
ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ച മുഹമ്മദ് എന്ന വ്യക്തിയെപ്പറ്റിയും മുഹമ്മദ് എന്ന പ്രവാചകനെപ്പറ്റിയും അദ്ദേഹം പ്രബോധനം ചെയ്ത സന്ദേശത്തെപ്പറ്റിയുമൊക്കെയുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പാശ്ചാത്യലോകത്ത് വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ ഇന്നും അനുസ്യൂതം തുടര്‍ന്ന്കൊണ്ടിരിക്കുകയാണ്. വൈകാരികമായ അഭിനിവേശങ്ങളുടേയും വ്യക്തിപരമായ മതാനുഭവങ്ങളുടേയും യുക്തിഭദ്രമായ വിശകലനങ്ങളുടേയും വിവിധ അളവുകോലുകള്‍ ഉപയോഗിച്ച് സ്വീകാര്യതയുടെയും നിരാകരണത്തിന്റെയും വഴികള്‍ എഴുത്തുകാര്‍ സ്വയം തെരെഞ്ഞെടുക്കുന്നു. കാലാനുസൃതമായി രചനകളുടെ സ്വഭാവത്തിലും ശൈലിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പറ്റി ഇംഗ്ലീഷ് ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ നടത്തിയ പഠനത്തില്‍ മുഹമ്മദ് നബിക്ക് നല്കിയ ഉന്നതസ്ഥാനം പാശ്ചാത്യലോകത്ത് നബി പഠനങ്ങളില്‍ വലിയ തോതില്‍ ദിശാമാറ്റം സൃഷ്ടിച്ചിരുന്നുവെന്നത് ഏറെ ശ്രദ്ദേയമാണ്.
പൗരസ്ത്യഭാഷ, സംസ്കാരം, മതം, സാഹിത്യം, ചരിത്രം തുടങ്ങിയവയെക്കുറിച്ചൊക്കെയുള്ള വസ്തുനിഷ്ഠമായ പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ യൂറോപ്പില്‍ ഉയര്‍ന്നുവന്ന ബൗദ്ധിക പ്രസ്ഥാനമാണ് ഓറിയന്റിലിസമെന്ന് ഒറ്റശ്വാസത്തില്‍ ചേര്‍ത്ത് പറയാറുണ്ടെങ്കിലും ഓറിയന്റലിസം ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെയും മുഹമ്മദ് നബിയേയും തന്നെയാണെന്നത് വ്യക്തമാണ്. പ്രവാചകരുടെ ജീവിതത്തില്‍ തിന്മ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന പരമ്പരാഗത ക്രൈസ്തവ പ്രചരണത്തില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകര്‍ക്ക് നന്മയും തിന്മയും ഉണ്ടായിരുന്നുവെന്ന് ദ്യോതിപ്പിക്കുന്ന പഠനങ്ങള്‍ പുറത്തിറക്കി മുഹമ്മദ് നബി(സ്വ)യെ സാധാരണ മനുഷ്യനായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് പല ഓറിയന്റിലിസ്റ്റ് രചനകളുടേയും കാതല്‍. ഇസ്ലാം മതത്തിന്റെ പേരു തന്നെ മുഹമ്മദനിസം എന്നു മാറ്റി പരിചയപ്പെടുത്താനും ഓറിയന്റിലിസ്റ്റുകള്‍ ശ്രമം നടത്തി. യേശുക്രിസ്തു സ്ഥാപിച്ച മതമെന്ന നിലക്ക് ക്രിസ്തുമതമറിയപ്പെടുന്നത് പോലെ മുഹമ്മദ് നബിയിലേക്ക് ചേര്‍ത്തുപറഞ്ഞാല്‍ ഇസ്ലാമും മുഹമ്മദ് നബി സ്ഥാപിച്ച മതമാണെന്നു വരുത്തിത്തീര്‍ക്കാമെന്ന ചിന്തയായിരുന്നു അതിന്റെ പിന്നില്‍. പൊതുസമൂഹത്തില്‍ അങ്ങനെയൊരു മൈന്‍ഡ്സെറ്റ് സ്ഥാപിച്ചുകഴിഞ്ഞാലുള്ള പ്രത്യാഘാതങ്ങള്‍ ഏറെ വലുതാണ്. അതോടെ ഇസ്ലാമിന്റെ ആശയാടിത്തറയുടെ ആണിക്കല്ലിളക്കാന്‍ ഓറിയന്റിലിസത്തിന് സാധിക്കുന്നു. വിഗ്നോര്ഡ് പാംഫ്ലെറ്റും ബോസ്വര്‍ത്ത് സ്മിത്തും ചേര്‍ന്ന് മുഹമ്മദ് & മുഹമ്മദനിസം എന്ന പേരില്‍ പുസ്തകം രചിച്ചതിന്റെ ചേതോവികാരവും ഇതുതന്നെയാണ്. ഇറ്റാലിയന്‍ എഴുത്തുകാരനായ ഡാന്റെ അല്ഗിയരി മുഹമ്മദ് നബിയെ നരകത്തില്‍ കണ്ടുവെന്ന് തന്റെ ഡിവൈന്‍ കോമഡിയില്‍ പച്ചയായി പറഞ്ഞുവെച്ചെങ്കിലും നബിവിമര്ശനരീതിയില് പിന്നീട് കാതലായ മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി.
നബിയെഴുത്തുകളുടെ ചരിത്രത്തിന് നബിയുടെ ജീവിതകാലത്തോളം തന്നെ പഴക്കമുണ്ട്. നബിജീവിതത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള വിശദാംശങ്ങളും ഹദീഥുകളില്‍ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവ ചരിത്രമെഴുത്തിന്റെ സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പ്രവാചകരുടെ വഫാത്താനന്തരം സീറകള്‍ എഴുതപ്പെട്ടുതുടങ്ങി. എന്നാല്‍ ആദ്യകാലങ്ങളില്‍ വന്ന നബിയെഴുത്തുകളൊക്കെത്തന്നെ ഒരേ വീക്ഷണകോണില്‍ നിന്നുള്ളവയായിരുന്നു. കുരിശുയുദ്ധാനന്തരം വന്ന രചനകളില്‍ പ്രവാചകര്‍ പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെട്ടു. നബിയെക്കുറിച്ച് വന്ന വിവിധ രചനകളുടെ വൈവിധ്യങ്ങളായ പരിപ്രേക്ഷ്യങ്ങളെ ലളിതമായി അവതരിപ്പിക്കുകയാണിവിടെ.
Also read: മുഹമ്മദ് റസൂലുള്ള : ഡോ. മുഹമ്മദ് ഹമീദുല്ല
തോമസ് കാര്‍ലൈല്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ഇംഗ്ലീഷ് ചരിത്രകാരനാണ് തോമസ് കാര്‍ലൈല്‍. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമാണ് ലോകചരിത്രത്തിലെ യുഗപുരുഷന്മാരെ പരിചയപ്പെടുത്തുന്ന ”ഓ ഹീറോസ്, ഹീറോ വര്‍ഷിപ്പ് ആന്‍ഡ് ദി ഹീറോയിക്ക് ഇന്‍ ഹിസ്റ്ററി” എന്ന പുസ്തകം. ആമുഖത്തില്‍ സൂചിപ്പിച്ചത് പോലെ അതില്‍ അദ്ദേഹം മുഹമ്മദ് നബിയെക്കുറിച്ച് നടത്തുന്ന നിരീക്ഷണമാണ് ആധുനിക പാശ്ചാത്യ നബിയെഴുത്തുകളില് വലിയതോതിലുള്ള മാറ്റം സൃഷ്ടിച്ചത്. പ്രവാചകരുടെ മേല്‍ ചാര്ത്തപ്പെട്ടുപോന്നിരുന്ന ”സൂത്രശാലിയായ കപടന്, അസത്യത്തിന്റെ മൂര്‍ത്തി ” തുടങ്ങിയ പ്രതിച്ഛായയെ അദ്ദേഹം തകര്‍ത്തെറിയുകയും നാട്യങ്ങള്‍ തീരെയില്ലാത്ത വ്യക്തിത്വമായി പ്രവാചകരെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. പ്രവാചകരുടെ ജനനം അറബിദേശത്തിന് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പിറവിയായി പറഞ്ഞുവെക്കുന്ന കാര്‍ലൈല്‍ അതിന് ഉപോല്‍ബലകമായ തെളിവുകളും നിരത്തുന്നു. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്നിരുന്ന ദൈവസങ്കല്പം പൊളിച്ചെഴുതുകയായിരുന്നു പ്രവാചകര്‍ ആദ്യം ചെയ്തത്.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായ ഏകദൈവത്തെക്കുറിച്ച് അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലൂടെ ആരാധനക്കര്‍ഹന്‍ അവന് മാത്രമാണെന്നും ചില നിയന്ത്രണങ്ങള്‍ക്കും പെരുമാറ്റ സംഹിതകള്‍ക്കും വിധേയരാണ് മനുഷ്യരെന്നും അവരെ ബോധ്യപ്പെടുത്താന്‍ പ്രവാചകര്‍ക്ക് സാധിച്ചു. മുഹമ്മദ് നബി പരിചയപ്പെടുത്തിയ ദൈവസങ്കല്പ്പം മക്കയില്‍ പുതിയൊരു വിപ്ലവത്തിന് നാന്ദി കുറിക്കുകയായിരുന്നുവെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. അറേബ്യയുടെ മലമടക്കുകളില്‍ ആരാരുമറിയാതെ അലഞ്ഞുനടന്നിരുന്ന ഇടയന്മാര്ക്ക് കൊള്ളാവുന്ന ഒരു വിശ്വാസ സംഹിത ലഭിച്ചപ്പോള്‍ ഒരു നൂറ്റാണ്ട് കൊണ്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ അവര്‍ക്ക് സാധിച്ചു. കിലോമീറ്ററുകള്‍ താണ്ടി ചക്രവാളങ്ങളിലേക്ക് അവര്‍ ആ സന്ദേശമെത്തിക്കാന്‍ സഞ്ചരിച്ചു. പ്രവാചകരെക്കുറിച്ചുള്ള ദീര്‍ഘമായ ഗവേഷണ പഠനങ്ങള്‍ക്ക് ശേഷം കാര്‍ലൈല്‍ ഇങ്ങനെയൊരു ഉപസംഹാരത്തിലെത്തുന്നു.
ബര്‍ണാഡ്ഷാ
നബിയെ മതസത്തയില് നിന്ന് വേര്‍തിരിച്ചു നിര്ത്താതെതെയാണ് പ്രശസ്ത നാടകകൃത്തായ ജോര്‍ജ്ജ് ബര്‍ണാഡ്ഷാ സമീപിക്കുന്നത്. മുഹമ്മദ് നബിയെപ്പോലെയുള്ള ഒരാള്‍ ആധുനിക ലോകത്തിന്റെ സമസ്താധികാരങ്ങളും ഏറ്റെടുത്താല്‍ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന തരത്തില്‍ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയപൂര്‍വ്വം കൈകാര്യം ചെയ്യപ്പെട്ടേനെ എന്ന് ബര്‍ണാഡ്ഷാ പ്രതീക്ഷ പങ്കുവെക്കുന്നു. യൂറോപ്പിന് മുഹമ്മദ് ക്രിസ്തുവിരുദ്ധനായിരുന്നുവെന്നും എന്നാൽ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പഠിച്ചപ്പോള്‍ അതിശയകരമായ മനുഷ്യനാണ് മുഹമ്മദെന്നും തനിക്ക് ബോധ്യപ്പെട്ടുവെന്ന് ബര്‍ണാഡ്ഷാ അഭിപ്രായപ്പെടുന്നു. അദ്ദേഹം എഴുതിത്തയ്യാറാക്കിയ കത്തില്‍ അവസാനം എഴുതുന്നു ”പത്തൊമ്പതാം നൂറ്റാണ്ടിലാണ് കാര്‍ലൈല്‍, ഗോയ്ഥെ, ഗിബ്ബ തുടങ്ങിയ സത്യസന്ധരായ ചിന്തകര്‍ മുഹമ്മദിന്റെ മതത്തില്‍ അന്തര്‍ലീനമായ മൂല്യം മനസ്സിലാക്കിയത്. അതിനാല്‍ ഇസ്ലാമിനോടുള്ള യൂറോപ്യന്‍ മനോഭാവത്തില്‍ മെച്ചപ്പെട്ട ചില മാറ്റങ്ങളുണ്ടായി. എന്നാല്‍ ഇപ്പോഴത്തെ നൂറ്റാണ്ടില്‍ യൂറോപ്പ് ഏറെ മാറിയിരിക്കുന്നു. നാളെത്തെ യൂറോപ്പ് ഇസ്ലാം സ്വീകരിക്കുമെന്നും മുഹമ്മദിനെ മനുഷ്യത്വത്തിന്റെ രക്ഷകനെന്ന് യൂറോപ്പ് വിളിക്കുമെന്നും ഞാന്‍ പ്രവചിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.
Also read: എന്തുകൊണ്ട് മുഹമ്മദ്?
ലിയോ ടോള്‍സ്റ്റോയ്
എക്കാലത്തേയും മികച്ച എഴുത്തുകാരിലൊരാളായ ലിയോ ടോള്‍സ്റ്റോയ് പറയുന്നു: മുഹമ്മദും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രവും എല്ലായിപ്പോഴും ക്രിസ്റ്റിയാനിറ്റിയേക്കാള് ഉന്നതമാണ്. മുഹമ്മദ് ഒരിക്കലും ദൈവത്തെ ഒരു മനുഷ്യനായി കണക്കാക്കുന്നില്ല, ഒപ്പം തന്നെത്തന്നെ ദൈവത്തിനു തുല്യനാക്കുന്നില്ല താനും. ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ തര്‍ക്കമില്ലാതെ സ്വാധീനം ചെലുത്താനുള്ള മുഹമ്മദിന്റെ സവിശേഷതയെക്കുറിച്ചറിയാന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ സമയത്ത് ഇസ്ലാമിന് വേരോട്ടമുണ്ടായത് വാളുകൊണ്ടാണെന്നുള്ള നരേറ്റീവുകള്‍ സുലഭമായ ഘട്ടമായിരുന്നു. എന്നാല്‍, ഉത്തമമായ ഒരു ജീവിത പദ്ധതിയും പ്രതിജ്ഞകളോടുള്ള സൂക്ഷ്മമായ ആദരവും ദൈവത്തിലുള്ള സമ്പൂര്ണ്ണവിശ്വാസവും സമര്‍പ്പണവുമാണ് ഇസ്ലാമിനെ സവിശേഷമാക്കുതെന്ന ഉപസംഹാരത്തില്‍ അദ്ദേഹം എത്തുന്നു. ആ മഹത്തായ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വായിച്ചറിയാന്‍ എനിക്ക് കഴിയാത്തതില്‍ താന്‍ ദു:ഖിക്കുന്നുവെന്നും അദ്ദേഹം ചേര്‍ത്തുവെക്കുന്നു.
മൈക്കല്‍ എച്ച്.ഹാര്‍ട്ട്
1987 ല്‍ പ്രസിദ്ധീകരിച്ച ലോക ചരിത്രത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഒന്നാമനായി എച്ച്.ഹാര്‍ട്ട് കൊണ്ടുവന്നത് പ്രവാചകര്‍ മുഹമ്മദ് നബിയെയാണ്. അദ്ദേഹം തന്നെ പറയുന്നു: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാമതായി മുഹമ്മദിനെ തെരെഞ്ഞെടുത്തത് ചില വായനക്കാരെ ആശ്ചര്യപ്പെടുത്തുന്നുണ്ടാവും. ചിലര്‍ പരസ്യമായി അത് ചോദിക്കുകയും ചെയ്തേക്കാം. എന്നാല്‍ മതപരവും മതേതരവുമായ തലങ്ങൡ മികച്ച വിജയം നേടിയ ഒരേയൊരു വ്യക്തി മുഹമ്മദ് മാത്രമാണ്. മുഹമ്മദ് എന്ന മതതത്ത്വജ്ഞനേയും മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനേയും ഒരേ ബിന്ദുവില്‍ കൂട്ടിയിണക്കുന്നുണ്ട് എച്ച്.ഹാര്‍ട്ട്. നബിയുടെ ജീവിതം തെന്നയാണ് ഇ്സ്ലാമിന്റെ പാഠം എന്നാണ് എച്ച്.ഹാര്‍ട്ടിന്റെ ഭാഷ്യം. ചരിത്രത്തില്‍ മറ്റൊരു മതവും ഇസ്ലാം പോലെ വേഗത്തില്‍ പ്രചരിച്ചിട്ടില്ല, മതത്തിന്റെ ഈ കുതിപ്പ് വാളാണ് സാധ്യമാക്കിയതെന്ന് പാശ്ചാത്യര്‍ പരക്കെ വിശ്വസിച്ചിരുന്നു. എന്നാല്‍ ഒരു ആധുനിക പണ്ഡിതനും ഈ ആശയം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സ്ഥിരപ്പെടുത്തുന്നു. എന്നാല്‍, 100 ചരിത്രപുരുഷന്മാരുടെ പട്ടികയില്‍ ചേര്‍ക്കുന്നതോടെ മുഹമ്മദ് നബിയെ സാധാരണ ഒരു വ്യക്തിയാക്കി ചുരുക്കിക്കാട്ടുകയാണ് എച്ച്.ഹാര്‍ട്ട് ചെയ്തതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.
Also read: മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്- 9
എഡ്വാര്‍ഡ് ഗിബ്ബ്
വിഖ്യാത ചരിത്രകാരനായ ഗിബ്ബ് എഴുതുന്നു: ചരിത്രകാന്മാര് ആവര്ത്തിച്ചിട്ടുള്ളതില് വെച്ച് ഏറ്റവും അസംബന്ധമായ കെട്ടുകഥകളാണ് ഇസ്ലാം വാള് കൊണ്ടാണ് പ്രചരിച്ചതെന്നും മുഹമ്മദ് മതഭ്രാന്തനായിരുന്നുവെന്നുമുള്ളത്. മക്കയിലും മദീനയിലും അദ്ദേഹം കൊത്തിയെടുത്ത സംശുദ്ധമായ വിശ്വാസം പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഹിസ്റ്ററി ഓഫ് ദി ഡിക്ലൈന്‍ ആന്‍ഡ് ഫാള്‍ ഓഫ് ദി റോമന്‍ എംപയര്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു:
”അവ്യക്തതകളില്‍ നിന്നും സന്ദേഹങ്ങളില്‍ നിന്നും മുക്തമാണ് മുഹമ്മദ് അവതരിപ്പിച്ച വിശ്വാസങ്ങള്‍. മുഹമ്മദ് കൊണ്ടുവന്ന ഖുര്‍ആന്‍ ദൈവത്തിന്റെ ഏകത്വത്തിനുള്ള മഹത് സാക്ഷ്യമാണ്. നശിക്കുന്നതെല്ലാം ജീര്‍ണിക്കും, ജനിച്ചതെല്ലാം മരിക്കും, ഉദിച്ചതെല്ലാം അസ്തമിക്കും തുടങ്ങിയ യുക്തിസഹമായ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മുഹമ്മദ് വിഗ്രഹാരാധനയില്‍ നിന്നും മക്കന്‍ ജനതയെ വിലക്കുകയുണ്ടായി. പ്രപഞ്ച സൃഷ്ടാവായ ദൈവം സ്ഥല-കാല-പ്രതിരൂപങ്ങള്‍ ഇല്ലാത്ത ഒരു ഉണ്മയാണെന്ന് പ്രഖ്യാപിക്കലിലൂടെ മഹത്തായ ഒരു സത്യമായിരുന്നു പ്രവാചകര്‍ വിളംബരം ചെയ്തിരുന്നത്.