്രമാണ് തനിക്ക് വേണ്ടി നിര്‍മിച്ച പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. തുടര്‍ന്ന് പ്രവാചകന് വാങ്ങിയ സ്ഥലത്ത് എല്ലാവരും കൂടി ഒരു പള്ളി പണിതു. മുഹമ്മദ് നബിയും മറ്റുള്ളവരെപ്പോലെ ജോലിയില്‍ പങ്കാളിയായി.
മക്കയില്‍ നിന്ന് യഥ്രിബിലേക്ക് വന്നവര്‍ മുഹാജിറുകളെന്നും അവരെ സ്വീകരിച്ച് സഹായിച്ചവര്‍ അന്സാറുകളെന്നും അറിയപ്പെടുന്നു. മുഹമ്മദ് നബി അവര്‍ക്കിടയില്‍ സാഹോദര്യ ബന്ധം സ്ഥാപിച്ചു. സമ്പത്ത് വരെ പങ്കു വെക്കുന്ന, ചരിത്രത്തില്‍ സമാനതകളില്ലാത്ത സാഹോദര്യബന്ധമാണ് പ്രവാചകന് അവര്‍ക്കിടയില്‍ സ്ഥാപിച്ചത്.
അവരുടെയെല്ലാം നേതാവെന്ന നിലയില്‍ പ്രവാചകനെ മറ്റുള്ളവരും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തു. അവിടത്തെ പ്രമുഖ ഗോത്രങ്ങളായ ഔസിനും ഖസ്റജിനുമിടയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ശത്രുതക്കും കിട മത്സരത്തിനും രക്തച്ചൊരിച്ചിലിനും അദ്ദേഹം അറുതി വരുത്തി. അതോടൊപ്പം മുസ്ലിംകളല്ലാത്ത എല്ലാ ജനവിഭാഗങ്ങളുമായും സൗഹൃദവും സാഹോദര്യവും സ്ഥാപിച്ചു. അവരെല്ലാവരും മുഹമ്മദ് നബിയെ തങ്ങളുടെ നേതാവായി സ്വീകരിച്ചു. അതോടൊപ്പം അവര്‍ തങ്ങളുടെ പട്ടണത്തിന് പ്രവാചകന്റെ നഗരം എന്നര്‍ഥം വരുന്ന മദീനത്തുന്നബിയെന്ന പേര് നല്കി.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 4
അങ്ങനെ മദീന കേന്ദ്രമായി ഒരിസ്ലാമിക രാഷ്ട്രവും ഭരണകൂടവും നിലവില്‍ വന്നു. ഹിജ്റ ഒന്നാം വര്‍ഷത്തിന്റെ മധ്യത്തിലായിരുന്നു അത്. ഒരു തുള്ളിചോരപോലും ചിന്താതെയും ഒരായുധം പോലും എടുക്കാതെയുമാണ് കഴിഞ്ഞ പതിനാല് നൂറ്റാണ്ടിലേറെ കാലമായി നിലനിന്ന് വരുന്ന ഇസ്ലാമിക രാഷ്ട്രവും ഭരണകൂടവും സ്ഥാപിതമായത്.
ആദ്യഘട്ടത്തില്‍ മക്കയില്‍ നിന്ന് അവിടെയെത്തിയത് 186 കുടുംബങ്ങളായിരുന്നു. ഇസ്ലാം സ്വീകരിച്ച മദീനക്കാരുള്പ്പെടെ നാനൂറോളം മുസ്ലിം കുടുംബമാണുണ്ടായിരുന്നത്. പ്രവാചകന്റെ കല്പനയനുസരിച്ച് ഹുദൈഫ തയ്യാറാക്കിയ കണക്ക് പ്രകാരം ആകെ 1500 മുസ്ലിംകളാണ് മദീനയിലുണ്ടായിരുന്നത്. ജൂതന്മാരും ഇസ്ലാം സ്വീകരിക്കാത്ത അറബികളുമുള്‍പ്പെടെ അവിടത്തെ ആകെ ജനസംഖ്യ പതിനായിരത്തോളമായിരുന്നു. മുസ്ലിംകള് പതിനഞ്ച് ശതമാനമായിരുന്നുവെന്നര്ഥം. മുസ്ലിംകളെ കൂടാതെ പ്രധാനമായും അവിടെയുണ്ടായിരുന്നത് ജൂതന്മാരാണ്. ബനൂഖൈനുഖാഅ, ബനൂനദീര്‍, ബനൂഖുറൈദ എന്നിവയായിരുന്നു പ്രധാന ജൂത ഗോത്രങ്ങള്‍.
മുസ്ലിംകളല്ലാത്ത അറബികളും ഏതാനും ക്രിസ്ത്യാനികളും അവിടെയുണ്ടായിരുന്നു. അവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇസ്ലാമിക രാഷ്ട്രം രൂപം കൊണ്ടത്. ഭൂമിയിലെ ആദ്യത്തെ ബഹുസ്വര മാനവിക രാഷ്ട്രമായിരുന്നു അത്. അതിന്റെ അതിര്‍ത്തികളില്‍ തൂണുകള്‍ നാട്ടാന്‍ പ്രവാചകന് മാലിക് മകന് കഅ്ബിനെ ചുമതലപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം എല്ലാ അതിര്‍ത്തികളിലെയും കുന്നുകളില്‍ തൂണുകള്‍ നാട്ടി.
മുഹമ്മദ് നബി അവിടത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമായ ഒരു നിയമാവലി തയ്യാറാക്കി. മദീന പത്രിക എന്ന പേരിലാണ് അതറിയപ്പെടുന്നത്. വെല്‍ഹോസ (Well hausen) യാണ് അത് ആദ്യമായി യൂറോപ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. അത് ആധുനിക ഭരണഘടനയുടെ രീതിയില്‍ ഖണ്ഡികകളായി തിരിച്ചപ്പോള്‍ 47 ആയി ഭാഗിച്ചവരുണ്ട്. 52 ആയി ഭാഗിച്ചവരുണ്ട്. ആദ്യത്തെ 25 ഖണ്ഡികകള്‍ മുസ്ലിംകളുമായി ബന്ധപ്പെട്ടതാണ്. അവസാനത്തെ 27 ഖണ്ഡികകള്‍ മുസ്ലിംകളല്ലാത്ത ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ടതും. എല്ലാവര്ക്കും സമ്പൂര്‍ണ മതസ്വാതന്ത്ര്യം അനുവദിക്കുന്ന പ്രസ്തുത രേഖ മദീനയിലെ മുഴുവന്‍ നിവാസികളെയും തുല്യപൗരന്മാരായി കാണുന്നു. എല്ലാവരുടെയും അവകാശ ബാധ്യതകള്‍ അവ്വിധം അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രത്തിലെ ആദ്യ ലിഖിത ഭരണഘടനയായാണ് അത് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ പ്രധാന ഭാഷകളിലേക്കെല്ലാം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. (തുടരും)