കുടുംബ ജീവിതംവ്യക്തിത്വം

വൈവാഹിക ജീവിതം: പ്രവാചക മാതൃകകള്‍

Marital Life: Prophetic Models
Spread the love

നിത്യ ജീവിതത്തിലെ പതിവ് തിരക്കുകളില്‍ കൂലംകുത്തി ഒഴുകിപോകുന്നവരാണല്ലോ നമ്മില്‍ പലരും. അത് നമ്മുടെ വൈവാഹിക ജീവിതത്തെ നിസ്സാരമായി കാണുവാനും വൃഥാ ലഭിച്ചതാണെന്ന ധാരണ ഉടലെടുക്കാനും നമിത്തമാകുന്നു. സത്യ വിശ്വാസികളുടെ ഭാഗ്യമെന്ന് പറയട്ടെ, വൈവാഹിക ജീവിതം ആനന്ദപ്രദമാവാന്‍ അല്ലാഹു നമുക്ക് വ്യക്തമായ ഒരു മാതൃക അവന്‍റെ പ്രവാചകനിലൂടെ വരച്ച് കാണിച്ചിട്ടുണ്ട്. നമ്മുടെ വൈവാഹിക ബന്ധങ്ങള്‍ പ്രശോഭിതമാക്കാന്‍ സഹായിക്കുന്ന പ്രവാചക ജീവിതത്തിലെ അഞ്ച് ശക്തവും പ്രായോഗികവുമായ ശീലങ്ങള്‍ ചുവടെ:

1. പുഞ്ചിരി പതിവാക്കുക
അടഞ്ഞ ഹൃദയങ്ങളിലേക്കുള്ള ജാലകമാണ് പുഞ്ചിരി. പൗര്‍ണ്ണമി പോലെ തിളങ്ങുന്ന പുഞ്ചിരി കൊണ്ട് നിരവധി പ്രയോജനങ്ങളാണ് നാമറിയാതെ നമുക്ക് ലഭിക്കുന്നത്. അതിലൂടെ ചുറ്റുമുള്ളവരുടെ സ്നേഹം ആര്‍ജിക്കാന്‍ കഴിയുന്നു. നമ്മുടെ രക്ത സഞ്ചാരം വര്‍ധിക്കുന്നു. ശരിയായ രക്തസഞ്ചാരത്തിന്‍റെ അഭാവമാണ് ശരീരത്തിലെ മിക്ക വേദനകളുടേയും യഥാര്‍ത്ഥ കാരണം. പുഞ്ചിരിയിലൂടെ ശരീരത്തിലെ പേഷികളുടെ ചലനം വര്‍ധിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. പുഞ്ചിരി സ്വയം തന്നെ ഒരു പ്രതിരോധ ചികില്‍സയാണ്. തലവേദന ഇല്ലാതാവും. കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നതിനാല്‍ നമ്മുടെ ഉന്മേഷം വര്‍ധിക്കുന്നു.

മിക്കപ്പോഴും പ്രവാചകന്‍ പുഞ്ചിരിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്മാരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി (സ) യെക്കാള്‍ കൂടുതല്‍ പുഞ്ചിരിക്കുന്നതായി ആരേയും കണ്ടിട്ടില്ലന്നും അദ്ദേഹത്തിന്‍റെ അനുചരന്മാര്‍ രേഖപ്പെടുത്തീട്ടുണ്ട്. കോപം കലിതുള്ളന്നവര്‍ക്കിടയില്‍ ഒരു ഇളം പുഞ്ചിരിയുടെ ശക്തി എത്രമാത്രമാണെന്ന് വിവരിക്കുക അസാധ്യം. ഭാര്യക്കും ഭര്‍ത്താവിനും കഠിനതരമായ ബന്ധങ്ങളുടെ ദിനങ്ങള്‍ ഉണ്ടാവാം. ദേശ്യം വരുന്ന ആദ്യ നിമിഷത്തില്‍ തന്നെ സഹധര്‍മ്മിണിയെ ശകാരിക്കുന്നതിന് പകരം, പുഞ്ചിരികൊണ്ട് മന്ദഹാസം തൂകൂ. വലിയ മാറ്റം കാണാന്‍ സാധിക്കും. പുഞ്ചിരിക്കുന്നത് ധര്‍മ്മമാണെന്നും പ്രവാചകന്‍ അരുളുകയുണ്ടായി.

Also read: പ്രവാചകന്റെ സ്വഭാവ വിശുദ്ധിയുടെ ഉദാഹരണങ്ങള്‍

2. മധുരത്തില്‍ ചാലിച്ച സംസാരം
പലപ്പോഴും നമുക്ക് വശമില്ലാത്തകാര്യമാണ് മധുരത്തില്‍ ചാലിച്ച സംസാരം. നമ്മുടെ രക്ഷിതാക്കള്‍ മുതല്‍ പോലീസ് വരേയും അധ്യാപകര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരേയും പരുഷമായ സംസാരത്തിന്‍റെ ഉടമകളാണ് എന്നതാണല്ലോ അനുഭവം. അപവാദങ്ങളുണ്ടാവാം. ജാപ്പാനികള്‍ വളരെ നൈര്‍മ്മല്യമുള്ള സ്വഭാവക്കാരാണെന്ന് കേട്ടിട്ടുണ്ട്. ആകാര സൗഷ്ടവത്തിലല്ല സ്വഭാവ നൈര്‍മല്യത്തിലാണ് മനുഷ്യ സൗന്ദര്യം നിലകൊള്ളുന്നത്. ചായയില്‍ പഞ്ചസാര കൂടിയാല്‍, കറിയില്‍ അല്‍പം ഉപ്പ് കൂടിയാല്‍ തുടങ്ങീ എല്ലാം പ്രശ്നവും ശകാരത്തിന് വഴിവെക്കുന്നതാണ്. പകരം നീ മുമ്പുണ്ടാക്കിയ ഒരു ചായ, അല്ലങ്കില്‍ കറി എത്ര നന്നായിരുന്നു എന്ന് പറഞ്ഞാല്‍ തന്നെ സഹധര്‍മ്മിണിക്ക് കാര്യങ്ങള്‍ പിടികിട്ടുമായിരുന്നു.

പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലത് സംസാരിക്കട്ടെ അല്ലങ്കില്‍ മിണ്ടാതിരിക്കട്ടെ. ഭാര്യയും ഭര്‍ത്താവും എപ്പോഴും ഒന്നിച്ച് കഴിയേണ്ടവരാണ്. തെറ്റുകള്‍ കണ്ടെത്തുന്നതിന് പകരം നന്മകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക. പുതുതായി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് കടന്ന് വരുന്ന പെണ്‍കുട്ടിക്ക് പലതരം അശ്വസ്ഥകളുണ്ടാവും. ഭര്‍തൃ മാതാവിന്‍റെയും സഹോദരിമാരുടേയും കുത്തുവാക്കുകള്‍ കൂടി കേള്‍ക്കാന്‍ ഇടവന്നാലുണ്ടാവുന്ന അവസ്ഥ ആലോചിച്ച് നോക്കു. അറിയാതെ എല്ലാ വീടുകളിലും സംഭവിച്ച് പോവുന്ന കാര്യങ്ങള്‍. നിത്യേന നല്ല വാക്കുകള്‍ സമ്മാനിച്ച് നമുക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാം.

Also read: നബിജീവിതത്തിന്‍റെ കാലിക വായന പറയുന്ന അഞ്ചു ഗ്രന്ഥങ്ങള്‍

3. കോപിക്കരുത്
മഹാനായ നാലാം ഖലീഫ അലി (റ) പ്രവാചക പുത്രി ഫാതിമയെ വിവാഹം ചെയ്തപ്പോള്‍ സാരഗര്‍ഭമായ നിരവധി ഉപദേശങ്ങള്‍ നബി (സ) നല്‍കിയതായി ചരിത്രത്തില്‍ കാണാം. എന്നാല്‍ നാം നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി സഹധര്‍മ്മിണിയോട് കോപിക്കുന്നു. പാത്രം കഴുകുന്നത് മുതല്‍ വീട് വൃത്തിയാക്കുന്നത് വരേയുള്ള കാര്യങ്ങളില്‍ നാം ശണഠ കൂടാറുണ്ട്. കോപം കൊണ്ട് കലിതുള്ളുന്നതിന് പകരം സ്വയം തണുക്കുക. പുഞ്ചിരിക്കുക. പ്രവാചകന്‍ ഒരാളെ മൂന്ന് പ്രാവിശ്യം ഉപദേശിച്ചു: നീ കോപിക്കരുത്. കോപം നിയന്ത്രിക്കണമെന്നല്ല അദ്ദേഹം പറഞ്ഞത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

4. ഒന്നിച്ചൊരു ഔട്ടിംങ്ങ്
ഭാര്യയും ഭര്‍താവും ഒന്നിച്ച് യാത്ര ചെയ്യുന്നതും ഷോപ്പിംഗിനും ഔട്ടിംങ്ങിന് പോവുന്നതുമെല്ലാം ബന്ധം നന്നാവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളാണ്. ഇതെല്ലാം പഴയ കാലത്ത് അപരിചിതമായ കാര്യങ്ങളായിരുന്നു. എന്നാല്‍ ഇന്നത്തെ സങ്കീര്‍ണ്ണ സാമൂഹ്യ ചുറ്റുപാടില്‍ കാലം നമ്മോട് ആവശ്യപ്പെടുന്ന മാറ്റങ്ങളാണ്. മര്‍മ്മ പ്രധാനമായ തന്‍റെ സമയം കുടുംബിനികളുമായി ചിലവഴിക്കാന്‍ പ്രവാചകന്‍ നീക്കിവെച്ചിരുന്നു. കുടുംബം വളരെ പ്രധാനമാണെന്നാണ് ഇത് കാണിക്കുന്നത്. കുടുംബത്തെ പുറംകാല്കൊണ്ട് ചവിട്ടുക എന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ രീതിയാണ്. ഇസ്ലാം അതില്‍ നിന്ന് തീര്‍ത്തും വിത്യസ്തമാണ്.

ഒരൊറ്റ മേല്‍ക്കൂരക്ക് ചുവടെ വിത്യസ്ത ജീവിതം അവിടന്ന് നയിച്ചിരുന്നില്ല. പ്രവാചകന്‍ ഭാര്യമാരൊന്നിച്ച് നടക്കുകയും യാത്രചെയ്യുകയും ചെയ്തു. അവരുടെ അഭിപ്രായങ്ങള്‍ക്ക് കാത് കൊടുത്തു. പ്രചോദനം നിറഞ്ഞ സംസാരം കൊണ്ട് അവരെ സന്തോഷിപ്പിച്ചു. പ്രവാചകന്‍റെ മാതൃക മുമ്പില്‍വെച്ച് നമ്മുടെ നിലപാടുകള്‍ വിലയിരുത്തുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്താം.

Also read: വാക്കും പ്രവര്‍ത്തിയും ഒന്നിക്കുന്നതാണ് പ്രവാചക ജീവിതം

5. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറയാം
സഹധര്‍മ്മിണിമാരോടുള്ള സ്നേഹം പ്രഖ്യാപിക്കാന്‍ പ്രവാചകന് ഒരു ഭയവും ഉണ്ടായിരുന്നില്ല. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: എനിക്ക് വേണ്ടി രണ്ട് പേര്‍ പരസ്പരം സ്നേഹിക്കുന്നു. അവര്‍ക്ക് എന്‍റെ സ്നേഹം ഉറപ്പാണ്.

കദീജയെ കുറിച്ച് വളരെ സ്നേഹത്തോട് കൂടി മാത്രമേ പ്രവാചകന്‍ സംസാരിച്ചിട്ടുണ്ടായിരുന്നുള്ളൂ. അവരുടെ സ്നേഹം എനിക്ക് പാഥേയമായി നല്‍കുകയായിരുന്നുവെന്ന് പ്രവാചകന്‍ അരുളുകയുണ്ടായി. എപ്പോഴാണ് സഹധര്‍മ്മിണിയോട് നല്ലൊരു വാക്ക് പറഞ്ഞത് എന്ന് പോലും നമുക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് മുകളില്‍ പറഞ്ഞ മറ്റ് നാല് കാര്യങ്ങള്‍ കൂടി പ്രാവര്‍ത്തികമാക്കുക. ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍ നന്നാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ ഭാര്യക്കും നേതൃപരമായ പങ്ക് വഹിക്കാവുന്നതാണ്. ആരെങ്കിലുമൊരാൾ മുന്നോട്ട് വന്നലല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂ. ഭാര്യ ഭര്‍തൃ ബന്ധം നന്നാക്കാന്‍ ശ്രമിച്ച ഒരു പണ്ഡിതന്‍ അവസാനം അവരെ ഉപദേശിച്ചത് ഇങ്ങനെ: നിങ്ങള്‍ രണ്ട് പേരും കൊമ്പ് കോര്‍ക്കാതെ ഒരാളെങ്കിലും സ്ത്രീയുടെ നൈര്‍മല്യം സ്വീകരിക്കൂ എന്നായിരുന്നു.

You may also like