ജീവചരിത്രം

പ്രവാചകത്വത്തിന് മുമ്പ്

Spread the love

മക്കയിലും അറബ് നാടുകളിലും അന്ന് അക്രമവും, അടിമത്തവും, നിര്‍ലജ്ജതയും അതിന്റെ പാരമ്യത്തിലായിരുന്നു.സ്ത്രീകള്‍ പോലും നഗ്‌നരായി മക്കയിലെ കഅബയെ പ്രദക്ഷിണം വെക്കുമായിരുന്നു.പെണ്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വലിയ അപമാനമായാണ് ചില ഗോത്രങ്ങള്‍ കരുതിയിരുന്നത്. അതിനാല്‍ പെണ്‍കുട്ടികള്‍ ജനിച്ചയുടന്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. യുവാവായ മുഹമ്മദ്, സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടാന്‍ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു.

ബഹീറാ പുരോഹിതന്‍
നബി തിരുമേനിക്ക് പന്ത്രണ്ട് വയസായിരുന്ന കാലത്ത് അബൂത്വാലിബ് അദ്ദേഹത്തെയും കൊണ്ട് കച്ചവടാവശ്യാര്‍ഥം ശാമിലേക്ക് പുറപ്പെട്ടു. ശാമിലെ ബുസ്‌റ എന്ന സ്ഥലത്തെത്തിയപ്പോള്‍ ബഹീറ എന്ന പേരിലറിയപ്പെടുന്ന (യഥാര്‍ഥ പേര് ജോര്‍ജസ്) ഒരു പാതിരിയുമായി കണ്ടുമുട്ടി. സാര്‍ഥവാഹകസംഘം അവിടെ ഇറങ്ങിയപ്പോള്‍ അവരെ അദ്ദേഹം സ്വീകരിച്ചു, അവര്‍ക്ക് ആതിഥ്യമരുളി. റസൂല്‍(സ)യെ ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞപ്പോള്‍ പുരോഹിതന്‍ അദ്ദേഹത്തെ കൈപിടിച്ചുകൊണ്ട് പറഞ്ഞു. ‘ഇത് ലോകനേതാവാണ്. സര്‍വലോകത്തിനും കാരുണ്യമായി അല്ലാഹു നിയോഗിക്കുന്നത് ഇദ്ദേഹത്തെയാണ്.’ അബൂത്വാലിബ് ചോദിച്ചു:’താങ്കള്‍ക്കെങ്ങനെ അറിയാം?’ അദ്ദേഹം പറഞ്ഞു:’നിങ്ങള്‍ അക്വബയില്‍ നിന്നും പുറപ്പെട്ടത് മുതല്‍ വൃക്ഷങ്ങളും കല്ലുകളും സുജൂദില്‍ വീഴുന്നു. ഒരു നബിക്ക് വേണ്ടിയല്ലാതെ ഇങ്ങനെ സംഭവിക്കില്ല. അദ്ദേഹത്തിന്റെ ചുമലിന് താഴെയുള്ള പ്രാവചകത്വമുദ്ര എനിക്കറിയുകയും ചെയ്യാം. ഇത് ഞങ്ങള്‍ ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ നിന്ന് അറിഞ്ഞതാണ്. ജൂതന്മാരെ ഭയന്ന് ബാലനെ ശാമിലേക്ക് കൊണ്ടുപോകാതെ നാട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകണമെന്ന് അബൂത്വാലിബിനോടദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തന്റെ ചില സേവകന്മാരുടെ കൂടെ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് മടക്കി.

ഫിജാര്‍ യുദ്ധം
നബി(സ)ക്ക് 20 വയസ്സ് പ്രായമായ കാലത്ത് ഖുറൈശും കിനാനയും ഒരു ഭാഗത്തും ഖൈസ് ഐലാന്‍ മറുഭാഗത്തുമായി നടന്ന യുദ്ധമാണ് ഫിജാര്‍. ഖുറൈശ്കിനാന ഗോത്രങ്ങളില്‍ പൊതുസമ്മതനെന്ന നിലക്ക് ഹര്‍ബ്ബിന്‍ ഉമയ്യയായിരുന്നു സൈന്യനായകന്‍. യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഖൈസ് കക്ഷിക്കായിരുന്നു വിജയമെങ്കില്‍ രണ്ടാം ഘട്ടത്തില്‍ തിരിച്ചടിയായി. ബനൂ കിനാനയിലെ ബറാള് എന്നൊരാള്‍ ഖൈസ് ഐലാനിലെ മൂന്നുപേരെ വധിച്ചതായിരുന്നു യുദ്ധത്തിനു കാരണം. പിന്നീട് സന്ധിയുണ്ടാക്കി യുദ്ധമവസാനിപ്പിച്ചു. വിശുദ്ധമാസങ്ങളുടെ പവിത്രത ലംഘിച്ചതുകൊണ്ടാണ് ഇതിന് ഹര്‍ബുല്‍ ഫിജാര്‍ (അധാര്‍മികയുദ്ധം) എന്ന പേരുവന്നത്. ഈ യു്ദ്ധത്തില്‍ സത്യം ഖുറൈശികളുടെ പക്ഷത്തായതിനാല്‍ തന്റെ പിതൃസഹോദരന്മാര്‍ക്ക് അമ്പെടുത്തുകൊടുത്തുകൊണ്ട് നബി(സ) ഈ യുദ്ധത്തില്‍ സഹകരിച്ചുട്ടുണ്ട്.

ഫൂദൂല്‍ സൗഖ്യം
നിരന്തര യുദ്ധങ്ങള്‍മൂലം അറേബ്യയില്‍ അനേകം കുടുംബങ്ങള്‍ നടന്നു. രാപ്പകലുകള്‍ ജനങ്ങള്‍ക്ക് യാതൊരു സമാധാനവുമില്ലായിരുന്നു. ഈ അവസ്ഥ കണ്ട ചില സജ്ജനങ്ങള്‍ ഫിജാര്‍ യുദ്ധത്തിന് ശേഷം ഒരു അനുരജ്ഞനപ്രസ്ഥാനം ആരംഭിച്ചു. ഇനി സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും ചിലത് ചെയ്‌തേപറ്റൂ എന്ന് നബിയുടെ ഒരു പിതൃവ്യനായ സുബൈറുബ്‌നു അബ്ദില്‍ മുത്തലിബ് നിര്‍ദ്ദേശിച്ചു. അങ്ങനെ ഖുറൈശ് ഗോത്രങ്ങളിലെ പ്രധാനികളെല്ലാം ഒരുമിച്ചുകൂടി . ഒരു കരാര്‍ നിലവില്‍ വരുകയും ചെയ്തു. അതിലെ വകുപ്പുകള്‍:
1. രാജ്യത്തെ അസമാധാനാവസ്ഥ ഞങ്ങള്‍ അവസാനിപ്പിക്കുന്നതാണ്.
2.വഴിയാത്രക്കാര്‍ക്ക് സംരംക്ഷണം നല്‍കുന്നതാണ്
3.പാവങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ്.
4.മര്‍ദ്ദിതന് സംരക്ഷണം ഉറപ്പുവരുത്തുന്നതാണ്.
5.യാതൊരു അക്രമിയെയും മക്കയില്‍ പൊറുപ്പിക്കുന്നതല്ല.
നബി തിരുമേനിയും ഈ ഉടമ്പടിയില്‍ പങ്കാളിയായിരുന്നു. അതില്‍ പങ്കെടുത്തതില്‍ നബിക്ക് വലിയ അഭിമാനവും ഉണ്ടായിരുന്നു. പ്രവാചകനായ കാലത്ത് തിരുമേനി ഇപ്രകാരം പറയുകയുണ്ടായി: ഈ ഉടമ്പടിക്ക് പകരം എനിക്ക് മേത്തരം ചുവന്ന ഒട്ടകങ്ങളെ നല്‍കിയാലും ഞാനത് സ്വീകരിക്കില്ലായിരുന്നു. ഇന്നും ഇത്തരം ഒരു ഉടമ്പടിക്ക് ആരെങ്കിലും എന്നെ ക്ഷണിക്കുകയാണെങ്കില്‍ ഞാനതില്‍ സന്നിഹിതനാവും ‘.

ജീവിതായോധനം
ബനുസഅദിനും ഖുറൈശികള്‍ക്കും വേണ്ടി ആട് മേയ്ച്ചതൊഴികെ യുവത്വത്തിന്റെ ആദ്യദശയില്‍ നബി തിരുമേനിക്ക് നിര്‍ണിതമായ തൊഴിലൊന്നുമില്ലായിരുന്നു. നബി(സ) മഖ്‌സും ഗോത്രക്കാരന്‍ സാഇബ് ബിന്‍ അബൂസാഇബിന്റെ കൂടെ കൂറുകച്ചവടം നടത്തിയതും പിന്നീട് മക്കാ വിജയദിവസം സാഇബ് കടന്നുവന്നപ്പോള്‍ എന്റെ സഹോദരനും പങ്കാളിയുമായവന് സ്വാഗതം എന്നു പറഞ്ഞു സ്വീകരിച്ചതും നിവേദനം ചെയ്യപ്പെടുന്നു. 25ാംവയസ്സില്‍ ശാമിലേക്ക് ഖദീജയുടെ കച്ചവടക്കാരനായും പോയിട്ടുണ്ട്. ചരിത്രകാരനായ ഇബ്‌നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു; സമ്പന്നയും ആദരണീയയുമായ വര്‍ത്തകപ്രമുഖയായിരുന്നു ഖദീജ. ഇവര്‍ പുരുഷന്മാരെ ലാഭവിഹിതാടിസ്ഥാനത്തില്‍ മൂലധനം മുടക്കി കച്ചവടത്തില്‍ നിശ്ചയിക്കുമായിരുന്നു. ഖുറൈശികള്‍ കച്ചവടപ്രകൃതരുമാണ്. നബിതിരുമേനിയുടെ സത്യസന്ധതയെയും വിശ്വസ്തതയെയും സ്വഭാവഗുണങ്ങളും ജനമധ്യേ അദ്ദേഹത്തിന് മതി്പും ബഹുമതിയും ഉണ്ടാക്കിക്കൊടുത്തു. പൊതുവേ ജനങ്ങളദ്ദേഹത്തെ സ്വാദിഖ് (സത്യസന്ധന്‍) , അല്‍ അമീന്‍( വിശ്വസ്തന്‍) എന്നീ സ്ഥാനപ്പേരുകളില്‍ വിളിച്ചുതുടങ്ങി. തിരുമേനിയെ കുറിച്ചുകേട്ടറിഞ്ഞ ഖദീജ തന്റെ ചരക്കുകളുമായി കൂടുതല്‍ ലാഭവിഹിതം നിശ്ചയിച്ചുകൊണ്ട് ശാമിലേക്കു പോവാന്‍ ആവശ്യപ്പെട്ടു. മൈസറ: എന്ന അടിമയെ സഹായത്തിനായി നല്‍കി. റസൂല്‍(സ) അത് സ്വീകരിക്കുകയും മൈസറയെയും കൂട്ടി ശാമിലേക്ക് പുറപ്പെടുകയും ചെയ്തു. വ്യാപാരാവശ്യാര്‍ഥം തിരുമേനി പലവട്ടം സിറിയ, ബസറ, യമന്‍ എന്നീ നാടുകളില്‍ യാത്രചെയ്തിട്ടുണ്ട്.

കഅ്ബയുടെ പുനരുദ്ധാരണം
വെറും നാല് ചുമരില്‍ പരിമിതമായിരുന്നു കഅ്ബയുടെ കെട്ടിടം. മേല്‍പുരയുണ്ടായിരുന്നില്ല. ചുമരുകള്‍ക്ക് ഒരാള്‍ ഉയരമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ താഴ്ന്ന പ്രദേശത്തായിരുന്നു കെട്ടിടം. മഴക്കാലത്ത് നഗരത്തിലെ വെള്ളം അവിടെ ഒഴുകിയെത്തും. അതു തടയാന്‍ വേണ്ടി ഒരു ബണ്ട് നിര്‍മിച്ചിരുന്നു. പക്ഷെ അത് പൊട്ടി കഅ്ബയുടെ ഭാഗത്ത് വെള്ളമെത്തുകയും കെട്ടിടത്തിന് നാശംപറ്റുകയും ചെയ്തു. കെട്ടിടം പൊളിച്ചുമാറ്റി ഭദ്രമായ മറ്റൊന്ന് നിര്‍മിക്കാന്‍ തീരുമാനമായി. എല്ലാ ഖുറൈശികളും ഒത്തൊരുമിച്ചു പുനര്‍നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഈ മഹല്‍കൃത്യത്തിന്റെ പുണ്യം ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ഓരോ ഗോത്രവും കെട്ടിടത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ പരസ്പരം വീതിച്ചെടുത്തു. പക്ഷെ ഹജറുല്‍ അസവദ് സ്ഥാപിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ വലിയ ബഹളമുണ്ടായി. അതു നിര്‍വഹിക്കേണ്ടത് തങ്ങളായിരിക്കണമെന്ന് ഓരോ ഗോത്രവും ആഗ്രഹിച്ചു. ബഹളം മൂത്തു വാളെടുക്കുന്ന ഘട്ടം വരെ എത്തി. അഞ്ചാം ദിവസം പ്രായം ചെന്ന ഖുറൈശി കാരണവരായ അബൂ ഉമയ്യതു ബിന്‍ മുഗീറ ഇപ്രകാരം അഭിപ്രായപ്പെട്ടു. ‘ നാളെ രാവിലെ ആദ്യം ഇവിടെ എത്തുന്ന വ്യക്തിയെ നമുക്ക് മാധ്യസ്ഥനായി നിശ്ചയിക്കാം. അയാള്‍ പറയുന്നതനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാം’ . എല്ലാവരും ആ അഭിപ്രായം അംഗീകരിച്ചു. പിറ്റേന്നാള്‍ എല്ലാവരുടെയും ദൃഷ്ടിയില്‍പെട്ടത് ലോകാനുഗ്രഹിയായ നബിതിരുമേനിയായിരുന്നു. ഹജറുല്‍ അസവദ് സ്ഥാപിക്കാന്‍ അവകാശപ്പെടുന്ന ഗോത്രങ്ങള്‍ തങ്ങളുടെ ഓരോ നേതാവിനെ തെരഞ്ഞെടുക്കാന്‍ തിരുമേനി പറഞ്ഞു. പിന്നീട് തിരുമേനി ഒരു തുണിവിരിച്ച് ഹജറുല്‍ അസവദ് അതില്‍ എടുത്തുവെച്ചു. അനന്തരം വിരിപ്പിന്റെ കോണുകള്‍ പിടിച്ചുപൊക്കാന്‍ ഗോത്രത്തലവന്മാരോട് പറഞ്ഞു. വിരിപ്പ് സ്ഥലത്തെത്തിയപ്പോള്‍ തിരുമേനി ഹജറുല്‍ അസവദ് യഥാസ്ഥാനത്ത് വെച്ചു. അങ്ങനെ നിരവധി പേരുടെ രക്തം ചിന്തുമായിരുന്ന വലിയൊരു യുദ്ധം ഒഴിവായി.

ഖദീജയുമായുള്ള വിവാഹം
മക്കയില്‍ മടങ്ങിയെത്തിയപ്പോള്‍ തന്റെ സ്വത്തില്‍ മുമ്പൊന്നും കാണാത്ത വിശ്വസ്തതയും അഭിവൃദ്ധിയും ഖദീജക്ക് കാണാന്‍ കഴിഞ്ഞു. യാത്രയില്‍ നബിതിരുമേനിയില്‍ ദൃശ്യമായ വശ്യസുന്ദരമായ സ്വഭാവങ്ങളും സദ് വിചാരവും ഉയര്‍ന്ന ചിന്തയും മൈസറ ഖദീജയോട് വര്‍ണിക്കുകയും ചെയ്തു. താന്‍ അന്വേഷിച്ചത് കണ്ടെത്തിയപോലെ ഖദീജക്കു തോന്നി. പലഗോത്ര നായകന്മാരും അവരെ വിവാഹമന്വേഷിച്ചിരുന്നുവെങ്കിലും അവരത് നിരസിക്കുകയായിരുന്നു. സുശീലയും മാന്യയുമായിരുന്ന ഖദീജയുടെ സ്വഭാവ നൈര്‍മല്യം കാരണം ത്വാഹിറ( പരിശുദ്ധ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തന്റെ മനോഗതം ഖദീജ തോഴി നഫീസ ബിന്‍ത് മുനബ്ബഹിനെ അറിയിച്ചു. അവള്‍ അന്വേഷണവുമായി തിരുമേനിയെ സമീപിച്ചു. അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തുകയും പിതൃവ്യന്മാരോട് സംസാരിക്കുകയും ചെയ്തു. അവര്‍ ഖദീജയുടെ പിതൃവ്യനെ സമീപിക്കുകയും അന്വേഷണം പൂര്‍ത്തിയാക്കുകയും വിവാഹം നടത്തുകയും ചെയ്തു. ഹാശിം, മുളര്‍ ഗോത്രങ്ങളിലെ നേതാക്കള്‍ വിവാഹത്തില്‍ സംബന്ധിച്ചു. വിവാഹമൂല്യം നല്‍കിയത് ഇരുപത് ഒട്ടകങ്ങളെയാണ്. ശാമില്‍ നിന്ന് മടങ്ങി രണ്ട് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്. അന്ന് ഖദീജക്ക് 40 വയസ്സ് പ്രായമുണ്ടായിരുന്നു. ബുദ്ധിമതിയും സമ്പന്നയും കുലീനയുമായിരുന്ന അവരെയാണ് നബി(സ) ആദ്യം വിവാഹം കഴിച്ചത്. മറ്റാരെയും അവര്‍ ജീവിച്ചിരിക്കെ പ്രവാചകന്‍ വിവാഹം ചെയ്തിട്ടില്ല.

ഇബ്‌റാഹീം ഒഴികെ മറ്റെല്ലാ മക്കളും ഖദീജയിലാണ് നബി(സ)ക്ക് പിറന്നത്. ഖാസിം, സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ, അബ്ദുല്ലാഹ് (ത്വയ്യിബ്, ത്വാഹിര്‍ എന്നീപേരുകളിലും അറിയപ്പെട്ടിരുന്നു) മൂത്ത പുത്രന്‍ ഖാസിമിന്റെ പേരിലാണ് നബിതിരുമേനി അബുല്‍ഖാസിം എന്നറിയപ്പെട്ടത്. ആണ്‍മക്കളെല്ലാം ശൈശവത്തിലേ മരിച്ചുപോയി. പെണ്‍മക്കളെല്ലാം ഇസ്‌ലാമാശ്ലേഷിക്കുകയും മുസ്‌ലിംകളാവുകയും ഹിജ്‌റ പോവുകയും ചെയ്തു. പക്ഷേ, ഫാത്വിമ ഒഴികെ എല്ലാവരും പ്രവാചകന്റെ ജീവതകാലത്തു തന്നെ ഇഹലോകം വെടിഞ്ഞു.

അസാധാരണ സംഭവങ്ങള്‍
ലോകത്ത് ഇതേവരെയുണ്ടായ വിശിഷ്ട വ്യക്തികളുടെയെല്ലാം ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവരുടെ ഉജ്ജ്വലമായ ഭാവിയെക്കുറിച്ച് ഊഹിക്കാന്‍ കഴിയുന്ന ചില ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. എന്നാല്‍ അന്ത്യനാള്‍വരെയുള്ള ലോകത്തിന്റെ മുഴുവന്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ ആഗതനാവുന്ന, മനുഷ്യജീവിതത്തിന്റെ സമസ്ത വശങ്ങളും ഉദ്ദരിക്കാന്‍ നിയുക്തനാവുന്ന പുണ്യാത്മാവിന്റെ പ്രാരംഭജീവിതത്തില്‍ അസാധാരണ സ്വഭാവത്തോടുകൂടിയ അത്തരം ലക്ഷണങ്ങള്‍ ധാരാളമായി കാണേണ്ടതുണ്ട്.
റസൂല്‍(സ) തന്നെ പറഞ്ഞതായി ഇബ്‌നുല്‍ അഥീര്‍ രേഖപ്പെടുത്തുന്നു: ജാഹിലിയ്യക്കാരുടെ ആചാരങ്ങളോട് രണ്ടുതവണ മാത്രമാണ് എനിക്ക് താല്‍പര്യം തോന്നിയത്. അപ്പോഴെല്ലാം അല്ലാഹു എന്റെ താല്പര്യത്തിന്നും അവയ്ക്കുമിടയില്‍ മറയിടുകയാണ് ചെയ്തത്. അതിനുശേഷം അല്ലാഹു പ്രവാചകത്വം മുഖേന എന്നെ ആദരിക്കുന്നത് വരെ അത്തരമൊരു കാര്യവും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒരിക്കല്‍ എന്റെ കൂടെ ആട് മേച്ചിരുന്ന പയ്യനോട് ഞാന്‍ പറഞ്ഞു: നീ എന്റെ ആടുകളെ അല്‍പനേരം നോക്കുക. എന്നാല്‍ എനിക്ക് മക്കയില്‍ ചെന്ന് രാക്കഥ പറയുന്ന യുവാക്കളുടെ കൂടെ കഴിച്ചുകൂട്ടാമല്ലൊ. അവന്‍ നോക്കാമെന്നേറ്റു. ഞാന്‍ മക്കയില്‍ പ്രവേശിച്ച ഉടനെ ഒരു വീട്ടില്‍ നിന്ന് വാദ്യമേളങ്ങളുടെ ശബ്ദം കേട്ടു. എന്താണതെന്നന്വേഷിച്ചപ്പോള്‍ അതൊരു കല്യാണമാണെന്നറിഞ്ഞു. ഞാനത് കേള്‍ക്കാനായി അവിടെയിരുന്നു. അപ്പോള്‍ അല്ലാഹു എന്റെ നയനങ്ങള്‍ അടച്ചുകളഞ്ഞു. ഞാനുറങ്ങുകയും ചെയ്തു. സൂര്യതാപമാണ് പിറ്റേദിവസം എന്നെ ഉണര്‍ത്തിയത്. ഞാനെന്റെ കൂട്ടുകാരന്റെയടുക്കലേക്കു തന്നെ മടങ്ങി. ഉണ്ടായ കാര്യം അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറയുകയും ചെയ്തു. പിന്നേയും മറ്റൊരു രാത്രിയും ഇതുപോലെ സംഭവിക്കുകയുണ്ടായി. അതിനുശേഷം ഞാനൊരിക്കലും ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചിട്ടില്ല.

ജാബിറുബ്‌നു അബ്ദുല്ല(റ) പറയുന്നു: കഅബയുടെ പണിനടക്കുമ്പോള്‍ നബിയും അബ്ബാസും കല്ലുചുമക്കാന്‍ സഹായിച്ചു. അബ്ബാസ് നബിയോട് പറഞ്ഞു. നിന്റെ തുണിയഴിച്ച് ചുമലില്‍ വെക്കുക. അതാണ് കല്ല് ചുമക്കാന്‍ സൗകര്യം. ഉടനെ അദ്ദേഹം നിലംപതിച്ചു. കണ്ണുകള്‍ ആര്‍ത്തിയോടെ വിണ്ണിലേക്കുയര്‍ന്നു. അല്പസമയം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ പിറുപിറുക്കുന്നു: എന്റെ തുണി, എന്റെ തുണി. അങ്ങനെ അദ്ദേഹത്തെ തുണിയുടുപ്പിച്ചു. ഇതില്‍ പിന്നെ അദ്ദേഹത്തിന്റെ നഗ്‌നത ഒരിക്കലും വെളിവായിട്ടില്ല.

പ്രവാചകന്‍(സ) അന്ധവിശ്വാസങ്ങളില്‍നിന്ന് അകന്ന് തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ജനങ്ങളുടെ കൂടെ ജീവിച്ചു. നന്മ കണ്ടാല്‍ സഹകരിക്കും ഇല്ലെങ്കില്‍ തന്റെ ഏകാന്തതയുടെ സുഗന്ധച്ചെപ്പിലേക്കൊതുങ്ങും. മദ്യസേവ നടത്തുകയോ പ്രതിഷ്ഠകളിലെ ബലിമാംസം ഭുജിക്കുകയോ വിഗ്രഹപൂജാ ആഘോഷങ്ങളില്‍ പങ്കുചേരുകയോ ചെയ്തിട്ടില്ല. എന്നല്ല തുടക്കത്തിലേ ഈ മിഥ്യാദൈവങ്ങളില്‍ നിന്ന് അകന്നും അറച്ചുമാണ് അദ്ദേഹം കഴിഞ്ഞുവന്നത്. ലാത്തയുടെയും ഉസ്സയുടെയും പേരില്‍ സത്യം ചെയ്യുന്നത് കേള്‍ക്കുന്നത് പോലും അദ്ദേഹത്തിന് അസഹ്യമായിരുന്നു.

You may also like